കൂടത്തായി: സിലിയുടെ 40 പവന്‍ എവിടെ? ഷാജുവിനെ വിശ്വസിക്കാതെ ബന്ധുക്കള്‍

Header advertisement

കൂടത്തായി: കൂടത്തായിയില്‍ കൊല്ലപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ കാണാതായ സംഭവത്തില്‍ ബന്ധുക്കളുടെ സംശയം ഷാജുവിനും ജോളിയ്ക്കും നേര്‍ക്ക്. സിലിയുടെ 40 പവനോളം വരുന്ന ആഭരണങ്ങള്‍ കൈക്കലാക്കാനുള്ള ശ്രമവും കൊലപാതകത്തിന് പിന്നിലുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. സിലിയുടെ കൊലപാതകത്തിനു പിന്നില്‍ ഈ ലക്ഷ്യമുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
സിലിയുടെ മരണത്തിന് പിന്നാലെ വിവാഹ ആഭരണങ്ങള്‍ ഉള്‍പ്പെടെ 40 പവനോളം സ്വര്‍ണ്ണമാണ് ഒറ്റയടിയ്ക്ക് കാണാതായത്. ഈ സ്വര്‍ണ്ണം സിലി ധ്യാനകേന്ദ്രത്തിലെ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഭര്‍ത്താവ് ഷാജു അന്നു പറഞ്ഞത്. ഇക്കാര്യം സത്യമല്ലെന്ന് ബന്ധുക്കളില്‍ പലര്‍ക്കും മനസ്സിലായിട്ടും അന്ന് ആരും തര്‍ക്കത്തിന് പോയിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. എന്നാല്‍ മരണത്തിലെ ദുരൂഹത ചുരുളഴിഞ്ഞ സാഹചര്യത്തില്‍ സംഭവത്തില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കള്‍.

പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ജോളി എന്‍ഐടി ലക്ചറര്‍ എന്നാണ് ബന്ധുക്കളോടും നാട്ടുകാരോടും പെരുമാറിയിരുന്നത്. മികച്ച വരുമാനമുണ്ടെന്ന തരത്തിലായിരുന്നു ജോളിയുടെ ജീവിതരീതിയും. എന്നാല്‍ ഇതിനാവശ്യമായ പണം ജോളിയുടെ കൈവശം എത്തിയതെങ്ങനെയെന്ന് ചോദ്യചിഹ്നമാണ്. ഈ സാഹചര്യത്തില്‍ ബന്ധുക്കളുടെ വെളിപ്പെടുത്തല്‍ അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും.
ആഭരണങ്ങള്‍ ജോളിയുടെ കൈവശമെത്തിയിട്ടുണ്ടാകുമെന്നാണ് ബന്ധുക്കളുടെ നിഗമനം. സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ ജോളിയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് ഇവര്‍ അന്വേഷണസംഘത്തോട് പറഞ്ഞത്. ഷാജുവിന്റെയും സിലിയുടെയും മകള്‍ ആല്‍ഫിന്‍ മരിച്ചപ്പോള്‍ കുട്ടിയുടെ സ്വര്‍ണ്ണം ഏതെങ്കിലും പള്ളിയ്ക്ക് ദാനം ചെയ്യാമെന്ന് സിലി ഒരിക്കല്‍ പറഞ്ഞിരുന്നുവെന്നും ഇക്കാര്യം വളച്ചൊടിച്ച് ഷാജു മറ്റൊരു കഥ മെനയുകയായിരുന്നുവെന്നും ഷാജു പറയുന്നു.
കൊല്ലപ്പെട്ട ദിവസം സിലി പൊന്നാമറ്റം കുടുംബത്തിലെ തന്നെ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഈ ദിവസം സിലി ആഭരണങ്ങള്‍ അണിഞ്ഞിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു സിലി താമരശ്ശേരിയിലെ ദന്താശുപത്രിയിലെത്തിയത്. തുടര്‍ന്ന് ഓമശ്ശേരിയിലെ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചതോടെ സിലിയുടെ ആഭരണങ്ങള്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ ഒരു കവറിലാക്കി ഷാജുവിനെഏല്‍പ്പിച്ചിരുന്നു. ഈ കവര്‍ ജോളി സിലിയുടെ ഒരു ബന്ധുവിനെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നുവെങ്കിലും അന്നു തന്നെ ആഭരണങ്ങള്‍ ഷാജുവിനെ തിരിച്ചേല്‍പ്പിച്ചിരുന്നു.
എന്നാല്‍ ഒന്നര മാസത്തിനു ശേഷം ഷാജു ബന്ധുക്കളെ ഫോണില്‍ വിളിച്ചു പറഞ്ഞത് സിലി എല്ലാ ആഭരണങ്ങളും കാണിക്കവഞ്ചിയില്‍ ഇട്ടെന്നായിരുന്നു. എന്നാല്‍ സിലിയുടെ സഹോദരിയുടെ ഒരു വള സിലിയുടെ കൈവശമുണ്ടായിരുന്നുവെന്നും ആ വള എന്തായാലും കാണിക്കവഞ്ചിയില്‍ ഇടില്ലെന്ന് സിലിയുടെ അമ്മ ഷാജുവിനോട് പറഞ്ഞു. ജോളിയുടെ വിവാഹം കഴിഞ്ഞതിനു ശേഷം ഷാജു ഒരു ദിവസം ഇവരുടെ വീട്ടിലെത്തിയ ശേഷം ഒരു പുതിയ സ്വര്‍ണ്ണ വള നല്‍കിയ ശേഷം മടങ്ങിയെന്നും ബന്ധുക്കള്‍ പറഞ്ഞു. സിലിയുടെ മരണദിവസം ഏതെല്ലാം ആഭരണങ്ങളാണ് ധരിച്ചിരുന്നതെന്ന് അറിയാന്‍ വിവാഹ ആല്‍ബം പരിശോധിച്ചെങ്കിലും ഫോട്ടോ ലഭിച്ചില്ല.
അതേസമയം, ജോളി ഉള്‍പ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി നീട്ടി കിട്ടുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. 6 ദിവസം കൂടി കസ്റ്റഡി നീട്ടിക്കിട്ടാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.

Load More Related Articles
Load More By Webdesk
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊറോണ വൈറസ്, സംസ്ഥാനം ജാഗ്രതയില്‍

തിരുവനന്തപുരം: കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ ആറുപേരെ തിരുവനന്തപ…