ഹരിത എം

ഈർപ്പം കിനിയുന്ന സന്ധ്യകളും, ചളിചതുപ്പ് മണമുള്ള വസന്തകാലവുമാണ് ഉത്തര ഇംഗ്ലണ്ടിലെ യോർക്ക്‌ഷെയറിന്. വിഷാദം ഘനീഭവിച്ച, ജനവാസം കുറഞ്ഞ ആ പ്രദേശമാണ് ഇംഗ്ലീഷ് സാഹിത്യത്തിലെ ഒരിതിഹാസത്തിന് അരങ്ങൊരുക്കിയത്. ‘വുതറിങ് ഹൈറ്റ്‌സ്’. വിശ്വസാഹിത്യതിത്തിൽ എമിലി ബ്രോണ്ടിയുടെ ഈ മാസ്റ്റർപീസിന് പകരം നില്ക്കാൻ മറ്റൊരു പുസ്തകമില്ല.
മുപ്പത് വർഷത്തെ ഹ്രസ്വ ജീവിതംകൊണ്ട് അസാമാന്യമായ ഒരു മനഃശാസ്ത്രവിശകലനമാണ് ഈ നോവലിലൂടെ ബ്രോണ്ടി നടത്തിയത്. പകയുടേയും പ്രണയത്തിന്റേയും അസ്വാഭാവികമായ ഒരു കൂട്ടിച്ചേർക്കൽ. ഒരിക്കലുമതൊരു പുതിയ കോംബോ അല്ല, എന്നാൽ അസാധാരണമാണുതാനും.
പരസ്പരമുള്ള കണക്ഷൻ വിച്ഛേദിക്കപ്പെട്ട രണ്ടു കോൺസെപ്റ്റുകൾ, ബന്ധിപ്പിക്കാൻ ഒരു ഭൗമ രേഖയില്ലാത്ത രണ്ട് അക്ഷാംശ ബിന്ദുക്കൾ പോലെ. ഈ വിഭിന്ന ദ്വന്ദ്വങ്ങളുടെ കൊടുക്കൽവാങ്ങലിന് രൂക്ഷമായൊരു വായനയാണ് അവർ നൽകിയത്; വുത്തറിങ് ഹൈറ്റ്‌സിലെ ‘ഹിത്ക്ലിഫലൂടെ’. പ്രണയത്തിൽ നിന്ന് കുഴിച്ചു കയറിയാൽ നിങ്ങളെത്തിച്ചേരുക രക്തം കുടിച്ചുചീർത്ത യുദ്ധഭൂമിയുടെ പക ചൂടിലേക്കാണ് എന്ന് ഒരു വായനക്കാരന് ആദ്യമായിപറഞ്ഞുകൊടുത്തത്ഹിത്ക്ലിഫാണ്. മിസ്റ്റർ ഹിൻഡ്‌ലി ഏൺഷാ വളർത്തിയ അനാഥചെറുക്കൻ, ഹെർട്ടൺ ഏൺഷായുടെ കലിയൊടുങ്ങാത്ത ശത്രു, കാതറീൻ ഏൺഷായെ മരണം പോലെ സ്‌നേഹിച്ചവൻ.
ഗഹനമായ വിശദീകരണങ്ങളിൽ ഒതുങ്ങാത്ത വ്യക്തിമണ്ഡലത്തിന്റെ കാര്യക്കാരനായിരുന്നു വുത്തറിങ് ഹൈറ്റ്‌സിലെ നായകനായ ഹീത്ക്ലിഫ്. പ്രൈഡ്ആൻഡ് പ്രെജുഡീസിലെ ഡാർസിയെ പോലെ വശീകരണയുക്തനായ അരിസ്റ്റോക്രാറ്റ് ആയിരുന്നില്ല അയാൾ. ജീവിതത്തിന്റെ പുറംകാടുകളിൽ അലഞ്ഞുനടക്കുന്ന അരക്ഷിതനായിരുന്നു. സംസ്‌കരിക്കപ്പെട്ട പ്രണയചേഷ്ഠകൾ അയാളിൽ നിന്നും പ്രതീക്ഷിക്കാൻ കാതറീൻ ഏൺഷാ എന്ന നായികയ്ക്ക് കഴിയുമായിരുന്നില്ല. അമ്പു തറഞ്ഞ കാട്ടുപോത്തിന്റെ വന്യതയിലാണ് അയാളുടെ വ്യക്തിസത്ത നിലനിൽക്കുന്നത്.
‘എമിലി ബ്രോണ്ടിയിൽ കണ്ടെടുക്കപ്പെടാതെ കിടന്ന നാഗകാരികമല്ലാത്ത തിന്മയാണ് ഹിത്ക്ലിഫ്്’എന്ന് മാത്‌സ് മോർഗൻ വിമർശനം ഉന്നയിക്കുകയുണ്ടായി. എന്നാൽ അവരുടെ വ്യക്തിജീവിതത്തിലെ മടുപ്പിന്റേയുംമുഷിച്ചിലിന്റേയും നിസ്സഹായതയുടേയും അപരമണ്ഡലത്തെയാണ് ഹിത്ക്ലിഫ് അഡ്രഡ്ഡ് ചെയ്യുന്നത് എന്ന് എഡി മോർട്ടണെപോലെയുള്ള വിമർശകർ അഭിപ്രായപ്പെടുന്നു. അത് അങ്ങനെയാണോ എന്ന് മനസിലാക്കാൻ ഒരുവായനക്കാരൻ എമിലി ബ്രോണ്ടിയുടെ ജീവിതപരിസരത്തിലേക്ക് മടങ്ങേണ്ടിവരും.
യോർക്ക്‌ഷെയറിൽ, ഒരു ആംഗ്ലിക്കൻ പാതിരിയുടെ മകളായാണ് ബ്രോണ്ടി ജനിക്കുന്നത്. സാമൂഹികജീവിതത്തോട് തീരെ തല്പരനല്ലാത്ത, പരുക്കനായഒരച്ഛന്റെ മക്കളായാണ് എമിലി ബ്രോണ്ടിയും രണ്ട് സഹോദരിമാരും ഒരുസഹോദരനും വളർന്നത്. 1846കളിൽ സാഹിത്യത്തിലേക്ക് കടന്നുവന്ന ഈ മൂന്നുപെൺകുട്ടികൾ ‘ബ്രോണ്ടിസഹോദരിമാർ’ എന്നറിപ്പെട്ടു. കൃത്യം ഒരുവർഷം പിന്നിട്ടപ്പോൾ, അതായത് 1947ൽ എമിലി ബ്രോണ്ടിയുടെ വുത്തറിങ് ഹൈറ്റ്‌സ് പ്രസിദ്ധീകരിക്കപ്പെട്ടു. തൊട്ടുപിന്നാലെ സഹോദരിയായ ഷാർലറ്റ് ‘ജെയ്ൻ എയറും’ ആനി ‘പ്രഫസറും’ എഴുതുകയുണ്ടായി. ഇതിൽ ഷാർലറ്റിന്റെ ‘ജെയ്ൻ എയറാണ്’ ശ്രദ്ധിക്കപ്പെട്ടത്.
കുറച്ചുവർഷങ്ങൾക്കിടയിൽ തന്റെ മുപ്പതാം വയസ്സിൽ ക്ഷയം ബാധിച്ച് എമിലിയും, അല്പം മാസങ്ങൾക്കകം ആനിയും, പ്രസവസംബന്ധമായഅസുഖങ്ങൾ കൊണ്ട് ഷാർലറ്റും മരണമടഞ്ഞു.
സുഹൃത്തുക്കളേ ഇല്ലാത്ത, അസാധാരണവും അവ്യക്തവുമായ നിഴലുപോലെ ബഹിർഗമിക്കുന്ന, സ്വച്ഛന്ദ തടാകത്തിലെ നിർമ്മലമായൊരുപ്രതിബിംബമായിരുന്നു എമിലി ബ്രോണ്ടിയെന്നു ഐറിഷ് നിരൂപകനായ റോബിൻസൺ ഓർമ്മിക്കുന്നു.’മനോഹരമായ വസ്ത്രങ്ങളണിഞ്ഞ കിളിരം കൂടിയ രൂപം.വഴക്കമുള്ളശരീരചലനങ്ങൾ, മുറുക്കിയമർത്തിയാൽ പൊടിഞ്ഞുപോകുന്നത്ര മൃദുലമായ
നീണ്ട വിരലുകൾ, രക്തപ്രസാദമില്ലാത്ത വിളറിയമുഖം, ഇരുണ്ടമുടി, പ്രകാശിക്കുന്ന കാപ്പി കണ്ണുകൾ. കുടുംബത്തിലെമറ്റുള്ളവരെപ്പോലെ അവളും കണ്ണട ധരിച്ചിരുന്നു…’എമിലി ബ്രോണ്ടിയെ പ്രതി
റോബിൻസണിന്റെ കാല്പനികമായ രൂപരേഖ ഈ വിധം നീളുന്നു.
ശാരീരികമായി പ്രകടിപ്പിച്ചിരുന്ന ഇത്തരം ‘ഫ്രാജിലിറ്റികളാണ്’ പിൽക്കാലത്തുബ്രോണ്ടിയെ രോഗാവസ്ഥയിലേക്ക് എത്തിച്ചത് എന്നൊരു സമാന്തരവിവക്ഷയുണ്ട്. ക്ഷയരോഗം മൂർച്ഛിച്ചു മരിക്കുന്നതിന് കേവലം ഒരുവർഷം മുൻപാണ് ധനികപുത്രിയായ കാതറീൻ ഏൺഷായുടേയും,ഹിതക്ലിഫിന്റെയും അസാധാരണമായ പ്രണയത്തെ അവലംബിച്ചു വുത്തറിങ് ഹൈറ്റ്‌സ് എന്ന വിഖ്യാത രചന അവർ നടത്തുന്നത്.
മരണത്തിന്റെ മറയിൽ നിന്നുകൊണ്ട് വീക്ഷിച്ചപ്പോഴാവണം സംഭീതമായൊരു ആഖ്യാനതന്ത്രം ഈ പുസ്തകത്തിന് വേണ്ടി ബ്രോണ്ടി കൈകൊണ്ടത് എന്നാണ് നിരൂപകമതം.
കാരണം രോഗത്തിന് ശരീരത്തെ പൂർണമായിവിട്ടുകൊടുത്തുകൊണ്ട്, ജീവിതത്തിന്റെ സാധ്യതകളെ ഒരുതരത്തിലും സ്വീകരിക്കാതെ, മരണത്തിന്റെ വാതിൽപ്പടിയിൽ നിന്നാണ് അവരീപുസ്തകത്തിന് ജന്മം നൽകിയത്. അതുകൊണ്ടാണ് തീക്ഷ്ണമായ തന്റെ കോപാവേശവും,തീവ്രമെങ്കിലും വിഫലമായി തീർന്ന ലൈംഗികചോദനകളും,അസംതൃപ്തമായ പ്രേമത്തിന്റെ അമർഷവും, വിഷാദവും, അസൂയയും, സാഡിസവും ഹിത്ക്ലിഫിന്റെ മേൽതട്ടിയിട്ടുകൊണ്ട് ഇത്തരമൊരു പാത്രസൃഷ്ടിക്ക് അവർ മുതിർന്നത്.
ശക്തമായ ആത്മസ്വത്വത്തെ എഴുത്തിന് ഇന്ധനമായി സ്വീകരിച്ചു എന്നതാണ് ഇതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കാനാകുക. തന്റെ സഹജീവികളിൽ നിന്ന് നേരിട്ട ഭീകരമായ സ്‌നേഹഭ്രംശവും, അവഗണയുമാണ് ഹിത്ക്ലിഫിന്റെ മസോക്കിസ്റ്റിയൻ സവിശേഷതകളെ പരുവപ്പെടുത്തുവാൻ ബ്രോണ്ടി വിനിയോഗിച്ചത്. ജീവിതത്തിലൊരിക്കലും തനിക്ക് മറ്റൊരു വ്യക്തിക്കുമേൽ ചെലുത്താൻ കഴിയാതിരുന്ന സ്വാധീനശക്തി തന്റെ കഥാപാത്രത്തിലൂടെ അവർ നേടിയെടുത്തു. അതുകൊണ്ടാണ് വ്യക്തി എന്ന നിലയിൽ ഒരേസമയം ഹിത്ക്ലിഫിനെവെറുക്കാനും പ്രണയിക്കാനും കാതറീനിനെ അവർ പരിശീലിപ്പിച്ചത്.
പ്രണയം നിരസിക്കുകയും പ്രണയത്തിൽ പാളിച്ചകൾ സംഭവിച്ചുപോകുകയും ചെയ്യുന്ന പെൺകുട്ടികളെ കഴുത്തറുത്തും, തീയിട്ടും കൊല്ലാൻ മടിയില്ലാത്ത, പ്രണയവും പ്രതികാരവും കുഴഞ്ഞുകിടക്കുന്ന നിയോകൊളോണിയൽ കാമുകന്മാരുടെ സങ്കീർണമായ ഇൻഫീരിയോരിറ്റി കോംപ്ലക്‌സുകൾ പുത്തരിയല്ലാത്തതുകൊണ്ട്, ഹിത്ക്ലിഫിന്റെ സമകാലീനവായനകൾ പ്രസക്തമായി തന്നെ തുടരും. ഒപ്പം ജീവിതകാലത്തിനിടയിൽ ഈയൊരു ഒറ്റ നോവൽ മാത്രം എഴുതിപൂർത്തിയാക്കിയ എമിലി ബ്രോണ്ടിയും.
പ്രതിഭയുടെ വിഷമയമായ പൂർണ്ണതയാണ് ഒറ്റപുസ്തകം മാത്രം എഴുതിയ എഴുത്തുകാരിൽ വെളിപ്പെട്ടു നിൽക്കുക.അസാധാരണമായ ഈ പൂർണ്ണത അപകടകരമാംവിധം നായാടുന്നതാണ് എന്നത്
വുതറിങ് ഹൈറ്റ്‌സ്‌നെ സംബന്ധിച്ചിടത്തോളം തർക്കമറ്റതാണ്. കാരണം, ഇറങ്ങാൻ നിങ്ങൾ തിരുമാനിക്കുകയാണെങ്കിൽ ‘മടങ്ങിപ്പോക്ക്’ എന്ന ചോയ്‌സ് ഈ പുസ്തകം ഒരിക്കലും നൽകില്ല.യോർക്ക്‌ഷെയറിലും, വുതറിങ്‌ഹൈറ്റിലുമായി ഗതികിട്ടാതെ നിങ്ങൾ അലഞ്ഞേക്കും. അവിടെ വെച്ച് വായനക്കാരനെ കെണിയിൽപ്പെടുത്തി പീഡിപ്പിച്ചു കൊല്ലുന്ന ഉന്മാദികളായ പുസ്തകങ്ങളെ ശപിച്ച് ,ജന്മങ്ങൾ തന്നെ നഷ്ടപ്പെടുത്തിയേക്കും.

* ജൂലായ് 30നായിരുന്നു എമിലി ബ്രോണ്ടിയുടെ ഇരുനൂറ്റിരണ്ടാംപിറന്നാൾ

Leave a Reply

Your email address will not be published. Required fields are marked *

Check Also

സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം ആരംഭിച്ചു; കൊല്ലത്ത് എം.മുകേഷും കാസര്‍ഗോഡ് എം.എല്‍ അശ്വിനിയും പത്രിക നല്‍കി

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരം…