(സ്വാമി വിശുദ്ധാനന്ദ
പ്രസിഡന്റ്, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്)

കൊറോണയുണ്ടാക്കിയ ഏകാന്തവാസം അവസാനിക്കുംമുമ്പേ മദ്യം വീണ്ടും അതിന്റെ മരണസ്വഭാവം കാട്ടിത്തുടങ്ങിയിരിക്കുന്നു. മുമ്പൊക്കെ മദ്യം കഴിക്കുന്നവനാണ് ഇഞ്ചിഞ്ചായി മരിച്ചിരുന്നതെങ്കിൽ ഇപ്പോഴത് മദ്യപന്റെ ആക്രമണത്താൽ സ്വന്തം മാതാപിതാക്കളും സഹോദരങ്ങളും മക്കളും ബന്ധുമിത്രാദികളുമൊക്കെ അതിദാരുണമായി കൊല്ലപ്പെടുന്ന സാഹചര്യത്തിലെത്തിയിരിക്കുകയാണ്.
രണ്ട് മാസത്തോളം മദ്യവിമുക്തമായിരുന്ന കേരളത്തിലെ കുടുംബശാന്തി മദ്യത്തിന്റെ വരവോടെ വീണ്ടും കലങ്ങി മറിഞ്ഞിരിക്കുന്നു. അതിന്റെ ആദ്യ ദൃഷ്ടാന്തമാണ് ഇക്കഴിഞ്ഞ നാളിൽ കേരളത്തിലുണ്ടായ നാല് അരുംകൊലകൾ. പാലൂട്ടി വളർത്തിയ മാതാവിന്റെ കഴുത്തറുത്തിട്ട് അതിന്റെ പടമെടുത്ത് മകൻ മറ്റുള്ളവർക്കെല്ലാം അയച്ച് മരണം ആഘോഷിക്കുന്ന തരത്തിലേക്ക് മനുഷ്യനെ മൃഗങ്ങളെക്കാളും താഴ്ന്നവനാക്കുന്ന മാരകവിഷമായി മദ്യം മാറുന്ന കാഴ്ചയിൽ ഇന്ന് കേരളമാകെ, വിശേഷിച്ച് മാതാപിതാക്കളാകെ വിറങ്ങലിച്ചു നിൽക്കുകയാണ്.
ഒരു കുടുംബത്തിന്റെ, സമൂഹത്തിന്റെ എല്ലാ ശാന്തിയും ഭദ്രതയും ഒരു നിമിഷംകൊണ്ട് ഇല്ലാതാക്കുന്ന മദ്യത്തിന്റെ വിഷവീര്യം കൊറോണയേക്കാൾ കടുത്തതാണെന്ന് ഈ സംഭവം നമ്മെ ഒരിക്കൽക്കൂടി ബോദ്ധ്യപ്പെടുത്തുകയാണ്. കൊറോണാഭീതിയിൽ ജന്മനാട്ടിലേക്ക് മടങ്ങിയെത്താൻ പേര് രജിസ്റ്റർ ചെയ്ത് കാത്തുനിൽക്കുന്നവരേക്കാൾ ഏറെപ്പേരാണ് മദ്യത്തിനായി പേര് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കേൾക്കുമ്പോൾ വല്ലാത്ത ഖേദമാണ് തോന്നുന്നത്. ഈ അവസ്ഥയ്ക്ക് കാരണക്കാരൻ മദ്യം കുടിക്കുന്നവനേക്കാൾ അത് കൊടുക്കുന്നവനാണ്. കാരണം മദ്യം കൊടുക്കാൻ ആളുള്ളതുകൊണ്ടാണ് കുടിക്കാൻ ആളുണ്ടാകുന്നത്. മദ്യം ഉണ്ടാക്കാനും കൊടുക്കാനും ആളില്ലാതെ വന്നാൽ സ്വാഭാവികമായും മദ്യം കുടിക്കാനും ആളില്ലാതാവുമെന്ന് വാസ്തവം.
മദ്യം മനുഷ്യന്റെ മനസ്സിനേയും ബുദ്ധിയേയും മലിനമാക്കുകയും വികലമാക്കുകയും അവന്റെ സ്വാതന്ത്ര്യത്തെ തടുക്കുകയും ചെയ്യുമെന്ന് ഗുരുദേവൻ അരുളിയിട്ടുണ്ട്. മദ്യം ഇന്ന് മനുഷ്യജീവനെടുക്കുന്ന ഏറ്റവും ലളിതമായ ആയുധമായി മാറിയിരിക്കുകയാണ്. മദ്യത്തിന്റെ ഈ ഭീകരസ്വഭാവം കണ്ടിട്ടാണ് ഒരു നൂറ്റാണ്ടിന് മുമ്പ് തൃപ്പാദങ്ങൾ ‘ മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കുടിക്കരുത്, കൊടുക്കരുത് ‘ എന്ന് ഉപദേശിച്ചത്. ഈ മദ്യവർജ്ജന സന്ദേശത്തിന്റെ പൊരുൾ നമ്മൾ ഉൾക്കൊണ്ടിട്ടില്ല എന്നാണ് ഈ അരുംകൊലകൾ ഓരോന്നും സൂചിപ്പിക്കുന്നത്.
ഇനിയും നമ്മൾ തൃപ്പാദങ്ങളുടെ മദ്യവർജ്ജനസന്ദേശം അതിന്റെ എല്ലാ അർത്ഥത്തിലും സ്വാംശീകരിക്കുന്നില്ലെങ്കിൽ മദ്യം കൊണ്ടുണ്ടാകുന്ന വിപത്തിൽനിന്നും കേരളത്തിന് മോചനമുണ്ടാകുകയില്ല. പണ്ട് ജാതിഭ്രാന്തിനാലാണ് കേരളം ഭ്രാന്താലയമായതെങ്കിൽ ഇന്ന് മദ്യ ഭ്രാന്തിനാലാണ് കേരളം ഭ്രാന്താലയമായിരിക്കുന്നത്.
ഈ സത്യം എല്ലാവരുടേയും കണ്ണ് തുറപ്പിക്കട്ടേയെന്ന് ആഗ്രഹിക്കുകയാണ്. മദ്യം ഇല്ലാതായാൽ ഇവിടെ യാതൊന്നും സംഭവിക്കാനില്ല. കൊറോണ ഉണ്ടാക്കിയ അടച്ചിടൽകാലം നമ്മെ അത് ബോദ്ധ്യപ്പെടുത്തിയതാണ്. എന്തിനാണ് അരുതാത്തതുണ്ടാക്കി നാശത്തിന്റെ വിളവെടുക്കുന്നതെന്ന് ഇനിയെങ്കിലും രാഷ്ട്രീയ നേതാക്കളും മതമേലദ്ധ്യക്ഷന്മാരും സാമൂഹ്യസാംസ്‌കാരിക പ്രമുഖരും പൊതുജനങ്ങളും ചിന്തിക്കണം. നല്ല മനുഷ്യരുണ്ടെങ്കിലേ നല്ല കുടുംബവും നല്ല സമൂഹവും നല്ല രാജ്യവും ഉണ്ടാവുകയുള്ളൂ എന്ന കൺഫ്യൂഷ്യസിന്റെ ദർശനത്തോട്് ഏറ്റവും അടുത്തുനിൽക്കുന്ന തൃപ്പാദങ്ങളുടെ മദ്യവർജ്ജനസന്ദേശം നമുക്ക്് നല്ലൊരു ഭിവയെ ഭദ്രമാക്കുന്നതിനുള്ളതാണെന്ന് അറിയണം. നമ്മുടെ രാഷ്ട്രപിതാവ് മാഹാത്മാഗാന്ധിയുടെ സ്വപ്‌നം മദ്യവിമുക്തഭാരതമായിരുന്നുവെന്നും മഹാത്മജിയുടെ 150ാം ജയന്തി രാജ്യം ആഘോഷിക്കുന്ന ഈ അവസരത്തിൽ നാം ഓർക്കണം. ഈ ഒരു തിരിച്ചറിവോടെ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി നിലനിർത്താൻ എല്ലാവരും ഒന്നിക്കണം. തൃപ്പാദങ്ങളുടെ ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി കേരളസർക്കാർ കേരളമാകെ ആഘോഷിച്ചതുപോലെ തൃപ്പാദങ്ങളുടെ മദ്യവർജ്ജന സന്ദേശത്തിന്റെ ശതാബ്ദിയും കേരളസർക്കാർ ആഘോഷിക്കേണ്ടത് സമൂഹത്തിന്റെ ഭദ്രതയ്ക്ക് അനിവാര്യമാണെന്ന് ഓർമ്മിപ്പിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബിനോയ് തോമസിന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റുമെന്ന് സുരേഷ് ഗോപി

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച തൃശൂര്‍ ചാവക്കാട് തെക്കന്‍ പാലയൂര്‍ ബിനോയ് തോമസിന് വ…