കൊടും ചൂടിനെ നേരിടാന്‍

Header advertisement

വേനല്‍ക്കാലജീവിതവും ഭക്ഷണ ക്രമവും വസ്ത്രധാരണവും എങ്ങനെ? രോഗങ്ങള്‍വരാതിരിക്കാന്‍ എന്തുചെയ്യണം ? ആയുര്‍വേദ വാചസ്പതി എം. പ്രസാദ് എം.ഡി നിര്‍ദേശിക്കുന്ന കാര്യങ്ങള്‍

വേനല്‍ പതിവിലുമധികം കനത്തു എല്ലാ ഏജന്‍സികളും അത് പ്രവചിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടു മുതല്‍ മൂന്നു വരെ പുറം പണികള്‍ ഒഴിവാക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സൂര്യാഘാതത്തിന്റെ സാധ്യത പരിഗണിച്ചാണിത്. അതിനാല്‍ എല്ലാവരും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുക. ധാരാളം ശുദ്ധജലം കുടിക്കുക. വെയിലത്തു പോകുന്നവര്‍ കുട, തൊപ്പി എന്നിവ കരുതുക. അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. എരിവ്, പുളി, മസാലകള്‍ എന്നിവ ഭക്ഷണത്തില്‍ നിന്നൊഴിവാക്കുക. വെള്ളുത്തുള്ളി, ചുവന്ന മുളക്, കുരുമുളക്, അച്ചാര്‍, മുതിര എന്നിവ തീര്‍ത്തും ഒഴിവാക്കണം. കൂവനൂറ്, റാഗി, ചാമ, വരക്, സൂചി ഗോതമ്പ്, നന്നായി പാകം വന്നതും പ്രാദേശികമായി ലഭിക്കുന്നതും ആയ പഴങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വറുത്തതും, പൊരിച്ചതുമായ ഭക്ഷണങ്ങള്‍ വേണ്ടെന്നു വയ്ക്കണം. മാംസാഹാരം പാകം ചെയ്യുമ്പോള്‍ ധാരാളം പച്ചക്കറികള്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. ആവുന്നതും, വേനല്‍ തീരും വരെ സസ്യാഹാരികളാവുന്നതാകും നല്ലത്. തളര്‍ച്ച, തലചുറ്റ്, കണ്ണു മഞ്ഞളിപ്പ്, മൂക്കില്‍ നിന്നും രക്തസ്രാവം, ദേഹത്ത് പൊള്ളലോടു കൂടിയ വട്ടത്തിണര്‍പ്പുകള്‍ എന്നിവ സൂര്യാഘാതത്താല്‍ ഉണ്ടാകാം. ശ്രദ്ധിക്കുക, കുട്ടികള്‍, രോഗികള്‍, ഗര്‍ഭിണികള്‍, ആര്‍ത്തവ കാലത്തുള്ളവര്‍, പ്രായമേറിയവര്‍ എന്നിവര്‍ക്ക് അതിവേനലിനെ താങ്ങാന്‍ കെല്‍പ്പു കുറവായിരിക്കും. അത്തരക്കാര്‍ പ്രത്യേകം കരുതിയിരിക്കണം.

പ്രകൃതിദത്തമായ ശുദ്ധജലമാണ് കുടിക്കാന്‍ ഏറ്റവും മികച്ചതെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും അത് അത്ര സുലഭമല്ലാതായിരിക്കുന്നു. കലക്കമില്ലാതിരിക്കുക, ദുര്‍ഗന്ധമില്ലാതിരിക്കുക എന്നീ കാര്യങ്ങളെക്കൊണ്ടു മാത്രം ജലം ശുദ്ധമാണെന്നു കരുതരുത്. രാസവസ്തുക്കളുടെ സാന്നിദ്ധ്യം, സൂക്ഷ്മ ജീവികളുടെ സ്വഭാവം എന്നിവയനുസരിച്ച് ജലം നല്ലതോ, ചീത്തയോ ആയി മാറാം. അതിനാല്‍ ഭാഗ്യം പരീക്ഷിക്കാതെ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുക. വഴിയരികില്‍ നിന്നുള്ള ഭക്ഷണവും, പാനീയങ്ങളും നിശ്ചയമായും ഒഴിവാക്കണം. യാത്രയില്‍ കുടിവെള്ളം കയ്യില്‍ കരുതുക. മലിന ജലത്തിലൂടെ പടരുന്ന മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല. അമിതമായ വിയര്‍പ്പു മൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് ആപല്‍ക്കരമായ പ്രതിസന്ധി സൃഷ്ടിക്കാം. അതിനാല്‍ കായികാധ്വാനം ചെയ്യുന്നവര്‍ പ്രത്യേകം മുന്‍കരുതലെടുക്കണം. നന്നായി നേര്‍പ്പിച്ച് ശകലം ഉപ്പും, പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം, ഉപ്പു ചേര്‍ത്ത സംഭാരം (നേര്‍പ്പിച്ച മോര്, തൈരല്ല), ഉപ്പു ചേര്‍ത്ത കഞ്ഞിവെള്ളം, പഴച്ചാറുകള്‍, ഇളനീര്‍ എന്നിവ ആവശ്യാനുസരണം കുടിക്കുന്നതാണ് ഇതിനുള്ള പരിഹാരം. അതിയായി തണുപ്പിച്ച പാനീയങ്ങള്‍, ഐസ്‌ക്രീം, കോളകള്‍ എന്നിവ ഒഴിവാക്കണം. മദ്യപാനത്തിന് മലയാളിക്ക് കാലഭേദങ്ങളില്ല. ഏതു തരത്തിലുള്ള മദ്യപാനവും ഏറ്റവും അപകടകരമാകുന്നത് വേനലിലാണെന്നത് ഓര്‍ക്കുന്നത് നന്നായിരിക്കും.

എല്ലാ കാലാവസ്ഥയിലും ഒരേ ഭക്ഷണവും പാനീയവും വസ്ത്രവും ഉപയോഗിക്കുന്നവര്‍ മലയാളികളെപ്പോലെ മറ്റൊരു ദേശക്കാരുമുണ്ടാവില്ല. ചൂടിനൊപ്പം ഈര്‍പ്പവും ഏറെ കൂടിയിരിക്കുന്നത് ചിക്കന്‍പോക്സ് പടര്‍ന്നു പിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ കാലാവസ്ഥയ്ക്കിണങ്ങും പോലെ ജീവിയ്ക്കുക.

ആരോഗ്യ കാര്യത്തിലുള്ള കരുതലാണ് എല്ലായ്പ്പോഴും പ്രധാനം, മരുന്നുകളല്ല.

ആയുര്‍വേദവാചസ്പതി എം. പ്രസാദ്, എം.ഡി.

Load More Related Articles
Load More By Webdesk
Load More In Health

Leave a Reply

Your email address will not be published. Required fields are marked *

Check Also

നരേന്ദ്രമോദി എട്ടിന് ഗുരുവായൂരില്‍ ദര്‍ശനം നടത്തും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8ന്ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.…