സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ ലോകത്ത് ഒന്നാമത് എന്ന് അവകാശപ്പെട്ടിരുന്ന മുഖ്യമന്ത്രി ഇപ്പോൾ പറയുന്നു, ഒരു പ്രത്യേക ദശാസന്ധിയിലാണ് നാം അകപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് പ്രതിരോധ നടപടികളുടെ നേതൃത്വം പോലീസിനെ ഏൽപ്പിച്ചത്. എന്നാൽ കഴിഞ്ഞ ആറുമാസമായി ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തിയിരുന്ന ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും സന്നദ്ധ സംഘടനകളുമെല്ലാം പറയുന്നത് ഇത് പോലീസ് രാജ് ആണെന്നാണ്. ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ആത്മവീര്യം തകർക്കുന്നതാണ് നടപടിയെന്ന് കെജിഎംഒയും ഐഎംഎയും ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ സംഘടനയും പറയുന്നു.
യുദ്ധം ജയിക്കും മുൻപ് പിആർ വർക്കിലൂടെ ആഘോഷം നടത്തിയ സർക്കാരിന് കിട്ടിയ തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടായ രോഗവ്യാപനമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആരോപിച്ചു. ലാത്തി കൊണ്ടും തോക്ക് കൊണ്ടും രോഗത്തെ നേരിടുന്ന മുഖ്യമന്ത്രിയുടെ നടപടിയിൽ ദുരൂഹതയുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. എല്ലാവരുമായി സഹകരിച്ച് രോഗത്തെ പ്രതിരോധിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് നോഡൽ ഓഫീസറായി നിയോഗിക്കപ്പെട്ട ഐജി വിജയ് സാഖറെ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കെതിരല്ല പോലീസിന്റെ പ്രവർത്തനം. എല്ലാവരെയും ഒന്നിച്ചുനിർത്തി രോഗത്തെ നേരിടാൻ പോലീസ് നേതൃത്വം നൽകുന്നു എന്നുമാത്രം.
അതേസമയം തലസ്ഥാനത്ത് ഗുരുതരമാണ് സ്ഥിതി. ഡിജിപിയുടെ പോലീസ് ആസ്ഥാനം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. നിയമസഭയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് അടച്ചു. 237 പേർക്ക് രോഗം കണ്ടെത്തിയ തലസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണം നൂറു ശതമാനമാണ്. ട്രിപ്പിൾ ലോക്ക്ഡൗണുള്ള പ്രദേശങ്ങളിലും ലോക്ക്ഡൗണുള്ള പ്രദേശങ്ങളിലും രോഗം വ്യാപിക്കുകയാണ്. എന്നിട്ടും അടച്ചുപൂട്ടലും ഭയപ്പെടുത്തലുമല്ല രോഗം തടയാനുള്ള മാർഗ്ഗമെന്ന് സർക്കാർ തിരിച്ചറിയുന്നില്ല. അതിന് തെളിവാണ് പോലീസ് രാജ് ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടി.
കണക്കുകൾ പരിശോധിച്ചാൽ രോഗവ്യാപനത്തിൽ ഇന്ന് കേരളം ലോകത്ത് ഒന്നാം സ്ഥാനത്താണ്. ജൂൺ മാസത്തിൽ അമേരിക്കയിലെ രോഗികളുടെ എണ്ണം 19 ലക്ഷമായിരുന്നു. ഇന്ത്യയിൽ രണ്ടുലക്ഷം. ബ്രസീലിൽ അഞ്ചുലക്ഷം. അപ്പോൾ കേരളത്തിൽ 1327 രോഗികൾ. ആഗസ്റ്റ് തുടക്കത്തിൽ എത്തിയപ്പോൾ അമേരിക്കയിൽ 47 ലക്ഷം. ബ്രസീലിൽ 27 ലക്ഷം. ഇന്ത്യയിൽ 18 ലക്ഷം. കേരളത്തിൽ 24743 രോഗികൾ. വർദ്ധനവിന്റെ ശതമാന കണക്ക് ഞെട്ടിക്കുന്നതാണ്. യുഎസിൽ വർദ്ധനവ് 247 ശതമാനം. ബ്രസീലിൽ 540 ശതമാനം. ഇന്ത്യയിൽ 900 ശതമാനം. കേരളത്തിൽ 1864 ശതമാനം.
രോഗത്തെ നേരിടാനുള്ള ഓട്ടത്തിൽ ഞങ്ങൾ ഒന്നാമത് എന്ന് ആഘോഷിച്ച കേരള സർക്കാരിന് രോഗവ്യാപനം തടയുന്നതിലേറ്റ തിരിച്ചടി ഏറെ ഗുരുതരമാണ്. അതുകൊണ്ടാവും മുഖ്യമന്ത്രി ഇന്നലെ കുറ്റബോധത്തോടെ കാര്യങ്ങൾ തിരിച്ചറിയാൻ പറഞ്ഞത്. ഇന്നാകട്ടെ, ദശാസന്ധിയിൽ എത്തിയതുകൊണ്ടാണ് നിയന്ത്രണം പോലീസിന് നൽകിയത് എന്നാണ് വിശദീകരണം.
തോക്കും ലാത്തിയും രോഗത്തെ നേരിടാനുള്ള ആയുധമല്ല. മാസ്‌ക്കിന് പകരമാകില്ല പോലീസിന്റെ ഭയപ്പെടുത്തൽ. ടിയർ ഗ്യാസ് പൊട്ടിക്കാനും ആചാര വെടി മുഴക്കാനും പോലീസിന് കഴിയും. അതുകൊണ്ടൊന്നും കൊറോണയെ തളയ്ക്കാനോ, പേടിപ്പിക്കാനോ പോലീസിനും പോലീസ് മന്ത്രിക്കും കഴിയില്ല. ഡോക്ടർമാർ ചെയ്യേണ്ട പണി അവർ ചെയ്യണം. നഴ്‌സുമാർക്ക് പകരം വയ്ക്കാൻ മറ്റാരുമില്ല. എന്നിട്ടും നേതൃത്വത്തിലേക്ക് പോലീസിനെ നിയോഗിച്ച മുഖ്യമന്ത്രി തെറ്റ് തിരുത്തുന്നതിന് പകരം വലിയ അബദ്ധത്തിലേക്കാണ് എടുത്തുചാടിയിരിക്കുന്നത്. സമൂഹത്തിന്റെ സമസ്ത മേഖലകളും പറയുന്നു, പോലീസല്ല ആരോഗ്യ വകുപ്പാണ്, ഡോക്ടർമാരാണ്, ആരോഗ്യ പ്രവർത്തകരാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടത്. കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കാനും നിരീക്ഷിക്കാനും സമ്പർക്ക രോഗികളെ കണ്ടെത്താനും പോലീസിനെക്കാൾ പ്രാഗത്ഭ്യം എല്ലാ അർത്ഥത്തിലും ആരോഗ്യ പ്രവർത്തകർക്കാണ്. എന്തുകൊണ്ടാണ് ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർത്തിട്ടും ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ ഈ നടപടിയെ എതിർക്കാത്തത്? മുഖ്യമന്ത്രിയുടെ തിരുവായ്ക്ക് എതിർവായില്ലെന്ന് ഒരിക്കൽക്കൂടി കേരളം ദുഃഖത്തോടെ തിരിച്ചറിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചാലക്കുടി എംഎൽഎ ബി.ഡി. ദേവസ്സി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നു