തന്റെ മകന്റെ ഭാഗത്തുനിന്നും തെറ്റുണ്ടായെങ്കിൽ അത് ക്ഷമിക്കാൻ സീമ നഷ്ടപരിഹാരം ചോദിച്ചുവെന്ന ആരോപണവുമായി എത്തിയ ആക്റ്റിവിസ്റ്റും നടിയുമായ മാല പാർവതിക്ക് മറുപടിയുമായി മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ് വുമൺ സീമ.
താൻ പണം ചോദിച്ചെങ്കിൽ അതിന്റെ ഓഡിയോ പുറത്ത് വിടണമെന്നും താങ്കളുടെ മകൻ എന്നെ അപമാനിച്ചതും പോരാഞ്ഞിട്ട്, എന്റെ അഭിമാനം വിറ്റ് ഞാൻ താങ്കളോട് പണം ആവശ്യപ്പെട്ടു എന്നും പറഞ്ഞു താങ്കളും ഇപ്പോൾ എന്നിലെ സ്ത്രീയെ അപമാനിച്ചിരിക്കുന്നു മാല പാർവതി യെന്നും’ സീമ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
മാല പാർവതിയുടെ മകനും സിനിമe ഡയറക്ടറുമായ ആനന്ദ കൃഷണ തന്നോട് അശഌല ചാറ്റുകൾ ചെയ്തതിന്റെ സ്‌ക്രീൻ ഷോട്ടുകൾ സീമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തു വിട്ടിരുന്നു . ഇതിനു പിന്നാലെയാണ് സീമ തന്നോട് നഷ്ട്ട പരിഹാരം ചോദിച്ചു എന്ന ആരോപണവുമായി മാല പാർവതി എത്തിയത് .
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
മാല പാർവതിയെ ഞാൻ തേടി പോയിട്ടില്ല. അവരുടെ പേരെവിടെയും ഞാൻ വലിച്ചിഴച്ചിട്ടുമില്ല.
പക്ഷെ അവർ എന്നെ തേടി വന്നു. മകന് വേണ്ടി മാപ്പ് പറയാൻ. അവരുടെ മകൻ ചെയ്ത പ്രവർത്തി ഒതുക്കിത്തീർക്കുവാൻ മാപ്പുമായ് അവർ വന്നതുകൊണ്ട് മാത്രം അവരുടെ പേര് എനിക്കെന്റെ പോസ്റ്റിൽ പറയേണ്ടി വന്നു.
പക്ഷെ എന്ത് കൊണ്ട് അവർ മകനെ കൊണ്ട് മാപ്പ് പറയിപ്പിക്കാൻ തയ്യാറായില്ല.
ഇപ്പോളവർ പറയുന്നത് ഞാൻ പണം ആവശ്യപ്പെട്ടു എന്നാണ്. എന്തിനിങ്ങനെ പച്ചക്കള്ളം പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നു. ഞാൻ പണം ആവശ്യപ്പെട്ടു എന്നതിന്റെ തെളിവുകൾ പുറത്തു വിടാൻ ഞാൻ താങ്കളോട് ആവശ്യപ്പെടുകയാണ്.
താങ്കളുടെ മകൻ എന്നെ അപമാനിച്ചതും പോരാഞ്ഞിട്ട്, എന്റെ അഭിമാനം വിറ്റ് ഞാൻ താങ്കളോട് പണം ആവശ്യപ്പെട്ടു എന്നും പറഞ്ഞു താങ്കളും ഇപ്പോൾ എന്നെ, എന്നിലെ സ്ത്രീയെ അപമാനിച്ചിരിക്കുന്നു മാല പാർവതി.
നിങ്ങളുടെ ഭാഗം ന്യായീകരിക്കേണ്ടത് ഇരയാക്കപ്പെട്ടവരെ അപമാനിച്ചു കൊണ്ടല്ല.
നിങ്ങൾ സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്ന ആളാണെന്ന് പറയുമ്പോളും സ്വന്തം മകൻ ചെയ്ത തെറ്റ് ഒതുക്കിത്തീർക്കാൻ മാപ്പ് പറഞ്ഞു. ഇതിപ്പോൾ ചർച്ചാ വിഷയം ആയപ്പോൾ താങ്കളുടെ മകനു 27 വയസായെന്നും, നിയമപരമായി കാര്യങ്ങൾ നേരിടാമെന്നും, അവന്റെ പ്രവർത്തികളിലേക്ക് തന്നെ വലിച്ചിഴക്കേണ്ടെന്നും പറഞ്ഞ് കൈ കഴുകി.
ഇതിനു മുമ്പ് താങ്കൾ എന്നോട് മാപ്പ് പറയുമ്പോൾ താങ്കളുടെ 27 വയസുള്ള മകൻ എവിടെ ആയിരുന്നു? അന്നെന്തേ നിയമപരമായി നീങ്ങാൻ നിങ്ങൾ പറഞ്ഞില്ല..
മറ്റൊന്ന്, എന്നെ വിളിച്ചതിനു ശേഷം മാല പാർവതി പോലീസിനെ ഈ വിഷയം അറിയിച്ചു എന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
എന്നോടിത് വിഷയമാക്കരുത് എന്ന് പറഞ്ഞിട്ട് പോലീസിൽ താങ്കൾ ഇതറിയിച്ചു എന്നൊക്കെ പറയുമ്പോൾ ഒരു വലിയ തമാശ ആയിട്ടാണ് എനിക്ക് തോന്നുന്നത്.
സമൂഹം എന്നും ഇങ്ങനെ ആണ്. ഇരയെ അവസാനം കുറ്റക്കാരൻ ആക്കും. അവരെ ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ വക്താവാക്കും. ഇര പ്രതികരിക്കാതിരിക്കാൻ അവളുടെ തലയിൽ, അഭിമാനത്തിൽ ചവിട്ടി താഴ്ത്തും. ഇവിടെയും ഞാൻ ഇതേ പ്രതീക്ഷിക്കുന്നുള്ളു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

15/02/2025