മുഖംമൂടിയിട്ടു കഴിഞ്ഞാൽ അമ്മപെങ്ങൻമാരെ തിരിച്ചറിയില്ലേ? മകളെ പോലും പിച്ചിച്ചീന്താം എന്ന് കരുതുന്ന കാപാലികൻമാർ കേരളത്തിൽ വർദ്ധിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധിക്കണമെങ്കിൽ ഹൈക്കോടതിയുടെ തീട്ടൂരം വേണം. ഇപ്പോഴാകട്ടെ, രോഗത്തെ തടയാൻ നേതൃത്വം നൽകുന്നത് പോലീസ് മേധാവികളാണ്. അങ്ങനെ ഹൈക്കോടതിയുടെയും പോലീസിന്റെയും കടുത്ത നിയന്ത്രണത്തിൽ കഴിയുന്ന കേരളത്തിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കൂട്ട ബലാത്സംഗം അരങ്ങേറിയത്.
75 വയസുള്ള, സ്ഥിര ബുദ്ധിയില്ലാത്ത അമ്മയെ വിളിച്ചുകൊണ്ടുപോയി നാലുപേർ ചേർന്ന് അതിക്രൂരമായി മാനഭംഗപ്പെടുത്തി. ആന്തരികാവയവങ്ങൾ തകർന്ന നിലയിൽ ഈ അമ്മ എറണാകുളം കോലഞ്ചേരി മെഡിക്കൽ കോളേജിൽ അതിതീവ്ര പരിചരണത്തിലാണ്. പീഡനത്തിനിരയായ അമ്മയുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ആശുപത്രി പുറപ്പെടുവിച്ച മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.
മാസ്‌ക്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും അജ്ഞാതനായ വൈറസിൽ നിന്നും ജീവൻ രക്ഷിക്കാനായി മനുഷ്യർ പരക്കം പായുന്നതിനിടയിലാണ് കോലഞ്ചേരിയിൽ ഈ ക്രൂരത അരങ്ങേറിയത്. മാറിടത്തിൽ കത്തി കൊണ്ട് കീറിയ പാടുകൾ. ആന്തരികാവയവങ്ങൾ തകർന്ന് പുറത്തേക്ക് ഒഴുകിയ രക്തസ്രാവം കണ്ട് തളർന്നുപോയ മകൻ. കേരളം ഇതിനുമുൻപ് ഇതുപോലെ ഒരു രംഗം കണ്ടത് യുഡിഎഫ് സർക്കാരിന്റെ അവസാന നാളുകളിൽ പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ ദാരുണാന്ത്യത്തിലാണ്. ഇന്നത്തെ പ്രതിപക്ഷ നേതാവ് ആഭ്യന്തര മന്ത്രിയായിരുന്ന അന്ന്, ഇന്നത്തെ മുഖ്യമന്ത്രിയും കൂട്ടരും നടത്തിയ പ്രക്ഷോഭത്തിന്റെ അലയൊലി കേരളം മറന്നിട്ടില്ല. മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ പിണറായി വിജയൻ പറഞ്ഞു, ഇനി കേരളത്തിൽ ഒരു പെൺകുട്ടിക്കും തലയണക്കടിയിൽ വെട്ടുകത്തിയുമായി ഉറങ്ങേണ്ടി വരില്ല. അതിനും മുൻപ് മുഖ്യമന്ത്രിയായിരുന്ന വിഎസ് ഒരിക്കൽ പറഞ്ഞു, സ്ത്രീപീഡകരെ കയ്യാമം വച്ച് തെരുവിലൂടെ നടത്തും. അന്ന് കോളിളക്കം സൃഷ്ടിച്ച ശാരിയുടെയും കവിയൂർ പെൺകുട്ടിയുടെയും പീഡനത്തെക്കുറിച്ചായിരുന്നു വിഎസിന്റെ പ്രഖ്യാപനം. അതുകഴിഞ്ഞ് ഉമ്മൻചാണ്ടി ഭരണത്തിന്റെ അവസാന നാളുകളിലാണ് ജിഷ കൊല്ലപ്പെട്ടത്. ആസാം സ്വദേശിയായ ഒരു പ്രതിയെ പിടികൂടിയെങ്കിലും ആ കേസിന്റെ ഇപ്പോഴത്തെ അവസ്ഥ ആർക്കും അറിയില്ല.
പിണറായി സർക്കാർ അധികാരമേറ്റശേഷം സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും കേരളത്തിൽ നിത്യസംഭവമായി മാറി. ഏറ്റവും ഒടുവിൽ സ്വന്തം വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പാലത്തായിലെ അധ്യാപകന് ജാമ്യം ലഭിക്കാനുള്ള വഴി പോലും പോലീസ് ഒരുക്കി. അമ്മയുടെ പരാതിയെ തുടർന്ന് ആ കേസ് ഇപ്പോൾ വീണ്ടും പരിഗണിച്ചിരിക്കുകയാണ് ഹൈക്കോടതി. അതിനു പിന്നാലെയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന 75 വയസുള്ള അമ്മക്ക് നേരെയുണ്ടായിരിക്കുന്ന അതിക്രൂരമായ പീഡനം. ഈ വീട്ടമ്മയുടെ സംരക്ഷണം സാമൂഹ്യനീതി വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും ഏറ്റെടുത്തതായി മന്ത്രി കെ.കെ ശൈലജ പറഞ്ഞു. വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ ജോസഫൈൻ സംഭവസ്ഥലത്തെത്തി പതിവുപോലെ ഞെട്ടൽ രേഖപ്പെടുത്തി.
കോലഞ്ചേരിയിലെ വീട്ടിൽ നിന്ന് അയൽവാസിയായ സ്ത്രീയും മകനും ചേർന്നാണത്രെ പുകയിലയും ചായയും നൽകാമെന്ന് പറഞ്ഞ് സ്ഥിരബുദ്ധിയില്ലാത്ത അമ്മയെ കൂട്ടിക്കൊണ്ടുപോയത്. നാല് അധമൻമാർ ചേർന്നാണ് അവരുടെ മുത്തശ്ശിയുടെ പ്രായമുള്ള സ്ത്രീയെ അതിക്രൂരമായി പിച്ചിച്ചീന്തിയത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പോലും പ്രതികരിക്കാനാകാത്ത അവസ്ഥയിലാണ് കേരളം. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടി എന്ന് പറയുന്ന സർക്കാർ ഈ അസാധാരണ സംഭവത്തിൽ എന്ത് അസാധാരണ നടപടിയാണ് എടുക്കാൻ പോകുന്നത്? എല്ലാ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന പതിവ് ഉറപ്പിനപ്പുറം അവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ നമ്മുടെ പോലീസിന് കഴിയുമോ?
ലോകത്തെ പേടിപ്പിച്ചു കൊണ്ടിരിക്കുന്ന അജ്ഞാതനായ വൈറസിനെ പിടികൂടാൻ നിയോഗിച്ചിരിക്കുന്നത് എറണാകുളം കമ്മീഷണർ വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പോലീസിനെയാണ്. അദ്ദേഹത്തിന്റെ അധികാര പരിധിയിൽപെട്ട എറണാകുളത്താണ് ഞായറാഴ്ച പട്ടാപ്പകൽ ഈ വീട്ടമ്മ പീഡനത്തിനിരയായത്. ബുദ്ധിസ്ഥിരതയില്ലാത്ത, പ്രായാധിക്യം ബാധിച്ച സ്ത്രീക്ക് പോലും രക്ഷയില്ലാത്ത നാടായി ദൈവത്തിന്റെ നാട് മാറുകയാണ്.
ടിവി ചന്ദ്രന്റെ ഓർമ്മകളുണ്ടായിരിക്കണം എന്ന സിനിമ പോലെ ഭരിക്കുന്നവർക്ക് ഓർമ്മകളുണ്ടായിരിക്കണം. തങ്കമണിയും സൂര്യനെല്ലിയും കവിയൂരും കിളിരൂരും മറന്നുപോയാലും പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകമെങ്കിലും മറക്കാനുള്ള കാലമായിട്ടില്ല. പൗരാവകാശത്തിന് വിലക്കേർപ്പെടുത്തിയ ഹൈക്കോടതിയും സർക്കാരും ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങൾ എങ്ങനെ പ്രതികരിക്കണം എന്നുകൂടി ഒരു തീട്ടൂരം അടിയന്തിരമായി പുറപ്പെടുവിക്കണം. അല്ലെങ്കിൽ യുദ്ധസമാനമായ സാഹചര്യം മുതലെടുത്ത് ക്രിമിനലുകൾ അഴിഞ്ഞാടും. കോവിഡ് വൈറസിനെക്കാൾ മാരകമാണ് ഇവരുടെ ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചാലക്കുടി എംഎൽഎ ബി.ഡി. ദേവസ്സി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നു