മസ്‌കറ്റ്: യാക്കോബായസഭയുടെ പള്ളികളുമായി ബന്ധപ്പെട്ട് നിയമപരമായ കാര്യങ്ങളുള്‍പ്പെടെ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ പരിഹരിക്കേണ്ടത് മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി മാര്‍ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പൊലീത്ത ഉള്‍പ്പെടെയുള്ള നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയായിരിക്കണമെന്ന് ആകമാന സുറിയാനി സഭാ സുന്നഹദോസ്. സഭാക്കേസിന്റെയും തുടര്‍ന്നുണ്ടായ സുപ്രീംകോടതി വിധിയുടെയും പശ്ചാത്തലത്തിലാണിത്.

ഇന്ത്യയില്‍ അന്ത്യോഖ്യാ സിംഹാസനത്തോട് കൂറും വിശ്വസ്തതയും പുലര്‍ത്തുന്ന വിശ്വാസികള്‍ ഉണ്ടായിരിക്കുന്നിടത്തോളം കാലം അവരെ സംരക്ഷിക്കാന്‍ സിംഹാസനത്തിന് ചുമതലയുണ്ടായിരിക്കുമെന്ന് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവാ പറഞ്ഞു. മസ്‌കറ്റ് സെയ്ന്റ് മര്‍ത്തശ്മൂനി പള്ളിയില്‍ ചേര്‍ന്ന സുന്നഹദോസില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ത്യോഖ്യാ സിംഹാസനത്തോട് കൂറും വിശ്വാസവും പുലര്‍ത്താന്‍വേണ്ടി ഇന്ത്യയിലെ വിശ്വാസികള്‍ അനുഭവിക്കുന്ന വേദനയില്‍ അദ്ദേഹം പങ്കുചേര്‍ന്നു. ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ സേവനത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ശ്രേഷ്ഠ ബാവായുടെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തു.

പാത്രിയര്‍ക്കീസ് ബാവായുടെ പ്രാര്‍ഥനയോടെയാണ് സുന്നഹദോസ് ആരംഭിച്ചത്. കേരളത്തില്‍ സഭാക്കേസുമായി ബന്ധപ്പെട്ടുണ്ടായ സ്ഥിതിഗതികള്‍ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി വിശദീകരിച്ചു. ആര്‍ച്ച്ബിഷപ്പുമാര്‍ അവരുടെ അഭിപ്രായങ്ങളും പങ്കുവെച്ചു. എന്തൊക്കെ പ്രതിസന്ധി നേരിട്ടാലും പൂര്‍വികവിശ്വാസവും പാരമ്ബര്യവും നിലനിര്‍ത്തി സഭയോടും പാത്രിയര്‍ക്കീസ് ബാവായോടുമുള്ള ബന്ധം ഇന്ത്യയിലെ സഭ സൂക്ഷിക്കുമെന്ന് സുന്നഹദോസ് അഭിപ്രായപ്പെട്ടു. 2015-ല്‍ പാത്രിയര്‍ക്കീസ് ബാവാ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയുമായി ചര്‍ച്ച നടത്താന്‍ സമിതിയെ നിയോഗിച്ചിരുന്നു. ആ സമിതി ഇപ്പോഴും നിലനില്‍ക്കുകയാണ്. എന്തെങ്കിലും സമാധാനസാധ്യതകള്‍ ഉണ്ടെങ്കില്‍ ഈ സമിതി അത് പ്രയോജനപ്പെടുത്തണമെന്ന് തീരുമാനിച്ചു. കേരളസര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ വെച്ച് പ്രശ്‌നപരിഹാരത്തിനു നടത്തിയ ശ്രമത്തെ സുന്നഹദോസ് അഭിനന്ദിച്ചു. കേരള ഗവര്‍ണറുടെ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണയും നന്ദിയും അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട്: എം പി വീരേന്ദ്രകുമാര്‍ എംപി (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട…