തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജില്ല കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 12 ജില്ലകളില്‍ യു.ഡി.എഫ് മനുഷ്യ ഭൂപടം തീര്‍ത്തു.
‘ഒരുക്കാം ഒരുമയുടെ ഭൂപടം’ എന്ന മുദ്രാവാക്യം മുഴക്കി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഇന്ത്യന്‍ ഭൂപടത്തിന്റെ മാതൃകയില്‍ അണിനിരന്നു. മുന്‍ മന്ത്രി എം. കമലത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് കോഴിക്കോടിനെയും രാഹുല്‍ ഗാന്ധിയുടെ ഭരണഘടന സംരക്ഷണ റാലി ഉണ്ടായിരുന്നതിനാല്‍ വയനാടിനെയും പരിപാടിയില്‍നിന്ന് ഒഴിവാക്കിയിരുന്നു.
മനുഷ്യ ഭൂപടത്തില്‍ അണിനിരന്നവര്‍ മഹാത്മ ഗാന്ധിയെ ഗോഡ്‌സെ വെടിവെച്ച് കൊന്ന 5.17ന് ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുത്തു. ജില്ലാ കേന്ദ്രങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ത്രിവര്‍ണ പതാകയുടെ നിറങ്ങളുള്ള തൊപ്പികള്‍ ധരിച്ചാണ് പ്രവര്‍ത്തകര്‍ ഭൂപടത്തില്‍ അണിനിരന്നത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പരിപാടി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്തു.
മോദി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന വിദ്വേഷ-വിഭാഗീയ രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ലക്ഷ്യം കണ്ടെത്തും വരെ തളരാതെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിപാടിക്ക് നേതൃത്വം നല്‍കി. ഇടുക്കിയില്‍ തൊടുപുഴ പ്രൈവറ്റ് ബസ്‌സ്റ്റാന്‍ഡ് ഗ്രൗണ്ടിലും പാലക്കാട് ചെറിയ കോട്ട മൈതാനത്തുമായിരുന്നു പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചാലക്കുടി എംഎൽഎ ബി.ഡി. ദേവസ്സി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നു