വർഗീയവാദികളുടെ കൊലക്കത്തിക്കിരയായ മഹാരാജാസ് കോളേജിലെ അഭിമന്യുവിനെക്കുറിച്ചുള്ള കണ്ണീരോർമ്മകൾ പങ്കുവയ്ക്കുകയാണ് പ്രശസ്ത സീരിയൽ ചലച്ചിത്രതാരം സീമ ജി നായർ. അഭിമന്യുവിനെക്കുറിച്ചുള്ള നാൻ പെറ്റ മകൻ എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചത് സീമയായിരുന്നു. ഷൂട്ടിംഗ് ആവശ്യത്തിനായി അഭിമന്യൂവിന്റെ വീട്ടിൽ പോയപ്പോഴുളള അനുഭവമാണ് അഭിയുടെ ഓർമ്മ ദിവസം സീമ പങ്കുവെച്ചത്.
സീമാ ജി നായരുടെ വാക്കുകളിലേക്ക്:
ഞാനും ഒരമ്മയാണ്… ഇന്ന് അഭിയുടെ ഓർമ ദിനം. നാൻ പെറ്റമകൻ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപെട്ടു എനിക്ക് വട്ടവടയിൽ അഭിയുടെ ജന്മസ്ഥലത്തു പോകേണ്ടി വന്നു.
അവൻ ജനിച്ച വീടും, ഓടിക്കളിച്ച വഴികളും, അവന്റെ ഓർമ്മകൾ ഉറങ്ങുന്ന, സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയ ആ ഗ്രാമത്തിലേക്കുള്ള എന്റെ യാത്ര വിങ്ങുന്ന മനസ്സോടെ ആയിരുന്നു. ആ വീട്ടിൽ തന്നെയായിരുന്നു ഷൂട്ടും. ആദ്യമായി അവിടെ ചെല്ലുമ്പോൾ കണ്ട കാഴ്ച്ച. അവന്റെ ഫോട്ടോയുടെ മുന്നിൽ രാവിലെ കാപ്പിയും ബിസ്‌ക്കറ്റും ലഡുവും വെച്ചിരിക്കുന്നു. അഭിയുടെ അമ്മയും ഉണ്ട് അതിന്റെ അടുത്ത്.
അവന്റ അമ്മയുടെ റോൾ ആയിരുന്നു സിനിമയിൽ എനിക്ക്. പിന്നെയുള്ള ഓരോ ദിവസവും ഓരോ അനുഭവങ്ങൾ ആയിരുന്നു.. കണ്ണുകൾ നിറഞ്ഞു കവിയാത്ത ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ല. അവർക്കു കേറി കിടക്കാൻ വീടും അഭിയുടെ പേരിൽ അവൻ ആഗ്രഹിച്ചത് പോലെ വട്ടവടയിൽ എല്ലാ സൗകര്യങ്ങളോടെ ഒരു വലിയ ലൈബ്രറിയും പെങ്ങളുടെ കല്യാണവും എല്ലാം നടന്നു.. പക്ഷെ അഭി മാത്രം ഉണ്ടായിരുന്നില്ല.
ആ ജീവൻ ഇല്ലാതാക്കിയവർ എന്ത് നേടി? എന്ത് സന്തോഷവും സമാധാനവും ആണ് അവർക്ക് കിട്ടിയത്. അവനെയും കാത്തു ചോറും കറിയും ഉണ്ടാക്കി അവനു ഇഷ്ടപ്പെട്ട ആഹാരങ്ങളും ഉണ്ടാക്കി വഴിയിലേക്ക് കണ്ണും നട്ടിരിക്കുന്ന അവന്റെ അമ്മ.. ഒരിക്കലും തിരിച്ചു വരില്ലയെന്നറിഞ്ഞിട്ടും പ്രതീക്ഷയോടെ ഇരിക്കുന്ന ഒരമ്മ.

ആ നൊമ്പരക്കാഴ്ച മരണം വരെ എന്നിലുണ്ടാവും.. ഇത് പോലെ പിടഞ്ഞു വീണ എല്ലാ മക്കളെയും അവരുടെ കുടുംബത്തെയും ഓർത്തുകൊണ്ട് അഭിയുടെ ആത്മാവിനു നിത്യ ശാന്തി നേർന്നുകൊണ്ട് രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടാവല്ലേയെന്നു പ്രാർത്ഥിച്ചുകൊണ്ട്… ഇതൊരു രാഷ്ട്രീയ കുറിപ്പല്ല എന്ന് പറഞ്ഞുകൊണ്ട് ഞാൻ എന്ന അമ്മയുടെ ആത്മനൊമ്പരക്കുറിപ്പ് മാത്രമാണിതെന്നു ഓർമിപ്പിച്ചുകൊണ്ട് നിർത്തുന്നു. ഇനിയും എന്തൊക്കെയോ എഴുതണം എന്നുണ്ട്, പക്ഷേ പറ്റുന്നില്ല. സീമാ ജി നായർ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഹയര്‍ ഇന്ത്യ എസ് 800ക്യുടി ക്യുഎല്‍ഇഡി സീരീസ് അവതരിപ്പിച്ചു

15 വര്‍ഷമായി തുടര്‍ച്ചയായി ഒന്നാം നമ്പര്‍ ആഗോള പ്രധാന അപ്ലയന്‍സസ് ബ്രാന്‍ഡായ ഹയര്‍ അപ്ലയന്…