സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്

കൊച്ചി: എൻഐഎയുടെ അന്വേഷണം ഇനി യുഎഇയിലേക്ക്. ദുബായ് പോലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന ഫൈസൽ ഫരീദിനെയും റബിൻസിനെയും കസ്റ്റഡിയിൽ വാങ്ങാൻ യുഎഇയിലേക്ക് പോകാനായി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി എൻഐഎ തേടി. കള്ളക്കടത്തിലെ മുഖ്യ കണ്ണിയായ ഫൈസൽ ഫരീദിന് അവിടെ നിന്നും 200 കിലോയിൽ ഏറെ സ്വർണ്ണം നൽകിയ ഉന്നതരിലേക്കാണ് അന്വേഷണം എത്തുന്നത്. വൻകിട പ്രവാസി വ്യവസായിക്ക് ഫൈസൽ ഫരീദുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ ഏജൻസിക്ക് സൂചനകൾ ലഭിച്ചു. സ്വപ്‌നാ സുരേഷിന്റെ ജാമ്യാപേക്ഷയിൽ ഹാജരാക്കിയ രേഖയിൽ ഈ വ്യവസായിയുടെ പേര് രേഖപ്പെടുത്തിയിരുന്നു.
യുഎഇ കോൺസുലേറ്റ് ജനറലും അറ്റാഷെയും അറിഞ്ഞുകൊണ്ടാണ് കള്ളക്കടത്ത് നടത്തിയതെന്നാണ് സ്വപ്‌ന നൽകിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കള്ളക്കടത്തിലുള്ള പങ്ക് അന്വേഷിക്കാൻ കൂടിയാണ് എൻഐഎ എത്തുന്നത്.
രണ്ട് രാജ്യങ്ങളിലും വിവാദം ഉയർത്തിയ കള്ളക്കടത്തിനെക്കുറിച്ച് യുഎഇ നടത്തിവരുന്ന ആഭ്യന്തര അന്വേഷണം പൂർത്തിയാകാതെ ഫൈസൽ ഫരീദിനെ കൈമാറുമോ എന്ന കാര്യം സംശയകരമാണ്. എന്തായാലും കള്ളക്കടത്തിന്റെ ഉറവിടം യുഎഇ ആയതുകൊണ്ടുതന്നെ ഫൈസലിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും നിർണ്ണായകമായി മാറും. സ്വർണ്ണം ആര് നൽകി, കോൺസുലേറ്റ് വഴി നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം അയക്കാനുള്ള സൗകര്യം എങ്ങനെ ലഭിച്ചു തുടങ്ങിയ ചോദ്യങ്ങൾക്ക് ഫൈസൽ നൽകുന്ന മറുപടി കള്ളക്കടത്തിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശും. സ്വപ്‌ന നൽകിയ രഹസ്യ മൊഴിയിൽ ഉന്നതരായ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും ഉൾപ്പെട്ടതുപോലെ ഫൈസലിന്റെ ചോദ്യം ചെയ്യലിൽ പ്രവാസി വ്യവസായിയുടെയും എംബസിയിലെ ഉദ്യോഗസ്ഥരുടെയും പങ്ക് വെളിപ്പെടുമെന്നാണ് കരുതുന്നത്.
സ്വപ്‌നാ സുരേഷിന്റെ ജാമ്യ ഹർജിയിൽ വാദം നടന്നെങ്കിലും കോടതി തീരുമാനത്തിനായി മാറ്റിവച്ചു. യുഎപിഎ കള്ളക്കടത്ത് കേസിൽ നിലനിൽക്കില്ല എന്ന വാദമാണ് പ്രതിഭാഗം അഭിഭാഷകൻ ഉയർത്തിയത്. എന്നാൽ നയതന്ത്ര ബാഗേജിലൂടെ അനവധി പ്രാവശ്യം രാജ്യത്തെത്തിയ കോടികളുടെ സ്വർണ്ണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുന്നതാണ്. തീവ്രവാദ പ്രവർത്തനത്തിനും ഈ പണം എത്തുന്നതായിട്ടാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ രാജ്യദ്രോഹക്കുറ്റം ഈ കേസിൽ നിലനിൽക്കുമെന്ന് എൻഐഎ അഭിഭാഷകൻ വാദിച്ചു. മുഖ്യമന്ത്രി കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എഴുതിയ കത്ത് ഇതിന് തെളിവാണെന്ന് എൻഐഎ കോടതിയിൽ സമർത്ഥിച്ചു. അതോടെയാണ് വിധി പറയാനായി കേസ് മാറ്റിവച്ചത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് കുരുക്ക് മുറുകിയതിന് പിന്നാലെ മന്ത്രി കെ.ടി ജലീലിനെതിരെയുള്ള ആരോപണങ്ങൾ സർക്കാരിന് പുതിയ ഭീഷണി ഉയർത്തിയിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സിയാപ്റ്റിൽ കോൺസുലേറ്റിന്റെ വാഹനത്തിൽ പലവട്ടം പാഴ്‌സലുകൾ എത്തിയതായി എൻഐഎയുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ വാഹനത്തിൽ വന്ന പാഴ്‌സലുകൾ സർക്കാർ വാഹനത്തിൽ മൂവാറ്റുപുഴ, പെരുമ്പാവൂർ വഴി മന്ത്രി ജലീലിന്റെ മണ്ഡലമായ മലപ്പുറത്തേക്ക് പോയി. ഇതിനിടയിൽ മറ്റൊരു വാഹനം ബാംഗ്ലൂരിലേക്കും പോയതായിട്ടാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന വിവരം. സർക്കാരിന്റെ പ്രസിദ്ധീകരണങ്ങൾക്കൊപ്പം യുഎഇയിൽ നിന്ന് ലഭിച്ച ഖുർആനാണ് നയതന്ത്ര ബാഗേജിൽ എത്തിയതെന്നാണ് മന്ത്രിയുടെ വിശദീകരണം. മന്ത്രിയുടെ ഓഫീസിലെയും സിയാപ്റ്റിലെയും സിസിടിവി ദൃശ്യങ്ങൾ എൻഐഎ പരിശോധിച്ചുവരികയാണ്.
ഇതിനുപുറമെയാണ് 2017ൽ 18 ടൺ ഈന്തപ്പഴം നയതന്ത്ര ബാഗേജിലൂടെ സംസ്ഥാന സർക്കാരിനു വേണ്ടി എത്തിച്ചത്. 40000 വിദ്യാർത്ഥികൾക്ക് കൊടുക്കാനായിരുന്നു ഈ 18 ടൺ ഈന്തപ്പഴം എത്തിച്ചത്. യുഎഇയിൽ നിന്ന് ഇത്രയും ഈന്തപ്പഴം ഡിപ്ലോമാറ്റിക് ചാനൽ വഴി കൊണ്ടുവന്നതിനെക്കുറിച്ച് സുപ്രീം കോടതി അഭിഭാഷകനായ കോശി ജേക്കബ് വിദേശകാര്യ മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് വിദേശകാര്യ ജോയിന്റ് സെക്രട്ടറി അഭിഭാഷകന് മറുപടിയും നൽകിയിട്ടുണ്ട്. നിയമങ്ങൾ പാലിച്ചുകൊണ്ടാണോ ഈ ബാഗേജുകൾ കേരളത്തിലെത്തിയത്? ആ ബാഗേജുകളിൽ ഈന്തപ്പഴമല്ലാതെ സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന ആരോപണമാണ് അഭിഭാഷകൻ ഉന്നയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ചും എൻഐഎ തെളിവെടുപ്പ് നടത്തും.
തുടക്കത്തിൽ മന്ത്രി ജലീൽ വാർത്താസമ്മേളനത്തിൽ 1000 ഭക്ഷ്യക്കിറ്റുകൾ സപ്ലൈക്കോയിൽ നിന്ന് വാങ്ങി, അതിന്റെ ബില്ലാണ് സ്വപ്‌ന വഴി കോൺസുലേറ്റിന് നൽകിയതെന്നാണ് പറഞ്ഞിരുന്നത്. ആ സമയത്ത് ഖുർആൻ എത്തിയ വിവരമോ, അത് വിതരണം ചെയ്ത കാര്യമോ അദ്ദേഹം പറഞ്ഞിരുന്നില്ല. മൂവാറ്റുപുഴയിലും പെരുമ്പാവൂരിലും ആർക്കെല്ലാമാണ് ഈ പാഴ്‌സൽ എത്തിച്ചതെന്ന് എൻഐഎ പരിശോധിക്കുകയാണ്. ബാംഗ്ലൂരിലേക്ക് കൊണ്ടുപോയ പാഴ്‌സൽ ആർക്കാണ് കൈമാറിയത്? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടാനായി വൈകാതെ മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്ത് എൻഐഎ തെളിവ് ശേഖരിക്കും. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോ മന്ത്രി യുഎഇയുമായി നേരിട്ട് ഇടപാടുകൾ നടത്തിയത് എന്ന കാര്യവും അന്വേഷണ ഏജൻസി പരിശോധിക്കും. ഈന്തപ്പഴം വിതരണം ചെയ്ത ചടങ്ങ് ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ആ ചടങ്ങിൽ പ്രതി സ്വപ്‌നയും പങ്കെടുത്തിരുന്നു. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ അടക്കം പങ്കെടുത്ത ചടങ്ങിൽ അന്ന് യുഎഇയുടെ പ്രതിനിധിയായിട്ടാണ് സ്വപ്‌ന പങ്കെടുത്തത്. ആ ചടങ്ങിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കറും പങ്കെടുത്തിരുന്നു. ശിവശങ്കറിന് പിന്നാലെ എൻഐഎ ചോദ്യം ചെയ്യാൻ പോകുന്ന പ്രമുഖനായി മന്ത്രി ജലീൽ മാറും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചാലക്കുടി എംഎൽഎ ബി.ഡി. ദേവസ്സി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നു