കൊല്ലം: കരിമൂർഖനെക്കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊല ചെയ്ത സൂരജിന് പാമ്പിനെ നൽകിയ പാരിപ്പള്ളി കുളത്തൂർക്കോണം കെ.എസ് ഭവനിൽ ചാവറുകാവ് സുരേഷ് എന്നറിയപ്പെടുന്ന സുരേഷ് കുമാറിന്റെ വീട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. അനധികൃതമായി സൂക്ഷിച്ച ഒരു മൂർഖൻ പാമ്പിനെ കണ്ടെടുത്തു.

വൈൽഡ് ലൈഫ് ആക്ട് പ്രകാരം സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. കൂടാതെ ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ തല്ലിക്കൊന്ന സംഭവത്തിൽ സൂരജിന്റെയും സുരേഷിന്റെയും പേരിൽ മറ്റൊരു കേസു കൂടി എടുത്തു. ഏഴു വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കണ്ടെടുത്ത മൂർഖൻ പാമ്പിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് തുറന്നു വിട്ടു.

സുരേഷ് അടുത്തിടെയാണ് പാമ്പുപിടുത്തവുമായി രംഗത്ത് ഇറങ്ങിയത്. ബസ്സുകളും പശു, ആട് എന്നിവയുടെ ഫാമും ഇയാൾക്ക് സ്വന്തമായുണ്ട്. പ്രശസ്തിയും പണവും ആഗ്രഹിച്ചാണ് പാമ്പു പിടുത്ത രംഗത്തേക്ക് എത്തിയതെന്ന് ഇയാളുടെ അടുത്ത സുഹൃത്തുക്കൾ പറയുന്നു. എവിടെയെങ്കിലും പാമ്പിനെ കണ്ടു എന്നറിഞ്ഞാൽ ഉടൻ അവിടെ പാഞ്ഞെത്തും. പാമ്പിനെ പിടികൂടിയ ശേഷം ക്യാമറക്ക് മുന്നിൽ വലിയ പ്രകടനമാണ് കാഴ്ച വയ്ക്കുക.

പിടികൂടിയ ശേഷം ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്നൊക്കെ കാണികളെ നോക്കി തട്ടിവിടും. ഈ ദൃശ്യങ്ങളൊക്കെ ഇയാളുടെ തന്നെ യൂട്യൂബ് ചാനലിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ഏതാനം ദിവസങ്ങൾക്ക് മുൻപ് കൊല്ലം ഫോറസ്റ്റ് ഓഫീസിൽ എത്തി തന്നെയും പാമ്പിനെ പിടികൂടാൻ വിളിക്കണമെന്ന് ആവിശ്യപ്പെട്ടിരുന്നു. രാജ വെമ്പാലയെ പിടിക്കുക എന്നത് തന്റെ ഒരു ആഗ്രഹമാണെന്നും അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഇയാൾ പറഞ്ഞിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സുരേഷ് ആദ്യം അണലിയെ സൂരജിന് കൈമാറുന്നത്. സൂരജിന്റെ വീട്ടിൽ വച്ചായിരുന്നു ഇടപാട്. പിന്നീട് ഉഗ്ര വിഷമുള്ള കരിമൂർഖനെ ഏനാത്തിന് സമീപം റോഡിൽ വച്ചാണ് നൽകിയത്. കുപ്പിയിൽ അടച്ച മൂർഖനെ അടൂർ പറക്കോട്ടെ വീട്ടിലേക്ക് കൊണ്ടു പോകുകയും പിന്നീട് അഞ്ചലിലെ ഉത്രയുടെ വീട്ടിലെത്തിക്കുകയുമായിരുന്നു. രാത്രിയിൽ ഉത്ര ഉറങ്ങുന്നതു വരെ കാത്തിരുന്ന സൂരജ് പാമ്പിനെ ഉത്രയുടെ ശരീരത്തിലേക്ക് കുടഞ്ഞിട്ട് കടിപ്പിച്ചു. ഇങ്ങനെയാണ് ഉത്ര മരണപ്പെട്ടത്.

മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു ചാവറുകാവ് സുരേഷുമായുള്ള ബന്ധം കണ്ടെത്തുന്നത്. രണ്ട് മാസത്തിനിടെ മുപ്പതിലേറെ തവണയാണ് സൂരജ് സുരേഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നത്. സുരേഷിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ പാമ്പിനെ സൂരജ് വാങ്ങിയ കാര്യം പൊലീസിന് മുന്നിൽ തുറന്ന് പറഞ്ഞു. ഇതോടെ അതുവരെ പൊലീസിന് മുന്നിൽ പിടിച്ചു നിന്നിരുന്ന സൂരജിന് സത്യങ്ങളെല്ലാം തുറന്നുപറയേണ്ടിവന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പൗരാവകാശം തുലാസിൽ

എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരി…