സ്ത്രീത്വം ലജ്ജിക്കുന്നു

വെറും സാധുവായ കുമാര്‍ എന്ന മനുഷ്യനെ, ഇതു വായിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും. ഇന്ന് അദ്ദേഹം സ്വന്തം തൊഴില്‍ നോക്കി അമ്മയേയും അച്ഛനേയും പരിപാലിച്ച് സന്തോഷമായി ജീവിക്കുന്നു. വിവാഹമോചനം നേടിയിട്ട് പത്തു വര്‍ഷമാകുന്നു സ്വന്തം ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീയെ ക്ഷണിക്കാന്‍ അയാള്‍ക്ക് ഭയമാണ്. വിവാഹ ജീവിതത്തിലൂടെ അനുഭവിച്ച യാതനകളും വേദനകളും ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടമല്ല ആള്‍ക്ക്.
വിവാഹം, സ്വന്തത്തിലുള്ള ഒരു പെണ്ണിനെ കൊണ്ടു തന്നെയാകട്ടെയെന്നത്് അമ്മയുടെ നിര്‍ബന്ധമായിരുന്നു. വളരെ ആഡ്യത്തമുള്ള ഇരുകുടുംബങ്ങള്‍ തമ്മിലുള്ള ആ ഒത്തുചേരല്‍, ഇത്രയും വലിയ ദുരന്തത്തില്‍ അവസാനിക്കുമെന്ന് ആരും കരുതിയിട്ടില്ല. ഡിഗ്രി കഴിഞ്ഞ് സാമാന്യം നല്ലൊരു ജോലിയില്‍ പ്രവേശിച്ചിരുന്ന സമയത്താണ് ലൈലയെ വിവാഹം കഴിച്ചത്. ഇരുവരും തമ്മിലുള്ള കാഴ്ചയിലും കുമാറിനാണ് കൂടുതല്‍ ഭംഗി. ലൈല കുറച്ച് ഇരുണ്ടതും. അതിന്റെ പേരിലായി പ്രശ്‌നങ്ങളുടെ തുടക്കം. സ്വന്തം ശരീരം സൂക്ഷിക്കാന്‍പോലും കുമാറിന് സ്വാതന്ത്ര്യം ഇല്ലാതായി. ലൈലയുടെ അച്ഛന്‍ സര്‍ക്കാരിന്റെ നല്ലൊരു പദവിയില്‍നിന്നും വിരമിച്ചു. അഞ്ചംഗകുടുംബം. അവര്‍ക്കാര്‍ക്കും ഇവളെ വരുതിയിലാക്കാന്‍ കഴിയാതെ വിഷമത്തിലിരിക്കെയാണ്, കുമാര്‍ അവളുടെ ഭര്‍ത്താവായെത്തിയത്. സ്വന്തം അച്ഛനോടുള്ള കലിപ്പ് തീര്‍ക്കാന്‍ അന്നേവരെ പഠിച്ച സര്‍ട്ടിഫിക്കറ്റുകള്‍ തീയിട്ട സ്ത്രീയെന്നു പറയുമ്പോള്‍ അവളുടെ സംസ്‌കാരത്തിന്റെ അളവുകോല്‍ ഊഹിക്കാമല്ലോ!
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം അവളുടെ വീട്ടിലേക്ക് വിരുന്നുപോയി. അവള്‍ക്ക് ആദ്യമായി ഭര്‍ത്താവുമായി ബന്ധപ്പെടാന്‍ ഒരു മാസക്കാലം വേണ്ടിവന്നു. ‘എനിക്ക് ആരുടെയും അടിമയാകാന്‍ പറ്റില്ല. ഒരു വീടും സ്ഥലവും എഴുതികിട്ടിയിട്ട്, മാത്രമേ ആ വീട്ടിലേക്ക് മടങ്ങൂ’ എന്നും വാശിപിടിച്ചു. പാവം ആ അച്ഛന്‍ ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ കിട്ടിയ പണം കൊണ്ട്, ലക്ഷങ്ങള്‍ മുടക്കി മകള്‍ക്കും ഭര്‍ത്താവിനും താമസിക്കാന്‍ സൗകര്യമൊരുക്കി. അങ്ങനെ കുമാറും ലൈലയും പുതിയ വീട്ടില്‍ ഒരുമിച്ച് താമസമായി.
രാത്രിയാകുമ്പോഴേക്കും മനഃപൂര്‍വ്വം അസ്വസ്ഥകള്‍ പ്രകടിപ്പിച്ച് ലൈല, അവളുടെ ശരീരത്തില്‍ തൊടാന്‍ അനുവദിക്കാതായി. ‘എനിക്ക് ഈ പീഡനമൊന്നും സഹിക്കാന്‍ പറ്റില്ല. ഞാന്‍ സമ്മതിക്കില്ല. അഥവാ വേണമെങ്കില്‍ മാസത്തില്‍ ഒരു പ്രാവശ്യം. അതൊഴിച്ച് താങ്കള്‍ എന്നെ സുഖിപ്പിച്ചോളൂ.അപ്പോള്‍ താങ്കളും സുഖിച്ചോളൂ.’ ഇതാണ് നിബന്ധന. പുറത്തു പറയാന്‍ കഴിയാത്ത ഭാര്യയുടെ ആജ്ഞയനുസരിച്ച് മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ഏതാണ്ട് മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു മോന്‍ ജനിച്ചു. അതിനെയും വെണ്ടെന്നു വെയ്ക്കാന്‍ പല വിധത്തിലും അവള്‍ ശ്രമിച്ചു. എന്നാലും എല്ലാത്യാഗവും സഹിച്ചിട്ടാകിലും അങ്ങനെ ആ മനുഷ്യന് അച്ഛനാകാനുള്ള ഭാഗ്യമുണ്ടായി. കൂട്ടി ജനിച്ചതോടെ ജോലി ഉപേക്ഷിക്കണമെന്നായി. നിവൃത്തിയില്ലാതെ അങ്ങനെയും അനുസരിക്കേണ്ടി വന്നു അയാള്‍ക്ക്. പാചകവും, ഡ്രൈവിംഗും, ശിശുപാലനവും എല്ലാമായി ഒരുവിധം സന്തോഷം സ്വയം കണ്ടെത്തി. നേരത്തെ വിഷമങ്ങള്‍ പറയാന്‍ ഓഫീസിലെ ഹരി എന്ന സുഹൃത്തെങ്കിലും ഉണ്ടായിരുന്നു. ഇപ്പോള്‍ അതും നിലച്ചു. കുഞ്ഞിന് പാല് കൊടുക്കാന്‍ അവള്‍ക്ക് ഇഷ്ടമല്ല. ”ഇതിനെയെല്ലാം സ്വന്തം രക്തമൂറ്റികൊടുത്തു വളര്‍ത്തിയിട്ടൊന്നും കാര്യമില്ല.” വീടിന് പുറത്തിറങ്ങുന്നത് ഇരുവരും വല്ലപ്പോഴും. വായനയും പ്രാര്‍ത്ഥനയും മാത്രമായി, അവള്‍ കൊച്ചമ്മ ചമഞ്ഞ് ചെടികളെയും വളര്‍ത്തുപക്ഷികളെയും തലോലിച്ച് കഴിഞ്ഞു. ഭക്ഷണത്തിന്റെ ലിസ്റ്റ് ഭര്‍ത്താവിനെ രാവിലെ ഏല്‍പ്പിക്കാന്‍ മറക്കാറില്ല. അയാളെ നല്ലൊരു വേലക്കാരനായി മാറ്റിക്കഴിഞ്ഞിരുന്നു. ചെലവിന് അവളുടെ അച്ഛന്റെ പെന്‍ഷന്‍ തുകയും. അങ്ങനെ ജീവിതം ജോറാക്കി.
മകന്റെ ദുര്യോഗം ഓര്‍ത്ത് രക്ഷിതാക്കള്‍ സങ്കടത്തിലായി. ഒരു കുഞ്ഞു വേണമെന്ന മോഹം അവന്റേതായിരുന്നുവല്ലോ! ”ഞാന്‍ പ്രസവിച്ചു തന്നിട്ടുണ്ട്, വേണമെങ്കില്‍ വളര്‍ത്തിക്കോളൂ. എനിക്ക് ശരീരനാശം വരുത്തി, മുലകൊടുക്കാനും മറ്റും പറ്റില്ല.” ഭര്‍ത്താവെന്ന സാധുവിനോട് പ്രശ്‌നങ്ങളായി. തീരെ സഹിക്കാതെ വന്നപ്പോള്‍, ഒരു ദിവസം കുഞ്ഞിനേയും എടുത്ത് അയാള്‍ സ്വന്തം വീട്ടിലേക്ക് രക്ഷപ്പെട്ടു. എന്നാലതിലും അയാള്‍ രക്ഷപ്പെട്ടില്ല. പോലീസിന്റെ സഹായത്താല്‍ കുഞ്ഞിനെയും അദ്ദേഹത്തേയും വീണ്ടും അവളുടെ വരിതിയിലാക്കി. നല്ല ആരോഗ്യമുള്ള മകന് ഏതാണ്ട് മൂന്നുവര്‍ഷം കഴിഞ്ഞപ്പോഴേക്കും സാരമായ എന്തോ അസുഖം പിടിപെട്ടു. പലതരം ചികിത്സകള്‍ ചെയ്തുവെങ്കിലും ഫലം കണ്ടില്ല. ശരീരത്തിലെ നെര്‍വുകളുടെ ശക്തി ക്ഷയിച്ചു, കുഞ്ഞ് കിടപ്പിലായി. കുമാറിന്റെ കുടുംബസ്വത്തുക്കള്‍ ഒന്നൊന്നായി വിറ്റ് കുഞ്ഞിന്റെ ചികിത്സ തുടര്‍ന്നു. ഇതിനിടയില്‍ അവളുടെ ആക്രോശം, പീഡനം എല്ലാം തുടരുന്നുണ്ട്. ‘നിങ്ങള്‍ അറിയാതെ ഗര്‍ഭത്തിലിരിക്കെ എന്തോ മരുന്ന് ഭാര്യ ഉപയോഗിച്ചിട്ടുണ്ടാകാം’ എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഓര്‍ക്കുമ്പോള്‍ ശരിയാണ്. അതിനേയും കളയാന്‍ അവള്‍ ആവതും ശ്രമിച്ചിരുന്നു.
എല്ലാം വിധിയെന്നു സമാധാനിച്ച് കുഞ്ഞിനു വേണ്ടിയുള്ള കഷ്ടപ്പാടുകള്‍ കുമാര്‍, ഒറ്റക്ക് സഹിച്ചു. മകന് ഇതിനിടയില്‍ ഭാരവും ഏറി വന്നു. അതിനെ കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും മറ്റെല്ലാ ശുശ്രൂഷകളും കൂടി ആയപ്പോഴേക്കും തളര്‍ന്നു തുടങ്ങി. എന്നാലും സ്വയം പഴിച്ചും സഹിച്ചും മുന്നോട്ടുപോയി. ഏതോ ഒരു അശുഭരാത്രിയില്‍ അവള്‍ മുറിയില്‍ കയറിക്കൂടി, ശാരീരികബന്ധത്തിന് ഒരുങ്ങി. അവള്‍ക്ക് ആവിശ്യമുള്ളപ്പോള്‍ മാത്രം!. അങ്ങനെ ഇടയ്ക്കിടെ തുടര്‍ന്നതിന്റെ ഫലമായി അവള്‍ വീണ്ടും ഗര്‍ഭിണിയായി. ഒട്ടും സാവകാശം കൊടുത്തില്ല. അവളുടെ കൂട്ടുകാരിയുടെ ഭര്‍ത്താവിനെയും കൂട്ടി പോയി അതിനെ കുരുതികൊടുത്തു; ഗര്‍ഭപാത്രവും നീക്കി മിടുക്കിയായി ഒരാഴ്ചകഴിഞ്ഞു തിരിച്ചുവന്നു. എന്താണ് നടന്നതെന്ന് മാസങ്ങള്‍ക്ക് ശേഷമാണ് കുമാര്‍ അറിയുന്നത്.
സുഖമില്ലാത്ത കുഞ്ഞിനെ ഉപേക്ഷിക്കാനാകാത്തതിനാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ അടഞ്ഞു. വിദേശത്തുവരെ കൊണ്ടുപോയി ചികിത്സിച്ചു. സ്വന്തമായുണ്ടായത് മുഴുവനും വിറ്റുതീര്‍ന്നപ്പോള്‍ അവളുടെ കുറച്ച് സ്വര്‍ണ്ണം വിറ്റാണ് അവസാന ചികിത്സകള്‍ നടത്തിയത്. ‘ഈ രോഗം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം, വന്നാല്‍ രക്ഷപ്പെടുക സാദ്ധ്യമല്ല…. ഏറിയാല്‍ രണ്ടോ, മൂന്നോ വര്‍ഷം മാത്രം ജീവിക്കും.’ ഡോക്ടര്‍മാര്‍ വിധിയെഴുതി. ശരീരം നന്നേ പുഷ്ടിപ്പെട്ടു. എന്നാല്‍ എഴുന്നേറ്റു നടക്കാന്‍ ആവില്ല. കുഞ്ഞിന്റെ ഭാരം അമിതമായി കൂടിയതു കാരണം വീല്‍ച്ചെയറിലാക്കി അതിന്റെ സഞ്ചാരം. അതോടെ പാവം കുമാര്‍ രോഗിയായി. ഹെരണ്യ പിടിപെട്ട്, ഓപ്പറേഷനും മറ്റുമായി അവതാളത്തിലായി. എവിടെ ചികിത്സയ്ക്കു കൊണ്ടുപോയിരുന്നാലും അവളും കൂട്ടത്തിലുണ്ടാകും. പോകുന്നിടത്തൊക്കെ നേഴ്‌സുമാരുണ്ടാകുമല്ലോ. കുഞ്ഞിനെ നോക്കാനല്ല, ഭര്‍ത്താവിന്റെ രഹസ്യബന്ധങ്ങള്‍ കണ്ടുപിടിക്കാന്‍.
പിന്നേയും ചികിത്സിച്ചെങ്കിലും രോഗം ഭേദമാകില്ലെന്നുറപ്പിച്ച് അവളുടെ വീട്ടിലേക്ക് മടങ്ങി. രോഗാവസ്ഥയിലും കുഞ്ഞ് നല്ലവണ്ണം സംസാരിക്കും. അച്ഛന്‍ മകന്റെ ആഗ്രഹപ്രകാരം എഴുത്തും വായനയും പഠിപ്പിച്ചു. ഇതിനിടയ്ക്ക് നന്നായി പാട്ടുപാടുമെന്ന് മനസ്സിലാക്കി ഒരു സംഗീതാദ്ധ്യാപകനെ കൂട്ടുപിടിച്ച് ആ ആഗ്രഹവും സാധിച്ചുകൊടുത്തു. സ്വന്തം അച്ഛനേയും അമ്മയേയും കാണാന്‍ കൊതിക്കുമ്പോള്‍ അറിയിച്ചിട്ട് അവരെ വീട്ടിലേക്ക് വരുത്തിയാണ് കാണുന്നത് കുമാര്‍. മകന്റെ തടങ്കല്‍വാസവും കഷ്ടപ്പാടുകളും അറിഞ്ഞും കണ്ടും അവര്‍ വേദനിക്കയല്ലാതെ നിവൃത്തിയില്ലല്ലോ. അവര്‍ വീട്ടില്‍ വരുന്നതും ലൈലയ്ക്ക്് ഇഷ്ടമല്ല.
സുഖമില്ലാത്ത മകന്റെ ആഹാരകാര്യത്തില്‍ അച്ഛന്റെ ശ്രദ്ധ വളരെയേറെയായിരുന്നു. പരിപ്പും പപ്പടവും നെയ്യുമാണ് കുഞ്ഞിന്റെ ഇഷ്ടവിഭവം. വീട്ടില്‍ തന്നെയായതിനാല്‍ എല്ലാം സാധിച്ചു കൊടുത്തു. അച്ഛനുമായി മാത്രമുള്ള സമ്പര്‍ക്കം ആയതിനാല്‍ കൂടുതല്‍ ലോകകാര്യങ്ങള്‍ അറിയാതെ കുഞ്ഞ് രോഗാവസ്ഥയില്‍. എന്നിട്ടും ഫിസിയോതെറാപ്പി തുടര്‍ന്നു. പതിവില്ലാതെ കുഞ്ഞ് ഒരുദിവസം അച്ഛനോട് ആവശ്യപ്പെട്ടു.”ഇന്നു രാത്രി അമ്മയും അച്ഛനും ഉറങ്ങുമ്പോള്‍ എന്റെ കൂടെയുണ്ടാകണം.” ആ സ്ത്രീ ദിവസങ്ങളോളം കുഞ്ഞിനെ കാണാന്‍പോലും കൂട്ടാക്കാറില്ല. അമ്മയെന്ന് പറഞ്ഞു പഠിപ്പിച്ച് ഇടയ്ക്കിടെ ഉച്ചത്തില്‍ അമ്മയെ വിളിക്കാന്‍ മകനോട് ആവശ്യപ്പെട്ടിരുന്നു. നന്നേ ചെറുപ്പത്തില്‍ അങ്ങനെയെങ്കിലും കല്ലായിത്തീര്‍ന്ന ആ ഹൃദയം ഒന്നനങ്ങട്ടെയെന്ന് നിനച്ചിരിക്കാം, ആഗ്രഹിച്ചിരിക്കാം അദ്ദേഹം. ഒരിക്കല്‍ പോലും അമ്മയുടെ കുറ്റം മകനോട് പറഞ്ഞിട്ടില്ല. അന്നു രാത്രി മൂന്നാളും ഒരേ മുറിയില്‍ രണ്ടു കട്ടിലിലായി കിടന്നു. മകന്‍ പതിവുപോലെ അച്ഛനെ കെട്ടിപ്പിടിച്ചു കിടന്നുകൊണ്ടï് പറഞ്ഞു: ”ഞാന്‍ മരിച്ചു പോകും അല്ലേ? അപ്പോള്‍ അച്ഛന്‍ അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും അടുത്തേക്ക് പോകണം. അതാണ് മോന്റെ ആഗ്രഹം. അതവന്റെ പ്രവചനമായിരുന്നു. രണ്ട് അപ്പൂപ്പന്മാരും അമ്മൂമ്മമാരും നല്ലവരാണ്. അച്ഛന്‍ അവരില്‍ ആരുടെയെങ്കിലും കൂടെ പോകണം.’ ഇതിനിടയ്ക്ക് തരം കിട്ടിയപ്പോഴൊക്കെ മകന്റെ ചെവിയില്‍ ദുഷ്ടയായ അമ്മ വിഷം കുത്തിനിറയ്ക്കാന്‍ മറന്നില്ല. ”മോന്‍ മരിക്കുമ്പോള്‍ അമ്മയും മരിക്കും. അപ്പോള്‍ അച്ഛന്‍ വേറെ വിവാഹം കഴിക്കും നമുക്ക് ഒന്നിച്ച് ആത്മാക്കളായി അച്ഛന്റെ സൂത്രങ്ങള്‍ കണ്ടുപിടിക്കണം.” മകന്‍ അച്ഛനോട് അതെല്ലാം പറഞ്ഞു കേള്‍പ്പിക്കും. അതൊന്നും അദ്ദേഹം സാരമാക്കിയില്ല. ആത്മാവായി അച്ഛനെ കാണാന്‍ വരാനാകമോ എന്ന മോന്റെ ചോദ്യം വല്ലാത്ത നീറ്റലായി അയാള്‍ക്ക് അനുഭവപ്പെട്ടു.
നേരം വെളുക്കാന്‍ പിന്നേയും ബാക്കിയുള്ളപ്പോള്‍ മകന്‍ അച്ഛനെ ഇറുക്കിപ്പിടിച്ചു ഉമ്മ കൊടുത്തു. പതിവുപോലെ എഴുന്നേല്‍ക്കുമ്പോള്‍ അവള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റുപോയിരുന്നു. മകന്‍ ഉറങ്ങുന്നതു കണ്ടാണ് അച്ഛന്‍ എഴുന്നേറ്റത്. പക്ഷേ…… അതൊരു നീണ്ടയാത്രയിലേയ്ക്കുള്ള നിദ്രയായിരുന്നുവെന്നറിഞ്ഞപ്പോഴേക്കും പൊട്ടിപ്പൊട്ടിക്കരഞ്ഞു. ഞെക്കിപ്പിടിച്ചുമ്മ കൊടുക്കുന്നത് ഓര്‍ത്താണ് നിലവിളിച്ചത്. അത് ജീവന്‍ വെടിയുന്ന സമയമായിരിക്കണം.
”കുഞ്ഞു…. പോയി….” അദ്ദേഹം മുകളിലത്തെ നിലയില്‍ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു. വാവിട്ടു കരയുന്ന ഭര്‍ത്താവിനെ നോക്കി അവള്‍ നിശ്ചലയായി. അല്പം കഴഞ്ഞു വന്നിട്ട് ”അറിയിക്കേണ്ടവരെയെല്ലാം ഫോണിലൂടെ അറിയിക്കൂ. എന്റെ കുടുംബത്തില്‍ വേണം സംസ്‌ക്കരിക്കേണ്ടത്”എന്നുപറഞ്ഞു അവള്‍.പരിരക്ഷയുടെ ഭാഗമായി പതിനാലു വയസ്സുവരെ ആ കുഞ്ഞു ജീവിച്ചു. എത്ര നല്ലൊരു അമ്മയെയാണ് നമ്മള്‍ കാണുന്നത്. കാര്യങ്ങള്‍ അതേ പടിയൊക്കെ നടന്നു.
കുഞ്ഞ് മരിച്ചുകഴിഞ്ഞപ്പോഴെങ്കിലും അവളുടെ പ്രവൃത്തികളിലും സ്വഭാവത്തിലും മാറ്റം വരുമെന്നു കരുതിയെങ്കില്‍ തെറ്റി. അവള്‍ പഴയ പടിയിലും അല്പം കൂടി ക്രൂരയാകുകയായിരുന്നു. ഏതാണ്ട് അഞ്ചാറുമാസം കഴിഞ്ഞിരിക്കാം. അവളുടെ കുടുംബസ്വത്ത് വീതം വെയ്ക്കുന്നു. അതിലൊന്നും ആ മനുഷ്യന്‍ ഇടപെട്ടില്ല. വെറും ഡ്രൈവറെപ്പോലെ കൂടെപോകും. സംഗതികള്‍ അടിപിടിയില്‍ കലാശിച്ചു. അവള്‍ക്ക് കുഞ്ഞിനെ അടക്കിയ കുടുംബം കിട്ടിയില്ല. രാത്രി മുഴുവന്‍ കുത്തിപ്പിടിച്ച് ആ ശവം മാന്തിയെടുത്തു കാറില്‍ കയറ്റി. ഒന്നുമില്ല. ഒരുപിടി അസ്ഥിമാത്രം. താമസിക്കുന്ന പൂജാമുറിയില്‍ കൊണ്ടുവെച്ച് പ്രാര്‍ത്ഥന. ഇവള്‍ക്ക് ഭ്രാന്താണെന്നു അതറിഞ്ഞനാട്ടുകാരും വീട്ടുകാരും ഒരേ സ്വരത്തില്‍ പറഞ്ഞു. പോലീസില്‍ അറിയിക്കുമെന്നായപ്പോള്‍ അതെല്ലാം കൊണ്ടുപോയി കടലില്‍ ഒഴുക്കി അവള്‍.ഭര്‍ത്താവ് കുമാര്‍ വെറും മൂകസാക്ഷി.
ഭ്രാന്ത് മൂത്തപ്പോള്‍ മകന്റെ അസ്ഥികള്‍ വീട്ടിലാക്കിയ ദിവസം ഏറെ ഇരുട്ടിയപ്പോള്‍ കുമാര്‍ ആ വീട്ടില്‍ നിന്നും ഒളിച്ചോടി. യാതൊന്നും കൈയ്യിലില്ല. രാത്രി ട്രയിന്‍ കയറി കേരളത്തിന്റെ വടക്കേയറ്റത്തുള്ള, പഴയ സുഹൃത്ത് ഹരിയുടെ വീട്ടിലെത്തി. അവന്റെ ഉപദേശപ്രകാരം പിന്നെ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തു. മൂന്നുമാസക്കാലം അവെള ഭയന്ന് ഒളിവില്‍ താമസിച്ചു. ഇതിനിടയ്ക്കു അവള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആ പാവം വൃദ്ധദമ്പതികളെ തെറി പറഞ്ഞു. ”നിങ്ങള്‍ എന്റെ ഭര്‍ത്താവിനെ ഒളിപ്പിച്ചിരിക്കയാണ്.” അവരുടെ ബന്ധുവീടുകളിലും പാഞ്ഞു നടന്നു. ആയിടയ്ക്കാണ് വിവാഹമോചനത്തിനുള്ള കോടതിയുടെ രേഖകള്‍ കൈപ്പറ്റുന്നത്. പക്ഷേ, രക്ഷയില്ലാതെ അവള്‍ക്ക് അടിയറവ് പറയേണ്ടിവന്നു. കോടതിയില്‍വച്ച് ജഡ്ജി ചോദിച്ചു ”നിങ്ങള്‍ക്ക് ചെലവിന് കിട്ടണമെന്നു പറയുമ്പോള്‍ അയാള്‍ക്ക് ജോലിയൊന്നുമില്ലല്ലോ?”, മറുപടി ”പഴയ ജോലിക്ക് പോകാമല്ലോ….. പക്ഷേ ചിലവിനു വേണ്ട. എന്നാലും രണ്ടായിരം രൂപ വേണം.” ”എന്തിന്..?” എന്ന കോടതിയുടെ ചോദ്യം”അത് അമ്പലങ്ങളില്‍ വഴിപാടുകള്‍ കഴിക്കാന്‍.” ”മറ്റുള്ളവരുടെ പണം കൊണ്ട് വഴിപാടുകള്‍ ചെയ്താല്‍ അവര്‍ക്കല്ലേ ഗുണം ചെയ്യൂ, അത് വേണ്ട. സ്വന്തം പണമെടുത്തുപയോഗിക്കണം.’ ‘എന്നാലും എന്റെ കുറെ സ്വര്‍ണ്ണം എടുത്തിട്ടുണ്ട്. അതു കിട്ടണം.’ ‘എത്ര കിട്ടണം?’ ‘രണ്ടുലക്ഷം.’ എതിര്‍ഭാഗം സമ്മതിച്ചു. മകന്റെ ചികിത്സാച്ചെലവിലേക്കെടുത്ത ആ സ്വര്‍ണ്ണം വിറ്റ തുക അദ്ദേഹത്തിന്റെ വീട്ടുകാര്‍ കണ്ടെത്തിക്കൊടുത്ത് ആ മനുഷ്യനെ അങ്ങനെ ആ ബന്ധത്തില്‍ നിന്നും രക്ഷപ്പെടുത്തി. അവള്‍ ഇപ്പോള്‍ തനിച്ച് ജീവിക്കുന്നു. തുടക്കം ഭര്‍ത്താവ് നശിച്ചുപോകാനുള്ള പൂജകള്‍, പിന്നെ കുരുക്കാനുള്ളത്, തനിയെ തിരികെ വരാനുള്ള പൂജകള്‍ക്കായാണെന്നും പറഞ്ഞാണ് ക്ഷേത്രശാന്തിയെ സമീപിച്ചത്. സൂത്രത്തില്‍ ഇവള്‍ക്ക് ഭ്രാന്താണെന്നു തോന്നിയ ശാന്തി, പൂജക്കെന്ന ഭാവേന ഇവളുടെ ആഭരണങ്ങള്‍ എല്ലാം അപഹരിച്ചു. ആ മനുഷ്യന് ഒന്നും സംഭവിച്ചില്ലന്നുതന്നെയുമല്ല, നല്ല നിലയിലേക്ക് ഉയരുന്നത് കണ്ടതിന്റെ അസൂയയേറി. വീണ്ടും ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനെ തിരികെ കിട്ടാന്‍ പ്രാര്‍ത്ഥന, പൂജകളുമായി അവള്‍ ജീവിതം തുടരുന്നു.. എന്താണ് ഈ സ്ത്രീയുടെ പ്രശ്‌നം?

Leave a Reply

Your email address will not be published. Required fields are marked *

Check Also

Rasakan Sensasi Berbeda Strategi Ampuh & Peluang Besar Menangkan di game sweet bonanza, Nikmati Keun

Rasakan Sensasi Berbeda: Strategi Ampuh & Peluang Besar Menangkan di game sweet bonanz…