നഷ്ടമായത് രാഷ്ട്രീയ കേരളത്തിന്റെ വീട്ടമ്മയെ

Header advertisement

രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം, ഇന്ദിരാഗാന്ധിയുടെ പ്രിയ ശിഷ്യ, എതിര്‍പാര്‍ട്ടിക്കാര്‍പോലും ആദരവോടെ കാണുന്ന വ്യക്തിത്വം, മികച്ച സംഘാടക…95ാം വയസില്‍ എം.കമലം എന്ന നാട്ടുകാരുടെ കമലേടത്തി അരങ്ങൊഴിയുമ്പോള്‍ ഒരുവീട്ടുകാരി കടന്നുപോകുന്നതിന്റെ ദുഖത്തിലാണ് രാഷ്ട്രീയ കേരളം, വിശേഷിച്ച് കോഴിക്കോട്.

1958ല്‍ കണ്ണൂരില്‍ നടന്ന കെപിസിസി സമ്മേളനത്തിന്റെ വനിതാ വിഭാഗം ചുമതലയാണ് കമലത്തിലെ മികച്ച സംഘാടകയെ കേരളം തിരിച്ചറിയുന്നത്. സ്ത്രീകള്‍ പൊതുവെ പുറത്തിറങ്ങി സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാത്തകാലം. പ്രത്യേകിച്ച് കോണ്‍ഗ്രസുകൂടിയാവുമ്‌ബോള്‍ അസാധ്യമായകാരം. പക്ഷെ കമലം അന്ന് ഇരുപതിനായിരത്തിലേറെ സ്ത്രീകളെയാണ് കണ്ണൂരിലെത്തിച്ചത്. അതിനുമുമ്പ് തന്നെ 54ല്‍ കണ്ണൂരില്‍ 200മഹിളാ സഹകരണസംഘങ്ങളും സമിതികളും രൂപീകരിച്ച് കമലം സ്ത്രീകളെ ഇളക്കിത്തുടങ്ങിയിരുന്നു. കെപിസിസി സമ്മേളനത്തില്‍ 20000ത്തോളം സ്ത്രീകളെത്തിയതാണ് ഇന്ദിരാഗാന്ധിയുടെ മനസ്സിലേക്ക് കമലം ഇടിച്ചുകയറാന്‍ ഇടയാക്കിയത്. പിന്നീടങ്ങോട്ട് കോണ്‍ഗ്രസില്‍ കമലത്തിന്റെ വെച്ചടി കയറ്റമായിരുന്നു. .

1946ല്‍ 20ാം വയസിലാണ് കമലത്തിന്റെ രാഷ്ട്രീയ പ്രവേശനം. തികച്ചും അപ്രതീക്ഷിതമായി. കോര്‍പറേഷനിലെ മൂന്നാം വാര്‍ഡ് വനിതാ സംവരണം. അതേക്കുറിച്ച് അവര്‍തന്നെ പറഞ്ഞിട്ടുണ്ട്..’ നേതാക്കള്‍ വീട്ടിലേക്കെത്തിയത് കുതിരവണ്ടിയിലാണ്. എനിക്ക് അന്ന് രാഷ്ട്രീയം പരിചയമില്ലാത്തലോകമായിരുന്നു. അവരെന്നെ ആനയിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കൂട്ടിക്കൊണ്ടു പോയി. ഞാന്‍ പലതവണ മറുത്തുപറഞ്ഞു. കേവലം 20കാരിയാണ് ഞാന്‍.. പക്ഷെ അവര്‍ വിട്ടില്ല. ഒന്ന് ഒപ്പിട്ട് തന്നാല്‍ മതി… ‘അങ്ങനെ പ്രതീക്ഷിക്കാത്ത ആ ഒപ്പിടലില്‍ നിന്നാണ് കമലം കേരളത്തിലെ സഹകരണ മന്ത്രിയായും പിന്നീട് വനിതാകമ്മീഷന്‍ അധ്യക്ഷയുമൊക്കെയായി വളര്‍ന്നതെന്ന് രാഷ്ട്രീയ ചരിത്രം.
മന്ത്രി, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍, KPCC വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, AICC അംഗം എന്നീ നിലകളില്‍ ഏഴു പതിറ്റാണ്ടുകാലം രാഷ്ട്രീയ പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു എം കമലം.

കെ.സി. അബ്രഹാം കെ.പി.സി.സി. പ്രസിഡന്റായപ്പോള്‍ കമലം ജനറല്‍ സെക്രട്ടറിയായി പിന്നീട് സംസ്ഥാന നേതൃത്വത്തിലേയ്ക്കും ഉയര്‍ന്നു. മികച്ച വനിത സംഘാടക എന്ന നിലയില്‍ ഇന്ദിര ഗാന്ധിയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞ കമലത്തിനായിരുന്നു

കേരളത്തിലെ മഹിളാവിഭാഗം കോണ്‍ഗ്രസിന്റെ കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട എം കമലം 1980ല്‍ കോഴിക്കോട്ടുനിന്ന് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. ആ പരാജയത്തിന് പക്ഷെ കമലത്തെ തളര്‍ത്താനായില്ല. 1982ല്‍ കല്പറ്റയില്‍നിന്നു മത്സരിച്ച് കെ. കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണമന്ത്രിയായി. എന്നും ജന സേവന തല്‍പരത കാണിച്ച എം കമലത്തിന് രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും നല്ല ബന്ധം സൂക്ഷിച്ചിരുന്നു. വനിതാകമ്മീഷന്‍ അധ്യക്ഷയായ കാലത്ത് അവരുടെ ഒരു തീരുമാനത്തിലും രാഷ്ട്രീയം കടന്നുവന്നേ ഇല്ല. അശരണരായ സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ ഭരണ സരാകേന്ദ്രങ്ങളോടെല്ലാം പലതവണ മല്ലിടിക്കേണ്ടിവന്നതും കേരളം കണ്ടു.

കോണ്‍ഗ്രസ് രാഷ്ട്രീയം വല്ലാതെ ഗ്രൂപ്പ് കളിയിലേക്കും നേതാക്കള്‍ അധികാരരാഷ്ട്രീയത്തിലേക്കും മത്സരിച്ചുകൊണ്ടിരുന്നപ്പോള്‍ പിറകേ വരുന്നവര്‍ക്ക് വഴിമാറിക്കൊടുത്ത് അവര്‍ കോഴിക്കോട്ടെ വീട്ടിനുള്ളിലേക്ക് മടങ്ങുന്നതായിരുന്നു അവസാനകാലത്തെക്കാഴ്ച. അപ്പഴും തന്നെ തേടിവരുന്നവരുടെ ആവശ്യങ്ങള്‍ക്കായി രാഷ്ട്രീയ ഭേദമന്യേ അവര്‍ ഫോണ്‍ കറക്കിക്കൊണ്ടിരുന്നു. 95ാം വയസില്‍ അവര്‍ കൂടൊഴിയുമ്പോള്‍ നഷ്ടമാകുന്നത് രാഷ്ട്രീയ കേരളത്തിന്റെ വീട്ടമ്മയെ ആണ്.

Load More Related Articles
Load More By Webdesk
Load More In Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊറോണ വൈറസ്, സംസ്ഥാനം ജാഗ്രതയില്‍

തിരുവനന്തപുരം: കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ ആറുപേരെ തിരുവനന്തപ…