റോം: ലോകരാജ്യങ്ങളില്‍ കൊറോണ ഏറ്റവും നാശം വിതയ്ക്കുന്ന ഇറ്റലിയില്‍ രണ്ടു ദിവസമായി കുറഞ്ഞു നിന്ന മരണനിരക്ക് വീണ്ടും ഉയരുന്നു. ഇന്നലെ ഒറ്റദിവസം മരണമടഞ്ഞത് 743 പേര്‍. ഇതോടെ രാജ്യത്ത് മൊത്തം മരിച്ചവരുടെ എണ്ണം 6,820 ആയി. കഴിഞ്ഞ ശനിയാഴ്ച 739 പേര്‍ മരണമടഞ്ഞ ശേഷം ഒറ്റദിവസം ഇത്രയും മരണം ആദ്യമാണ്. അതേസമയം ഇറ്റലിയ്ക്ക് ശേഷം അമേരിക്കയ്ക്കാണ് ആരോഗ്യ വിദഗ്ദ്ധര്‍ അടുത്ത മുന്നറിയിപ്പ് നല്‍കുന്നത്. കോവിഡിന്റെ കാര്യത്തില്‍ ഇറ്റലിയുടെ പാതയിലൂടെ അമേരിക്കയും നീങ്ങുന്നതെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഇറ്റലിയില്‍ കഴിഞ്ഞ രണ്ടു ദിവസം മരണനിരക്കില്‍ കുറവ് വന്നിരുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക ആശ്വാസം ആയിരുന്നു. ശനിയാഴ്ച മരണനിരിക്ക് 700 കടന്ന ശേഷം ഞായറാഴ്ച 651 ലേക്കും തിങ്കളാഴ്ച 601 ലേക്കും കുറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും ഭീതി സമ്മാനിച്ച് മരണ നിരക്ക് വീണ്ടും 700 ന് മുകളിലേക്ക് ഉയരുകയായിരുന്നു. ഇറ്റലിയില്‍ രോഗബാധിതര്‍ 69,176 ആണ്. അതേസമയം കണക്കുകള്‍ ഇതിന് മുകളില്‍ വരുമെന്നാണ് സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി പറയുന്നത്. രോഗ ലക്ഷണങ്ങളുമായി എത്തുന്നവരെ മാത്രമാണ് ഇറ്റലിയില്‍ ഇപ്പോള്‍ പരിശോധന നടത്തുന്നത്. എന്നാല്‍ വൈറസ് ബാധിച്ചവരുടെ എണ്ണം ഇതിന്റെ പതിന്മടങ്ങ് വരുമെന്നും പറയുന്നു.

പത്തിലൊന്ന് പേര്‍ക്ക് വീതം രോഗം സ്ഥിരീകരിക്കുകയാണെന്നും മൊത്തം ഏഴ് ലക്ഷം പേരെങ്കിലും ഇറ്റലിയില്‍ വൈറസ്ബാധയുള്ളവര്‍ ആണെന്ന് ഇറ്റാലിയന്‍ ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. അത്യാവശ്യ സാധനങ്ങളുടെത് ഒഴിച്ചുള്ള എല്ലാ ബിസിനസുകളും ഇറ്റലിയില്‍ നിര്‍ത്തി വെച്ച സ്ഥിതിയിലാണ്. ആള്‍ക്കാര്‍ ഇപ്പോഴും ലോക്ക് ഡൗണ്‍ ഭേദിക്കുന്ന സാഹചര്യത്തില്‍ വീടുകള്‍ വിട്ടു പുറത്തിറങ്ങുന്നവര്‍ക്കുള്ള പിഴ 3000 യൂറോയാക്കി ഇറ്റലി ഉയര്‍ത്തി. നേരത്തേ 206 യൂറോയായിരുന്നു പിഴ. നിലവിലെ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 3 വരെയാണ്. രാജ്യത്ത് രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ഇത് നീട്ടിയേക്കുമെന്നും വിവരമുണ്ട്. ചിലപ്പോള്‍ ജൂലൈ 31 വരെ നീട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് ഇറ്റാലിയ പ്രധാനമന്ത്രി കോണ്ടേ നിഷേധിച്ചു.

ചൈനയും ഇറ്റലിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള സ്ഥലം അമേരിക്കയാണ്. ഇതിനകം 54,808 പേര്‍ക്ക് രോഗം ബാധിച്ച അമേരിക്കയില്‍ 775 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 163 പേരാണ് ചൊവ്വാഴ്ച ഒറ്റദിവസം മരണത്തിന് കീഴടങ്ങിയത്. ഇതോടെ അമേരിക്കയില്‍ ജനങ്ങളോട് വീടിനുള്ളില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം കൂടി. ലോകത്തുടനീളമായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണത്തില്‍ 30 ശതമാനം അമേരിക്കക്കാരായിരുന്നെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

യുഎസില്‍ രോഗം പെട്ടെന്ന് പടരുന്ന സ്ഥിതിയുണ്ടെന്നാണ് രോഗത്തിന്റെ പുതിയ എപ്പിസെന്ററായി അമേരിക്ക മാറുമോ എന്ന ചോദ്യത്തിന് ലോകാരോഗ്യ സംഘടന നല്‍കിയ മറുപടി. തിങ്കളാഴ്ച മാത്രം 11,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 17 സംസ്ഥാനങ്ങളാണ് കൊറോണയില്‍ വീട്ടിലിരിക്കാന്‍ ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് 190 ദശലക്ഷം പേരെയാണ് ബാധിച്ചിരിക്കുന്നത്. അതേസമയം ഈസ്റ്റര്‍ ദിനം തൊട്ടടുത്തതിനാല്‍ സാമ്പത്തീക രംഗ വീണ്ടും തുറക്കേണ്ട ആവശ്യകതയുള്ളതിനാല്‍ സാമൂഹ്യാകലം എന്ന നയത്തിന് ചെറിയ ഇടവേള നല്‍കേണ്ടി വരുമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരിക്കുന്നത്.

റസ്റ്റോറന്റുകളും ബാറുകളും ഉള്‍പ്പെടെ ആള്‍ക്കാര്‍ കൂട്ടം കൂടുന്നത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തു പേരില്‍ കൂടിയ ജനക്കൂട്ടം വേണ്ടെന്നാണ് നിര്‍ദേശം. അതിനിടയില്‍ 30,000 വേണ്ടിടത്ത് ന്യൂയോര്‍ക്കിലേക്ക് 400 വെന്റിലേറ്ററുകള്‍ അയയ്ക്കാനുള്ള തീരുമാനത്തില്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ ട്രംപിനെ വിമര്‍ശിച്ചിരുന്നു. കാലിഫോര്‍ണിയ, കണക്ടികട്ട്, ഡേല്‍വെര്‍, ഹവായ്, ഇല്ലിനോയ്സ്, ഇന്ത്യാന, ലൂസിയാന, മസ്സാച്യൂവറ്റ്സ്, മിഷിഗണ്‍, നവേഡ, ന്യൂ ജഴ്സി, ന്യൂയോര്‍ക്ക്, ഒഹിയോ, ഒറീഗോണ്‍, പെന്‍സില്‍വാനിയ, വാഷിംഗ് ടണ്‍ വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളിലാണ് ജനങ്ങളോട് വീടിനുള്ളില്‍ ഇരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ലോകത്താകമാനം 422,613 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപ്പെട്ടത്. ഇതില്‍ 18,891 പേര്‍ മരിച്ചു.108,879 പേരാണ് രോഗമുക്തി നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പൗരാവകാശം തുലാസിൽ

എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരി…