തിരുവനന്തപുരത്തെ ഹസ്സൻ മരയ്ക്കാർ ഹാളിൽ തിങ്ങി നിറഞ്ഞ സദസ്സിന് മുന്നിൽ വച്ച് സുഗതകുമാരി ടീച്ചർ വാരിപ്പുണർന്ന് കവിളിൽ ഉമ്മവച്ച ആ നിമിഷം അഥീനയ്ക്ക് ജീവിതത്തിലൊരിക്കലും മറക്കാനാവില്ല. ക്ലാസ്സിൽ സുഗതകുമാരി ടീച്ചറുടെ കവിതകൾ പഠിക്കുമ്പോൾ എന്നെങ്കിലുമൊരിക്കൽ ടീച്ചറെ കാണാനുള്ള ഭാഗ്യംപോലും ലഭിക്കുമെന്ന് പ്രതീക്ഷിക്കാത്ത അഥീനയോട് സുഗതകുമാരി ടീച്ചർ പറയുകയായിരുന്നു… ”എനിക്ക് കാണണം മോൾ അവതരിപ്പിച്ച എന്റെ കവിതയിലെ കഥാപാത്രങ്ങളെ…”” അക്ഷരങ്ങൾക്ക് കണ്ണീരിന്റെ നനവും രക്തത്തിന്റെ ചുവപ്പും പ്രണയത്തിന്റെ മധുരവും ജീവിതത്തിന്റെ മിടിപ്പുമുണ്ടെന്ന് മനസ്സിലാക്കിത്തന്ന മലയാളത്തിന്റെ അക്ഷരപുണ്യമാണ് അവളുടെ മൂർദ്ധവിൽ അനുഗ്രഹമായി പെയ്യുന്നത്. ടീച്ചറുടെ പെൺകുഞ്ഞ് 90, സാരേ ജഹാംസെ അച്ഛാ, അമ്മ, ദേവദാസി, ജെസ്സി, കാത്യ, രാത്രി മഴ എന്നീ കവിതകളുടെ പശ്ചാത്തലത്തിൽ പെൺമനസ്സുകളുടെ കടലിരമ്പങ്ങിലേക്ക് അനുവാചകരെ കൊണ്ടുപോകുന്ന ”പെൺകുഞ്ഞുങ്ങൾ ഇനി കരയില്ല”” എന്ന ദൃശ്യാവിഷ്കാരം അഥീന ഇതിനകം പത്തോളം വേദികളിൽ അവതരിപ്പിച്ചുകഴിഞ്ഞു. ഓരോ വേദികളിലും അമ്മമാർ ഈ ദൃശ്യാവിഷ്കാരം കണ്ട് തേങ്ങിക്കരഞ്ഞു. പുത്തൻ നാടകാവിഷ്കാരങ്ങളുടെ രീതികളായ ലൈറ്റിംഗ് ഇഫക്ടും മാസ്കും പ്രോപ്പർട്ടീസുമൊന്നും ഇല്ലാതെ പകൽ വെളിച്ചത്തിൽ പ്രേക്ഷകരിലേക്കിറങ്ങിച്ചെന്നുള്ള അവതരണരീതിയാണ് ഈ ദൃശ്യാവിഷ്കാരങ്ങളുടെ രചയിതാവും സംവിധായകനുമായ പി.സി. ഹരീഷ് സ്വീകരിച്ചിരുന്നത്. അരങ്ങും സദസ്സും വേർതിരിവില്ലാത്ത ”തിയേറ്റർ ഓഫ് ഇന്റിമസി ( ആത്മബന്ധത്തിന്റെ അരങ്ങ് ) എന്ന വേറിട്ട അവതരണശൈലി. ഇത്തരമൊരു വേദിയിൽ ഒന്നോ അതിലധികമോ കഥാപാത്രങ്ങളായി വന്ന് പകർന്നാടാൻ അനിതരസാധാരണമായ ഭാവാഭിനയ ശേഷി തന്ന വേണം. തൊട്ടടുത്തിരിക്കുന്ന ആളുകളെ അവരുടെ കൈ പിടിച്ച് അവരുടെ കണ്ണുകളിൽനോക്കി ചിലപ്പോഴൊക്കെ ആ മടിത്തട്ടിൽ വീണ് പൊട്ടിപ്പൊട്ടിക്കരഞ്ഞ്… അരങ്ങിലെ ഒരവതരണമല്ല മുന്നിൽ നടക്കുന്നതെന്നും വാസ്തവങ്ങളുടെ നേർക്കാഴ്ചയാണെന്നും പ്രേക്ഷകനെ തോന്നിപ്പിക്കുന്ന സൂക്ഷ്മാഭിനയത്തിന്റെ മാന്ത്രികത. ഏഴാം വയസ്സ് മുതൽ അഭ്യസിച്ചുതുടങ്ങിയ ശാസ്ത്രീയ നൃത്തമാണ് അഥീനയ്ക്ക് ഈ പകർന്നാട്ടം എളുപ്പമാക്കിയത്. കോഴിക്കോട് പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അഥീന കഴിഞ്ഞ രണ്ട് വ‌ർഷം സ്കൂളിലെ സംഘനൃത്തത്തിലെ അംഗമായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും നേടുകയും ചെയ്തു. ഭരതനാട്യവും കുച്ചിപ്പുടിയും കഴിഞ്ഞ് ഇപ്പോൾ കഥകളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഈ കലാകാരി. കലാമണ്ഡലം സരസ്വതി ടീച്ചറായിരുന്നു ആദ്യഗുരു. പിന്നീട് വിജില ബാലകൃഷ്ണന്റെ ശിഷ്യയായി. ഇപ്പോൾ വിനീത് മാസ്റ്ററിന്റെ കീഴിലാണ് നൃത്തപഠനം.

നൃത്തവേദിയിലെ ശൈലീകൃത അഭിനയം ദൃശ്യാവിഷ്കാരത്തിലെ യഥാതഥ അഭിനയമാക്കി മാറ്റുവാൻ അനായാസം അഥീനയ്ക്ക് കഴിയുന്നു. മുന്നിൽ നടക്കുന്നത് അഭിനയമല്ലെന്നും വാസ്തവത്തിന്റെ നേർക്കാഴ്ചയാണെന്നും പ്രേക്ഷകർ തെറ്റിദ്ധരിച്ചുപോകുന്നത് ഈ അഭിനയമിടുക്ക് കാരണമാണ്.
പെൺകുഞ്ഞുങ്ങളും അമ്മമാരും നിരന്തരം പീഡിപ്പിക്കപ്പെടുകയും വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോൾ, നീതിയും നിയമവും നോക്കുകുത്തികളായി മാറുമ്പോൾ 27 വർഷങ്ങൾക്കപ്പുറത്ത് ഒരർദ്ധരാത്രി മലയാളകവിതയുടെ തിരുമുറ്റത്ത് കരൾ പറിച്ചെടുത്ത് വയ്ക്കുംപോലെ ഉപേക്ഷിക്കപ്പെട്ട ആ പെൺകുഞ്ഞ്… പെൺകുഞ്ഞ് 90 എന്ന സുഗതകുമാരിടീച്ചറുടെ കവിതയിലെ ആ പെൺകുഞ്ഞിന്റെ അമ്മയായും 27 വർഷങ്ങൾക്ക് ശേഷമുള്ള ആ പെൺകുഞ്ഞായും അരങ്ങിലെത്തുമ്പോൾ സമകാലിക പീഡ‌നസംഭവങ്ങളിലെ പെൺകുട്ടികളായിപ്പോലും ഇടക്കിടെ അവൾ മാറുന്നുണ്ട്. പുതിയ കാലത്തിന്റെ പെൺകുട്ടികൾക്ക് മാതൃകകളായി ലോകത്തിലെ ആദ്യസ്ത്രീയായ ഹവ്വയേയും ദൈവമാതാവായ മേരിയേയും ഇതിഹാസത്തിലെ സീതയേയും ദ്രൗപതിയേയുമൊക്കെ അവൾ അഴിച്ചുപണിയുന്നു…. ദ്രൗപതിയായി രംഗത്തെത്തുന്ന അഥീന പറയുന്നു… ”ഈ തലമുടി… അന്ന് രാജസദസ്സിലേക്ക് ദുശ്ശാസനൻ പിടിച്ചുവലിച്ച ഈ തലമുടി… ഒരു ദുശ്ശാസനന്റെ, ഒരേയൊരു ദുശ്ശാസനന്റെ രക്തത്തിൽ മുക്കിയ കൈകൾകൊണ്ട് മാത്രം ഇവളിത് കെട്ടിവയ്ക്കില്ല. പുരാണങ്ങളും ഇതിഹാസങ്ങളും മഹാകാവ്യങ്ങളുമൊക്കെ അങ്ങനെ പറയുന്നുണ്ടാകും. പക്ഷേ, ഇവൾ ഈ ദ്രൗപതി ഈ അഴിച്ചിട്ട മുടിയുമായി എന്നും എക്കാലവും എല്ലാ പുരുഷാധികാരത്തിന്റെയും എല്ലാ അധർമ്മങ്ങളുടെയും എല്ലാ യുദ്ധങ്ങളുടെയും കുരുക്ഷേത്രഭൂമിയിൽ കാത്തിരിക്കും. അവസാനത്തെ ദുശ്ശാസനനും അവസാനിക്കും വരെ…”” അഥീനയുടെ കണ്ണിലെ കനൽച്ചീളുകളേറ്റ് പൊള്ളിയ ഹൃദയവുമായാണ് പ്രേക്ഷകർ മടങ്ങിപ്പോയത്.
സുഗതകുമാരിടീച്ചറുടെ കവിതാപാത്രങ്ങളെ അരങ്ങിൽ അവതരിപ്പിച്ചതിന് പിന്നാലെ പ്രശസ്ത നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്റെ ”ആയുസ്സിന്റെ പുസ്തക””ത്തിലെ സ്ത്രീ കഥാപാത്രങ്ങളായ സാറയേയും ആനിയേയും റാഹേലിനേയും മേരിയേയും അവതരിപ്പിച്ചുകൊണ്ട് അക്ഷരനഗരിയായ കോട്ടയത്തെ സാഹിത്യാസ്വാദകരെ അഥീന വിസ്മയിപ്പിച്ചു. സി.വി. ബാലകൃഷ്ണന്റെ എഴുത്തിന്റെ അമ്പത് വർഷങ്ങൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ആഘോഷിച്ചപ്പോഴാണ് പി.സി. ഹരീഷ് തന്നെ രചനയും സംവിധാനവും നിർവ്വഹിച്ച ”നിങ്ങളിൽ പാപം ചെയ്യാത്തവർ “” എന്ന ദൃശ്യാവിഷ്കാരത്തിൽ അഥീന ഈ നാല് സ്ത്രീകഥാപാത്രങ്ങളായി പകർന്നാടിയത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി മലയാളി വായനക്കാരുടെ ആത്മാവിനെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുന്ന കൃതിയാണല്ലോ ആയുസ്സിന്റെ പുസ്തകം. യോഹന്നാൻ എന്ന പിതിനാലുകാരനിലൂടെ സി.വി. ബാലകൃഷ്ണൻ ആവിഷ്കരിച്ച ”പാപസങ്കീർത്തനം “” ഇതിലെ നാല് സ്ത്രീ കഥാപാത്രങ്ങളുടെ മനസ്സിലൂടെ പുനരാഖ്യാനം ചെയ്യുകയായിരുന്നു പി.സി. ഹരീഷ് ഈ ദൃശ്യാവിഷ്കാരത്തിൽ. എഴുത്തുകാരനെയും വായനക്കാരേയും മുന്നിലിരുത്തി അവരോട് ഈ നാല് സ്ത്രീകഥാപാത്രങ്ങളും പുതിയ കാലത്തിന്റെ പുതിയ വെളിച്ചത്തിൽ പാപപുണ്യങ്ങളെക്കുറിച്ച് നിർവ്വചിക്കുകയായിരുന്നു. ദൈവത്തിന് നേരേയുള്ള പോരാട്ടത്തിൽ ശരീരം ഒരായുധമാക്കി മാറ്റിയ മേരിയായും പ്രണയസങ്കീർത്തനംകൊണ്ട് തിരുവസ്ത്രത്തെ രതിയുടെ കുന്തിരിക്കപ്പുകയാൽ സുഗന്ധപൂരിതമാക്കുന്ന ആനിയായും ഒറ്റപ്പെടലിന്റെ ഇരുളകങ്ങളിൽ വ്യാകുലപ്പെട്ടിരിക്കുന്നവർക്ക് സ്വന്തം ശരീരംകൊണ്ട് വെളിച്ചമേകുന്ന റാഹേലായും ശരീരം ഉടുപ്പിനേക്കാൾ ശ്രേഷ്ഠമാണെന്ന് തിരിച്ചറിഞ്ഞ് കുമ്പസാരക്കൂട്ടിൽ കയറി ഉടുപ്പുകളുടെ തടവറയിൽനിന്ന് തന്റെ ഉടലിനെ വേർപെടുത്തുന്ന സാറയായും അഥീന വിസ്മയകരമായ അഭിനയമുഹൂർത്തങ്ങളാണ് പങ്കുവച്ചത്. ദൃശ്യാവിഷ്കാരം കഴിഞ്ഞയുടനെ ആദ്യം അഥീനയെ അനുമോദിക്കാൻ അരങ്ങിലേക്ക് കയറിവന്നത് ഈ കഥാപാത്രങ്ങളുടെ സൃഷ്ടാവായ സി.വി. ബാലകൃഷ്ണൻ തന്നെയായിരുന്നു. പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ തോമസ് ജേക്കബ്ബായിരുന്നു അഥീനയ്ക്ക് അക്ഷരനഗരിയുടെ ഉപഹാരം സമ്മാനിച്ചത്.
പത്താം ക്ലാസ് വിദ്യാർത്ഥിനിയെന്ന നിലയ്ക്ക് പഠനത്തിരക്കുകളിലമരുമ്പോഴും മലയാള സാഹിത്യത്തിലെ മറ്റ് അവിസ്മരണീയ കഥാപാത്രങ്ങളെ അരങ്ങിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് അഥീന. കേരളകൗമുദി യൂണിറ്റ് ചീഫ് സന്തോഷ് വേങ്ങേരിയുടെയും ശാലിനിയുടെയും മകളാണ്. അനിയൻ അനന്തു.

……………………..

ക്യാപ്ഷൻ:
കോട്ടയം പബ്ളിക്ക് ലൈബ്രറിയിൽ ആയുസ്സിന്റെ പുസ്തകത്തിലെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ അഥീനയ്ക്ക് അക്ഷരനഗരിയുടെ ഉപഹാരം പ്രശസ്ത പത്രപ്രവർത്തകൻ തോമസ് ജേക്കബ് സമ്മാനിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *