മലയാളികളുടെ പ്രിയങ്കരനായ ചലച്ചിത്ര ഗാനരചയിതാവും, കവിയും, സംഗീതസംവിധായകനും, ഗായകനും, നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി നവതിയുടെ നിറവിൽ. കണ്ണൂർ ജില്ലയിലെ കൈതപ്രം എന്ന ഗ്രാമത്തിൽ കണ്ണാടി ഇല്ലത്തു കേശവൻ നമ്പൂതിരിയുടെയും(കണ്ണാടി ഭാഗവതർ എന്നറിയപ്പെടുന്നു), അദിതി അന്തർജ്ജനത്തിന്റെയും മൂത്ത മകനായി 1950ൽ ജനിച്ചു. അച്ഛൻ കേശവൻ നമ്പൂതിരി ചെമ്പൈയുടെ ശിഷ്യനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം കർണാടക സംഗീതം അഭ്യസിച്ചു. കുറച്ചു കാലം മാതൃഭൂമി ദിനപത്രത്തിൽ പ്രൂഫ് റീഡറായി ജോലി നോക്കിയിരുന്നു.
എസ്.വി.എസ്. നാരായണന്റെ ശിഷ്യനായിരിക്കെ തിരുവനന്തപുരത്ത് ‘തിരുവരങ്ങ്’ എന്ന നാടക സമിതിയുമായി ബന്ധപ്പെട്ടു. 1970കളിൽ കവിതഗാന രംഗത്തേക്കു കടന്നു. നരേന്ദ്രപ്രസാദിന്റെ ‘നാട്യഗൃഹ’ത്തിൽ നടനും സംഗീതസംവിധായകനും ഗായകനുമായി. 1980ലാണ് മാതൃഭൂമിയിൽ പ്രൂഫ് റീഡറായി ജോലിയിൽ പ്രവേശിക്കുന്നത്. 1985ൽ ഫാസിൽ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രമാണ് കൈതപ്രം ഗാനരചന നടത്തിയ ആദ്യചിത്രം. ഇതിലെ ദേവദുന്ദുഭി സാന്ദ്രലയം എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 300ൽ അധികം ചിത്രങ്ങൾക്കു ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കുടുംബപുരാണം എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധേയനായി. സോപാനം എന്ന ചിത്രത്തിനുവേണ്ടി തിരക്കഥയും എഴുതി. സ്വാതിതിരുനാൾ, ആര്യൻ, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, ദേശാടനം തുടങ്ങി 20ൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
1993ൽ പൈതൃകത്തിലെ ഗാനരചനയ്ക്കും 1996ൽ അഴകിയ രാവണൻ എന്ന ചിത്രത്തിലെ ഗാനരചനയ്ക്കും സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു. നാടകഗാന രചനയ്ക്കും രണ്ടുതവണ സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിയിട്ടുണ്ട്. 1996ൽ ദേശാടനത്തിലൂടെ സംഗീതസംവിധായകനുമായി. 1997ൽ കാരുണ്യത്തിലെ ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടി. ദേശാടനം, കളിയാട്ടം, തട്ടകം, എന്നു സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ഇരുപതോളം ചിത്രങ്ങൾക്കും സംഗീതസംവിധാനം നടത്തി. ഇതിനകം നാനൂറിൽപ്പരം ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്. ഗാനരചന കൂടാതെ, കർണാടകസംഗീതരംഗത്തെ സംഭാവനകളെ മാനിച്ച് തുളസീവന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ ഇദ്ദേഹം സ്ഥാപിച്ച സ്വാതിതിരുനാൾ കലാകേന്ദ്രം സംഗീതപഠനത്തിനും ഗവേഷണത്തിനുമുളള ഒരു മാതൃകാ സ്ഥാപനമാണ്. രോഗശമനത്തിന് സംഗീതചികിത്സ ഫലപ്രദമാണെന്നു തെളിയിക്കാൻ കേരളത്തിലെ നിരവധി ആതുരാലയങ്ങളിൽ ഇദ്ദേഹം സംഗീതപരിപാടികളും ഗവേഷണങ്ങളും നടത്തിവരുന്നു.സഹോദരങ്ങൾ കണ്ണാടി വാസുദേവൻ നമ്പൂതിരി, സരസ്വതി, തങ്കം, സംഗീതസംവിധായകൻ കൈതപ്രം വിശ്വനാഥൻ എന്നിവരാണ്. ഭാര്യ പ്രമുഖ ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകൾ ദേവി അന്തർജ്ജനവും, മക്കൾ പിന്നണിഗായകനായ ദീപാങ്കുരൻ, ദേവദർശൻ എന്നിവരുമാണ്.