കൊച്ചി: നഗരത്തില്‍ ഒരാളും ലോക്ക് ഡൗണ്‍ക്കാലത്ത് വിശന്നിരിക്കരുത.് വിശപ്പിന് ലോകത്ത് ലോക്ക് ഡൗണ്‍ ഇല്ലന്ന തിരിച്ചറിവില്‍ വിശപ്പ് മാറ്റാനുള്ള വാശിയിലാണ് എറണാകുളം കരയോഗം. കഴിയുന്നത്ര വിഭവങ്ങള്‍ സമാഹരിച്ചു അര്‍ഹരായവരുടെ വിശപ്പകറ്റാന്‍ ഉള്ള തത്രപ്പാടിലാണ് കരയോഗം പ്രവര്‍ത്തകര്‍. എറണാകുളത്തപ്പന്‍ ഗ്രൗണ്ടിനു മുന്നില്‍ ടിഡിഎം ഹാള്‍ തലയുയര്‍ത്തി നില്‍ക്കുന്നിടത്തോളം കാലം ഈ ദുരന്തക്കാലത്ത് ഇത് തങ്ങളുടെ ബാധ്യതയായാണ് കരയോഗം പ്രവര്‍ത്തകര്‍ കാണുന്നതും ഏറ്റെടുത്തതും.
വേണുവേട്ടന്‍ എന്ന് വിളിക്കുന്ന കരയോഗം സെക്രട്ടറി പി രാമചന്ദ്രന്‍ ആണ് എല്ലായിടത്തും ഓടിനടന്ന് കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രസിഡണ്ട് കെപികെ മേനോനും ട്രഷറര്‍ കെപി മോഹനനുമെല്ലാം അടങ്ങിയ എല്ലാ കരയോഗ പ്രവര്‍ത്തകരും വലിപ്പച്ചെറുപ്പമില്ലാതെ ഒത്തൊരുമയോടെയാണ് ദുരന്തക്കാലത്തെ കൈത്താങ്ങ് സഹായത്തിനായി മുണ്ടുമുറുക്കിയിറങ്ങിയിരിക്കുന്നത്.
‘സര്‍ക്കാര്‍ നിര്‍ദേശിച്ച മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ചുവേണം ഭക്ഷണം ഒരുക്കാനും വിതരണം ചെയ്യാനും. വിശപ്പ് മാറ്റി കൊടുത്താല്‍ മാത്രം പോരല്ലോ, കൊറോണയെ പിടിച്ചുകെട്ടാന്‍ വേണ്ട മുന്‍കരുതലുകളും ചെയ്യണമല്ലോ’. -കരയോഗത്തിന്റെ യുവരക്തങ്ങളില്‍ ഒരാള്‍കൂടിയായ മുത്തു എന്ന സിജി രാജഗോപാലിന്റെ വാക്കുകളില്‍ നിന്നും തിരിച്ചറിയാം പ്രവര്‍ത്തകരുടെ ജാഗ്രതയുടെ ആഴം. ‘ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം എന്ന പദ്ധതിയാണിത്.
എല്ലാ സുമനസ്സുകളും ഒത്തുചേര്‍ന്നാല്‍ ഞങ്ങള്‍ക്ക് ഒത്തിരി പേരുടെ വയറു നിറക്കാന്‍ പറ്റും. ചിലരൊക്കെ തനിക്ക് ‘ഇത്ര പേരെ’ ഊട്ടണം എന്ന് പറഞ്ഞു വിളിക്കുന്നുണ്ട്. ചിലര്‍ അരി, ചിലര്‍ പച്ചക്കറി, ചിലര്‍ മറ്റു അവശ്യവസ്തുക്കള്‍ എന്താണ് വേണ്ടത് എന്നു ചോദിച്ചും വിളിക്കുന്നുണ്ട്, ചിലര്‍ അഭിനന്ദിച്ചും വിളിക്കും. ഇവരുടെയെല്ലാം സന്‍മനസ്സിനെ കിറുകൃത്യമായി വിശക്കുന്നവന്റെ വിശപ്പകറ്റാന്‍ പ്രയോജനപ്പെടുത്തുമ്പോള്‍ ഉള്ള വളണ്ടിയര്‍മാരുടെയും സഹായിച്ചവരുടെയും നിര്‍വൃതിയാണ് ഈ വിഷമഘട്ടത്തിലെ കണ്‍കുളിര്‍ക്കെയുള്ള ഒരു കാഴ്ച’. ഇത് പറയുമ്പോള്‍ വേണുവേട്ടന്‍ എന്ന പി രാമചന്ദ്രന്റെ കണ്ണുകളില്‍ തിളക്കമേറുന്നു. ‘ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം’ എന്ന പേരില്‍ നന്മ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് കരയോഗത്തിന്റെ കോവിഡ് ക്കാലത്തെ പ്രവര്‍ത്തനങ്ങള്‍. വിശക്കുന്നവന് കൈത്താങ്ങായി മാറിയ കരയോഗത്തിന് കൊടുക്കാം ഹൃദയംകൊണ്ടൊരു ബിഗ് സല്യൂട്ട്. ഒപ്പം സുമനസ്സുകള്‍ക്ക് സഹായിക്കുകയും ആവാം. പി രാമചന്ദ്രന്‍ ഫോണ്‍: 9447053940..

Leave a Reply

Your email address will not be published. Required fields are marked *

Check Also

Test rest

Test rest …