‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന് ലോകത്തെ പഠിപ്പിച്ച ശ്രീനാരായണഗുരുവിന്റെ 166ാം ജന്മദിനം പിന്നിടുമ്പോൾ സംസ്ഥാന സർക്കാർ അദ്ദേഹത്തിന്റെ പേരിൽ ഒരു ഓപ്പൺ സർവ്വകലാശാല പ്രഖ്യാപിച്ചത് വലിയ കാര്യമാണ്. എത്രയോ മുൻപ് ചെയ്യേണ്ടിയിരുന്ന ഒന്നായിരുന്നു ഇതെന്ന് പറയുമ്പോൾ തന്നെ വൈകിയാണെങ്കിലും ഇത്തരം ഒരു തീരുമാനം കൈക്കൊണ്ട പിണറായി സർക്കാർ അഭിനന്ദനം അർഹിക്കുന്നു.
1888ൽ അരുവിപ്പുറത്ത് ആറ്റിൽ നിന്ന് മുങ്ങിയെടുത്ത കല്ല് ശിവലിംഗമാക്കി പ്രതിഷ്ഠിച്ച നാരായണ ഗുരു എല്ലാ അർത്ഥത്തിലും സാമൂഹ്യ വിപ്ലവത്തിന്റെ പ്രതിഷ്ഠയാണ് അന്ന് നടത്തിയത്. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന മഹദ് വചനം അതിനു മുൻപോ, അതിനുശേഷമോ ഒരു മഹാനും പറയാൻ കഴിയാത്ത ഒന്നായി ഇന്നും അവശേഷിക്കുന്നു.
എന്നാൽ നാരായണഗുരു മുന്നോട്ടുവെച്ച ഒരു സന്ദേശവും ജീവിതത്തിൽ പകർത്താൻ അദ്ദേഹത്തിന്റെ ജന്മം കൊണ്ട് അനുഗ്രഹിക്കപ്പെട്ട കേരളത്തിനു പോലും കഴിഞ്ഞില്ല എന്നതാണ് ദുരന്തം. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും, സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’ എന്ന് ഗുരു എത്രയോ വർഷം മുൻപ് പറഞ്ഞുവെച്ചു. എല്ലാ കാലത്തേക്കുമുള്ള പ്രചോദനമായി മാറേണ്ട ആ സന്ദേശം ഉൾക്കൊള്ളാൻ ഇന്നും കേരളീയർക്കുപോലും കഴിഞ്ഞിട്ടില്ല.
ജാതി ചോദിക്കരുത്, പറയരുത് എന്ന് ഗുരു പറഞ്ഞപ്പോൾ ജാതി ചോദിക്കണം, പറയണം എന്ന് തിരുത്തിയ ‘മഹാൻമാരാണ്’ ഗുരു സ്ഥാപിച്ച എസ്എൻഡിപി പ്രസ്ഥാനത്തെ ഇന്ന് നയിക്കുന്നത്. വിഗ്രഹാരാധാന പാടില്ലെന്നുപറഞ്ഞ ഗുരുവിനെ തന്നെ വിഗ്രഹമാക്കി മാറ്റിയ ക്രൂരതയാണ് ഗുരുവിനോട് നാം ചെയ്ത ഏറ്റവും വലിയ അപരാധം. സമഭാവനയും സാഹോദര്യവുമാണ് ഒരു ജനത സ്വീകരിക്കേണ്ട ഹൃദയമന്ത്രമെന്ന നാരായണ ഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ടിരുന്നെങ്കിൽ ഇന്നത്തെ ഇന്ത്യ എത്രയോ വിഭിന്നമാകുമായിരുന്നു.
നൂറ്റാണ്ടു മുൻപ് ഗുരു നൽകിയ എളിമയുടെയും ഒരുമയുടെയും മഹനീയമായ സന്ദേശങ്ങൾ ഉൾക്കൊള്ളാൻ നമുക്ക് കഴിയാതെ പോയി. അതുകൊണ്ടാണ് ജാതികളും ഉപജാതികളുമായി ഇന്നും മനുഷ്യരെ പല തട്ടുകളിൽ നിർത്തി ഭരണാധികാരികൾ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നത്. മദ്യം വിഷമാണ്, അത് വിൽക്കരുത്, ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന ഗുരു സന്ദേശം പോലും കാറ്റിൽ പറത്തി, മദ്യവിൽപന ഏറ്റവും വലിയ വരുമാന മാർഗ്ഗമായി കണ്ടവരാണ് നാം. മാറി വന്ന ഓരോ സർക്കാരും മദ്യവർജ്ജനത്തെക്കുറിച്ച് പ്രസംഗിക്കുകയും മദ്യ കച്ചവടം കൊണ്ടുമാത്രം ഖജനാവ് നിറയ്ക്കുകയും ചെയ്തു. ഇത്തരത്തിൽ നാരാണഗുരുവിന്റെ മഹത്തായ സന്ദേശങ്ങളും അദ്ദേഹത്തിന്റെ മഹദ് കാവ്യങ്ങളും വിസ്മരിച്ചവരാണ് മലയാളികൾ. ലോകം മുഴുവൻ ഇന്നും ആരാധിക്കുന്ന നാരായണ ഗുരുവിന്റെ മഹത്വം തിരിച്ചറിയാനും അത് ജീവിത വ്രതമാക്കി മാറ്റാനും കഴിയേണ്ടിയിരുന്നത് കേരളീയർക്കാണ്. എന്നാൽ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ പരസ്പരം കൊല്ലാനും കൊല്ലിക്കാനും പോലും മടിയില്ലാത്ത ഒരു സമൂഹമായി കേരളം അധഃപതിച്ചു എന്നതാണ് സത്യം.
നാരായണ ഗുരുവിന്റെ പേരിൽ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കുന്ന സർവ്വകലാശാല ഈ തെറ്റുകൾ തിരുത്താനുള്ള ഒരു കേന്ദ്രമായി മാറണം. വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത നാരായണ ഗുരുവിന്റെ പേരിൽ കൊല്ലം ആസ്ഥാനമായിട്ടാണ് ഓപ്പൺ സർവ്വകലാശാല വരുന്നത്. കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലെയും വിദൂര വിദ്യാഭ്യാസ പഠന വിഭാഗങ്ങൾ യോജിപ്പിച്ചാണ് ഓപ്പൺ സർവ്വകലാശാല തുടങ്ങുന്നത്.
നാരായണ ഗുരുവിന്റെ ദർശനങ്ങളും അദ്ദേഹത്തിന്റെ കൃതികളും മഹത്തായ ആ ജീവിതവും പഠിപ്പിക്കാൻ കഴിഞ്ഞാൽ തന്നെ ഈ സർവ്വകലാശാല ലോകത്തിലെ വ്യത്യസ്തമായ സർവ്വകലാശാലയായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അത്തരത്തിലുള്ള ഒന്നാകണം സർക്കാർ ആരംഭിക്കുന്ന ഗുരുവിന്റെ പേരിലുള്ള സർവ്വകലാശാല.
മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 സർവ്വകലാശാലയ്ക്ക് തുടക്കമിടാൻ തിരഞ്ഞെടുത്തത് ഉചിതമായ നടപടിയാണ്. മഹാത്മാഗാന്ധിയും നാരായണ ഗുരുവും കണ്ടുമുട്ടിയ 1925 മാർച്ച് 12ാം തിയതി ശിവഗിരിയിലെ മാവിന് ചുവട്ടിൽ വെച്ചുണ്ടായ ആ സംഭാഷണം ഈ ഘട്ടത്തിൽ ഓർമ്മിക്കുന്നത് അർത്ഥവത്താണ്. അസാമാന്യ പ്രതിഭകളായിരുന്ന മഹാത്മജിയും നാരായണ ഗുരുവും തമ്മിലുണ്ടായ സംഭാഷണത്തിന്റെ പരിഭാഷകനാകട്ടെ, മഹാകവി കുമാരനാശാനായിരുന്നു. വൈക്കം സത്യാഗ്രഹം, അക്രമ രാഹിത്യം, മതം, പിന്നോക്കക്കാരുടെ ഉന്നമനത്തിനുള്ള മാർഗ്ഗം എന്നിവയായിരുന്നു സംഭാഷണ വിഷയങ്ങൾ. രണ്ട് ചിന്താധാരകൾ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയായിരുന്നു ആ അപൂർവ്വമായ കൂടിക്കാഴ്ച. അയിത്തത്തിന് എതിരാണെങ്കിലും വർണ്ണവ്യവസ്ഥ നിലനിൽക്കണമെന്ന അഭിപ്രായമായിരുന്നു ഗാന്ധിജി പ്രകടിപ്പിച്ചത്. എന്നാൽ ജാതിയുടെ എല്ലാ അതിർവരമ്പുകളും ഇല്ലാതാക്കണമെന്ന് നാരായണ ഗുരു മഹാത്മജിയെ തിരുത്തി. മതം ഒന്നേയുള്ളൂ എന്ന വാദത്തോട് മഹാത്മാഗാന്ധി വിയോജിച്ചു. വിഭിന്ന മനുഷ്യർ ഉള്ളിടത്തോളം കാലം വിഭിന്ന മതങ്ങളുണ്ടാകുമെന്നും സഹിഷ്ണുതയാണ് വേണ്ടതെന്നും ഗാന്ധിജി വാദിച്ചു. മാവിൽ നിന്ന് ഇലകൾ പറിച്ച് ഗാന്ധിജി പറഞ്ഞു. ഒരേ മരത്തിലെ ഈ ഇലകൾ പോലും ഒരുപോലെയല്ലല്ലോ? ഇലകൾ വിഭിന്നമാണെങ്കിലും അവയുടെ രുചി ഒന്നുതന്നെയാണ് എന്ന് നാരായണ ഗുരു മറുപടി നൽകി. ഗുരുവിന്റെ വ്യാഖ്യാനത്തിനു മുന്നിൽ മഹാത്മജി എതിർത്തൊന്നും പറഞ്ഞില്ല. അതായിരുന്നു അത്യപൂർവ്വമായ ആ കൂടിക്കാഴ്ച. മഹാത്മാഗാന്ധിയുടെയും നാരായണ ഗുരുവിന്റെയും ജീവിതവും ദർശനങ്ങളും പുതിയ തലമുറയ്ക്ക് മുന്നിൽ തുറന്നുവെയ്ക്കുന്ന ഒന്നായി മാറണം ഗുരുവിന്റെ പേരിലുള്ള സർവ്വകലാശാല.
വിശ്വഭാരതി സർവ്വകലാശാലക്കുവേണ്ടി ധനം സമാഹരിക്കാൻ 1922 നവംബറിൽ മഹാകവി രവീന്ദ്രനാഥ ടാഗോർ കേരളത്തിലെത്തിയത് മറ്റൊരു ചരിത്ര സംഭവമാണ്. അദ്ദേഹം നാരായണ ഗുരുവിനെ കാണാൻ ശിവഗിരിയിലെത്തി. ഘോഷയാത്രയുടെ അകമ്പടിയോടെ പല്ലക്കിലാണ് കവിയെ ബ്രിട്ടീഷ് മിഷണറി വൈദിക മഠത്തിൽ എത്തിച്ചത്. കുമാരനാശാൻ തന്നെയായിരുന്നു അപ്പോഴും ഇവരുടെ സംഭാഷണം പരസ്പരം കൈമാറിയത്. സംഭാഷണത്തിനുശേഷം രവീന്ദ്രനാഥ ടാഗോർ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇദ്ദേഹത്തെക്കാൾ വലിയ ഒരു മഹാപുരുഷനെ എനിക്ക് മുൻപൊരിക്കലും കാണാൻ സാധിച്ചിട്ടില്ല. അനന്തതയിലേക്ക് ദൃഷ്ടികൾ പായിക്കുന്ന ഗുരുവിന്റെ ചൈതന്യം തുളുമ്പുന്ന ഈ തേജസ് ഞാൻ ഒരുകാലത്തും മറക്കുകയില്ല. ഒരേസമയം ടാഗോറിനെയും മഹാത്മജിയെയും ഒരുപോലെ സ്വാധീനിക്കാൻ കഴിഞ്ഞിരുന്ന ശ്രീനാരായണ ഗുരു നൂറ്റാണ്ടുകൾ കഴിയുമ്പോഴും കാലത്തെ അതിജീവിക്കുകയാണ്.
കേരളത്തിൽ അക്കാലത്ത് നടമാടിയിരുന്ന തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മക്കും എതിരെയുള്ള നിശബ്ദ വിപ്ലവമാണ് നാരായണ ഗുരു നടത്തിയത്. സ്ത്രീകൾക്ക് മാറ് മറയ്ക്കാനും പുരുഷൻമാർക്ക് മുട്ടിന് താഴെ മുണ്ടുടുക്കാനും സ്വാതന്ത്ര്യമില്ലാതിരുന്ന കാലം. ചട്ടമ്പിസ്വാമികളുടെയും അയ്യങ്കാളിയുടെയും മറ്റും പിന്തുണയോടെയാണ് സാമൂഹ്യ മാറ്റങ്ങൾക്കുവേണ്ടി ഗുരു പ്രയത്‌നിച്ചത്. കുമാരനാശാനായിരുന്നു ഗുരുവിന്റെ സന്തത സഹചാരി. അധഃസ്ഥിതർ ഉൾപ്പെടെയുള്ള പിന്നോക്കജാതിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടാണ് നാരായണ ഗുരു എസ്എൻഡിപി പ്രസ്ഥാനത്തിന് രൂപം നൽകിയത്. കുമാരനാശാനും സിവി കുഞ്ഞിരാമനും സി.കേശവനും അടക്കമുള്ളവരായിരുന്നു യോഗത്തിന്റെ ആദ്യകാല പ്രവർത്തകർ. ഡോക്ടർ പൽപ്പുവും കുമാരനാശാനുമായിരുന്നു സാംസ്‌ക്കാരിക പ്രവർത്തനങ്ങളിലൂടെ യോഗത്തിന് ബൗദ്ധികമായ മണ്ഡലങ്ങളിലും വേരോട്ടമുണ്ടാക്കിയത്.
നാരായണ ഗുരുവിന്റെ നിഴലായി നടന്നിരുന്ന കുമാരനാശാൻ പിന്നീട് മഹാകവിയായി മാറിയതിന് പിന്നിൽ പ്രവർത്തിച്ചതും നാരായണ ഗുരുവിന്റെ കവിത്വം തന്നെയായിരുന്നു. കേരളത്തിന്റെ സാമൂഹ്യ മാറ്റത്തിന് തുടക്കമിട്ടത് ഗുരു തന്നെയായിരുന്നു. നാരായണ ഗുരുവും ചട്ടമ്പിസ്വാമികളും അടക്കമുള്ള മഹാത്മാക്കൾ ഉഴുതുമറിച്ച മണ്ണിലാണ് കമ്മ്യൂണിസം അതിവേഗം പടർന്നു പന്തലിച്ചത്. ഗുരുവിന്റെ പേരിൽ ഒരു സർവ്വകലാശാല എന്ന സങ്കൽപ്പം യാഥാർത്ഥ്യമാക്കാനുള്ള ചരിത്ര ദൗത്യം അതുകൊണ്ടുതന്നെയാകാം കമ്മ്യൂണിസ്റ്റ് സർക്കാരിന് കൈവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

24/06/2024