അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ തണൽ പദ്ധതി സമൂഹത്തിന് മാത്യകയാണെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. യൂണിയൻ പരിധിയിൽ ഭവന രഹിതർ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഭവന രഹിത പദ്ധതിയായ ‘തണലിന്റെ ഭാഗമായി പണികഴിപ്പിച്ച ആദ്യ ഭവനത്തിന്റെ താക്കോൽ കൈ മാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവാമൃതം എന്ന പേരിൽ യൂത്ത് മൂവ്‌മെന്റ് ആരോഗ്യ രംഗത്തു നടത്തുന്ന സേവനങ്ങളും പ്രളയകാലത്ത് നടത്തിയ സേവനങ്ങളും ശ്രദ്ധേയമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തട്ടാക്കുടി 3576 നമ്പർ ഗുരുദേവ ഗിരി ശാഖയോഗത്തിലെ രശ്മി ബിനുവിന് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം അദ്ദേഹം നിർവഹിച്ചു.
യോഗം കൗൺസിലർ എബിൻ അമ്പാടി, യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് താലൂക്ക് സെക്രട്ടറി സുജിത് മണ്ണടി, എസ്.എൻ.ഡി.പി മുൻ വൈസ്. പ്രസിഡന്റ് ബിനേഷ് കടമ്പനാട്, യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് രാഹുൽ അങ്ങാടിക്കൽ, സൈബർ സേന താലൂക്ക് കമ്മിറ്റി ചെയർമാൻ അജു വിജയ്, ശാഖാ യോഗം ഭാരവാഹികളായ . വിജയൻ,സതീശൻ, സബിത ഷാജി എന്നിവർ പങ്കെടുത്തു. തണൽ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ 5 വീടുകൾ നിർമ്മിച്ച് നൽകുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അങ്ങാടിക്കൽ 171 ശാഖയോഗത്തിൽ ഒരു വീടിന്റെ പുനർ നിർമ്മാണം നടന്നുവരുന്നുണ്ട്.
Click To Comment