സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്

കൊച്ചി: കോവിഡ് വൈറസിനെ പോലും തോൽപിക്കുന്നത് പ്രതിപക്ഷമോ, സർക്കാരിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളോ? അഗ്‌നിപർവ്വതത്തിന്റെ മുകളിലാണ് തലസ്ഥാനം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഞായറാഴ്ച രാവിലെ പറഞ്ഞു. രാത്രിയാകുമ്പോൾ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പിറ്റേദിവസം ഉച്ച കഴിഞ്ഞതോടെ സ്തംഭിച്ചു നിൽക്കുന്ന തലസ്ഥാനത്തുനിന്ന് സ്വർണ്ണ കള്ളക്കടത്തു കേസിൽ ഒളിവിൽ പോയ സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമെന്ന വാർത്ത പുറത്തുവരുന്നു. ഐടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയായ സ്വപ്‌നയുടെ നിയമനത്തെക്കുറിച്ച് അറിയില്ലെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറയുന്നതിന് മുൻപു തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഈ ഉദ്യോഗസ്ഥയെ പുറത്താക്കിയതായി വിവരം അറിയിക്കുന്നു.
രാത്രിയിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൗണും സ്വർണ്ണക്കടത്ത് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്ന് ആരെങ്കിലും കരുതിയാൽ കുറ്റപ്പെടുത്താനാവില്ല. ജനങ്ങളും മാധ്യമ സ്ഥാപനങ്ങളുമെല്ലാം ട്രിപ്പിൾ ലോക്ക്ഡൗണിന്റെ പിടിയിൽ നിശ്ചലമായ അവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി ആരോപണങ്ങൾ ഉയർന്നത്. ഐടി വകുപ്പ് സെക്രട്ടറി ശിവശങ്കറും ഒളിവിൽ പോയ സ്വപ്‌നയുമായുള്ള ബന്ധവും യുഎഇ കോൺസുലേറ്റിൽ നിന്ന് പുറത്താക്കപ്പെട്ട ഉടൻ തന്നെ ഈ യുവതിക്ക് ഐടി വകുപ്പിൽ ഉന്നത സ്ഥാനം ലഭിച്ചതുമാണ് വിവാദം.
യുഎഇ കോൺസുലേറ്റിന്റെ പേരിൽ വന്ന ഡിപ്ലോമാറ്റിക് ബാഗേജിലാണ് 30 കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്. 15 കോടിയോളം വിലവരുന്ന സ്വർണ്ണം പിടിച്ചെടുത്തപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ ആരോ വിളിച്ചു എന്നാണ് ബിജെപി പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടുപേർക്ക് സംഭവവുമായി പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാധ്യമങ്ങളോട് പറഞ്ഞു.
വിവാദ നായികയായ സ്വപ്‌നയെക്കുറിച്ച് തനിക്കറിയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും അദ്ദേഹത്തോടൊപ്പം സ്വപ്‌ന ഇരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നുകഴിഞ്ഞു. മുൻനിരയിൽ മുഖ്യമന്ത്രിയുടെ തൊട്ടരികിലാണ് സ്വപ്‌ന ഇരിക്കുന്നത്. ഇവരുടെ നിയമനത്തെക്കുറിച്ച് അറിയില്ലെന്ന പ്രസ്താവന അവിശ്വസനീയമാണ്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് സരിത നായരെ ചുറ്റിപ്പറ്റി ഉയർന്ന ആരോപണങ്ങളാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ പരാജയത്തിന് വഴിവച്ചത്. ഇപ്പോൾ സമാനമായ സാഹചര്യമാണ് ഇടതുപക്ഷ സർക്കാർ നേരിടുന്നത്.
മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയായ ഐടി വകുപ്പ് സെക്രട്ടറി ശിവശങ്കറുമായി സ്വപ്‌നക്കുള്ള ബന്ധം പുറത്തുവന്നുകഴിഞ്ഞു. യുവതിയുടെ ഫഌറ്റിലെ നിത്യ സന്ദർശകനായിരുന്നു ഇദ്ദേഹമെന്നാണ് ഫഌറ്റിലുള്ളവർ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ അമ്പലംമുക്കിലെ ഫഌറ്റിലെത്തി സിസിടിവി ദൃശ്യങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വപ്‌നയുടെ ഫഌറ്റ് റെയ്ഡ് ചെയ്യുകയും ചെയ്തു. വരുംദിവസങ്ങളിൽ സരിത വിവാദം പോലെ സ്വപ്‌ന വിവാദം കത്തിപ്പടരുമെന്ന് ഉറപ്പാണ്.
വൈറസിനെക്കാൾ മാരകമായ വേഗത്തിൽ അഴിമതി ആരോപണങ്ങൾ രംഗം കീഴടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാപ്പച്ചിയുടെ സ്‌റ്റൈൽ, ലാലേട്ടന്റെ ആറ്റിറ്റിയൂഡ്. സുരേഷേട്ടന്റെ കമാൻഡിംഗ്… ഇവരിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത് ആരായിരിക്കും? ദുൽഖറിന്റെ അഭിപ്രായം ഇതാ…

കൊച്ചി: ഗ്ലാമറിന്റെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും വ്യക്തിത്വത്തിന്റെ കാര…