ഇരുളും വെളിച്ചവും

ഭാര്യമാരെ ഭയക്കുന്ന ഭര്‍ത്താക്കന്മാര്‍

സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ രാധാമണി പരമേശ്വരന്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്. നിരവധി കവിതാസമാഹാരങ്ങളും നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അംഗമാണ്. ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ പുരസ്‌കാരം ഉള്‍പ്പെടെ ധാരാളം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

ചില സ്ത്രീകള്‍ ചിരിച്ചുകൊണ്ട് കഴുത്തറുക്കും. കൂടെ നടന്നുകൊണ്ട് തട്ടിവീഴ്ത്തും. അവര്‍ നല്ലവരാണെന്ന് എല്ലാ അര്‍ത്ഥത്തിലും മറ്റുള്ളവരെ ബോധ്യപ്പെടുത്തും. സ്വന്തം പരാജയങ്ങള്‍ തിരിച്ചറിമ്പോഴേക്കും കാലം വൈകിപ്പോകും.അവസാനം അവര്‍ ചെന്നടിയുന്നത് നിലയില്ലാക്കയങ്ങളിലാകും.
ലില്ലി പത്താംതരത്തില്‍ പഠിക്കുമ്പോഴാണ് ബാബുവമായി പ്രണയത്തിലാകുന്നത്. അവര്‍ തമ്മില്‍ വേണ്ടവിധം അറിഞ്ഞിട്ടുതന്നെയാണ് വിവാഹിതരായത്. വലിയ ആര്‍ഭാടങ്ങളില്ലാതെ യുള്ള ചടങ്ങായിരുന്നു അത്. ബി.ഫാം പാസ്സായ ബാബു സ്വന്തമായൊരു ജോലി തരപ്പെടു ത്താനായി മെഡിക്കല്‍ കോളേജിന്റെ സമീപത്ത് ഒരു മെഡിക്കല്‍ഷോപ്പ് ആരംഭിച്ചു. മൂന്നാലുവര്‍ഷത്തെ പ്രണയം കുന്നോളം വളര്‍ന്നെങ്കിലും പ്രായപൂര്‍ത്തിയാകുന്നതുവരെ ലില്ലി കാത്തിരുന്നു. വീട്ടുകാരുടെ ചെറിയ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടായിരുന്നു. രണ്ടു കുടുംബവും തുല്യശക്തികളായിരുന്നതിനാലും ഒരേ ജാതിയില്‍പ്പെട്ടവരായിരുന്നതിനാലും കൂടുതല്‍ കലഹങ്ങള്‍ വേണ്ടിവന്നിരുന്നില്ല. ബാബുവിന്, തന്റെ ചേട്ടനോടൊപ്പം വിദേശത്ത് പോകണമെന്നത് വിദ്യാര്‍ത്ഥിയായിരുന്ന കാലത്തേയുള്ള മോഹമായിരുന്നു. താനും കൂടി പോയിക്കഴിഞ്ഞാല്‍ തന്റെ മമ്മി വീട്ടില്‍ ഒറ്റയ്ക്കാകുമെന്നതിനാലാണ് അയാള്‍ ആ മോഹം ഉപേക്ഷിച്ചത്. പപ്പ മരിച്ച് രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു ബാബുവിന്റെ വിവാഹം.
ലില്ലി ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു. നന്നായി പാടാന്‍ കഴിവുള്ളവള്‍. പക്ഷേ പഠനകാര്യത്തില്‍ അല്പം പിന്നോക്കം തന്നെ. ആകാശത്തോളം ജീവിതസങ്കല്പങ്ങള്‍ ചമച്ച് എപ്പോഴും ഒരു സ്വപ്നലോകത്തില്‍ വിഹരിക്കാന്‍ ഏറെ സമയം കണ്ടെത്തിയിരുന്നു. എപ്പോഴും ഒരുപാട് സംശയങ്ങള്‍ അവള്‍ക്കുണ്ടാകും. ചിലതെല്ലാം മരമണ്ടന്‍ ചോദ്യങ്ങളാകും. മറുപടി തമാശയിലൊതുക്കി ഇരുവരും സംതൃപ്തരാകും. ഏറ്റവും കൂടുതല്‍ സംശയം രതിയെക്കുറിച്ചുതന്നെ. തന്റെ മനസ്സില്‍പ്പോലും ജനിക്കാത്ത ചില ചിന്തകള്‍ അവളുടെ നാവിലൂടെ കേള്‍ക്കുമ്പോള്‍ ബാബു, നിയന്ത്രിക്കാന്‍ കഴിയാതെയായിട്ടുണ്ട്. ഒരു പതിനെട്ടുകാരിയുടെ കുസൃതിയായി ട്ടാണെങ്കിലും ചിലപ്പോഴൊക്കെ അയാള്‍ പൊട്ടിത്തെറിക്കാതെയുമിരുന്നില്ല. ”നീ ഓഷോയുടെ ശിഷ്യയാകേണ്ടിയിരുന്നു. ഭാഗ്യം, അയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അല്ലെങ്കില്‍ നിന്നെ അവിടേക്ക് ഞാന്‍ പറഞ്ഞുവിടുമായിരുന്നു. നിനക്ക് നാളെ ഞാന്‍ വാത്സ്യായനന്റെ കാമസൂത്രം കൊണ്ടുത്തരാം. നിന്റെ ഈ മാതിരി സംശയങ്ങള്‍ അതിലൂടെ തീര്‍ക്കാം.”
അവളെ ശകാരിച്ചത് തന്റെ തെറ്റല്ലേ? എന്നോടല്ലേ അവള്‍ക്ക് ചോദിക്കാനാകൂ. ഈ മാതിരി ചോദ്യങ്ങള്‍ നാട്ടിന്‍പുറത്ത് ജനിച്ചുവളര്‍ന്ന ഒരു പെണ്ണിന് ഉണ്ടാകേണ്ടതല്ലേ? ഇവളുടെ കൂട്ടുകാരികള്‍……, അതോ മറ്റുവല്ല പയ്യന്‍മാരുമായി വല്ല ഇടപെടലുമുണ്ടായിട്ടുണ്ടാകുമോ? ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ എല്ലാം പഠിപ്പിച്ചുകൊടുക്കുമല്ലോ…..ഇങ്ങനെയൊക്ക ബാബു ചിന്തിച്ചുപോയി.
”’മോളെ, നിനക്ക് അല്പം കൂടി പഠിച്ചുകൂടേ, നമ്മുടെ ഷോപ്പില്‍ വന്നു സഹായിക്കാമല്ലോ? നീ എപ്പോഴും ‘ഇന്നത്തെരാത്രി’ എങ്ങനെ വേണമെന്ന് മാത്രം ചിന്തിച്ചിരുന്നിട്ട് കാര്യമുണ്ടോ?” ഇത് കേട്ടിട്ടാകണം, ലില്ലി പൊട്ടിച്ചിരിച്ചു. എന്നെക്കൊണ്ട് അതിനൊന്നും കൊള്ളില്ല. ഞാന്‍ നന്നായി പാചകം പഠിച്ചു, എ ക്ലാസ്സില്‍ പാസ്സാകാം. കടയില്‍ നിന്നു വരുമ്പോള്‍ നല്ല അത്താഴം ഉണ്ടാക്കി വിളമ്പിത്തരാം. പിന്നെ മമ്മി പറഞ്ഞാണ് വിട്ടത്, ഇപ്പോഴെ കുഞ്ഞുങ്ങളൊന്നും വേണ്ടന്ന്…. അതിനെയൊക്കെ വളര്‍ത്താനുള്ള പക്വത എനിക്ക് വന്നിട്ടില്ലാന്ന്.”
”ഒട്ടും ശരിയല്ലത്. നിന്റെ മമ്മിക്കറിയില്ലല്ലോ, നീ സെക്‌സിന്റെ കോച്ചിങ്ങ് എടുത്തു കൊണ്ടിരിക്കയാണന്നത്.” അതിനെല്ലാം അവള്‍ കൊഞ്ചിയുള്ള ചില വാക്കുകളായിരുന്നു മറുപടിയായിത്തന്നിരുന്നത്. ഒരു ദിവസം ഞാന്‍ പറഞ്ഞു: ”കടയില്‍ തിരക്കാവുമ്പോള്‍ ഒരു ആളിനെ നിയമിച്ചേ പറ്റൂ. ഏതെങ്കിലും ഡിപ്ലോമ കഴിഞ്ഞ തുടക്കക്കാരിയായിരുന്നാല്‍ ചെറിയ ശമ്പളം കൊടുത്താല്‍ മതിയാകും. നാളെമുതല്‍ പുതിയ ഒരു പെണ്‍കുട്ടി വരും. നമ്മുടെ വരിക്കോലിലെ വര്‍ഗ്ഗീസ്ച്ചായന്റെ മകള്‍ ഷീബ. അവള്‍ നേരത്തെ പഠിച്ചിറങ്ങിയതാണ്. ആറുമാസത്തെ പ്രാക്ടീസ് വേണം, ശമ്പളം കാര്യമായിട്ടൊന്നും കൊടുക്കണ്ടെന്നും പറഞ്ഞു. ആ കുട്ടി ലാബ്രട്ടറികോഴ്‌സും പാരാമെഡിക്കലും വശമാക്കിയിട്ടുണ്ടെന്നും പറഞ്ഞു. രണ്ടുവര്‍ഷത്തെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കേറ്റാണ് വേണ്ടതും. ഞാന്‍ സമ്മതിച്ചിട്ടുണ്ട.് നിനക്ക്, വീട്ടുകാര്യങ്ങളില്‍ മമ്മിയെ സഹായിച്ചശേഷം എന്റെ കൂടെ വെറുതേ വന്നുകൂടേ?”
അവള്‍ രാത്രിമുഴുവന്‍ ചിന്തിക്കയായിരുന്നു. ഒന്നും അറിയാത്ത താന്‍ ഭര്‍ത്താവിന് കാവലിരിക്കണോ? എത്ര സീരിയലുകള്‍, മാസിക-വാരികകള്‍ എല്ലാം എങ്ങനെ വായിക്കും. ഉച്ചയുറക്കവും പോകും. ശീലിച്ചുപോയതല്ലേ? പക്ഷേ പോകാതിരുന്നാല്‍ വേറെ വല്ലതും… പ്രത്യേകിച്ചും താനറിയുന്ന ഷീബ അവിവാഹിതയും. കൂടുതല്‍ ചിന്തിച്ച് തല പുണ്ണാക്കിയില്ല. രാവിലെ അവളും ബാബുവിനോടൊപ്പം പോകാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരാഴ്ച തികച്ചില്ല. എല്ലാം മതിയാക്കി ലില്ലി വീട്ടിലൊതുങ്ങി. അവള്‍ക്ക് മെച്ചുരിറ്റിയില്ലെന്നു തോന്നിയ തനിക്കാണ് തെറ്റുപറ്റിയതെന്നുപോലും ബാബുവിന് തോന്നാന്‍ തുടങ്ങി.
”വിശേഷം ഒന്നും ആയില്ലേ?” നാട്ടുകാരുടെയും വീട്ടുകാരടെയും സംശയങ്ങളുടെ കുത്തൊഴുക്ക്. അവരോട് പറയാനാകുമോ? ആസൂത്രണവും മറ്റും ആണെന്നത്. സംഗതിയുടെ ഗൗരവം മാറി. അവളുടെ അമ്മയുടെ ഇഷ്ടപ്രകാരം മാസങ്ങളോളം ഉപയോഗിച്ച മരുന്നിന്റെ പാര്‍ശ്വഫലമാണോ? കുഞ്ഞുങ്ങള്‍ വേണമെന്നായപ്പോള്‍ നിരാശയായി. പിന്നെ അതിന്റെ പിന്നാലെ ചികിത്സകള്‍. ഒന്നും ഫലം കണ്ടില്ല. വിവാഹം കഴിഞ്ഞിട്ട് ആറുവര്‍ഷമായി. തല്‍ക്കാലം ആ ചിന്തകളില്‍ നിന്നുമാറി. ഒരു യന്ത്രമനുഷ്യനെപ്പോലെ ബാബു കടയില്‍ വരും. ഏതാണ്ട് രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴേക്കും ഷീബ ഖത്തറിനുപോയി. പിന്നേയും കടയില്‍ തനിച്ചിരുപ്പായപ്പോള്‍ ഉറങ്ങിക്കിടന്നിരുന്ന വിദേശയാത്രയും വ്യാപാരവും മനസ്സില്‍ തിരികെയെത്തി. ഇടയ്ക്കിടെ ഷീബയുടെ അന്വേഷണം ഉണ്ടെങ്കിലും അതൊന്നും തനിക്ക് സുഖമുള്ളതായിരുന്നില്ല. ആ കുട്ടിയോട് ഒരു സഹോദരിയോടുള്ളതിലും കൂടുതല്‍ അടുപ്പം ഒന്നും തോന്നിയിട്ടില്ല. നല്ല വിവേകമുള്ള പെണ്‍കുട്ടിയെന്ന മതിപ്പ്, അവളെങ്കിലും കൂടെയുണ്ടായിരുന്നെങ്കിലെന്നും ചിന്തിച്ചു.
മെഡിക്കല്‍ഷോപ്പ് മൊത്തത്തില്‍ കൈമാറി നാട്ടില്‍നിന്നും പോകാനുള്ള ആശ ബാബുവില്‍ വര്‍ദ്ധിച്ചു. ലില്ലിക്ക് സ്‌നേഹത്തിനൊട്ടും കുറവില്ല. എന്നാലും എന്തെക്കെയോ കൂടുതലുണ്ട്. പൊതുവേ സ്ത്രീകള്‍ക്ക് കുറവുള്ള ഒരു കാര്യത്തില്‍ അവള്‍ക്ക് അല്പം കൂടുതല്‍ ആവേശം. അത് ഒരുപക്ഷേ, കുട്ടികള്‍ ആകാത്ത നിരാശയില്‍നിന്നും ഉണര്‍ന്നതായിരിക്കാം. ഭക്ഷണം പോലെയാണവള്‍ക്ക് രതിക്രീഡ. ഞാന്‍ അതില്‍ അല്പം കുറവ് വരുത്തിയാല്‍ അവള്‍, ഷീബയുടെ പേരുപറഞ്ഞ് കുത്തുവാക്കുകളുണ്ടാക്കും. ചുറ്റുപാടുകള്‍ വെച്ചു ആലോചിച്ചാല്‍ അതില്‍ തെറ്റില്ല. എന്നാല്‍ ഒരിക്കലും അതിരുവിട്ടൊരു സംഭാഷണംപോലും ഷീബയുമായി ഉണ്ടായിട്ടില്ല. എങ്കിലും അടുത്തകാലത്തായി മൊത്തത്തില്‍ ഒരു ഉന്മേഷക്കുറവ്. ഞങ്ങള്‍ക്കിടയില്‍ കുട്ടികള്‍ ഇല്ലെന്നതൊഴിച്ച് മറ്റൊരു പ്രശ്‌നങ്ങളും ഇല്ലല്ലോ? എന്നാലും വിദേശയാത്രക്കുള്ള മോഹം കൂടിക്കൂടിവന്നു.
അഞ്ചാറുമാസത്തെ പരിശ്രമഫലമായാണ് മരുന്നുകളുള്‍പ്പെടെ മെഡിക്കല്‍ഷോപ്പ് പണം മുഴുവനും കിട്ടാതെ ഒരു കൂട്ടുകാരനു കൈമാറാന്‍ കഴിഞ്ഞത്. വിസ കാലാവധി തീരും മുന്‍പ് ഷാര്‍ജയിലെത്താനാണ് ചേട്ടായി അറിയിച്ചിരിക്കുന്നത്. ലില്ലിക്ക് വല്ലാത്ത ഇഷ്ടക്കേടായിരുന്നു പോകുന്നതില്‍.”അടുത്ത വരവില്‍ ഞാന്‍ നിന്നേയും കൊണ്ടുപോകും.”അല്ലെങ്കിലും പെട്ടെന്നു വരാനുള്ള സൗകര്യം തരപ്പെടുത്താമെന്ന ഉറപ്പില്‍ അവള്‍ സമ്മതിച്ചു. പപ്പ മരിക്കും മുന്‍പ് കുടുംബം തനിക്ക് തന്നിട്ട്, അതേ പറമ്പില്‍ തന്നെ ചേട്ടനും വീടു വെച്ചിരുന്നതിനാല്‍ ശരിക്കും വീടുകള്‍ തമ്മിലും വീട്ടുകാര്‍ തമ്മിലും അകലം കുറവായിരുന്നു. പുതിയ രാജ്യവും സ്ഥലവും എല്ലാമായി പൊരുത്തപ്പെടാന്‍ തുടക്കത്തില്‍ പ്രയാസമുണ്ടായില്ല. കാരണം സ്വമേധയാ ഇഷ്ടപ്പെട്ടതാണല്ലോ!. ചേട്ടന്റെ സ്‌പോണ്‍സര്‍ തന്നെയായിരുന്നു എന്റേതും. കുറച്ചുംകൂടി ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കയായിരുന്നു.
അങ്ങനെ തുടരുന്നതിനിടയില്‍ ലില്ലിയുടെ മിസ്സ്‌കോളുകള്‍ കുറഞ്ഞു. എന്നോടൊപ്പം വരണമെന്ന് വാശിപിടിച്ച അവള്‍ക്ക് മോഹം കുറയാന്‍ തുടങ്ങി. പ്രകടമായ മാറ്റങ്ങള്‍, ഇങ്ങോട്ടു പോന്നിട്ട് ആറുമാസം തികയുന്നതെയുള്ളൂ. രണ്ടു വര്‍ഷത്തിലൊരിക്കലേ നാട്ടിലേക്ക് പോകാന്‍ സാധിക്കയുള്ളൂ എന്ന തിരിച്ചറിവില്‍ ലില്ലിയെ ഇങ്ങോട്ടു കൊണ്ടുവരാനുള്ള തന്റെ ഉത്സാഹം അസ്ഥാനത്തായി. അവള്‍ക്ക് വരാന്‍ താല്പര്യമില്ലെന്ന് അറിയിച്ചു. അച്ചായന്‍ എപ്പോഴെങ്കിലും സൗകര്യംപോലെ വന്നാല്‍ മതിയെന്നായി. ഇക്കരെനിന്നുകൊണ്ട് അക്കരയിലുണ്ടായ അവളുടെ മനോചാഞ്ചല്യം എന്തെന്നറിയാന്‍ കഴിയാതെ, താന്‍ തുടങ്ങിവെച്ച ഈ പ്രസ്ഥാനമെങ്കിലും നന്നാക്കാന്‍ ബാബു ശ്രമിച്ചു. അമ്മയെ വിളിച്ചു ചോദിച്ചപ്പോള്‍ സംഗതികളുടെ പോക്ക് തീരെ സുഖകരമല്ല. ”നിനക്ക് അവിടെ വേറെ പെണ്ണുണ്ട്, നിന്റെ ഷോപ്പില്‍ നിന്നിരുന്ന ഷീബയുടെ അടുത്തേക്കാണ് നീ പോയതെന്നൊക്കെയാണ് അവള്‍ പറഞ്ഞു നടക്കുന്നത്. നീ പോയതില്‍ പിന്നെ പലതവണ അവള്‍ ഇവിടെനിന്നും പോയി. അവളുടെ വീട്ടിലേക്കായിരിക്കാം പോയത്. അതിനിടക്ക് തയ്യല്‍ പഠിക്കാനും പോകുന്നുണ്ടായിരുന്നു. നീ വിളിച്ചിട്ട് അവളോട് ചോദിക്കണം. അമ്മയെ ഒറ്റയ്ക്കിട്ട് എവിടെ പോയെന്ന്? അമ്മ ഒറ്റയ്‌ക്കൊന്നും അല്ല. മോളിയും പിള്ളേരും കിടക്കാറാകുമ്പോള്‍ ഇങ്ങോട്ടുവരും. ചിലപ്പോഴൊക്കെ അമ്മ അങ്ങോട്ടു പോകും. മോന്‍ ഒട്ടും വിഷമിക്കരുത്. അവളുടെ ഇപ്പോഴത്തെ പോക്ക് ശരിയല്ല……” അമ്മയുടെ നിര്‍ത്താതെയുള്ള സംഭാഷണത്തില്‍ എന്തൊക്കെയോ ദുരൂഹത.
ലില്ലിയെ പലവട്ടം വിളിച്ചു. ഫോണ്‍ എടുത്തില്ല. അവളിലുണ്ടായ മാറ്റം എന്തെന്നറിയാതെ ബാബു അവളുടെ പപ്പയെ വിളിച്ചപ്പോള്‍ ഞരങ്ങിയും മൂളിയും ഒന്നിനും വ്യക്തമായൊരുത്തരം തന്നില്ല. എന്തൊക്കെയോ സാരമായ കാര്യങ്ങള്‍ ഉണ്ടെന്നു ബോദ്ധ്യപ്പെട്ടു. ഞാന്‍ ഉള്ളപ്പോള്‍ പോലും എന്നെകൊണ്ടവള്‍ തൃപ്തയല്ലായിരുന്നു, ലൈംഗിക ഇടപെടലുകളില്‍. അപ്പോള്‍പ്പിന്നെ ഞാന്‍ ഇല്ലാതായപ്പോള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയറങ്ങിയതാകുമോ? അതോ, അമ്മയുമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടായതാകുമോ? എന്തായാലും ഫോണില്‍ പറയാമല്ലോ, പോരുമ്പോള്‍ പണത്തിനു ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്താണ് നാട്ടില്‍നിന്നും തിരിച്ചതും.
ആരോടും പറയാതെ ഒരാഴ്ചത്തെ അവധിയില്‍ നാട്ടിലേക്ക് തിരിച്ച ബാബു ലില്ലിയുടെ വീട്ടിലെത്തി. അയാള്‍ക്കറിയന്‍ കഴിഞ്ഞത് ഞെട്ടിക്കുന്ന സത്യങ്ങളാണ്. അവള്‍ അവളുടെ വീട്ടിലും ഇല്ല. എവിടെയെന്നത് അവര്‍ക്കാര്‍ക്കും അറിയില്ല. ”ലില്ലിക്ക് എന്തു സംഭവിച്ചു? പറയാതിരുന്നാല്‍ പോലീസ്‌സ്റ്റേഷന്‍, കോടതി ഇങ്ങനെ പലതും കയറേണ്ടിവരും. ഇന്നു ഞാന്‍ ഒറ്റയ്ക്കാണ് വന്നത്. നാളെ ഞാന്‍ തനിച്ചാകില്ല വരുന്നതും. അവളെ കൂട്ടിക്കൊണ്ടുപോകാനും കൂടിയാണ് ഞാന്‍ വന്നത.്” അടങ്ങാത്ത അമര്‍ഷത്തില്‍ ബാബു അവളുടെ വീട്ടുകാരോട് പറഞ്ഞു.
അവള്‍ പുറത്തുപോയി തുടങ്ങിയപ്പോള്‍ മുതല്‍ മാറ്റങ്ങളും തുടങ്ങിയെന്നാണ് അമ്മയുടെ ഭാഷ. അവള്‍ ആരോട് ചോദിച്ചിട്ടാണ് തയ്യല്‍ പഠിക്കാനെന്നപോലെ പോയത്. ഒന്നിനും ഉത്തരമില്ല. പിറ്റേന്നു പോലീസ്റ്റേഷനില്‍ പരാതികൊടുത്തു. പോലീസിനെയുംകൊണ്ട് അന്വേഷിച്ചു ചെല്ലുമ്പോള്‍ അവളെ എവിടെനിന്നോ തിരികെ വീട്ടില്‍ അവര്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ കൂടെ പോരാന്‍ ഒരുക്കമല്ലെന്നതാണ് ലില്ലിയുടെ നിലപാട്. കാര്യം എന്തെന്ന് ചോദ്യത്തിനു ഉത്തരവുമില്ല. അവളുടെ വീട്ടുകാരും മകളുടെ തീരുമാനത്തിന് പക്ഷം ചേര്‍ന്നു. ഒരിക്കല്‍പ്പോലും ചിന്തിച്ചിട്ടില്ലാത്ത, നടക്കാന്‍ സാദ്ധ്യതയില്ലാത്ത കുറെ മുടന്തന്‍ ന്യായങ്ങള്‍ കരുതിക്കൂട്ടി പറയുന്നു. ഞാന്‍ കടയില്‍ നിന്നിരുന്ന ഷീബയോടൊപ്പം പോയെന്നാണ് അവര്‍ പോലീസുകാരോട് പറഞ്ഞുണ്ടാക്കിയത്. ലില്ലി ഇക്കാര്യം തമാശപോലെ പലപ്പോഴും പറഞ്ഞിട്ടുമുണ്ട.് അവസരം വന്നപ്പോള്‍ തനിക്ക് നേരെയെറിഞ്ഞ് വിജയിക്കയാണെന്നു മനസ്സിലായി. പിറ്റേന്നു ഇരുവരും പോലീസ്റ്റേഷനില്‍ ഹാജരാകാന്‍ ഓര്‍ഡര്‍ ഇട്ടിട്ട് പോലീസ് അവരുടെ വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങുമ്പോള്‍ പുറത്ത് തടിച്ചുകൂടി നിന്നവരില്‍നിന്ന് എന്തൊക്കെയോ ചോദിച്ചറിഞ്ഞു.
മടങ്ങി പോരുമ്പോള്‍ എസ്.ഐ. റോയി പറഞ്ഞു: ”മോനെ നീ രക്ഷപെട്ടു. അവളെ നീ തിരിച്ചുപിടിക്കാന്‍ നില്‍ക്കേണ്ട. എല്ലാം നല്ലതിനാണെന്നു സമാധാനിക്കണം. ഒരു ഉപദ്രവം ഒഴിഞ്ഞെന്നു കരുതിയാല്‍ മതി. അവള്‍ക്ക് വെറെ പാപ്പാനായെന്നും ഇപ്പോള്‍ ഗര്‍ഭിണിയാണന്നും” അവിടെ കൂടി നിന്നതില്‍ ഒരു സ്ത്രീ ഞങ്ങളോട് പറഞ്ഞു.
നിശ്ശബ്ദമായി എല്ലാം കേട്ടിരുന്ന ബാബുവിന്റെ മുഖം ചുവന്നു. ”ഒരിക്കലുമില്ല. ആറേഴു വര്‍ഷം ഞങ്ങള്‍ പല ഹോസ്പിറ്റലുകളിലും കയറിയിറങ്ങി. പല ചികിത്സകളും നടത്തി. എന്തൊക്കെയോ ഗൂഢാലോചനയാണ് ഇതിന്റെയെല്ലാം പിന്നില്‍. നാളെ വരുമ്പോള്‍ അവള്‍ ഒറ്റക്ക് ആയിരിക്കില്ല. കൂടെ അവളുടെ അമ്മയുണ്ടാകും. ശരിക്കും ചോദ്യം ചെയ്തു സത്യാവസ്ഥ അറിയണം സാര്‍. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ എനിക്ക് മടങ്ങിപ്പോകേണ്ടതുണ്ട്. ലില്ലിയെ നഷ്ടപ്പെടു ന്നതോര്‍ക്കാന്‍ എനിക്ക് കഴിയില്ല. അവള്‍ക്ക് എന്താണ് സംഭവിച്ചത്.സര്‍, നാളെ അവള്‍ വരുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടാകുന്നതു ശരിയല്ല. അവള്‍ വഴിതെറ്റി പോയതാണെങ്കില്‍, ഗര്‍ഭിണിയാണെങ്കില്‍ ആ വഴി വിട്ടേക്കൂ. ഞാന്‍ ഇതേവരെ ഒരു നീതികേടും കാണിച്ചിട്ടില്ല. നാടുവിട്ടുപോയി, മൂന്നുമാസമായപ്പോഴേക്കും അവളെക്കൂടി അവിടെയെത്തിക്കന്‍ പാടുപെട്ടു. എവിടെയൊക്കയോ തെറ്റുപറ്റി. അവള്‍ സുഖമായി ജീവിക്കട്ടെ. പറഞ്ഞതെല്ലാം ശരിയാണെങ്കില്‍ അടുത്ത വരവില്‍ എന്റെ ബന്ധം വിടര്‍ത്തി ക്കൊടുക്കാം. കേട്ടതൊന്നും ശരിയാകാതിരിക്കട്ടെ, എന്നാണ് പ്രാര്‍ത്ഥന. തെറ്റുതിരുത്തി തിരിച്ചു വന്നാലും ഞാന്‍ സ്വീകരിക്കും. കാരണം ഞാന്‍ അവളെ മനസ്സുകൊണ്ട് സ്‌നേഹിക്കുന്നു. പക്ഷേ, മറ്റൊരാളിന്റെ കുട്ടിയുമായി വന്നാല്‍ എന്തുചെയ്യും. അവള്‍ ഗര്‍ഭിണിയാകില്ല, പരപുരുഷബന്ധം ഉണ്ടെങ്കില്‍ പള്ളി അറിഞ്ഞുതന്നെ വിവാഹമോചനം ഉണ്ടാകും.അഥവാ അങ്ങനെ ഇനി സംഭവിച്ചിട്ടുണ്ടെങ്കില്‍ അതെന്റെ നിയോഗമെന്നേ പറയുന്നുള്ളൂ.”സമനിലതെറ്റിയതുപോലെ ബാബുവിന്റെ ഉള്ളു പിടച്ചു.
സമൂഹത്തില്‍ അപൂര്‍വ്വം ചില സ്ത്രീകള്‍ താല്‍ക്കാലിക സുഖം തേടി പോകാറുണ്ട്. പുരുഷന്മാര്‍ക്ക് ഒരു പക്ഷേ തുടക്കത്തില്‍ വേദനാജനകമാണെങ്കിലും പിന്നിടത് അനുഗ്രഹമാകും. ചുറ്റുപാടുകളുടെ സൃഷ്ടിയാണ് മനുഷ്യര്‍. അതാണ് പ്രകൃതി നിയമം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Rasakan Sensasi Berbeda Strategi Ampuh & Peluang Besar Menangkan di game sweet bonanza, Nikmati Keun

Rasakan Sensasi Berbeda: Strategi Ampuh & Peluang Besar Menangkan di game sweet bonanz…