രാധാമണി പരമേശ്വരൻ


യൗവ്വനത്തിന്റെ കൽമണ്ഡപങ്ങളിൽ ചിലങ്ക കെട്ടാതെ നൃത്തം വെച്ചിരുന്ന ഒരു ഭൂതകാലം എനിക്കുണ്ടായിരുന്നു. ഞാൻ നിങ്ങളുടെയെല്ലാം പ്രിയപ്പെട്ട രാധ. ഓർമ്മകളുടെ നിറം മങ്ങിയ പുസ്തകത്താളു തുറക്കുമ്പോൾ പൊടിഞ്ഞു തുടങ്ങിയ ഒരു മയിൽപ്പീലിത്തുണ്ടുപോലെ, വസന്തം വഴിമാറിപോയ ഋതുക്കളുടെ ചാപല്യം ഓർത്തെടുക്കാൻ ഒരു കൗതുകം. അമ്മയില്ലാതെ അച്ഛന്റെ തണലിൽ രണ്ടാനമ്മയുടെ പീഢനങ്ങൾ സഹിച്ച് ജീവിതത്തിന്റെ ബാലപാഠം പോലും തുറന്നുനോക്കാതെ, പഠിക്കാതെ യൗവ്വനം മൂടിപ്പുതപ്പിച്ച അനുഭൂതിയിൽ സൗന്ദര്യാത്മകമായ ചേതനയുടെ കളിയരങ്ങിൽ പ്രണയം മൊട്ടിട്ടു പൂക്കാൻ വെമ്പൽകൊള്ളുമ്പോൾ എന്റെ ആദ്യാനുരാഗം സമ്മാനിച്ച നൊമ്പരം ഒരു കവിതപോലെ തുളുമ്പുന്നു.
വല്യേട്ടന്റെ മകന്റെ വിവാഹച്ചടങ്ങാണ്. വീട്ടുകാരിലെ ചിലരെ പേരുവിളിച്ച് പയ്യനെക്കൊണ്ട് ദക്ഷിണ കൊടുപ്പിക്കുന്നതു നോക്കി അടുത്തേക്ക് ചെല്ലുമ്പോൾ ചുറ്റിലും അപരിചിതരുടെ മുഖങ്ങൾ. നീണ്ട കുറെ വർഷങ്ങളുടെ വിടവ്, ഉറ്റവരുടെ രൂപങ്ങൾ ഓർമ്മയിൽ നിന്നും മങ്ങിയിരുന്നു. ശിവക്ഷേത്രത്തിന്റെ തടിയൻ തൂണിൽ ചാരിനിൽക്കുമ്പോൾ ഭൂതകാലത്തിന്റെ മാസ്മരഭാവങ്ങൾ തെയ്യം തുള്ളി എത്തി.
വരനെ തലയിൽ തൊട്ടനുഗ്രഹിക്കുമ്പോഴും മനസ്സ് പോയകാലത്തിന്റെ നീറുന്ന ഓർമ്മകളിലൂടെ പിടിമുറുക്കി മുങ്ങാംകുഴിയിട്ടുനിന്നു. ആർഭാടവും ആഘോഷവും ഒന്നും മനസ്സിനെ മഥിപ്പിച്ചില്ല. യൗവനത്തിന്റെ തൃപ്പടിയിൽ കളഞ്ഞുപോയ എന്തോ ഒന്നു തിരയുകയായിരുന്നു എന്റെ കണ്ണുകൾ.
കാലങ്ങൾക്കുശേഷമാണ് തറവാട്ടിലെ ഒരു മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നത്. ഇന്നും കാലത്തിന്റെ ബലിപീഠത്തിൽ ഉടഞ്ഞുപോയൊരു വിഗ്രഹം ആരും അറിയാതെ ഇരുട്ടിന്റെ ഉള്ളറകളിൽ സൂക്ഷിക്കുന്നു. ഗതിമാറിയൊഴുകുന്ന പുഴയുടെ കുത്തൊഴുക്കിൽ ക്ഷതമേറ്റു വിഗ്രഹത്തിന് തേയ്മാനം സംഭവിച്ചിരിക്കുമോ എന്നറിയാനുള്ള വ്യഗ്രത. കൊഴിഞ്ഞ സ്വപ്‌നങ്ങളുടെ ശകലങ്ങൾ തേടി തിരികെ എത്തി.
എന്നും കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന നാദസ്വരത്തിന്റെ പൊട്ടിച്ചിരിയിൽ ശബ്ദത്തെ ആവാഹിച്ച് മഹാദേവനെ നെഞ്ചിലേറ്റി കൊഴിഞ്ഞുപോയ നഷ്ടസ്വപ്‌നങ്ങളെ നടയ്ക്കു കാണിക്കയിടായാനാഗ്രഹിച്ചു. സഹോദരന്റെ മകൻ ആണെങ്കിൽകൂടി നേരിട്ടു കാണുന്നതു നടാടെയാണ്. വെളുത്തുമെലിഞ്ഞ സുന്ദരനായ ചെറുപ്പക്കാരൻ. കൂട്ടത്തിലുള്ള ബന്ധുക്കളിൽ സുമുഖൻ എന്നു മനസ്സിലോർത്തു. ഒരു ഹിന്ദിനടന്റെ രൂപഭാവങ്ങൾ. സംഭാഷണവും വ്യത്യസ്തം. ജനിച്ചതും വളർന്നതും വിദേശത്താണ്. വർഷത്തിലൊരിക്കൽ കുംഭമാസത്തിലെ ഭരണിനാളിൽ തുറക്കുന്ന ഒരു ക്ഷേത്രമായി മാറിക്കഴിഞ്ഞിരുന്നു അച്ഛന്റെ തറവാട.് സർപ്പക്കാവും കുളവും കുര്യാലയും കാടുപിടിച്ചുകിടക്കുന്നു. ഞാവൽമരം വയസ്സുചെന്ന് ഇലപൊഴിച്ചു മരണവും കാത്ത് ആഞ്ഞിലിയോടൊട്ടിത്തന്നെ നിൽക്കുന്നുണ്ട്. അതിന്റെ ഓരോ പഴയ കൊമ്പുകളിലും എന്റെ ശരീരത്തിന്റെ സ്പർശനഗന്ധമുണ്ട് ഇപ്പോഴും.
അടുത്തുള്ള പാലച്ചുവട്ടിൽ യക്ഷീഗന്ധർവ്വന്മാരുടെ പ്രണയരംഗങ്ങൾ സ്വപ്‌നം കണ്ട് ഉറങ്ങിയ സുഖമുള്ള നാളുകൾ. അന്നൊക്കെ പലപ്പോഴും മനസ്സിന്റെ സഞ്ചാരം സങ്കല്പലോകത്തായിരിക്കും. ധനുമാസത്തിലെ ആയില്യംനാളിലെ കളമെഴുത്തും പാട്ടും കാണാൻ കൊതിയോടെ ചെറുബാല്യത്തിൽ കൂട്ടത്തിൽ കൂടിയിരുന്നെങ്കിലും മുതിർന്നപ്പോൾ അന്ധവിശ്വാസങ്ങളെ പാടേ നിഷേധിച്ചിരുന്നു. പൂക്കുലവച്ച് മുടി അഴിച്ചിട്ടു തുള്ളുന്ന പൊന്നമ്മചേച്ചിയെ ഓർക്കുമ്പോൾ ഇപ്പോഴും ഭയമാണ്. മുറ പറഞ്ഞു തറവാടു വീതം വയ്ക്കുമ്പോഴും ഒന്നും മനസ്സിലാകാതെ, ചങ്ങല വലിക്കുന്ന കുട്ടനാശാരിയെ നോക്കിനിന്ന പഴയ നാളുകൾ പിന്നെയും ഒരു നിമിഷം പുനർജ്ജനിക്കുന്നു.
കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ വല്യവീടിന്റെ അകത്തളങ്ങളിലേക്ക് മനസ്സ് പായുമ്പോൾ ഒന്നിനുമല്ലെങ്കിലും മരിച്ചിട്ടു ദഹിപ്പിച്ചുകളഞ്ഞ ഒരു മോഹം നുരച്ചുപൊന്തി. മുറയൊന്നുമറിയാതെയെങ്കിലും ആദ്യമായി പ്രേമം തളിരിട്ട സുഖമുള്ള ഓർമ്മ. കഥാനായകനായ വേണുവേട്ടനെ ഒരുപക്ഷേ ഇപ്പോൾ ഒരിക്കൽ കൂടി ഇവിടെ കാണാൻ കഴിഞ്ഞേക്കും.
ഉള്ളിന്റെയുള്ളിൽ ചില ഇഷ്ടങ്ങൾ അങ്ങനെയാണ്. അറിയാതെ അറിയാനുള്ള പരവേശം. ഒന്നു കാണാൻ, ഒപ്പം നടക്കാൻ, സംസാരിക്കാൻ കൊതിപൂണ്ടു. എല്ലാവരേയും ഭയന്ന് സ്‌നേഹം ഉള്ളിൽ ഒളിപ്പിച്ചിരുന്ന ഒരു കാലം. വേണുവേട്ടൻ എന്റേതു മാത്രമെന്ന് വെറുതെ കരുതിയ കാലം. പൂർത്തിയാകാതെ പോയ വെറും ഒരു പാഴ്ക്കിനാവായി എല്ലാം അവസാനിച്ചു. എപ്പോഴൊക്കെയോ തകർന്നുപോയ ഇഷ്ടങ്ങളുടെ പട്ടികയിൽ നിന്നും നൊമ്പരങ്ങളുടെ ഭൂതകാലം വെറുതെയെങ്കിലും നുള്ളിയെടുക്കും. ചിന്തകൾ പിന്നേയും നാട്ടിലെ പഴയ തറവാട്ടിലേക്ക് പറക്കുകയായി.
അപ്പച്ചിയുടെ മകനായതുകൊണ്ടാകും, അന്ന് കൈയിൽ പിടിച്ചുവലിക്കുമ്പോഴും കവിളിൽ മുത്തുമ്പോഴും ഭയം ലേശവും തോന്നാഞ്ഞത്. എട്ടാം തരത്തിന്റെ പടികളിലേക്ക് കുതിക്കുമ്പോഴാണ് പ്രായത്തിന്റെ പൂർണതയിൽ പുഷ്‌ക്കലയാകുന്നത്. യൗവ്വനം ശരീരത്തെ തൊട്ടുണർത്തിയിരുന്നെങ്കിലും തിരിച്ചറിയാതെ എരിയുന്ന പകലുകളും ഉറക്കം മതിവരാത്ത രാത്രികളും വളർച്ചയുടെ പടവുകളിൽ പിച്ചവച്ചു കൂടെയുണ്ടായിരുന്നു. കുഞ്ഞമ്മമാരുടെ ഉപദേശങ്ങളുടെ ഘോഷയാത്ര കാരണം ആൺവർഗത്തെ നേരിൽ കാണാൻ, അടുത്തു ചെല്ലാൻ ഭയമായിരുന്നു. കൂടെക്കൂടെയുള്ള അച്ഛന്റെ ഉപദേശം വേറെയും. ‘ഇല ചെന്നു മുള്ളിൽ വീണാലും മുള്ളു ചെന്ന് ഇലയിൽ വീണാലും ഇലയ്ക്കാണ് കേട.്’ അതിന്റെ അർത്ഥം ഒന്നും മനസ്സിലാക്കി സാരാംശം പഠിക്കാനുള്ള പക്വതയൊന്നും അന്ന് ഈ മനസ്സിനില്ലായിരുന്നു.
”എന്താണ് രാധേ, നീ ഒറ്റയ്ക്ക് മാറി നിൽക്കുന്നത്. പഴയ നിന്റെ തുള്ളിച്ചാട്ടവും പെടപെടുപ്പും എല്ലാം എവിടേക്ക് ഒഴിഞ്ഞുപോയി? ചോദ്യം വല്യച്ഛന്റെ രണ്ടാമത്തെ മകന്റേതായിരുന്നു.” മറുപടി ഒരു ചിരിയിൽ ഒതുക്കി ഊർന്നുവീഴാറായ സാരിത്തലപ്പിൽ കൈ പൊത്തി, മുഖത്തേക്ക് പാറിപ്പറന്ന ചുരുളൻമുടി ഒതുക്കി അല്പം കൂടി ഗൗരവത്തിൽ നിന്നു.
”ഇവരാരൊക്കെയെന്നു മനസ്സിലായോ! നീ ഈ കല്യാണത്തിനും വരുമെന്നാരും പ്രതീക്ഷിച്ചിരുന്നില്ല. ഈ കക്ഷിയെ നീ ഓർക്കുന്നുണ്ടോ? ഇവനാണ് നിന്റെ മുറച്ചെറുക്കനായിരുന്ന വേണു.” ഒരു നിമിഷം തരിച്ചുപോയി. കരകവിഞ്ഞു തുള്ളിയൊഴുകുന്ന പുഴപോലെ ആ നാളുകളുടെ ഓർമ്മചിത്രങ്ങൾ മനസ്സിൽ തിരികെയെത്തി. ചെറിയ പെൺകുട്ടികൾ താലപ്പൊലിയുമായി അഷ്ടമംഗല്യ വിളക്കേന്തിയ അമ്മായിയുടെ പിറകിൽ വലംവയ്ക്കുന്നു. താലികെട്ടു കഴിഞ്ഞ് പെണ്ണും ചെറുക്കനും കതിർമണ്ഡപം ചുറ്റുന്നു.
കഴിഞ്ഞകാലങ്ങളിലെ നഷ്ടങ്ങളുടെ, ചതിയുടെ വേരുകൾ മാന്തിയെടുത്തു മിനുക്കാൻ ഇഷ്ടമുണ്ടായിരുന്നില്ല. എന്നിട്ടും ഒന്നും മറക്കാനാകാതെ രക്തസമ്മർദ്ദം കൂടിവന്നു. ശ്വാസം അടക്കി എത്രനേരം. അന്ന് ആ കറുത്ത പകലിൽ എന്താണ് സംഭവിച്ചതെന്നറിയാനുള്ള വ്യഗ്രത കാലങ്ങളായി കൊണ്ടു നടന്നിരുന്നു. അത് ഒരിക്കൽകൂടി വീണ്ടും തലപൊക്കി. അത് എന്തെന്നറിയാനുള്ള ആകാംക്ഷ. അറിയാതെ ആ കാലത്തെ ഓർമ്മകളുടെ ഒരു പോസ്റ്റ്‌മോർട്ടം.
ഒറ്റയാനെപ്പോലെ മുന്നോട്ടു നടക്കുമ്പോഴേക്കും വേണുവേട്ടനും ഒപ്പം കൂടി. എന്തൊക്കെയോ പറഞ്ഞു തീർക്കാനെന്ന ഭാവത്തിൽ വലതുകൈകൊണ്ട് എന്നെ തടയാൻ വെമ്പൽകൊണ്ട് മുന്നിൽ കയറിനിന്നു. വർഷങ്ങൾക്കു മുൻപ്, പടിഞ്ഞാറെ ചായ്പ്പുരയിൽ ഇതേ ഭാവത്തോടെ കടന്നുപിടിച്ച ആ ആദ്യകാമുകനെ വീണ്ടും ഒരു നിമിഷം അടുത്തു കാണുകയാണ്.
അരപ്പാവാടയും ബാക്ക്ഓപ്പൺ ബ്ലൗസുമിട്ടു പാറിപ്പറന്നു നടന്നിരുന്ന ഒരു കുട്ടിക്കാലം. എല്ലാം വീണ്ടും പുനർജ്ജനിക്കുന്നതുപോലെ സർവ്വനിയന്ത്രണവും വിട്ടു ഒരു നിമിഷം ആ നെഞ്ചിലേക്ക് അറിയാതെ ചാഞ്ഞു. സ്ഥലകാലവിഭ്രാന്തി ബാധിച്ചവളായി തേങ്ങിക്കരഞ്ഞ നിമിഷം. നഷ്ടപ്പെട്ട സ്വപ്‌നസാമ്രാജ്യം തിരികെ കിട്ടിയിരുന്നോ. എന്തോ പെട്ടെന്ന് ഞാൻ മാറുകയായിരുന്നു.
”രാധേ, മോൾക്ക് ഈ ജന്മം ക്ഷമിക്കാനാകില്ലെന്നറിഞ്ഞുകൊണ്ട് തലകുനിച്ചു നിൽക്കുന്ന ഒരു കുറ്റവാളിയാണ് ഞാൻ. വീണ്ടും സംഭാഷണത്തിനു തുടക്കമിട്ടു. നിഗൂഢമായ ഒരുപിടി സങ്കടങ്ങൾ കണ്ണുനീരായൊഴുകി. എന്നെ ചേർത്തുപിടിച്ചിരുന്ന ആ കൈകൾ ഞാൻ വിടുവിച്ചു. ദയനീയമായി മാപ്പപേക്ഷയും നീട്ടി പിന്നേയും വേണുവേട്ടൻ നിറഞ്ഞകണ്ണുകളുമായി സംഭാഷണം തുടർന്നു.
”പ്രായംകൊണ്ട് മേജറായിരുന്നെങ്കിലും അന്ന് എന്റെ മനസ്സിനു പക്വത വന്നിരുന്നില്ലല്ലോ രാധേ. സ്‌നേഹത്തിന്റെ മൂല്യം തിരിച്ചറിഞ്ഞപ്പോഴേക്കും നഷ്ടബോധത്തോടെ ഞാൻ നിന്നെ കണ്ടെത്താൻ ശ്രമിച്ചു. കാരണം നിനക്കറിയാമല്ലോ പിന്നീടുള്ള കുറെ നാളുകൾ. ഞാൻ എരിയുകയായിരുന്നു. ഒന്നും മനഃപൂർവമല്ലായിരുന്നു.ആകെ നീ ഒരു പ്രശ്‌നക്കാരിയാണെന്ന് വടക്കേലെ ബാലൻ എന്റെ ചേച്ചിമാരെ തെറ്റിദ്ധരിപ്പിച്ചു. കോളജ് കാലഘട്ടത്തിൽ വിപഌവപാർട്ടിയുടെ നേതാവായി നീ മത്സരിച്ചതും ഇതിനെല്ലാം കാരണമായി.. നിനക്ക് ചേരുന്ന പെണ്ണല്ലെന്നു ബന്ധുക്കൾ പറഞ്ഞു മന്ത്രിച്ചു കാതടപ്പിച്ചു. കേട്ടു കേട്ടു ഈ മനസ്സിനു ചിത്തഭ്രമം ബാധിച്ചു എന്നതാണു സത്യം. അതെല്ലാമോർക്കുമ്പോൾ ഇന്നു ഞാൻ നീറുന്നുണ്ടെന്ന പരമാർത്ഥം മറച്ചുവയ്ക്കുന്നില്ല. പൊട്ടിത്തെറിച്ച് നടന്നിരുന്ന നിന്നെ എനിക്ക് സ്വന്തമാക്കാൻ വിധി അനുവധിച്ചില്ല. എല്ലാം അടഞ്ഞ അദ്ധ്യായം, ഇനിയും തുറക്കണ്ട.”
അങ്ങനെ നീണ്ട പരിദേവനങ്ങളുടെ കണക്കെടുപ്പിൽ അല്പസമയംകൊണ്ടുതന്നെ എനിക്ക് മടുപ്പുതോന്നി. ”ചേട്ടൻ ഒന്നറിഞ്ഞോളൂ, ഞാൻ ഒട്ടും ദുഃഖിതയല്ല. ഒരു സ്ത്രീയ്ക്ക് എത്തിപ്പിടിക്കാൻ കഴിയുന്നതിലും മുകളിൽ തൊട്ടാണ് ഞാൻ ഇപ്പോൾ നില്ക്കുന്നത്. പെട്ടെന്നുണ്ടായ മനസ്സിന്റെ ചാഞ്ചാട്ടമാണ് ഇപ്പോൾ ഒരു നിമിഷമുണ്ടായത്. ആരുടേയും സഹതാപം എനിക്കാവശ്യമില്ല. അവിടുന്നു ധരിക്കുംപോലെ ഞാൻ തളർന്നില്ല. വാശിയോടെ ജീവിതത്തെ കൈപ്പത്തിക്കുള്ളിൽ ചേർത്തുപിടിച്ചു. തികച്ചും സൗഭാഗ്യവതിയാണു ഞാൻ. അനുഭവങ്ങളിലൂടെ പോയ അസ്തിത്വം വീണ്ടെടുക്കുകയായിരുന്നു ആ കറുത്ത നാളുകൾ. എന്റെമേൽ ഒന്നിനും നിയന്ത്രണമില്ല. വികാരങ്ങളുടെ വേലിയേറ്റത്തിൽ പിന്നീടൊരിക്കലും മുങ്ങിത്താണില്ല. പ്രേമത്തിന്റെ ഇതൾവിരിഞ്ഞാടുന്ന സൗഗന്ധികപൂക്കളുടെ ഗന്ധം വെറും തീണ്ടാനാറിയേക്കാൾ രൂക്ഷമെന്നു ഞാൻ തിരിച്ചറിഞ്ഞു. സ്‌നേഹം കോരിനിറയ്ക്കുന്ന നല്ലൊരു കുടുംബത്തിലെ റാണിയാണിപ്പോൾ. മുഷിയാത്ത വേഷങ്ങളാടി തളിരിടും രാപ്പകലുകൾ ഇപ്പോഴും മുന്നിലുണ്ട്. പക്ഷേ, ചേട്ടാ അന്നു ഞാൻ വെറും ഒരു പൊട്ടിപെണ്ണായിരുന്നു. ഏതാണ്ട് ഒരു വർഷക്കാലം മുനിയെപ്പോലെ പ്രേമത്തെക്കുറിച്ച് അമിതമായി ചിന്തിച്ചു കോർത്തെടുത്ത ഒരുപിടി സ്വപ്‌നങ്ങൾ ഒറ്റ രാത്രികൊണ്ട് നിങ്ങൾ തല്ലിക്കൊഴിച്ചു. കാര്യമെന്തെന്നറിയാതെ ഞാൻ മുറി അടച്ചിട്ടു അസ്തപ്രജ്ഞയോടെ, നെടുവീർപ്പോടെ തേങ്ങുമ്പോൾ ഒരു സാന്ത്വനവാക്കോതാൻ പോലും ആരുമുണ്ടായിരുന്നില്ല.
ഒരു വേലികെട്ടിനപ്പുറം നിന്ന,് ഇരുണ്ട മുറിയുടെ ജന്നലിന്റെ വിടവിലൂടെ താങ്കൾ മറ്റൊരു പെണ്ണിന്റെ കൈപിടിച്ചു കടന്നുവരുമ്പോൾ എന്റെ ഹൃദയംനിന്നുപോയൊരു നിമിഷം നിങ്ങൾക്കു മനസ്സിലാകുന്നുണ്ടാകില്ല. ആദ്യരാത്രിയുടെ ലഹരി നുകർന്ന് മണിയറ കൊട്ടിയടയ്ക്കുമ്പോൾ എന്റെ മരിച്ച ആത്മാവിന്റെ ചിറകടി ആ ഓടിന്റെ വിടവിലൂടെ നിങ്ങൾ കേട്ട് കാണില്ല. ആത്മഹത്യയെക്കുറിച്ച് അലോചിച്ച് നാലു ചുവരുകൾക്കുള്ളിൽ ശ്വാസംമുട്ടി മരിക്കുമെന്നു തോന്നിയ ആ ശപിക്കപ്പെട്ട നാളുകളുടെ നാഴികമണി ഇപ്പോഴും ആ പഴയ തറവാട്ടിൽ നിലച്ചിട്ടുണ്ടാവില്ല. നമ്മുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതിനാൽ കല്യാണത്തിനുള്ള ആഭരണങ്ങളും പുടവയും ഞങ്ങളുടെ അലമാരിയിൽ അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു.

അതിനു മൂന്നു ദിവസം മുൻപ് നിങ്ങളുടെ ചേച്ചിമാരിൽനിന്നുമേറ്റ പ്രഹരത്തിന്റെ വിരൽപാടുകൾ ഈ ശരീരത്തിൽ ചുമന്ന് കരിനീലിച്ചുകിടക്കുന്നുണ്ടായിരുന്നു. ‘ചേട്ടാ’ എന്ന് അലറിവിളിച്ച് അടികൊണ്ട് താഴെ വീണുകിടന്നിരുന്ന എന്റെ കൈകൾ താങ്കളുടെ നേർക്ക് നീട്ടുമ്പോൾ ജന്നലിലൂടെ ഈ കാഴ്ച കണ്ടുനിന്നിരുന്ന നിങ്ങളുടെ രൂപം അകത്തേക്ക് ഉൾവലിഞ്ഞത് ഇപ്പോഴും കൺമുൻപിൽ. നിങ്ങളുടെ ദ്രവിച്ച മരപ്പലകകൾ ഒരു നിമിഷംകൊണ്ട് കൊട്ടിയടയ്ക്കപ്പെട്ടു.
എരിഞ്ഞുതീരാത്ത ചിതയണയ്ക്കാനാണ്, ഈ കല്യാണം കൂടാൻ വന്നത്. സ്ത്രീത്വം കളങ്കപ്പെടുത്തിയിരുന്നില്ലെങ്കിലും ആദ്യമായി ഈ ശരീരത്തിൽ പ്രേമവായ്‌പ്പോടെ കെട്ടിപ്പിടിച്ചുമ്മതന്ന പുരുഷൻ താങ്കളാണ്. പ്രേമത്തിന്റെ ആദ്യാക്ഷരങ്ങൾ എഴുതിയും പറഞ്ഞും പഠിപ്പിച്ചതും അവിടുന്നാണ്. ഞാൻ എഴുതി അയച്ചുതന്ന വിവാഹത്തിനു കൊണ്ടുവരേണ്ടതിന്റെ ഒരു നീണ്ട ലിസ്റ്റ് കുപ്പിവളകളുടെ നിറം, പുടവയുടെ കളർ, താലിയും മാലയും…. അപ്പോഴും നിങ്ങളുടെ മുറിയിലെ പെട്ടിയിൽ നിന്നും അനക്കിയിട്ടുണ്ടായിരുന്നില്ല!” പ്രണയത്തിന്റെ വീര്യം ചോർന്നൊലിച്ച ഒരു നിശബ്ദകാമുകൻ ഇപ്പോഴും ഇതാ കൺമുന്നിൽ.
പറഞ്ഞുതീരാത്ത, അനുഭവിച്ചറിഞ്ഞ ചില നോവുകൾ ഞാൻ ഇവിടെ എരിച്ചുതീർക്കുന്നു. കാർമേഘമൊഴിഞ്ഞൊരു വാനംപോലെ തെളിഞ്ഞ മനസ്സോടെ നമ്മുടെ യാത്ര ഇരുവഴികളിലേക്ക് വീണ്ടും തുടരാം. നിഷ്‌കളങ്കയായിരുന്ന ഒരു പെണ്ണിന്റെ ആത്മഗതം ഇവിടംകൊണ്ട് പറഞ്ഞുതീർത്ത് മടങ്ങാനായതിൽ സംതൃപ്തി, സന്തോഷമുണ്ട്.
ആടിത്തീർന്ന് അരങ്ങൊഴിയാൻ നിൽക്കുന്ന നർത്തകിയെപ്പോലെ നിശബ്ദസഞ്ചാരിണിയായി ഒറ്റയ്ക്കു വേറിട്ടുനിൽക്കണമെന്നു തോന്നി. അപരിചിതയായ്, വ്യഥയോടെ യാത്രപറയാൻ മനസ്സ് തയ്യാറെടുക്കുകയായിരുന്നു. പെട്ടെന്ന് പിന്നേയും വേണുവേട്ടന്റെ കൈകൾ എന്റെ നേർക്ക് നീണ്ടുവരുന്നതുകണ്ട് ഞാൻ ഒഴിഞ്ഞുമാറി. ഇല്ല, തല മെല്ലെയാട്ടി കണ്ണുകൾകൊണ്ട് വിടപറയുമ്പോൾ നീണ്ട ഒരു ദീർഘനിശ്വാസത്തോടെ കേൾക്കുന്നുണ്ടായിരുന്നു. ”ഇനിയൊരു ജന്മം ഉണ്ടെങ്കിൽ…”
”വേണ്ടാ. പാഴ്‌വാക്കുകൾ തൂക്കി വിൽക്കാനുള്ള ഇടം പിന്നെയും തേടണ്ട. ഞാൻ പറഞ്ഞു നിർത്തി. ഇനി നാം ഒരു ജന്മം കൂടി… ഒരിക്കലും…” വാക്കു മുഴുവിപ്പിക്കാതെ നിസ്സംഗയായ് തിരിഞ്ഞു ഞാൻ നടന്നു.
പണ്ടു പറഞ്ഞുതീരാത്ത പഴങ്കഥകൾ. കണ്ടുതീരാത്ത ദുഃസ്വപ്‌നങ്ങളെ പടിയടച്ചു പിണ്ഡംവയ്ക്കുമ്പോൾ അല്പമകലെ സദ്യയുടെ മേളം നടക്കുന്നുണ്ടായിരുന്നു.
ബലിക്കാക്കകൾ തങ്ങളുടെ ദുര്യോഗത്തെ ശപിച്ച് എച്ചിൽ ഇല കൊത്തിവലിച്ച് വാകീറി അപ്പോഴും കരയുന്നത് ദൂരേന്ന് കേൾക്കാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാള സിനിമയുടെ മുത്തച്ഛന്‍ വിടവാങ്ങി ;അന്ത്യം 98 ാം വയസില്‍

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു;അന്ത്യം 98 ാം വയസില്‍. പയ്യന്നൂരിലെ ആശുപത്രിയിലായ…