മലയാളത്തിന്റെ മുറപ്പെണ്ണ്

Header advertisement

കല്ലമ്പള്ളി കൃഷ്ണന്‍ നായര്‍

മലയാള സിനിമയിലെ ദുരന്തകഥകളുടെ നായികയായിരുന്നു ശാരദ. പക്ഷെ, ആ മുഖത്ത് തെളിയുന്ന ഒരു ചിരി മാത്രം മതി പ്രേക്ഷകരെ സന്തുഷ്ടരാക്കാന്‍. അഞ്ച് പതിറ്റാണ്ടുകള്‍ കൊഴിഞ്ഞുപോയിട്ടും ആ ചിരി മങ്ങാതെ, മായാതെ പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു. മലയാളത്തിലെ തന്റെ നാലാമത്തെ ചിത്രമായ മുറപ്പെണ്ണിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍, കോഴിക്കോട്ട് എത്തിയപ്പോഴാണ് ആ ചിരിയുടെ മാഹാത്മ്യം നേരില്‍ കണ്ട് ബോദ്ധ്യപ്പെട്ടത്. മുറപ്പെണ്ണിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ത്തന്നെ ശാരദ വാചാലയായി.

”ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന ചിത്രമാണ് മുറപ്പെണ്ണ്. അത് ഒട്ടേറെ ഓര്‍മ്മകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോകുന്നു. ഒരു തെലുങ്ക് പെണ്ണായിരുന്ന എനിക്ക് ഒരു നടി എന്ന നിലയില്‍ മുന്നോട്ടുപോകാന്‍ പച്ചക്കൊടി കാണിച്ചത് മുറപ്പെണ്ണായിരുന്നു.”- ശാരദ പറഞ്ഞു.

മുറപ്പെണ്ണ് അഭിനയജീവിതത്തിലെ ഒരു മുന്നേറ്റം തന്നെയായിരുന്നോ?
അതെ, മലയാളത്തില്‍ എന്റെ നാലാമത്തെ ചിത്രം. എം. ടി. വാസുദേവന്‍ നായരുടെ അതിവിദഗ്ദ്ധമായ തിരക്കഥ. മുറപ്പെണ്ണ് എന്ന ടി. വി. സീരിയല്‍ ഞാന്‍ പതിവായി കണ്ടിരുന്നതിനാല്‍ അഭിനയിക്കാന്‍ അധികം ബുദ്ധിമുട്ടുണ്ടായില്ല. മുറപ്പെണ്ണിലെ ഭാഗിയെ ഇന്നും ഓര്‍ക്കുന്നവര്‍ നിരവധിയാണ്. എം.ടിയുടെ തിരക്കഥ തന്നെയാണ് മുറപ്പെണ്ണിന്റെ ശക്തിയും സൗന്ദര്യവും. അങ്ങനെ ആദ്യ തിരക്കഥയിലൂടെ തന്നെ എം.ടി ശ്രദ്ധേയനായി.

എം.ടിയുടെ ഒട്ടനേകം നായികമാരെ അവതരിപ്പിക്കാന്‍ ഭാഗ്യമുണ്ടായില്ലേ?
അതൊരു മഹാഭാഗ്യം തന്നെയാണ്. എം.ടി എനിക്ക് നല്‍കിയത് ശക്തമായ കഥാപാത്രങ്ങളെയാണ്. ഇക്കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. എം.ടിയുടെ ‘ഇരുട്ടിന്റെ ആത്മാവ്’ എന്ന ചിത്രത്തിലെ അമ്മുക്കുട്ടി എന്ന കഥാപാത്രം എനിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിത്തന്നു. അന്നത്തെ രാഷ്ട്രപതിയായിരുന്ന സക്കീര്‍ ഹുസൈനില്‍ നിന്നാണ് ഞാന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്.

അതിനുശേഷം ഏതാനും വര്‍ഷങ്ങള്‍ക്കകമല്ലേ തുലാഭാരത്തിലെ അഭിനയത്തിന് വീണ്ടും ദേശീയ അവാര്‍ഡ് ലഭിച്ചത്?
അതെ. തിയേറ്ററുകളില്‍ കണ്ണീര്‍പ്പുഴകള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു തുലാഭാരം. അത് അപ്രതീക്ഷിതമായ പല അംഗീകാരങ്ങളും എനിക്ക് നേടിത്തന്നു. സിനിമ കണ്ണീരില്‍ മുക്കിയെടുത്തതാണെങ്കിലും അതിന്റെ ഷൂട്ടിംഗിനിടെ ആഹ്ലാദകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ക്ക് ഞാന്‍ സാക്ഷ്യം വഹിച്ചു. തുലാഭാരം അതേ പേരില്‍ തമിഴിലും, ‘മനുഷുലു മരളി’ എന്ന പേരില്‍ തെലുങ്കിലും, ‘സമാജ്‌കോ ബദല്‍ ഡാലോ’ എന്ന പേരില്‍ ഹിന്ദിയിലും പുനര്‍നിര്‍മ്മിച്ചു. മൂന്ന് ചിത്രങ്ങളിലും നായിക ഞാന്‍ തന്നെയായിരുന്നു.

വിശ്വവിഖ്യാത സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്റെ ആദ്യ ചിത്രമായ സ്വയംവരത്തിലെ നായിക എന്ന നിലയില്‍ എന്താണ് പറയാനുള്ളത്?
എന്റെ അഭിനയജീവിതത്തിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രങ്ങളില്‍ ഒന്നാണ് സ്വയംവരത്തിലേത്. എനിക്ക് മികച്ച നടിക്കുള്ള മൂന്നാമത്തെ അവാര്‍ഡ് നേടിത്തന്ന ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍, സ്വയംവരത്തിന് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് ഞാന്‍ അടൂരിനോട് പറഞ്ഞിരുന്നു. അദ്ദേഹം ഇപ്പോള്‍ അത് ഓര്‍ക്കുന്നുണ്ടാകുമോ എന്നെനിക്ക് അറിയില്ല. പിന്നീട് അടൂരിന്റെ എലിപ്പത്തായത്തിലും അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു.

തെലുങ്കിലും ദുരന്തകഥകളിലെ നായികയാണോ?
തെലുങ്കില്‍ അങ്ങനെയൊരു പ്രതിച്ഛായ എനിക്കില്ല. പ്രതിധ്വനി എന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറായിപ്പോലും ഞാന്‍ അഭിനയിച്ചു. എനിക്ക് എല്ലാം നല്‍കിയത് മലയാള സിനിമയാണ്. കേരളത്തിലെ ജനങ്ങള്‍ എന്നെ അഗാധമായി സ്‌നേഹിച്ചു എന്നത് എന്റെ മഹാഭാഗ്യം തന്നെയാണ്. ഞാന്‍ പാര്‍ലമെന്റ് അംഗമായിരിക്കെ ഒരു ട്രെയിന്‍ തെനാലി വരെ ദീര്‍ഘിപ്പിക്കാന്‍ ന്യൂഡല്‍ഹിയിലെ റെയില്‍വെ മന്ത്രാലയത്തില്‍ പോകേണ്ടിവന്നു. എന്നെ കണ്ടയുടന്‍ തന്നെ മന്ത്രാലയത്തിലെ മലയാളി ഉദ്യോഗസ്ഥര്‍ മുന്നോട്ടുവന്ന് വേണ്ട സഹായങ്ങളൊക്കെ ചെയ്തു.

മലയാളികളെ ഇത്രയേറെ ആകര്‍ഷിക്കാന്‍ കഴിഞ്ഞത് എങ്ങനെയാണ്?
എന്നെ കണ്ടാല്‍ ഒരു മലയാളിയാണെന്നേ തോന്നൂ എന്നാണ് പലരും പറഞ്ഞിട്ടുള്ളത്. ഒരു പരമ്പരാഗത മലയാളവനിതയ്ക്ക് വേണ്ട എല്ലാ പ്രത്യേകതകളും എനിക്ക് ഉണ്ടത്രെ. എന്റെ മുത്തശ്ശി മലയാളിയാണ്. കോഴിക്കോടിന് സമീപത്ത് എവിടെയോ ആയിരുന്നു മുത്തശ്ശിയുടെ വീട്. പക്ഷേ, ഇത്രയും കാലമായിട്ടും ആ വേരുകള്‍ കണ്ടുപിടിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ, മലയാളത്തിലെ മഹാപ്രതിഭകളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യം തന്നെയാണ്. നടന്മാരായ സത്യന്‍, പ്രേംനസീര്‍, മധു, പി. ജെ. ആന്റണി, കെ. പി. ഉമ്മര്‍, മമ്മൂട്ടി, സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, എ. വിന്‍സന്റ്, കെ. എസ്. സേതുമാധവന്‍, ഭരതന്‍, കുഞ്ചാക്കോ തുടങ്ങി എത്രയെത്ര കലാകാരന്മാരോടൊപ്പമാണ് പ്രവര്‍ത്തിച്ചത്.

ആരാണ് സിനിമയിലേക്കുള്ള വഴി തുറന്നുതന്നത്?
മലയാളസിനിമയില്‍ ‘ഇണപ്രാവുകള്‍’ എന്ന ചിത്രത്തിലൂടെ എനിക്ക് അവസരം നല്‍കിയത് കുഞ്ചാക്കോയാണ്. ആ ചിത്രത്തില്‍ റാഹേല്‍ എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. അതിനുശേഷം എന്റെ പേര് മാറ്റി റാഹേല്‍ എന്നാക്കാന്‍ ഒരു നിര്‍ദ്ദേശം വന്നു. എന്നാല്‍ എന്റെ അമ്മ അതിന് അനുവദിച്ചില്ല. ശാരദയായിത്തന്നെ ഞാന്‍ തുടരണമെന്ന് അമ്മ പറഞ്ഞു. എന്തായാലും മലയാളത്തിലെ അഭിനയം എല്ലായ്‌പ്പോഴും എനിക്ക് ആഹ്ലാദകരമായിരുന്നു. മലയാളത്തിലെ പ്രമുഖ സംവിധായകര്‍ അവരുടെ ശക്തമായ കഥാപാത്രങ്ങളെ എനിക്ക് നല്‍കി എന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്.

മലയാളസിനിമയിലേക്കുള്ള രണ്ടാം വരവിനെക്കുറിച്ച് എന്താണ് വിലയിരുത്തല്‍?
രണ്ടാം വരവും ഒട്ടും മോശമായില്ല. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, കാശ്മീരം, മഴത്തുള്ളിക്കിലുക്കം, രാപ്പകല്‍ എന്നീ ചിത്രങ്ങള്‍ വന്‍ വിജയങ്ങളായിരുന്നു. ഒരു ദുഃഖമേയുള്ളൂ – മഹാനടനായ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞില്ല. അതിന് അവസരം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. മലയാളത്തില്‍ ഇനിയും ഒട്ടേറെ നല്ല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിയേണമേ എന്നാണ് പ്രാര്‍്ത്ഥന.

Load More Related Articles
Load More By Webdesk
Load More In Interview

Leave a Reply

Your email address will not be published. Required fields are marked *

Check Also

നരേന്ദ്രമോദി എട്ടിന് ഗുരുവായൂരില്‍ ദര്‍ശനം നടത്തും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8ന്ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.…