ഒരു മലർവാടിയിലേക്ക് ഇളം കാറ്റെത്തുമ്പോൾ നിർമ്മലസുഗന്ധവുമായി നിൽക്കുന്ന പൂക്കളും തളിരുകളും ആനന്ദാനുഭൂതി അറിഞ്ഞിട്ടെന്നപോലെ ഇളകിയാടും . വൻമരങ്ങൾ ധാർഷ്ട്യത്തോടെ പ്രതിരോധിക്കും. കാറ്റാകട്ടെ വൻമരമെന്നോ തളിരെന്നോ ഭേദമില്ലാതെ പൂക്കളുടെ സുഗന്ധമെടുത്ത് അവിടമാകെ നിറയ്ക്കും .
അസമത്വത്തിൻറെ വിളഭൂമിയായിരുന്ന ഈ മണ്ണിലൂടെ ഗുരുദേവൻറെ യാത്ര മലർവാടിയിലേക്കെത്തുന്ന ഇളം കാറ്റിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഹൃദയനൈർമ്മല്യമുള്ളവർക്ക് ആ സാന്നിധ്യം ആനന്ദാനുഭൂതി നിറച്ചു. ധാർഷ്ട്യത്തിൻറെ ആൾരൂപങ്ങൾ അദ്ദേഹത്തെ അവഗണിക്കാൻ ശ്രമിച്ചു. തനിക്ക് ചുറ്റും ഹൃദയപാരവശ്യത്തോടെ ഇളകിയാടുന്ന പൂക്കളിൽ നിന്ന് സുഗന്ധമെടുത്ത് വിതറുമ്പോൾ മന്ദമാരുതനെപ്പോലെ അദ്ദേഹവും ആരോടും ഭേദഭാവം കാട്ടിയില്ല. ഗുരുദേവൻ സ്വധർമ്മപാലനം ചെയ്തത് എങ്ങും പരിവർത്തനത്തിൻറെ സുഗന്ധം പരത്തിക്കൊണ്ടാണ്. യുദ്ധങ്ങളും ഒളിപ്പോരുകളും അക്രമങ്ങളും കൊണ്ട് ചരിത്രപുസ്തകങ്ങൾ നിറയ്ക്കുന്നവർക്ക് ഇതൊരുപക്ഷേ അത്ഭുതമായേക്കാം.
സമാധാനത്തിൻറെ പ്രവാചകർ പലകാലങ്ങളിൽ പല ഭാവങ്ങളിൽ അവതരിച്ച് ഹൃദയത്തിൻറെ ഭാഷ പകർന്നു നൽകിയിട്ടും മനുഷ്യനു യുദ്ധക്കൊതി തീർന്നിട്ടില്ല. രാജ്യങ്ങളുടെ പേരിൽ, ആരാധനാലയങ്ങളുടെ പേരിൽ, പെണ്ണിൻറേയും പണത്തിൻറേയും പേരിൽ, മതത്തിൻറെ പേരിലെല്ലാം നിരന്തര കലഹം . സ്‌ഫോടനങ്ങളും അക്രമങ്ങളും ചോരവീഴ്ത്താത്ത ദിവസങ്ങളില്ല. എല്ലായിടത്തും അശാന്തി. നിരപരാധികൾക്ക് എന്നും കണ്ണീർ. കേരളം എന്ന ഭാഷാ എന്ന അതിർത്തിക്കപ്പുറത്തേക്ക് ശ്രീനാരായണ ധർമ്മപ്രചാരണത്തിനു ആക്കം കൂട്ടേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമങ്ങളാണു ഇനി ഉണ്ടാകേണ്ടത്. ‘ ജാതിക്കെതിരെ പടപൊരുതിയ ഗുരുദേവൻ ‘ എന്നാണു ഇന്ന് മിക്ക ഭാഷണങ്ങളിലും ഗുരിവിനെ വിശേഷിപ്പിക്കുന്നത്. ജാതി അയിത്തം ഇല്ലാതായപ്പോൾ ഗുരുവിൻറെ പ്രസക്തി അവസാനിച്ചു എന്നൊരു ധ്വനികൂടിയുണ്ട് ഈ വിശേഷണത്തിൽ. അപ്പോൾപ്പിന്നെ ഗുരുസ്മരണ എന്നത് വെറും ഒരു നന്ദിപ്രകടനം മാത്രമാകും . ജാതിയിൽ മാത്രം ഒതുങ്ങുന്നതാണോ ഗുരുവിൻറെ പ്രസക്തി. അല്ല എന്നുറച്ച് പറയണമെങ്കിൽ ഗുരു പകർന്ന ധർമ്മം എന്തായിരുന്നു എന്ന് അറിയാൻ ശ്രമിക്കണം .
ഹൃദയത്തിൽ കപടത ഇല്ലാതിരുന്നാൽ നമ്മുടെ സാന്നിധ്യം എല്ലാവർക്കും ആനന്ദാതിരേകമുണ്ടാക്കുമെന്ന് ഗുരുദേവൻ പറയുന്നു. ഹൃദയം ശുദ്ധമാക്കാനുള്ള സാധന അനുഷ്ഠിക്കുകയെന്നതാണു ശ്രീനാരായണഗുരു ഉപദേശിക്കുന്ന ധർമ്മം. സത്യവും ധർമ്മവും ജീവിതത്തിൽ ശീലിച്ചുകൊണ്ട് സ്വയം ആത്മാവിനെ കണ്ടെത്തുക. അങ്ങനെ എല്ലാ ചരാചരങ്ങളിലും വിളങ്ങുന്ന ആത്മസ്വരൂപത്തെ അറിയാനുള്ള കർമ്മങ്ങൾ ചെയ്യുക. ശ്രീനാരായണഗുരുദേവൻ തൻറെ ദത്താപഹാരം എന്ന ലഘുകൃതിയിൽ പറയുന്നത് ശ്രദ്ധിക്കുക ;

‘ ഒന്നുണ്ടു നേരു നേരല്ലി
തൊന്നും മർത്ത്യർക്കു സത്യവും
ധർമ്മവും വേണമായുസ്സും
നിൽക്കുകില്ലാർക്കുമോർക്കുക. ‘

സത്യം ഒന്നുമാത്രമേയുള്ളു. ജാതിയും മതവും ദൈവഭേദങ്ങളും ഭാഷാഭേദങ്ങളും രാജ്യഭേദങ്ങളുമില്ല. മനുഷ്യർക്ക് ആവശ്യം സത്യവും ധർമ്മവുമാണ്. ആയുസ്സുപോലും ആർക്കും സ്ഥിരമായി നിൽക്കില്ലെന്നു ഓർക്കുക എന്നാണു ഈ ശ്ലോകത്തിൻറെ ഭാവാർത്ഥം.

അഹിംസ, സത്യം, അസ്‌തേയം, മദ്യവർജ്ജനം, വ്യഭിചാരമില്ലായ്മ എന്നിങ്ങനെ പഞ്ചധർമ്മങ്ങൾ അനുഷ്ഠിക്കാൻ ഗുരുദേവൻ മനുഷ്യനെ ഉപദേശിക്കുന്നു. അഹിംസ പാലിക്കുന്നവൻ ലോകത്തിനു വിശ്വസനീയനായിത്തീരും . സത്യം പാലിക്കുന്നവൻ യശസ്വിയാകും. അന്യൻറെ മുതൽ ആഗ്രഹിക്കാതെ അസ്‌തേയം പാലിക്കുന്നവനു ആരുമായും ഒരിക്കലും തർക്കവിതർക്കങ്ങളിൽ ഏർപ്പെടേണ്ടിവരില്ല. മദ്യവർജ്ജനവും വ്യഭിചാരമില്ലായ്മയും എല്ലാവരും ശീലിച്ചാൽ ഈ ലോകത്ത് ശാശ്വത സമാധാനം ഉണ്ടാക്കാം. ഗുരുദേവൻ ഉപദേശിച്ച ഈ പഞ്ചധർമ്മങ്ങൾ സ്വജീവിതത്തിൽ പകർത്തിക്കൊണ്ട് നമ്മൾ പ്രചരിപ്പിക്കുക. കാരണം അത് മന്വന്തരങ്ങളിലൂടെ പലവുരു മനനം ചെയ്ത് വെളിപ്പെട്ട സത്യമാണ്.
ഒരു ഭാഗത്ത് സമ്പന്നത പെരുകിവരുന്നതും മറുഭാഗത്ത് ദാരിദ്ര്യം പെരുകുന്നതുമാണു ലോകത്ത് അസമത്വത്തിനു കാരണം . സായുധവിപ്ലവമാണു വേണ്ടതെന്ന് ചിലർ പറയുന്നു. അത് സം ഘർഷത്തിൻറെ മാർഗ്ഗമാണ്. ഇതല്ല ഗുരുവിൻറെ മാർഗ്ഗം . എല്ലാവർക്കും ആവശ്യത്തിനു ആഹരിക്കാനുള്ള അവസരം ഉണ്ടാക്കണം . അവനവൻറെ പരിശ്രമം കൊണ്ട് ആഹാരം കണ്ടെത്തണം . സമ്പന്നതയും ദാരിദ്ര്യവും ഒരുവൻറെ മനോഭാവത്തെ ആശ്രയിച്ചാണു നിർണ്ണയിക്കപ്പെടുന്നതെന്ന് ഗുരുദേവൻ പറയുന്നുണ്ട്. എത്രവലിയ ധനികനായിരുന്നാലും കിട്ടുന്നതൊന്നും പോര എന്ന മനോഭാവത്തോടെ ജീവിക്കുന്നവനാണു യഥാർത്ഥത്തിൽ ദരിദ്രൻ. ഉള്ളതിൽ തൃപ്തനായിരിക്കുന്നവനാണു യഥാർത്ഥ സമ്പന്നൻ. ആത്മാവുകൊണ്ട് സമ്പന്നനായിരിക്കുന്നവനെ തോൽപ്പിക്കുവാനോ നേടാനോ ആർക്കും കഴിയില്ല. ആത്മാവിൽ ദരിദ്രനായിരിക്കുന്നവനെ തൃപ്തിപ്പെടുത്താനും കഴിയില്ല. സ്വന്തം ശരീരത്തിൽ സുഗന്ധമിരിക്കെ അതറിയാതെ സുഗന്ധമന്വേഷിച്ച് നടക്കുന്നാ കസ്തൂരിമാനിനെപ്പോലെയാണു നാം . ഇന്ന് ലോകത്തിൻറെ വെളിച്ചമാകാനും സ്വയം സുഗന്ധം പരത്താനും കഴിവുള്ള ശ്രീനാരായണ ധർമ്മം ഉപേക്ഷിച്ച് അവിടവിടെ പൊട്ടിമുളയ്ക്കുന്ന തകരകൾക്കു കീഴിൽ അഭയം തേടാൻ ഓടുകയാണ്. പണമെറിഞ്ഞാണു ശാന്തിതേടുന്നത്. പണം കുമിഞ്ഞുകൂടുമ്പോൾ അശാന്തിയാണുണ്ടാവുക. ആവശ്യത്തിനുമാത്രം പണം. ആവശ്യത്തിനുമാത്രം ആഹാരം. അതാണു സമത്വത്തിലേക്കുള്ള മാർഗ്ഗം. ആർഭാടക്കുടവറുകൾക്കു മുകളിൽ ഒരു മഞ്ഞച്ചേലയെടുത്ത് ചുറ്റിയിട്ട് അത് ശ്രീനാരായണ ധർമ്മ മാർഗ്ഗമാണെന്ന് പറഞ്ഞാൽ എത്രനാൾ എല്ലാവരേയും വിശ്വസിപ്പിക്കാൻ കഴിയും ? (കടപ്പാട്: ശ്രീ സജീവ് കൃഷ്ണൻ )

Leave a Reply

Your email address will not be published. Required fields are marked *

Check Also

18/05/2023