മഹേഷ് മാണിക്കം

എക്‌സ്‌റേ കിരണങ്ങളെപ്പോലെ പ്രകാശരശ്മികൾ ബോധമണ്ഡലത്തിലേക്കും മനസ്സിന്റെ പരിപക്വ മേഖലകളിലേക്കും കടന്നു ചെന്ന്, ഉദ്ദീപ്തമായ അനന്തമായ
ആയിരമായിരം സാധ്യതകളിലേക്ക് നമ്മെ നയിക്കുന്ന മേഖലയാണ് വായന. മലയാളിയെ നവ്യാനുഭൂതിയുടെ ആഖ്യാനതലങ്ങളിലേക്ക് , വായന എന്ന വെളിച്ചത്തിന്റെ ഗോപുരത്തിലേക്ക് കൈപിടിച്ചുനടത്തിയ പി.എൻ പണിക്കരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
ഏത് മുറിവിനെ ഉണക്കാനും കരിങ്കല്ലിനെ ആർദ്രമാക്കാനും നിശ്ശബ്ദതയെ ഗർജ്ജനമാക്കാനും അശാന്ത മനസ്സിനെ ആർദ്രമാക്കാനും അക്ഷരങ്ങൾക്ക് ശക്തിയുണ്ട്.. മനുഷ്യന് ശാശ്വതമായ മുക്തിയും വിപുലമായ സംസ്‌കാരവും ആഴത്തിലുള്ള അറിവും നല്കി അന്തർഗ്ഗതങ്ങൾ ശുദ്ധീകരിച്ച് വിമലീകൃതമായ, പരിപക്വമായ ജീവിതത്തിലേക്ക് നയിക്കുന്നത് അക്ഷരങ്ങളാണ്.
‘വേദേതിഹാസാദി വിഭൂതിയെല്ലാം
മേൽജാതിതൻ പൈതൃകമാണു പോലും ‘ (സാഹിത്യമഞ്ജരി)
പക്ഷേ, വൈദേശിക സംസ്‌കാരത്തിന്റെയും നവോത്ഥാനത്തിന്റെയും ഭാഗമായി സാർവത്രികവും മറ നീക്കിയുള്ള വിദ്യാഭ്യാസവും നമുക്ക് ലഭിച്ചിരിക്കുന്നു. മനുഷ്യവർഗ്ഗത്തിന്റെ പുരോഗതിയുടെ വിസ്‌ഫോടനം വൈജ്ഞാനിക തലങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. സാർവ്വലൗകികതയും ക്രിയാത്മകമായ ചടുലമായ ക്രമങ്ങളും ഈ വൈജ്ഞാനിക മണ്ഡലത്തിൽ നിന്നാണ് ഉരുത്തിരിയുന്നത്. മാനസികവും ബൗദ്ധികവുമായ ത്വരിത പ്രവർത്തനങ്ങൾ ചാക്രിക ശൈലിയായി
മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നത് അറിവിന്റെ വ്യക്തിഗത വികസനത്തിലൂടെയാണ്.
ശരിയായ അറിവ് സ്വയം നേടുന്നത് വായനയിലൂടെയാണ്. സ്വതന്ത്രമായ ചിന്താധാരകൾ അവിടെ ഉയിർകൊള്ളുന്നു. അത് വിവരശേഖരണമല്ല, ജീവിതത്തിന്റെ ആകസ്മികമേഖലകളിൽ കാര്യക്ഷമതയുള്ള നല്ല പൗരനാവാനുള്ള അറിവിന്റെ ദിശാബോധമാണ് .. സ്വാർഥ താല്പര്യങ്ങൾ മറന്നുള്ള സാമൂഹിക ലക്ഷ്യപ്രാപ്തിയായിരിക്കണം അവിടെ ഉപകരിക്കേണ്ടത്.
മൂല്യബോധമുള്ള ,ലക്ഷ്യബോധമുള്ള ഒരു തലമുറ വൈജ്ഞാനികതലത്തിൽ നിന്നാണ് ഉണ്ടാവേണ്ടത്. സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ വ്യതിരിക്തതകൾ ഏതു കാലഘട്ടത്തിലും സ്വാഭാവികമായി സംഭവിക്കുന്നതാണ്. അവിടെയാണ് അറിവിന്റെ, വായനയുടെ വിമലീകരണം സംഭവിക്കുന്നത്.ആദർശവും സ്വത്വബോധവും സ്വയം ശുദ്ധീകരണത്തിലേക്ക് നയിക്കപ്പെടുന്നു. മനസ്സിനെ വിമലീകരിക്കാനും വിശാലമാക്കാനും സംസ്‌കാരത്തിന്റെ തിലകക്കുറിയണിയിക്കാനും പ്രാപ്തമാക്കുന്നത് സാഹിത്യ സൃഷ്ടികളാണ്. ഉത്തമ സാഹിത്യസൃഷ്ടികൾ കാലത്തെ അതിജീവിക്കുന്നു.
‘ചരിത്രത്തിന്റെ ഭാഗമായിത്തീർന്ന എത്രയോ എഴുത്തുകാരെ നമ്മൾ സ്മരിക്കുന്നു. ബാഹ്യശക്തികളുടെ ഇടപെടൽ ഇല്ലാതെതന്നെ വ്യവസ്ഥാപിതമായ ഒരു വായനാനുഭൂതി സൃഷ്ടിക്കുവാൻ നമുക്ക് കഴിയണം. യഥാതഥസങ്കല്പങ്ങളും ഭാവനയും ഇന്ദ്രിയാനുഭൂതികളും മാറിമാറി വിഹരിക്കുന്ന വായനയുടെ കൈവഴികൾ ചരിത്രത്തിന്റെ ഭാഗമായും തീരുന്നു.. ചാണക്യസൂത്രം, പഞ്ചതന്ത്രം, നളചരിതം, സംഭവപർവ്വം, വേതാളചരിത്രം ഇത്തരത്തിലുള്ള ഭാഷയുടെ തുടിപ്പുകൾ ഉൾക്കൊള്ളുന്ന എത്ര കൃതികളെ പുതിയ തലമുറയ്ക്ക് പരിചയമുണ്ട്? പറുദീസയിൽ ചെന്നാലും ഒരു പുതിയ ഭാഷ പഠിക്കണമെന്നാഗ്രഹിച്ച ഹെർമ്മൻ ഗുണ്ടർട്ടിന്റെ മലയാള ഭാഷയോടുള്ള ഉത്ക്കടമായ പ്രണയം നാം മറക്കരുത്.
‘ ഇന്നു ഭാഷയിതപൂർണ്ണമിങ്ങഹോ
വന്നു പോം പിഴയുമർഥശങ്കയാൽ’ ബ ആശയഗംഭീരനായ ആശാനുപോലും ഭാഷ വഴിമാറുന്ന സന്ദർഭമാണിത്. പാണ്ഡിത്യത്തിന്റെയും ഭാവനയുടേയും ദന്തഗോപുരങ്ങളല്ല നാം പണിയേണ്ടത്. മറിച്ച് അറിവിന്റെ, വായനയുടെ നഭോമണ്ഡലങ്ങളിൽ മുട്ടുമടക്കുകയാണ് വേണ്ടത്. വായന ഒരിക്കലും മരിക്കുന്നില്ല. ഓരോ വ്യക്തിയുടേയും സൂക്ഷ്മവും സ്ഥൂലവുമായ തലങ്ങളിലേക്കെല്ലാം വായനയുടെ നവ്യാനുഭൂതികൾ വന്നു നിറയട്ടെ .വായനയുടേയും ചിന്തയുടേയും ലോകത്തേക്ക് തിരിയുമ്പോൾ പ്രബുദ്ധമായ ഒരു സമൂഹത്തെ നമുക്ക് വാർത്തെടുക്കാൻ സാധിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍

ഇടുക്കി :കമ്പമേട്ടില്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിലായി. ഇവ…