തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2019 ജനുവരി അടിസ്ഥാനമാക്കിയുള്ള വോട്ടര്‍പട്ടികയായിരിക്കും പാലായില്‍. ഇതു കൂടാതെ ഓഗസ്റ്റ് 25വരെയുള്ള അപേക്ഷവച്ച് സപ്ലിമെന്ററി ലിസ്റ്റ് തയാറാക്കും. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ജനുവരിക്കു ശേഷം പാലായില്‍ 4,322 അപേക്ഷ ലഭിച്ചു. ഇതില്‍ 1,002 അപേക്ഷ തീര്‍പ്പാക്കി. 3,320 അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ട്. ഇതിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കും.

സെപ്റ്റംബര്‍ 23 രാവിലെ 7 മണി മുതല്‍ വൈകിട്ട് 6വരെയാണ് വോട്ടെടുപ്പ്. സെപ്റ്റംബര്‍ 27ന് 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. പാലായില്‍ 1,77,864 വോട്ടര്‍മാരുണ്ട്. 87,192 പുരുഷന്‍മാരും 90,672 സ്ത്രീകളും. 176 പോളിങ് സ്റ്റേഷനില്‍ 5 എണ്ണം മാതൃകാ സ്റ്റേഷനും 1 എണ്ണം സ്ത്രീകള്‍ മാത്രം കൈകാര്യം ചെയ്യുന്ന സ്റ്റേഷനുമാണ്. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് 2 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. 272 ബാലറ്റ് യൂണിറ്റും, 249 കണ്‍ട്രോള്‍ യൂണിറ്റും, 288 വിവിപാറ്റ് മെഷിനുകളും തിരഞ്ഞെടുപ്പിന് ഉപയോഗിക്കും.

കേരള കോണ്‍ഗ്രസിലെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ചിഹ്നത്തെ ചൊല്ലിയുള്ള തര്‍ക്കം തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലായതിനാല്‍ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നു ടിക്കാറാം മീണ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ശബരിമല വിഷയം പ്രചാരണ വിഷമാക്കുന്നതിനെ സംബന്ധിച്ച ചോദ്യത്തിന്, അതിനെക്കുറിച്ച് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തുപറഞ്ഞ അഭിപ്രായം തന്നെയാണ് തനിക്കുള്ളതെന്നു ടിക്കാറാം മീണ പറഞ്ഞു.

ആ അഭിപ്രായത്തില്‍ മാറ്റമില്ല. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാകുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് പെരുമാറ്റചട്ടത്തിന്റെ ലംഘനമാകാന്‍ അനുവദിക്കില്ല. ദൈവം, മതം എന്നിവയുടെ പേരില്‍ ജനങ്ങളില്‍ വിദ്വേഷം ഉണ്ടാക്കുന്നതും സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്നതും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ശബരിമലയ്ക്ക് മാത്രമല്ല എല്ലാ ആരാധനാലയങ്ങള്‍ക്കും ഇക്കാര്യങ്ങള്‍ ബാധകമാണ്.

പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ഉണ്ടായാല്‍ കൃത്യമായി പരിശോധിച്ച് നടപടിയെടുക്കും. പെരുമാറ്റച്ചട്ടം കോട്ടയം ജില്ലയില്‍ മാത്രമാണ് ബാധകം. പാലായിലെ ജനങ്ങളെ ബാധിക്കുന്ന പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിനു നടത്താന്‍ കഴിയില്ല. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് മികച്ച രീതിയില്‍ നടത്തിയതിനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെയും റഷ്യന്‍ സര്‍ക്കാരിന്റെയും പുരസ്‌കാരം കേരളത്തിനു ലഭിച്ചതായും ടിക്കാറാം മീണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊറോണ കാരണം സാമ്പത്തിക സ്തംഭനാവസ്ഥ; 1.10 കോടി ജനങ്ങള്‍ കടുത്ത ദാരിദ്രത്തിലാകുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയുടെ വളര്‍ച്ച സ്തംഭനാവസ്ഥയിലേയ്ക്ക്…