ഉമ

കൊച്ചി: ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളിയ പോയ കാലത്ത് അക്ഷരം നിഷേധിക്കപ്പെട്ട പഞ്ചമിയെന്ന ദളിത് ബാലികയുടെ അതേ അവസ്ഥ തന്നെയാണ് അവളുടെ പിന്മുറക്കാരിയായി അതേ ‘തീയിട്ട സ്‌കൂളി’ൽ പഠിക്കുന്ന ആതിരയെന്ന നാലാം ക്ലാസുകാരിക്കുമെന്ന ഞെട്ടിക്കുന്ന സത്യം കഴിഞ്ഞ ദിവസം കേരളപ്രണാമം പ്രസിദ്ധീകരിച്ചിരുന്നു. ടിവിയോ സ്മാർട്ട് ഫോണോ ഇല്ലാത്തതുകൊണ്ട്് ഓൺലൈൻ പാഠങ്ങൾ പഠിക്കാനാവാതെ വിഷമിച്ചിരിക്കുന്ന പാവം പെൺകുട്ടി. ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ട അവളുടെ അമ്മ ദീപ്തിയുടെ നിസ്സഹായാവസ്ഥ. അഞ്ച് തലമുറകൾക്കിപ്പുറത്തും ദളിത് പെൺകുട്ടികൾക്ക് അക്ഷരം നിഷേധിക്കപ്പെടുന്ന ദയനീയാവസ്ഥ. അന്ന് പഞ്ചമിയെ കൈപിടിച്ചുയർത്താൻ മഹാനായ അയ്യങ്കാളിയുണ്ടായിരുന്നു… പക്ഷേ, ആതിരയ്‌ക്കൊരു ടിവിയോ സ്മാർട്ട് ഫോണോ സംഘടിപ്പിച്ചുകൊടുക്കാൻ അതിന് ചുമതലപ്പെട്ടവർക്ക് പോലുമായില്ല…
ഈ സാഹചര്യത്തിലാണ്, കേരളപ്രണാമത്തിലെ വാർത്തകണ്ട് തിരുവനന്തപുരത്തെ സത്യാഗ്രഹ ഫൗണ്ടേഷൻ ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ ഞങ്ങളുടെ തിരുവനന്തപുരം ബ്യൂറോയുമായി ബന്ധപ്പെട്ട് ആതിരക്ക് പഠന സഹായത്തിനായി ടെലിവിഷനും ഡിഷ് ആന്റിനയും നൽകുവാൻ സന്നദ്ധത അറിയിച്ചത്. ഇക്കാര്യം കേരള പ്രണാമം റീജിയണൽ മാർക്കറ്റിങ്ങ് മാനേജർ ജി.എസ്.ജിജു ആതിരയുടെ വീട്ടിലെത്തി അമ്മ ദീപ്തിയെ അറിയിച്ചപ്പോൾ അവർക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. ആതിരയുടെ പഠനം വഴിമുട്ടിയതിന് പരിഹാരം കണ്ട കേരള പ്രണാമത്തോട് അവർ നന്ദി പറയുകയും ചെയ്തു.
വൈകുന്നേരം ഡിഷ് ആന്റിനയും ടിവിയുമായി ഇലക്ട്രീഷനും ഞങ്ങളുടെ പ്രതിനിധിയും അതിരയുടെ വീട്ടിൽ എത്തിയപ്പോൾ കഥ മാറുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.എമ്മിന്റെ ലോക്കൽ സെക്രട്ടറിയും പാർട്ടി പ്രവർത്തകരും ചേർന്ന് സത്യാഗ്രഹ ഫൗണ്ടേഷൻ സംഭാവന നൽകുന്ന ടിവിയും ഡിഷ് കണഷനും വേണ്ടായെന്നും പാർട്ടി സംരക്ഷണം നൽകുന്ന കുടുംബമാണിതെന്നും പാർട്ടി തന്നെ ഇവർക്ക് പഠന സൗകര്യമൊരുക്കുമെന്നും പറഞ്ഞ് ഇറക്കിവിട്ടു. ആതിരയുടെ ക്ലാസ് ടീച്ചറും ഈ സമയം ഈ വീട്ടിലുണ്ടായിരുന്നു.
ഓൺലൈൻ ക്ലാസ് തുടങ്ങി രണ്ടാഴ്ചകഴിഞ്ഞിട്ടും ഈ കുട്ടിയ്ക്ക് പഠനോപകരണം എത്തിച്ച് കൊടുക്കാൻ കഴിയാതെപോയ പാർട്ടിക്കാർക്ക്് സഹായവുമായെത്തിയവരെ അപമാനിച്ച് ഇറക്കിവിടാനെന്തൊരു ആവേശം…

സഖാക്കളേ, ഒരു കൊടിയുടേയും നിറത്തിന്റേയും പിൻബലത്തിലല്ല, കേരളപ്രണാമം ആതിരയുടെ സങ്കടക്കഥ അവതരിപ്പിച്ചത്. വാർത്തശ്രദ്ധയിൽപെട്ട് സുമനസ്സായ ഒരാൾമുന്നോട്ട് വന്നപ്പോൾ സഹായം നൽകലൊക്കെ ഞങ്ങളുടെ മാത്രം അവകാശമാണ് എന്ന് പറയുന്ന സഖാക്കന്മാരോട് ഒരു ചോദ്യം. എന്തേ ഇതുവരെ ഈ പാവം പെൺകുട്ടിയെ നിങ്ങൾ കണ്ടിരുന്നില്ലേ?

ആതിര മാത്രമല്ല, ഇതുപോലെ നിസ്സഹായമായ ജീവിതങ്ങൾ ധാരാളമുണ്ട് നമ്മുടെ നാട്ടിൽ. അവരെയൊക്കെ സഹായിക്കാൻ ആരെങ്കിലുമെത്തിയാൽ അപമാനിച്ച് ഇറക്കിവിടുകതന്നെ വേണം. നിങ്ങൾ മാത്രമാണല്ലോ സംരക്ഷകർ…

Leave a Reply

Your email address will not be published. Required fields are marked *

Check Also

സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം ആരംഭിച്ചു; കൊല്ലത്ത് എം.മുകേഷും കാസര്‍ഗോഡ് എം.എല്‍ അശ്വിനിയും പത്രിക നല്‍കി

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരം…