ന്യൂസിലന്‍ഡിനെ തകര്‍ത്തു; ഇന്ത്യയ്ക്ക് സൂപ്പര്‍ ജയം,

Header advertisement

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി-20യില്‍ ഇന്ത്യക്ക് ജയം. സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആവേശപ്പോരിലാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്പിച്ചത്. സൂപ്പര്‍ ഓവറില്‍ ന്യൂസിലന്‍ഡ് നേടിയ 17 റണ്‍സ് ഇന്ത്യ അവസാന പന്തില്‍ മറികടന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടിയപ്പോള്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയ ന്യൂസിലന്‍ഡും 179 റണ്‍സ് എടുത്തു. 95 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണാണ് ന്യൂസിലന്‍ഡിന്റെ ടോപ്പ് സ്‌കോറര്‍. ഇന്ത്യക്കായി ഷര്‍ദ്ദുല്‍ താക്കൂറും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യയെപ്പോലെ കിവികളും നന്നായാണ് തുടങ്ങിയത്. ആദ്യ വിക്കറ്റില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലും കോളിന്‍ മണ്‍റോയും ചേര്‍ന്ന് 47 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. 21 പന്തുകളില്‍ 31 റണ്‍സെടുത്ത മണ്‍റോയെ ശര്‍ദ്ദുല്‍ താക്കൂറിന്റെ പന്തില്‍ സബ് ഫീല്‍ഡറായെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ ഉജ്ജ്വലമായി പിടികൂടി. ഏറെ വൈകാതെ കോളിന്‍ മണ്‍റോയും (14) മടങ്ങി. മണ്‍റോയെ ജഡേജയുടെ പന്തില്‍ രാഹുല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

നാലാം നമ്ബറിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ മിച്ചല്‍ സാന്റ്‌നര്‍ (9), കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം (5) എന്നിവര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. സാന്റ്‌നറിനെ ചഹാല്‍ ബൗള്‍ഡാക്കിയപ്പോള്‍ ഗ്രാന്‍ഡ്ഹോമിനെ ശര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ശിവം ദുബേ പിടികൂടി. തുടര്‍ന്ന് സ്‌കോറിങ് ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത നായകന്‍ കെയിന്‍ വില്ല്യംസണ്‍ ഒറ്റക്ക് പട നയിച്ചു. 28 പന്തുകളില്‍ അര്‍ധസെഞ്ചുറി നേടിയ കെയിന്‍ അര സെഞ്ചുറിക്ക് ശേഷം ഗിയര്‍ ടോപ്പിലേക്ക് മാറ്റി. ബുംറയടക്കം എല്ലാ ബൗളര്‍മാരും കെയിനിന്റെ ബാറ്റിംഗ് ചൂടറിഞ്ഞു. അല്പമെങ്കിലും രക്ഷപ്പെട്ടത് ശര്‍ദ്ദുല്‍ താക്കൂര്‍ ആയിരുന്നു.

അവസാന ഓവറില്‍ 9 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷമി എറിഞ്ഞ ആദ്യ പന്ത് തന്നെ റോസ് ടെയ്ലര്‍ സിക്‌സര്‍ നേടി കളി വരുതിയിലാക്കി. മൂന്നാം പന്തില്‍ കെയിന്‍ പുറത്തായി. 48 പന്തുകളില്‍ 8 ബൗണ്ടറികളും ആറു സിക്‌സറുകളും സഹിതം 95 റണ്‍സെടുത്ത കെയിന്‍ ന്യൂസിലന്‍ഡിന്റെ ജയം ഉറപ്പിച്ചാണ് മടങ്ങിയത്. കെയിനിനെ ഷമിയുടെ പന്തില്‍ രാഹുല്‍ പിടികൂടുകയായിരുന്നു.

മൂന്നു പന്തുകളില്‍ രണ്ട് റണ്‍സായിരുന്നു ന്യൂസിലന്‍ഡിനു വേണ്ടിയിരുന്നത്. രണ്ട് പന്തുകള്‍ മിസ് ചെയ്ത സെയ്ഫര്‍ട്ട് അഞ്ചാം പന്തില്‍ ബൈ ഓടി. അവസാന പന്തില്‍ ടെയ്ലര്‍ പ്ലെയ്ഡ് ഓണായതോടെ കളി സൂപ്പര്‍ ഓവറിലേക്ക്.

ജസ്പ്രീത് ബുംറ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ന്യൂസിലന്‍ഡ് 17 റണ്‍സാണ് അടിച്ചുകൂട്ടിയത്. ആദ്യ രണ്ട് പന്തുകളില്‍ സിംഗിളോടിയ അവര്‍ അടുത്ത നാലു പന്തുകളില്‍ ഒരു സിക്‌സറും രണ്ട് ബൗണ്ടറികളും നേടി. കിവികള്‍ക്കായി ടിം സൗത്തി പന്തെറിഞ്ഞു. രോഹിത് ശര്‍മ്മയും ലോകേഷ് രാഹുലും ഇന്ത്യക്കായി ഇറങ്ങി. ആദ്യ പന്തില്‍ ഡബിള്‍ ഓടിയ രോഹിത് രണ്ടാം പന്തില്‍ സിംഗിള്‍ ഇട്ടു. മൂന്നാം പന്തില്‍ രാഹുല്‍ ബൗണ്ടറിയടിച്ചു. നാലാം പന്തില്‍ വീണ്ടും സിംഗിള്‍. അഞ്ചാം പന്തില്‍ രോഹിതിന്റെ വക പടുകൂറ്റന്‍ സിക്‌സ്. അവസാന പന്തില്‍ വേണ്ടത് നാലു റണ്‍സ്. വീണ്ടും ലോംഗ് ഓഫിലൂടെ ഒരു കൂറ്റന്‍ സിക്‌സും ജയവും. ജയത്തോടെ ഇന്ത്യ 3-0നു പരമ്ബര സ്വന്തമാക്കി. ന്യൂസിലന്‍ഡ് മണ്ണില്‍ ഇന്ത്യയുടെ ആദ്യ ടി-20 പരമ്ബര ജയമാണിത്

Load More Related Articles
Load More By Webdesk
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊറോണ വൈറസ്, സംസ്ഥാനം ജാഗ്രതയില്‍

തിരുവനന്തപുരം: കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ ആറുപേരെ തിരുവനന്തപ…