പ്രസിദ്ധ ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിയുമായുളള അഭിമുഖം

Header advertisement

കല്ലമ്പളളി കൃഷ്ണന്‍ നായര്‍

കേരളത്തിലെ ചലച്ചിത്ര പ്രേക്ഷകര്‍ ഹൃദയത്തില്‍ ആവാഹിച്ച മഹാ പ്രതിഭകളില്‍ ഒരാളാണ് പ്രമുഖ ഇറാനിയന്‍ സംവിധായകനായ മജീദ് മജീദി. അദ്ദേഹത്തിന്റെ ചില്‍ഡ്രന്‍ ഓഫ് ഹെവനും ദി കളര്‍ ഓഫ് പാരഡൈസും ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന്റെ മുഹമ്മദ് – ദി മെസഞ്ചര്‍ ഓഫ് ഗോഡിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു. പ്രേക്ഷകരെ മാത്രമല്ല മജീദ് മജീദിയേയും ഇത് കടുത്ത നിരാശയിലാഴ്ത്തി. ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും മത്സരവിഭാഗം ചിത്രങ്ങളുടെ ജൂറി ചെയര്‍മാന്‍ പദവിയുമൊക്കെ നല്‍കി തന്നെ ആദരിച്ച കേരളത്തിന് മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത വ്യഥയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തു നിന്നു ടെഹ്‌റാനിലേക്ക് വിമാനം കയറിയത്.

*മജീദിയുടെ വാക്കുകളിലേക്ക്:
ഐഎഫ്എഫ്‌കെയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാതിരുന്നത് വലിയ ദൗര്‍ഭാഗ്യം തന്നെയാണ്. ചിത്രത്തിന്റെ പ്രദര്‍ശനം കൊണ്ട് എന്ത് കുഴപ്പമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇന്ത്യാ ഗവണ്മെന്റിന്റെ പ്രതിനിധികള്‍ ഈ ചിത്രം കാണാന്‍ തയ്യാറാകുമായിരുന്നെങ്കില്‍ അവരുടെ തെറ്റിദ്ധാരണ മാറുമായിരുന്നു. കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചതാണ്. അവിടെ ഒരു കുഴപ്പവും സംഭവിച്ചില്ല. മാത്രവുമല്ല എല്ലാ വിഭാഗക്കാരില്‍ നിന്നും മികച്ച പ്രതികരണവുമുണ്ടായി. നിരവധി ഇസ്ലാമിക രാജ്യങ്ങളിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചു. തുര്‍ക്കിയില്‍ നല്ല പ്രതികരണമായിരുന്നു. സൗദിഅറേബ്യ മാത്രമാണ് എതിര്‍ത്തത്.സൗദിയല്ല ഇന്ത്യ. രണ്ടു രാജ്യങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട്. കേരളത്തില്‍ സംഭവിച്ചത് വലിയ വീഴ്ചയായിപ്പോയി.വൈകാരിക വിഷയമാക്കി എന്റെ ചിത്രത്തെ മാറ്റേണ്ടിയിരുന്നില്ല. ഭാവിയില്‍ ഇക്കാര്യം അവര്‍ക്ക് ബോധ്യപ്പെടുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

** മതം സിനിമയെ സ്വാധീനിക്കാറുണ്ടോ?
മതം ഒരിക്കലും എന്റെ സിനിമയുടെ ഭാഗമല്ല. അത് ഒരു പശ്ചാത്തലമായി വന്നേക്കാമെന്നേ ഉളളൂ.എന്റെ ചിത്രങ്ങള്‍ നല്‍കുന്ന സന്ദേശം മാനവികതയാണ്.അത് ഉത്ഭവിക്കുന്നത് മതത്തിന്റെ മൂല്യങ്ങളില്‍ നിന്നല്ല;എന്റെ ഹൃദയത്തിന്റെ അഗാധതകളില്‍ നിന്നാണ്.മാനവികത മനുഷ്യന് മാത്രമായി നല്‍കിയിട്ടുള്ള പ്രത്യേകതയാണ്. ‘വില്ലോ ട്രീ’എന്ന സിനിമയിലെ പ്രതിപാദ്യവിഷയം ഇതാണ്.

**ഫിലിം സെന്‍സര്‍ഷിപ്പിനെ അനുകൂലിക്കുന്നുണ്ടോ?
എന്താണ് സെന്‍സര്‍ഷിപ്പ് ? ആ വാക്കുപോലും എനിക്ക് മനസ്സിലാകാത്ത ഒന്നാണ്. മനുഷ്യബന്ധങ്ങളെ മലീമസമാക്കുന്നതൊന്നും സിനിമയില്‍ പാടില്ല. അത്തരം സീനുകള്‍ വെട്ടിമാറ്റേണ്ടവ തന്നെയാണ്.പക്ഷേ അതിന്റെ പേരില്‍ നന്മയുടെ പൂക്കളെ അടര്‍ത്തി മാറ്റരുത്. സിനിമയ്ക്ക് ഉദ്ദേശശുദ്ധിയും അനിവാര്യമാണ്.

**നാടകത്തില്‍ നിന്നും സിനിമയിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നു?
വളരെ ചെറുപ്പം മുതല്‍ തന്നെ നാടകത്തോട് വലിയ കമ്പമായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുമ്പോള്‍ നാടകത്തെക്കുറിച്ച് ഗൗരവമായ പഠനം വേണമെന്ന് തോന്നി.വര്‍ഷങ്ങളോളം വിശദമായ പഠനവും നടത്തി. ഇരുപതാമത്തെ വയസ്സില്‍ നാടകത്തിന്റെ കൊച്ചു ലോകം വിട്ട് സിനിമയുടെ വിശാലമായ ലോകത്തിലേക്ക് പ്രവേശിച്ചു. പത്ത് വര്‍ഷത്തോളം സിനിമയില്‍ അഭിനയിച്ചു. ആ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വിജയിച്ചു. പക്ഷേ അതൊന്നും എന്നെ തൃപ്തനാക്കിയില്ല. എന്റേതായ സര്‍ഗ്ഗ സൃഷ്ടിയില്‍ ഒരു സിനിമ സൃഷ്ടിക്കണമെന്ന തോന്നി. അങ്ങനെ അഭിനയം നിര്‍ത്തി സംവിധാന രംഗത്തേക്ക് വന്നു. 1991ലാണ് ആദ്യ ചിത്രം പൂര്‍ത്തിയാക്കിയത്.

**താങ്കളുടെ പുതിയ ചിത്രമായ ബിയോണ്ട് ദി ക്ലൗഡ്‌സില്‍ മലയാളിയായ മാളവിക മോഹനനാണല്ലോ നായിക ?
മാളവിക മലയാളിയാണോ? സത്യത്തില്‍ എനിക്കതറിയില്ലായിരുന്നു. എന്റെ സൗഹൃദവലയത്തില്‍ ഇന്ത്യന്‍ സിനിമയില്‍ ഉള്ളവരും ഉള്‍പ്പെടുന്നുണ്ട്. നായികയെ തിരഞ്ഞു നടക്കവേ ഇന്ത്യക്കാരനായ ഒരു സുഹൃത്ത് മാളവികയുടെ ഫോട്ടോഗ്രാഫുകള്‍ എന്നെ കാണിച്ചു.ഓഡീഷനിലും മാളവിക മെച്ചമായിരുന്നു.എന്റെ കഥാപാത്രമായ താരയായി അഭിനയിക്കാന്‍ ഏറ്റവും അനുയോജ്യയായ നടി മാളവികയാണെന്ന് ഞാന്‍ കണ്ടെത്തി. കഠിനാധ്വാനിയായ യുവനടിയാണ് മാളവിക.

** കഴിഞ്ഞ രണ്ട് ചിത്രങ്ങളില്‍ എ ആര്‍ റഹ്മാന്‍ ആയിരുന്നല്ലോ അങ്ങയുടെ സംഗീതസംവിധായകന്‍. റഹ്മാനെ എങ്ങനെ വിലയിരുത്തുന്നു?
ഞങ്ങളുടെ സൗഹൃദത്തിന് 7 വര്‍ഷത്തിലേറെ പഴക്കമുണ്ട്.സംഗീതത്തോടുള്ള റഹ്മാന്റെ അധിനിവേശവും പ്രാവീണ്യവും എന്നെ വല്ലാതെ ആകര്‍ഷിച്ചു. റഹ്മാന്റെ ലൈവ് ഷോകളും മ്യൂസിക് വീഡിയോകളും ഒരുപാട് കണ്ടിട്ടുണ്ട.് റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച സ്ലംഡോഗ് മില്യനെയര്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമകള്‍ കാണാനിടയായി. മുഹമ്മദ് ദി മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തില്‍ ഇസ്ലാമുമായി ബന്ധമുള്ള ഒരാളെയായിരുന്നു ആവശ്യം. അങ്ങനെയാണ് റഹ്മാന്‍ എന്റെ സംഗീതസംവിധായകനായി മാറിയത്.ബിയോണ്ട് ദി ക്ലൗഡ്‌സ് എന്ന എന്റെ ചിത്രത്തിലും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ളത് റഹ്മാനാണ്.

**ഐ എഫ് എഫ് കെയിലെ അനുഭവം?
ഇത്തരം ചലച്ചിത്രോത്സവങ്ങള്‍ പുതിയ തലമുറയ്ക്ക് മാര്‍ഗ്ഗദര്‍ശികളായി മാറേണ്ടതാണ.് പ്രഗല്ഭരായ സംവിധായകരേയും പ്രബുദ്ധരായ പ്രേക്ഷകരേയും വാര്‍ത്തെടുക്കാന്‍ ഇത് സഹായിക്കും. ഒരു പുതിയ ചലചിത്രസംസ്‌കാരം തന്നെ ഇതിലൂടെ ഉരുത്തിരിഞ്ഞുവരും. ഐഎഫ്എഫ്‌കെ പ്രേക്ഷകരാല്‍ സമ്പന്നമാണ് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്.പക്ഷേ പ്രേക്ഷകര്‍ക്ക് ഒപ്പമിരുന്ന് ഒരു സിനിമ കാണണമെന്ന എന്റെ ആഗ്രഹം സഫലമായില്ല. ഒരു ജൂറി ചെയര്‍മാന് അത് സാധ്യമായെന്ന് വരില്ല

**പ്രേക്ഷകര്‍ തിയറ്ററില്‍ പോയി സിനിമ കാണുന്നതിനേക്കാള്‍ ഇപ്പോള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഓണ്‍ലൈനില്‍ സിനിമ കാണുന്നതാണ്. ഈ പ്രവണത പ്രോത്സാഹിപ്പിക്കേണ്ടതാണോ?
കൂടുതല്‍ പ്രേക്ഷകരിലേക്ക് സിനിമയെ എത്തിക്കാന്‍ ഇത് ഉപകരിക്കും. സിനിമ എന്ന വ്യവസായത്തിന്റെ് വളര്‍ച്ചയ്ക്ക് ഇത്തരം വേദികള്‍ നല്ലതാണ്. ബിയോണ്ട് ദി ക്ലൗഡ്‌സ് എന്ന ചിത്രം തിയറ്ററില്‍ കാര്യമായി ഓടിയില്ല. ഓണ്‍ലൈനില്‍ സിനിമ വന്നതോടെ കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം.

** പുതിയ സംവിധായകര്‍ക്ക് എന്തെങ്കിലും സന്ദേശം നല്‍കാനുണ്ടോ? വിജയത്തിലേക്കുള്ള പാത ഒട്ടും സുഗമമായിരിക്കില്ല. സിനിമയെ ഹൃദയത്തോട് അടുപ്പിച്ചു നിര്‍ത്തി കഠിനാധ്വാനം ചെയ്താല്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ട. പുതിയ സംവിധായകര്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് കഠിനാധ്വാനത്തിന് ആണ്.

** അടുത്ത ചിത്രം?
കുട്ടികളുടെ ജീവിതം അടിസ്ഥാനമാക്കിയുള്ളതാണ് അടുത്ത ചിത്രം.ഷൂട്ടിംഗ് ഏതാനും മാസങ്ങള്‍ക്കകം തന്നെ ആരംഭിക്കും.

** പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നതായിരിക്കുമോ അടുത്ത ചിത്രം?
മുഹമ്മദ്-മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിന് എതിരെ പ്രതിഷേധമുയര്‍ന്നത് തെറ്റിദ്ധാരണകളുടെ പേരിലാണ്. ഇസ്ലാമിന്റെ യഥാര്‍ത്ഥമുഖം സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും മുഖമാണ്.ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന് ആളുകള്‍ യഥാര്‍ത്ഥത്തില്‍ അതിന് യോഗ്യതയില്ലാത്തവരാണ.് ഇക്കാര്യം തുറന്നു പറഞ്ഞതിനാണ് എന്റെ ചിത്രത്തിനെതിരെ സൗദി അറേബ്യയില്‍ പ്രതിഷേധമുയര്‍ന്നത്.ഇത് ഇസ്ലാമിന് നിരക്കുന്നതല്ല.

Load More Related Articles
Load More By Webdesk
Load More In Interview

Leave a Reply

Your email address will not be published. Required fields are marked *

Check Also

നരേന്ദ്രമോദി എട്ടിന് ഗുരുവായൂരില്‍ ദര്‍ശനം നടത്തും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8ന്ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.…