എസ്. ജഗദീഷ് ബാബു

തോളറ്റം വെട്ടിനിർത്തിയ നരവീണ മുടിയിലൂടെ പതുക്കെ വിരലോടിച്ച് തലയുയർത്തി എന്നെ നോക്കിയ അമ്മ. പിന്നെ വരണ്ട ചുണ്ടുകളാൽ വാത്സല്യപൂർവ്വം മന്ത്രിച്ചു. ‘എന്റെ കുട്ടി വല്ലാണ്ടെ മെലിഞ്ഞിരിക്കുന്നൂലോ. എന്താ കഞ്ഞിയും ചോറും ഒന്നും കഴിക്കണില്യേ നീയ്യ്’. ഒന്നും മിണ്ടാതെ, വെറുതെ അമ്മയെ നോക്കി കട്ടിലിൽ ഇരുന്നു. ഞരമ്പുകൾ എഴുന്നുനിൽക്കുന്ന അമ്മയുടെ ശോഷിച്ച കൈകൾ എന്റെ കവിളുകൾക്കായി പരതുന്നത് അറിയുന്നുണ്ടായിരുന്നു ഞാൻ. ഒട്ടിയ കവിളുകളിൽ കണ്ണീരിന്റെ നേർത്ത നനവ്. അത് സന്തോഷത്തിന്റേതായിരുന്നോ. ‘നീയ്യ് നെന്റെ അനുജനേം അനുജത്തിയേം പോയ് കണ്ട് വാ. വടക്കേ അറയിൽ പാലും കുടിച്ച് കിടക്കണ്ണ്ടാവും. പാവം രഞ്ജിനിക്കുട്ടി. ഇന്നലെ രാത്രി മുഴുവൻ കരച്ചിലായിരുന്നു. തുള്ളിപോള കണ്ണടച്ചിട്ടില്യ’. ഒരു നിമിഷം നിർത്തി ശ്വാസമെടുത്ത ശേഷം അമ്മ കൂട്ടിച്ചേർക്കുന്നു. ‘റെജി രാവിലെ സ്‌കൂളിൽ പോയി. കാലിലെ കുരുവും കൊണ്ടാ പോയിരിക്ക്‌ണേ. പാവത്തിന് വേദനിക്കാഞ്ഞാൽ മതി’….. ചിരിക്കണോ, കരയണോ എന്നറിയില്ലായിരുന്നു എനിക്ക്. കുറച്ചുകാലമായി ഇങ്ങനെയാണ് അമ്മ. കൗമാര യൗവ്വന കാലഘട്ടത്തിനപ്പുറത്ത് വളരാൻ മടിക്കുന്നു ആ മനസ്. ഞങ്ങൾ മൂന്നുപേരും കുട്ടികളാണ് ഇപ്പോഴും അമ്മയ്ക്ക്. പറക്കമുറ്റാത്ത കിടാങ്ങൾ. ലോസാഞ്ചലസിൽ ഭർത്താവിനും മകനുമൊപ്പം താമസിക്കുന്ന ഇളയവളായ രഞ്ജിനി അമ്മിഞ്ഞപ്രായം വിട്ടിട്ടില്ലാത്ത പിഞ്ചുകുഞ്ഞ്. വാണിയമ്പാറയിൽ എസ്‌റ്റേറ്റ് മാനേജരായ രാജേന്ദ്രൻ എന്ന റെജി വികൃതിക്കാരനായ സ്‌കൂൾ വിദ്യാർത്ഥിയും. പാട്ടും എഴുത്തും ഭാര്യയും മക്കളുമായി കഴിയുന്ന ഞാൻ വെറും കോളേജ് കുമാരൻ. അമ്മയെക്കുറിച്ച് പ്രശസ്ത പാട്ടെഴുത്തുകാരനായ രവി മേനോന്റെ ഈ വരികൾ കണ്ണ് നനയാതെ വായിക്കാൻ ആർക്കെങ്കിലും കഴിയുമോ?
അമ്മമാരെക്കുറിച്ച് കണ്ണീരോടെ ഓർക്കുന്നവരാണ് എല്ലാ മക്കളും. പക്ഷേ, വാക്കുകളിലൂടെ ആ അമ്മയെ നമ്മൾ ഓരോരുത്തരിലേക്കും സന്നിവേശിപ്പിക്കാൻ ഒരു എഴുത്തുകാരന് മാത്രമേ കഴിയൂ. അതാണ് രവിയെ വ്യത്യസ്തനാക്കുന്നത്.
പൂർണ്ണേന്ദുമുഖി എന്ന പുസ്തകത്തിൽ രവി അമ്മയെക്കുറിച്ച് എഴുതിയിരിക്കുന്ന ഓരോ വാക്കും വരിയും വായിക്കുമ്പോൾ രവിയുടെ വളർച്ചയിൽ അമ്മ ചെലുത്തിയ സ്വാധീനം എത്രയെന്ന് അറിയാനാകും. വയനാട്ടിലെ ഏകാന്തതയിൽ എസ്‌റ്റേറ്റ് ജീവിതകാലത്ത് അമ്മ നാരായണിക്ക് പാട്ടുകളായിരുന്നു കൂട്ടുകാർ. യേശുദാസും ജയചന്ദ്രനും സുശീലയും ജാനകിയും ആ വീട്ടിൽ നിറഞ്ഞുനിന്നിരുന്നു. ആ പാട്ടുകൾ കേട്ട് ഉണരുകയും ഉറങ്ങുകയും ചെയ്തിരുന്ന രവി ഒരു പാട്ടെഴുത്തുകാരനായതിൽ അത്ഭുതപ്പെടാനില്ല. മുലപ്പാലിനോടൊപ്പം രവിക്ക് മാത്രമല്ല, റെജിക്കും രഞ്ജിനിക്കും ആ അമ്മ ചാലിച്ചുനൽകിയത് സംഗീതമായിരുന്നു. റെജിയുടെ പാട്ടുകളും ഞാൻ കേട്ടിട്ടുണ്ട്. 35 വർഷം മുൻപ് രവിയെ ഭീഷണിപ്പെടുത്തി പാട്ട് പാടിച്ചത് എന്റെ ഓർമ്മയിലുണ്ട്. രഞ്ജിനിയെ കണ്ടിട്ടില്ലെങ്കിലും രഞ്ജിനിയും നന്നായി പാടുമെന്ന് രവി പറഞ്ഞിട്ടുണ്ട്. പാട്ടുകാരായ മൂന്ന് മക്കൾ. പാട്ടെഴുത്തുകാരനായ രവിയും അസലായി പാടും.
കളിയെഴുത്തുകാരനായി തുടങ്ങിയ രവി മേനോൻ പാട്ടെഴുത്തിന്റെ 30 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. ഈ കാലയളവിൽ മാതൃഭൂമി വാരികയിലൂടെ പ്രസിദ്ധീകരിച്ച പാട്ടെഴുത്തിലൂടെ ഒരു പുതിയ ലോകം തന്നെ സംഗീതപ്രേമികളുടെ മുന്നിൽ തുറന്നിടാൻ രവിക്ക് കഴിഞ്ഞു. കളിയെഴുത്തുകാരൻ, പാട്ടെഴുത്തുകാരൻ എന്ന വിശേഷണങ്ങളിൽ തളച്ചിടാവുന്ന ഒരു വ്യക്തിത്വമല്ല രവിയുടേത്.
സ്‌നേഹരാഹിത്യത്തിന്റെ, നന്ദികേടിന്റെ മാത്രം ലോകമായി എല്ലാവരും കരുതുന്ന മാധ്യമ ലോകത്തെ അപൂർവ്വ ജീവികളിൽ ഒരാളാണ് ഈ പത്രപ്രവർത്തകൻ. കേരള കൗമുദി, ഇന്ത്യൻ എക്‌സ്പ്രസ്, വർത്തമാനം, മാതൃഭൂമി തുടങ്ങി കേരളത്തിലെ പല മാധ്യമങ്ങളിലും പ്രധാന സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള രവി മേനോന്റെ പത്രപ്രവർത്തന ജീവിതത്തിന്റെ ആദ്യ ദിവസം മുതൽ രവിയുടെ സുഹൃത്താവാനുള്ള ഭാഗ്യമാണ് എനിക്കുണ്ടായത്. കോഴിക്കോട് ജേർണലിസം ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഒന്നാം റാങ്കിൽ പാസായ, കുട്ടിക്കളി മാറാത്ത രവിക്ക് ക്ഷണിച്ചുവരുത്തിയാണ് കേരള കൗമുദി ജോലി കൊടുത്തത്. എൺപതുകളുടെ തുടക്കത്തിൽ കേരള കൗമുദിയുടെ മലബാർ എഡിറ്ററായിരുന്ന പ്രശസ്ത പത്രപ്രവർത്തകൻ പി.ജെ മാത്യുവാണ് രവിയെ ക്ഷണിച്ചുവരുത്തിയത്. അന്ന് ഡസ്‌ക്കിൽ സീനിയർമാരായി ഉണ്ടായിരുന്ന ഞാൻ അടക്കമുള്ളവർ തെല്ല് അസൂയയോടെയാണ് രവിയെ സ്വാഗതം ചെയ്തത്. എടരിക്കോട്ടെ വീട്ടിൽ നിന്ന് ദിവസവും രാവിലെ തോളിൽ ഒരു ചെറിയ ബാഗുമായി തൊണ്ടയാട് ഓഫീസിലെത്തി വൈകിട്ട് ബസ് പിടിച്ച് മടങ്ങിപ്പോയിരുന്ന രവി. താമസിക്കാൻ ഇടം കിട്ടാതെ രണ്ടാഴ്ചയോളം രവി കഷ്ടപ്പെടുന്നത് ഞാനും കണ്ടുരസിച്ചു. വൈകാതെ ഒരുദിവസം ഞാൻ രവിയെ എന്റെ മുറിയിലേക്ക് ക്ഷണിച്ചു. അതായിരുന്നു തുടക്കം. വെള്ളിമാടുകുന്നിലെ എൻജിഒ ഹോസ്റ്റലിൽ രാമേട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന എ.കെ രാമചന്ദ്രന്റെ(പിന്നീട് പിഎസ്‌സി മെമ്പർ) പേരിലുള്ള മുറിയിൽ അനധികൃതമായി താമസിക്കുകയായിരുന്നു ഞാൻ. സർക്കാർ ഉദ്യോഗസ്ഥർക്ക് അനുവദിച്ച മുറിയിൽ മാധ്യമ പ്രവർത്തകന്റെ കയ്യേറ്റം. അവിടേക്കാണ് രവിയെ ഒപ്പം കൂട്ടിയത്. ചെറിയൊരു മുറി. ഒരു കട്ടിൽ. ഒരു കസേരയും മേശയും. അതിഥിയായി എത്തിയ രവി ജൂനിയറാണെങ്കിലും കട്ടിൽ ഞാൻ രവിക്ക് നൽകി. ഒന്നര വർഷത്തോളം ആ മുറിയിലായിരുന്നു രവിയുടെ പാട്ടുകേൾക്കലും കളിയെഴുത്തും തമാശകളും. ഗൗരവക്കാരനായ ഞാൻ പലപ്പോഴും ദേഷ്യപ്പെടുകയും പിണങ്ങുകയും ചെയ്തു. അപ്പോഴെല്ലാം തമാശകൾ കൊണ്ട് എന്നെ ചിരിപ്പിക്കാൻ കഴിഞ്ഞിരുന്ന രവി അന്നും ഇന്നും എന്റെ മനസിൽ സ്‌നേഹസമ്പന്നനായ സുഹൃത്താണ്.
പരാതികളില്ലാത്ത, പരിഭവങ്ങളില്ലാത്ത, ആരോടും അസൂയയില്ലാത്ത, എല്ലാവരെയും സ്‌നേഹിക്കുന്ന സുഹൃത്ത്. നർമ്മമായിരുന്നു പാട്ടുപോലെ രവിയുടെ മുഖമുദ്ര. ഓഫീസിലുണ്ടായിരുന്ന എഴുപതുകാരനായിരുന്ന സീനിയർ എഡിറ്റർ കെ.കോയയെയും മലബാർ ചീഫായിരുന്ന പി.ഡി ദാമോദരനെയും എഡിറ്ററായിരുന്ന പി.ജെ മാത്യുവിനെയും മക്കാറാക്കാൻ രവിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. സീനിയർ എഡിറ്റർമാരായിരുന്ന എം.എ റഹ്മാൻ, എഴുത്തുകാരനായ യു.കെ കുമാരൻ, ടി.വി വേലായുധൻ തുടങ്ങിയവരോടെല്ലാം രവി ഇടപെട്ടിരുന്നത് കുട്ടിക്കളിയിലൂടെയായിരുന്നു. ഗൗരവക്കാരായ എഡിറ്റർമാരെയെല്ലാം തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കാനും രവിക്ക് അനായാസം കഴിഞ്ഞിരുന്നു. പത്രമാഫീസിലെ വരിഞ്ഞുമുറുകിയ അന്തരീക്ഷത്തിൽ രവി ഉയർത്തിയിരുന്ന പൊട്ടിച്ചിരികൾ ഇപ്പോഴും എന്റെ മനസിൽ മുഴങ്ങുന്നുണ്ട്. ഓഫീസിലായാലും എൻജിഒ ഹോസ്റ്റലിലായാലും സുന്ദരനായ രവിക്ക് ഏറെ ആരാധകരുണ്ടായിരുന്നു. പ്രായവ്യത്യാസമില്ലാതെ എല്ലാവരുടെയും തോളിൽ കയ്യിടാനും അവരെ കളിയാക്കാനും രവിക്ക് കഴിഞ്ഞിരുന്നു.
ഓഫീസ് വിട്ടുവന്നാൽ തന്റെ കുഞ്ഞു ടേപ്പ് റെക്കോർഡറിൽ പാട്ടുകൾ കേട്ടും കുത്തിക്കുറിച്ചും ഇരുന്നിരുന്ന രവി പ്രശസ്തനായ ഒരു എഴുത്തുകാരനായി മാറുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. പക്ഷേ, എന്റെ തലമുറയിലെ ഒരാൾക്കും എത്തിപ്പിടിക്കാൻ കഴിയാത്ത മേഖലകളിലേക്കാണ് രവി എത്തിയത്. 30 വർഷത്തിനിടയിൽ നൂറുകണക്കിന് ലേഖനങ്ങൾ. പതിനഞ്ചിലേറെ പുസ്തകങ്ങൾ. പാട്ടെഴുത്തിന്റെ ലോകത്ത് എഴുത്തിലൂടെ രവി സുഹൃത്തുക്കളാക്കി മാറ്റിയ മഹാൻമാരിൽ എല്ലാവരുമുണ്ട്. യേശുദാസും പി.ലീലയും സുശീലയും എസ്.ജാനകിയും ചിത്രയും സുജാതയും ജയചന്ദ്രനും ജി.വേണുഗോപാലും തുടങ്ങി പുതിയ തലമുറയിലെ പാട്ടുകാർ വരെ. ഒഎൻവിയും എംടിയും എൻപി മുഹമ്മദും പി.ഭാസ്‌കരനും അടക്കമുള്ള എഴുത്തുകാർ. ദേവരാജൻ മാസ്റ്ററും രവീന്ദ്രൻ മാസ്റ്ററും ജോൺസൺ മാസ്റ്ററും തുടങ്ങി പ്രഗത്ഭമതികളും അടുത്ത കാലത്ത് പരേതനായ എം.കെ അർജുനൻ മാസ്റ്റർ ഉൾപ്പെടെ സംഗീത സംവിധായകരെല്ലാം രവിയുടെ അടുത്ത സുഹൃത്തുക്കളാണ്.
സന്തോഷ് ട്രോഫിയും ജൂനിയർ നാഷണലും അടക്കമുള്ള ദേശീയവും അന്തർദേശീയവുായ ഫുട്‌ബോൾ മത്സരങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടാണ് രവി പത്രപ്രവർത്തകൻ എന്ന നിലയിൽ ആദ്യകാലത്ത് അറിയപ്പെട്ടത്. അപ്പോഴും പാട്ടുകാരുമായും സംഗീത സംവിധായകരുമായും രവിയുടെ സൗഹൃദങ്ങൾ സജീവമായിരുന്നു. കലാകൗമുദിയുടെ പ്രസിദ്ധീകരണമായ വെള്ളിനക്ഷത്രത്തിൽ ഗാനം എന്ന പംക്തി എഴുതിക്കൊണ്ടാണ് പാട്ടെഴുത്തിന് രവി തുടക്കമിട്ടത്. പിന്നീട് മാതൃഭൂമി, മലയാളം, ഇന്ത്യൻ എക്‌സ്പ്രസ് തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമുള്ള മിക്ക പ്രസിദ്ധീകരണങ്ങളിലും രവിയുടെ പാട്ടെഴുത്ത് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി. കമൽറാം സജീവ് മാതൃഭൂമി വാരികയിൽ പരീക്ഷണങ്ങൾ ആരംഭിച്ച ഘട്ടത്തിലാണ് രവിയുടെ പാട്ടെഴുത്ത് ആഴ്ചപ്പതിപ്പിന്റെ സ്ഥിരം പംക്തിയായി മാറിയത്. കളിയെഴുത്തിലൂടെ കൽക്കട്ടയിലും ഏറെ ആരാധകരുണ്ടായിരുന്ന രവി പാട്ടെഴുത്ത് ആരംഭിച്ചതോടെ ചലച്ചിത്ര സാഹിത്യ ശാഖയിൽ തന്നെ പുതിയ ഒരു പന്ഥാവാണ് വെട്ടിത്തുറന്നത്.
സോജാ രാജകുമാരി എന്ന രവി മേനോന്റെ പുസ്തകത്തിന് എഴുതിയ അവതാരികയിൽ ഒഎൻവി കുറുപ്പ് രവിയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. ‘നാം അറിയാതെ തന്നെ നമ്മുടെ ജീവിത പ്രവാഹത്തിന് ഈണവും താളവും തന്ന് ഒരു പുതിയ സംഗീത സംസ്‌കാരത്തെ തന്നെ വളർത്തിയെടുക്കുന്ന എത്ര പേരുണ്ട്. രവി മേനോൻ ഈ രംഗത്ത് മുൻപേ പറക്കുന്ന ഒരു പക്ഷിയാണ്. അത് ഒരു ജാലക പക്ഷിയായി വന്നിരുന്ന് പാടുകയാണ്’. മഹാകവി ഒഎൻവിയെ പോലെ ഒരാൾ ഇങ്ങനെ വിശേഷിപ്പിക്കണമെങ്കിൽ അത് അപൂർവ്വം പേർക്ക് മാത്രം ലഭിക്കുന്ന ഒന്നാണ്. ഒഎൻവി മറ്റൊരു സന്ദർഭത്തിൽ രവിയെക്കുറിച്ച് ഇങ്ങനെ എഴുതി. ‘ഇളം വെയിലിലും നിലാവെളിച്ചത്തിലും മുങ്ങിക്കുളിച്ച് നിൽക്കുന്ന താജ്മഹലിന്റെ ഭംഗികൾ എത്ര കണ്ടാലാണ് മതിവരുക? പക്ഷേ ആ താജ്മഹൽ യാഥാർത്ഥ്യമാക്കാൻ മാർബിൾ ശിലകൾ ചുമന്ന് തളർന്ന് വീണവരുടെ കഥകൾ ഇന്ന് ആരറിയുന്നു? തടവറയിൽ കിടന്ന് ഇത്തിരിവെട്ടത്തിലുള്ള ഒരു കണ്ണാടിയിൽ താജ്മഹലിന്റെ ഛായ മാത്രം കണ്ട് കണ്ണുനിറഞ്ഞ ഒരു വൃദ്ധകാമുകന്റെ കഥ. ആഗ്ര കോട്ടയിലെ ഗൈഡുകളുടെ വിതരണം മുദ്ര തേഞ്ഞ നാണയം പോലെയാകും. അതുകൊണ്ടാണ് അതീത സത്യങ്ങൾക്ക് കാന്തശക്തി പകർന്ന് പുനർജീവിപ്പിക്കുന്ന രചനകൾ സർഗ്ഗാത്മകങ്ങളാകുന്നത്. രവി മേനോന്റെ രചനകൾ അത്തരത്തിൽ സർഗ്ഗാത്മകമാണ്’. എന്റെ അധ്യാപകൻ കൂടിയായ ഒഎൻവി എഴുത്തുകാരെക്കുറിച്ച് പറയുന്നതിൽ എത്ര ലുബ്ധ് കാണിക്കുമെന്ന് എനിക്ക് നേരിട്ടറിയാം. അങ്ങനെയുള്ള ഒഎൻവിയാണ് രവിയുടെ എഴുത്തിനെക്കുറിച്ച് മനസുതുറന്ന് എഴുതിയത്.
സഹമുറിയനായിരുന്ന രവി എനിക്ക് ഇപ്പോഴും ആ പഴയ സുഹൃത്താണ്. രവിയുടെ ഉയർച്ചകൾ ദൂരെ നിന്ന് കാണുന്ന ഒരു സുഹൃത്ത്. രവിയെക്കുറിച്ചുള്ള മങ്ങലേൽക്കാത്ത ഒരു ഓർമ്മ കൂടി പങ്കുവെയ്ക്കാം. പ്രശസ്തനായ നോവലിസ്റ്റ് കോവിലൻ ഒരിക്കൽ എംടിയെ കാണാനായി കോഴിക്കോട്ടെത്തി. അദ്ദേഹം അന്ന് താമസിക്കാനായി എത്തിയത് ഞങ്ങളുടെ മുറിയിലായിരുന്നു. കോവിലൻ എത്തിയപ്പോൾ കട്ടിൽ കയ്യടക്കിയിരുന്ന രവി അദ്ദേഹത്തിനായി കട്ടിൽ ഒഴിഞ്ഞുകൊടുത്തു. അപ്പോൾ കോവിലൻ രവിയോട് ചോദിച്ചു. ജഗദീഷ് എവിടെയാണ് കിടക്കുന്നത്? പായ വിരിച്ച് നിലത്താണ് എന്റെ കിടപ്പെന്ന് രവി പറഞ്ഞു. ആ രാത്രിയിൽ രവിയുടെ സ്‌നേഹപൂർവ്വമുള്ള നിർബന്ധത്തിന് വഴങ്ങാതെ കോവിലൻ എന്നോടൊപ്പം നിലത്തുകിടന്നു. കട്ടിലിൽ കിടന്ന് ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്നിരുന്ന രവിയുടെ അന്നത്തെ മുഖം ഇപ്പോഴും എനിക്കോർമ്മയുണ്ട്.
രവിയുടെ ഓരോ പുസ്തകവും വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നത് സംഗീതത്തിന്റെ പിന്നാമ്പുറങ്ങളിൽ അറിയപ്പെടാതെ പോയ വ്യക്തികളും സംഭവങ്ങളുമാണ്. പ്രശസ്തരായ പാട്ടുകാരെയും സംവിധായകരെയും കുറിച്ചെഴുതുമ്പോൾ തന്നെ രവി അതിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന അപ്രശസ്തരായ സാങ്കേതിക വിദഗ്ധരുടെ ജീവിതങ്ങളിലേക്ക് കൂടി നമ്മെ കൊണ്ടുപോകും. രവിയുടെ ഓരോ പുസ്തകത്തിന്റെയും പേര് തന്നെ ആരെയും ആകർഷിക്കുന്നതാണ്. മൺവിളക്കുകൾ പൂത്ത കാലം, മൊഴികളിൽ സംഗീതമായി, സോജാ രാജകുമാരി, സ്വർണ്ണച്ചാമരം, ഹൃദയഗീതങ്ങൾ, അതിശയരാഗം, അനന്തരം സംഗീതമുണ്ടായി. മാസ്മരികമായ തലക്കെട്ടുകളാണ് ഓരോ പുസ്തകത്തിനും രവി നൽകിയിരിക്കുന്നത്. നൂറുകണക്കിന് ലേഖനങ്ങൾ എഴുതാൻ രവിയെ പ്രാപ്തനാക്കിയത് അമ്മ നാരായണി തന്നെയാണ്. രവിയുടെ സംഗീത ജീവിതം സമ്പന്നമാക്കിയതിൽ ഭാര്യ ലതയ്ക്കും മക്കൾ മായക്കും മാധവിനുമുള്ള പങ്കും കാണാതിരുന്നുകൂടാ.
എന്നോടൊപ്പം താമസിക്കുന്ന കാലത്ത് രണ്ടാഴ്ച കൂടുമ്പോൾ രവിക്ക് അമ്മയുടെ ഒരു കത്ത് പോസ്റ്റ് കാർഡിൽ എത്തുമായിരുന്നു. അത് കാണുമ്പോൾ ഞാൻ രവിയെ അന്ന് കളിയാക്കിയിരുന്നു. അമ്മയെക്കുറിച്ചുള്ള പൂർണ്ണേന്ദുമുഖി എന്ന ലേഖനം വായിച്ചപ്പോഴാണ് എനിക്ക് രവിക്ക് അമ്മയോടുള്ള സ്‌നേഹത്തിന്റെ ആഴം തിരിച്ചറിയാൻ കഴിഞ്ഞത്. ആ ലേഖനം രവി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ‘പാട്ട് തീർന്നപ്പോൾ എന്റെ കൈകളിൽ മുറുകെ പിടിച്ചു അമ്മ. എന്നിട്ട് പറഞ്ഞു. നീ എങ്ങ്ട്ടും പോകണ്ട ചെക്കാ. പഠിച്ചതൊക്കെ മതി. ഇബ്‌ടെ അമ്മ്‌ടെ അടുത്തിരുന്നോ ഇങ്ങ്‌നെ പാട്ടും കേട്ട്’….. കണ്ണുകൾ ചിമ്മി നിഷ്‌കളങ്കമായി ചിരിക്കുന്ന അമ്മയുടെ മുഖത്തുനോക്കി കരച്ചിൽ അടക്കാനാവാതെ ഞാനിരുന്നു. ലോകത്ത് എവിടെ പോയാലും ആ അമ്മയുടെ അരികത്ത് തന്നെയാണ് രവി.
ഫോട്ടോ ക്യാപ്ഷൻസ്: 1) രവി മേനോനോടും പത്‌നിയോടുമൊപ്പം എസ്.ജഗദീഷ് ബാബുവും പത്‌നിയും…2) സൗഹൃദത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലം

Leave a Reply

Your email address will not be published. Required fields are marked *

Check Also

പൗരാവകാശം തുലാസിൽ

എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരി…