മുംബൈ: റിലയൻസ് റീട്ടെയിൽ ബിസിനസിന്റെ 40 ശതമാനം ആമസോണിന് വിറ്റേക്കുമെന്ന് റിപോർട്ട്. റീട്ടെയിൽ ബിസിനസിലെ ഏകദേശം 20 ബില്യൺ ഡോളർ ഓഹരി ആമസോണിന് വിൽക്കുന്നത് സംബന്ധിച്ച് മുകേഷ് അംബാനി താൽപര്യം അറിയിച്ചതായാണ് പുറത്തു വരുന്ന വിവരം.
റിലയൻസ് റീട്ടെയിൽ വെൻചേഴ്‌സ് ലിമിറ്റഡിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ആമസോൺ ചർച്ചകൾ നടത്തിയെന്നും ഇടപാടുകൾ സംബന്ധിച്ച തുടർ ചർച്ചകൾ നടത്താൻ താൽപര്യം പ്രകടിപ്പിച്ചതായും പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപോർട്ട് ചെയ്യുന്നു.
ഈ കരാർ വിജയിച്ചാൽ, ഇന്ത്യയിൽ ഒരു റീട്ടെയിൽ ഭീമൻ കമ്പനി സൃഷ്ടിക്കപ്പെട്ടേക്കുമെന്നാണ് റീട്ടെയിൽ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നത്. ജെഫ് ബെസോസിനെയും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയെയും എതിരാളികളിൽ നിന്ന് സഖ്യകക്ഷികളാക്കി മാറ്റുകയും ലോകത്തെ അതിവേഗം വളരുന്ന ഉപഭോക്തൃ വിപണികളിലൊന്നായി ഇന്ത്യ മാറുകയും ചെയ്‌തേക്കും.
ബ്ലൂംബെർഗിന്റെ കണക്കുകൾ പ്രകാരം 20 ബില്യൺ ഡോളർ കരാർ നടപ്പായാൽ, അത് ഇന്ത്യയിലെയും ആമസോണിന്റെയും എക്കാലത്തെയും വലിയ ഇടപാടായിരിക്കും. ബ്ലൂംബെർഗിന്റെയും ദേശീയ മാധ്യമങ്ങളുടെയും റിപ്പോർട്ടുകൾക്ക് ശേഷം റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ എക്കാലത്തെയും ഉയർന്ന നിലയിലെത്തി. മുംബൈയിലെ വ്യാപാരത്തിനിടെ സ്റ്റോക്ക് 8.5 ശതമാനം ഉയർന്നു. ബിഎസ്ഇ സെൻസെക്‌സിലെ ദിവസത്തെ മികച്ച നേട്ടമാണിത്. കൂടുതൽ മൂലധന ഒഴുക്ക് പ്രതീക്ഷിച്ച് ഇന്ത്യൻ രൂപ ഡോളറിനെതിരെ 0.5 ശതമാനം ഉയർന്ന് 73.1588 എന്ന നിലയിലെത്തി.
സിൽവർ ലേക്ക് റിലയൻസ് റീട്ടെയ്‌ലിൽ 7500 കോടി രൂപ നിക്ഷേപിക്കും
അമേരിക്കൻ നിക്ഷേപക വമ്പനായ സിൽവർ ലേക്ക് റിലയൻസ് റീട്ടെയ്‌ലിൽ 7500 കോടി രൂപ നിക്ഷേപിക്കുമെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫ്യൂച്ചർ ഗ്രൂപ്പിന്റെ ചില്ലറ, മൊത്തവ്യാപാര ശൃംഖല റിലയൻസ് റീട്ടെയ്ൽ ഏറ്റെടുത്തതിന് പിന്നാലെയാണ് സിൽവർ ലേക്ക് നിക്ഷേപം നടത്തുന്നത്. റിലയൻസ് റീട്ടെയിലിന്റെ 1.75 ശതമാനം ഓഹരിയായിരിക്കും സിൽവർ ലേക്കിന് ലഭിക്കുക. ഒരു ഓഹരിക്ക് 681 രൂപ നൽകിയാണ് സിൽവർ ലേക്കിന്റെ നിക്ഷേപം.
ഇന്ത്യയിലെ 7000 നഗരങ്ങളിലെ 11,806 റീട്ടെയിൽ സ്റ്റോറുകളിലായി 28.7 ദശലക്ഷം ചതുരശ്ര അടി ചില്ലറ വിൽപ്പനശാലകളാണ് റിലയൻസിനുള്ളത്. 2006 ൽ സ്ഥാപിതമായ റിലയൻസ് റീട്ടെയിൽ ഓഗസ്റ്റ് അവസാനം കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, ലോജിസ്റ്റിക് ബിസിനസുകൾ, കടബാധ്യത ഉൾപ്പെടെ 3.38 ബില്യൺ ഡോളർ വിലമതിക്കുന്ന ഒരു ഇടപാടിൽ വാങ്ങുമെന്ന് വ്യക്തമാക്കിയിരുന്നു.
മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള ആർഐഎൽ, ഡിജിറ്റൽ ബിസിനസായ ജിയോ പ്ലാറ്റ്‌ഫോമുകളിലെ ഓഹരികൾ വിറ്റ് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള ആഗോള നിക്ഷേപകരിൽ നിന്ന് 20 ബില്യൺ ഡോളറിലധികം സമാഹരിച്ചിരുന്നു. ഫേസ്ബുക്ക് ഇടപാടിന് ശേഷം ജിയോയിൽ നിക്ഷേപം നടത്തിയ ആദ്യത്തെ യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമാണ് സിൽവർ ലേക്ക്, 10,200 കോടി രൂപയാണ് അവർ ജിയോ പ്ലാറ്റ്‌ഫോമിൽ നിക്ഷേപിച്ചത്.
‘സിൽവർ ലേക്കുമായുള്ള ബന്ധം ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുമായി സമഗ്ര പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ പരിവർത്തന ശ്രമങ്ങളിലേക്ക് മൂല്യം നൽകുന്നതിൽ സന്തോഷമുണ്ട്. ഈ മേഖലയിൽ വളരെയധികം ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ സാങ്കേതികവിദ്യ പ്രധാന പങ്കുവഹിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അതിലൂടെ ചില്ലറ പരിസ്ഥിതി വ്യവസ്ഥയുടെ വിവിധ ഘടകങ്ങൾക്ക് സമഗ്ര വളർച്ചാ വേദികൾ നിർമ്മിക്കുന്നതിന് സഹകരിക്കാനാകും. ഇന്ത്യൻ റീട്ടെയിലിനായുള്ള ഞങ്ങളുടെ കാഴ്ചപ്പാട് നടപ്പിലാക്കുന്നതിൽ സിൽവർ ലേക്ക് വിലമതിക്കാനാവാത്ത പങ്കാളിയാകും. ‘
സിൽവർ ലേക്കുമായുള്ള ഇടപാടിനെക്കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.
‘ഈ നിക്ഷേപത്തിലൂടെ റിലയൻസുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. മുകേഷ് അംബാനിയും റിലയൻസിലെ സംഘവും അവരുടെ ധീരമായ കാഴ്ചപ്പാട്, സാമൂഹിക നേട്ടങ്ങളോടുള്ള പ്രതിബദ്ധത, നവീകരണ മികവ്, കാര്യപ്രാപ്തി എന്നിവയിലൂടെ റീട്ടെയിൽ, സാങ്കേതികവിദ്യയിൽ മികച്ച ഒരു ലോകനേതാവിനെ സൃഷ്ടിച്ചു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ജിയോമാർട്ടിന്റെ വിജയം, പ്രത്യേകിച്ചും ഇന്ത്യയും ലോകത്തിന്റെ മറ്റു ഭാഗങ്ങളും കോവിഡ് 19 മഹാമാരിയെ നേരിടുമ്‌ബോൾ, യഥാർത്ഥത്തിൽ അഭൂതപൂർവമാണ്. ഇന്ത്യൻ റീട്ടെയിലിനായുള്ള അവരുടെ ദൗത്യത്തിൽ റിലയൻസുമായി പങ്കാളിയാകാൻ ക്ഷണിക്കപ്പെട്ടതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ‘ സിൽവർ ലേക്കിന്റെ കോസിഇഒയും മാനേജിംഗ് പാർട്ണറുമായ എഗോൺ ഡർബൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം മാര്‍ച്ച് 31 വരെ ന…