ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളേ;
നാവികൻ നീ ഭവാബ്ധിക്കോ
രാവിവൻതോണി നിൻപദം.

ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം.

അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങൾക്കു തമ്പുരാൻ.

ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം.

നീയല്ലോ സൃഷ്ടിയും സൃഷ്ടാ
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി
യ്ക്കുള്ള സാമഗ്രിയായതും

നീയല്ലോ മായയും മായാ
വിയും മായാവിനോദനും
നീയല്ലോ മായയെനീക്കി
സ്സായൂജ്യം നൽകുമാര്യനും.

നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ
ല്ലോതും മൊഴിയുമോർക്കിൽ നീ.

അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിയ്ക്കുക.

ജയിയ്ക്കുക മഹാദേവ,
ദീനാവനപരായണാ,
ജയിയ്ക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിയ്ക്കുക.

ആഴമേറും നിൻ മഹസ്സാ
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് : തമിഴ്നാടിന് 944.80 കോടി രൂപ സഹായധനം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ തമിഴ്നാടിന് സഹായധനം പ്രഖ്യാപിച്ച് കേന…