ന്യൂഡല്‍ഹി: ഇത്തവണ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി വെറും 11.5 ശതമാനം സ്ത്രീ പ്രാതിനിധ്യം മാത്രം. ഫെബ്രുവരി 8നാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 70 മണ്ഡലങ്ങളില്‍ നടക്കുന്ന വാശിയേറിയ പോരാട്ടങ്ങളിലേക്ക് 672 സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയിരിക്കുന്നത്. ഇതില്‍ വെറും 79 സ്ത്രീകള്‍ മാത്രമാണുള്ളത്. കളത്തില്‍ ഏറ്റുമുട്ടുന്ന വമ്ബന്‍മാരായ ആംആദ്മി, കോണ്‍ഗ്രസ്, ബി.ജെ.പി പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ പിന്നോട്ടാണ്. 24 സ്ത്രീകള്‍ക്ക് മാത്രമാണ് ഈ മൂന്ന് പാര്‍ട്ടികളിലുമായി ടിക്കറ്റ് ലഭിച്ചിരിക്കുന്നത്.

2013ല്‍ ആംആദ്മി അധികാരത്തിലെത്തുന്നതുവരെ 15 വര്‍ഷം കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിത് ഭരിച്ച ഡല്‍ഹിയിലാണ് സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞത്. ബി.ജെ.പിയുടെ സുഷമ സ്വരാജും ചെറിയ കാലയളവില്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായിരുന്നു. ഇത്തവണ പക്ഷേ, 2015ലെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ നിന്നും നേരിയ ഒരു വ്യത്യാസം ഉണ്ടായിട്ടുണ്ട്. അന്ന് എല്ലാ പാര്‍ട്ടികളില്‍ നിന്നും ആകെ 66 സ്ത്രീകള്‍ മാത്രമാണ് മത്സരിച്ചത്. അതായത് 10 ശതമാനം സ്ത്രീ പ്രാതിനിധ്യം. ബി.ജെ.പി, ആപ്പ്, കോണ്‍ഗ്രസ് എന്നിവര്‍ക്ക് കൂടി ആകെ 19 വനിതാ സ്ഥാനാര്‍ത്ഥികള്‍.

ഇത്തവണ കല്‍കാജി മണ്ഡലത്തില്‍ നിന്നും ആതിഷി മര്‍ലേന ഉള്‍പ്പെടെ ഒമ്ബത് സ്ത്രീകള്‍ക്കാണ് ആപ്പിന്റെ ടിക്കറ്റ് ലഭിച്ചിരിക്കുന്നത്. 2013ല്‍ മൂന്ന് വനിതകളെയാണ് ആപ്പ് കളത്തിലിറക്കിയത്. അതേ സമയം ബി.ജെ.പിയുടെ ഭാഗത്ത് നിന്നും സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്. 2015ല്‍ എട്ട് സ്ത്രീകള്‍ മത്സരിച്ചെങ്കില്‍ ഇത്തവണ അത് അഞ്ചായി ചുരുങ്ങി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്ത്രീയെന്നോ പുരുഷനെന്നോ ലേബലിന് സ്ഥാനമില്ലെന്നും വിജയസാദ്ധ്യതയാണ് പ്രധാനമെന്നും ഡല്‍ഹി ബി.ജെ.പി അദ്ധ്യക്ഷനും എം.പിയുമായ മനോജ് തിവാരി പറയുന്നു. കോണ്‍ഗ്രസാണ് ഇത്തവണ കൂടുതല്‍ സ്ത്രീകളെ മത്സരിപ്പിക്കുന്നത്. 2015ല്‍ അഞ്ച് പേര്‍ മത്സരിച്ചെങ്കില്‍ ഇത്തവണ അതിന്റെ ഇരട്ടിയാണ്. കഴിഞ്ഞ വര്‍ഷം ആപ്പില്‍ നിന്നും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ അല്‍ക്കാ ലംബ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ 10 വനിതാ നേതാക്കള്‍ പ്രചാരണ രംഗത്ത് സജീവമാണ്. 33ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കുന്നുണ്ടെന്നാണ് ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സുഭാഷ് ചോപ്ര വ്യക്തമാക്കുന്നത്.

കാല്‍കാജിയില്‍ ആപ്പിന്റെ ആതിഷിക്കെതിരെ മത്സരിക്കുന്നത് ചോപ്രയുടെ മകള്‍ ശിവാനിയാണ്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ആദ്യത്തെ എട്ട് ലോക്സഭകളിലും ഡല്‍ഹിയെ പ്രതിനിധീകരിച്ച് സ്ത്രീകളൊന്നും ഉണ്ടായിട്ടില്ല. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മീനാക്ഷി ലേഖി മാത്രമാണ് ഡല്‍ഹിയില്‍ നിന്നും പാര്‍ലമെന്റിലെത്തിയ ആകെ 7 എം.പിമാരിലെ ഏക വനിത. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് ഷീല ദീക്ഷിത്, ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് ആതിഷി മര്‍ലേന എന്നിവര്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ജലീൽ പുറത്തേയ്‌ക്കോ? സർക്കാർ പത്മവ്യൂഹത്തിന് നടുവിൽ

സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് തിരുവനന്തപുരം: ലൈഫ് മിഷൻ കോഴയിടപാടിൽ സിബിഐ കേസെടുത്തതോടെ സർക്കാരു…