തിരുവനന്തപുരം: കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ ആറുപേരെ തിരുവനന്തപുരത്ത് നിരീക്ഷണത്തിലാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നാലുപേരും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രണ്ടുപേരുമാണ് നിരീക്ഷണത്തിലുള്ളത്. ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്തസാമ്ബിളുകളുടെ പരിശോധനാഫലം വന്നശേഷം രോഗമില്ലെന്ന് സ്ഥിരീകരിച്ചശേഷമേ ഇവരെ വിട്ടയയ്ക്കൂ.
മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്‌ളോക്കിലെ ഒരു നില പൂര്‍ണമായും ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റി. താഴത്തെ നിലയിലെ മുറിയിലാണ് മെഡിക്കല്‍ കോളേജിലുളള നാലുപേരെയും നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. ജനറല്‍ ആശുപത്രിയിലെ പത്താംവാര്‍ഡാണ് കൊറോണ ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്രിയിരിക്കുന്നത്. ചൈനയില്‍ നിന്നെത്തിയ രണ്ട് യുവാക്കളാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ഒരാളുടെ രക്ത പരിശോധനാഫലം ഇന്ന് ലഭിക്കും.

ചൈനയില്‍ നിന്നെത്തിയ നാല് വിദ്യാര്‍ത്ഥികള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് ബാധിച്ച് തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിനിക്കൊപ്പം ചൈനയില്‍ നിന്ന് വിമാനത്തില്‍ നാട്ടിലെത്തിയ, ആലപ്പുഴ ജില്ലക്കാരായ നാല് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരിലൊരാളുടെ രക്ഷാകര്‍ത്താക്കളെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് എല്ലാവരെയും ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. തൃശൂരിലെ വിദ്യാര്‍ത്ഥിനിയുടെ സഹപാഠികളാണ് നാലുപേരും. ചേര്‍ത്തല താലൂക്കിലെ വിദ്യാര്‍ത്ഥിയും രക്ഷാകര്‍ത്താക്കളുമാണ് ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. തൊട്ടു പിന്നാലെ മറ്റൊരു വിദ്യാര്‍ത്ഥിയും എത്തി. രക്ഷാകര്‍ത്താക്കള്‍ക്ക് രോഗലക്ഷണം അത്ര പ്രകടമല്ലാത്തതിനാലാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 10 കിടക്കകള്‍ ഉണ്ടെങ്കിലും എല്ലാ സജ്ജീകരണവും ഉള്ളത് നാല് കിടക്കകളാണ്. കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാത്ഥിക്കൊപ്പം 20 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വിമാന മാര്‍ഗം എത്തിയിട്ടുണ്ട്. ഈ സംഘത്തില്‍പ്പെട്ടവരെയാണ് ഇന്നലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ രാത്രിയോടെ മറ്റ് രണ്ട് വിദ്യാര്‍ത്ഥികളും ചികിത്സ തേടുമെന്ന് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. അവരും ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ ചികിത്സ തേടാന്‍ സാദ്ധ്യതയുള്ളതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിശ്രമകേന്ദ്രത്തിന് അടുത്തുള്ള പഴയ ആര്‍.എം.ഒ ഓഫീസിന് സമീപം പ്രത്യേക വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രികളില്‍ കഴിയുന്നവരില്‍ നിന്ന് രക്ത സാമ്ബിളുകള്‍ ശേഖരിച്ച് പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചാലക്കുടി എംഎൽഎ ബി.ഡി. ദേവസ്സി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നു