സംസ്ഥാനത്ത് ഇന്ന് ഏഴ് കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം, കാസറഗോഡ് ജില്ലകളില്‍ രണ്ട് വീതം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ടയിലും കണ്ണൂരിലും രണ്ട് പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്.

സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളത് 215 പേരാണ്. ആകെ നിരീക്ഷണത്തിലുള്ളത് 1,63,129 പേര്‍. 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലും. ഇന്ന് 158 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 7455 സാമ്ബിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 6381 എണ്ണം നെഗറ്റീവ് ആണ്. ലാബുകള്‍ കൂടുതല്‍ സാമ്ബിളുകള്‍ എടുക്കുന്നു. ടെസ്റ്റിംഗില്‍ നല്ല പുരോഗതിയുണ്ട്.

കാസര്‍ഗോഡ് ജില്ലയ്ക്കായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസറഗോഡ് മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രിയായി മാറ്റാന്‍ തീരുമാനിച്ചു. കാസര്‍ഗോഡ് ജില്ലയിലെ ആശുപത്രികളില്‍ 163 പേര്‍ നിരീക്ഷണത്തിലാണ്. ചുമയും പനിയുമുള്ളവരുടെ ലിസ്റ്റ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ തയ്യാറാക്കും.

നാളെ മുതല്‍ സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണമുണ്ടാകും. ഏപ്രില്‍ ഒന്നിന് 0,1 നമ്ബറുകളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്കാണ് റേഷന്‍ നല്‍കുക. ഏപ്രില്‍ രണ്ടിന് 2,3 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക്. ഏപ്രില്‍ 3ന് 4, 5 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക്. ഏപ്രില്‍ നാലിന് 6, 7 നമ്ബറുകാര്‍ക്ക്. ഏപ്രില്‍ അഞ്ചിന് 8, 9 നമ്ബറുകളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക്. അഞ്ച് പേരില്‍ കൂടുതല്‍ ഒരു സമയം റേഷന്‍ കടകളിലെ വരിയിലുണ്ടാകരുത്. അഞ്ച് ദിവസത്തിനകം റേഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയും. റേഷന്‍ കാര്‍ഡ് നമ്ബറിലെ അക്കങ്ങള്‍ അനുസരിച്ചാണ് അഞ്ച് ദിവസം വിതരണം നടത്തുക. ഉച്ചവരെ മുന്‍ഗണനാലിസ്റ്റുകാര്‍ക്കും ഉച്ചയ്ക്ക് ശേഷം ഇതര വിഭാഗങ്ങള്‍ക്കും സാധനങ്ങള്‍ വാങ്ങാം. നേരിട്ടെത്തി വാങ്ങാനാകാത്തവര്‍ക്ക് വീടുകളിലെത്തിക്കണം.

ഏപ്രില്‍ ഫൂള്‍ ദിന തമാശകളുടെ പേരില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടിയുണ്ടാകും. തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ പാടില്ല. ഇക്കൊല്ലം അത്തരം തമാശകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ കണക്ക് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഓരോ ജില്ലയില്‍ നിന്നും എത്ര പേര്‍ പങ്കെടുത്തിട്ടുണ്ട് എന്നത് സംബന്ധിച്ച് വ്യക്തമായ കണക്ക് സര്‍ക്കാരിന്റെ പക്കലുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്.

അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.

അവശ്യസാധനങ്ങളുടെ വില കൂട്ടി വില്‍ക്കരുത്. ഇത് സംബന്ധിച്ച് വിജിലന്‍സ് പരിശോധനയുണ്ടാകും.

ആയുര്‍വേദപ്രവര്‍ത്തകരെ പോലെ ഹോമിയോ വിദഗ്ധരും ചില പ്രതിരോധ മരുന്നുകള്‍ സംബന്ധിച്ച് അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അവരുമായി ചര്‍ച്ച നടത്തും.

കര്‍ണാടക അതിര്‍ത്തി അടച്ചതുമായി ബന്ധപ്പെട്ട് ഇടപെട്ട് നടപടി പുന:പരിശോധിക്കുന്ന തരത്തില്‍ ഇടപെടലുണ്ടാകുമെന്ന് ഉറപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രിയും കേന്ദ്ര മന്ത്രി സദാനന്ദ ഗൌഡയും നല്‍കിയിരുന്നു. ഇരുവരേയും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഈ മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ഇരുവരും വിളിക്കാമെന്ന് പറഞ്ഞതല്ലാതെ വിളിച്ചില്ല. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ആകാത്തതായിരിക്കാം കാരണം. ഞാനൊരു ശുഭപ്രതീക്ഷക്കാരനാണ്. ശരിയാകുമെന്നാണ് കരുതുന്നത്.

സംസ്ഥാനം കടന്നുപോകുന്നത് അസാധാരണ സാഹചര്യത്തിലൂടെയാണ്. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തുപോകാതിരിക്കുക മുഖ്യമന്ത്രി പറഞ്ഞു.

മദ്യാസക്തിയുള്ളവര്‍ വിമുക്തികേന്ദ്രങ്ങളെ സമീപിക്കണം. വീടുകളില്‍ പുരുഷന്മാര്‍ സ്ത്രീകളെ സഹായിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മണ്ഡല പുനഃക്രമീകരണങ്ങളുടെ പേരില്‍ തമിഴ്നാടിനെ ദുര്‍ബലപ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നു; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.കെ സ്റ്റാലിന്‍

  കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി എം കെ സ്റ്റാലിന്‍. മണ്ഡല പുനഃക്രമീക…