അയോധ്യ(ഉത്തര്‍പ്രദേശ്): രാമക്ഷേത്ര നിര്‍മാണത്തിനുള്ള കൂടിയാലോചനകളും ചര്‍ച്ചകളും സജീവമാക്കി ഹിന്ദുസംഘടനകള്‍. വരുന്ന മകരസംക്രാന്തി ദിവസം (2020 ജനുവരി 15-ഓടെ) ക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് വി.എച്ച്‌.പി. നേതാവ് ശരത് ശര്‍മ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

സോമനാഥക്ഷേത്രത്തിന്റെ മാതൃകയില്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങി. കോടതി നല്‍കിയ സമയപരിധിക്കുള്ളില്‍ ട്രസ്റ്റ് രൂപവത്കരിക്കണം. സര്‍ക്കാരിനും സംഘടനകള്‍ക്കും ഇതില്‍ പങ്കുണ്ടാവണം. വി.എച്ച്‌.പി. തയ്യാറാക്കിയ ശിലകള്‍ തന്നെ ക്ഷേത്രനിര്‍മാണത്തിന് ഉപയോഗിക്കുമെന്നാണ് കരുതുന്നതെന്നും ശരത് ശര്‍മ്മ പറഞ്ഞു.

മൂന്നുവര്‍ഷത്തിനുള്ളില്‍ ക്ഷേത്രത്തിന്റെ ആദ്യനില പൂര്‍ത്തിയാക്കും. ശിലകള്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെ 65 ശതമാനം ജോലികളും നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടുതല്‍ ജോലിക്കാരെ ആവശ്യമുണ്ടെങ്കില്‍ രാജസ്ഥാനില്‍നിന്നും ഗുജറാത്തില്‍നിന്നും കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അയോധ്യ കേസിലെ സുപ്രീംകോടതി വിധി ചര്‍ച്ച ചെയ്യാന്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് നവംബര്‍ 17-ന് യോഗം ചേരും. വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കണോ എന്നകാര്യവും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പകരം നല്‍കിയ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കണോ എന്നകാര്യം ചര്‍ച്ച ചെയ്യാന്‍ സുന്നി വഖഫ് ബോര്‍ഡും നവംബര്‍ 26-ന് യോഗം വിളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

താലിബാനുമായുള്ള സമാധാനചർച്ചകൾ പുനരാരംഭിച്ചതായി ട്രംപ്

താലിബാനുമായുള്ള സമാധാനചർച്ചകൾ പുനരാരംഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ അ…