ഇഎംഎസിനെയും വെളിയം ഭാർഗ്ഗവനെയും സി.കെ ചന്ദ്രപ്പനെയും പോലുള്ള നേതാക്കളുടെ അഭാവമാണ് ഇടതുപക്ഷത്തിന്റെ വർത്തമാനകാല ദുരന്തം. എന്ത് വിവാദമുണ്ടായാലും കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടോടെ അതിനെ നേരിടാനും ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിയുന്ന നേതാക്കൾ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളിലും ഉണ്ടായിരുന്നു. ഇന്ന് ഇരുപാർട്ടികൾക്കും നേതൃത്വം നൽകുന്നത് കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനുമാണ്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഈ നേതാക്കൾ പുറപ്പെടുവിക്കുന്ന പ്രസ്താവനകളും നിലപാടുകളും ഒരു കമ്മ്യൂണിസ്റ്റ് ഭരണത്തിന് ചേർന്നതല്ല. കെ.ടി ജലീൽ എന്ന ന്യൂനപക്ഷ മന്ത്രിക്കെതിരെ ഉയർന്നിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുമായിട്ടുള്ള ബന്ധമായാലും പ്രോട്ടോക്കോൾ ലംഘിച്ച് ഖുറാനും ഈന്തപ്പഴവും വിതരണം ചെയ്ത നടപടിയായാലും നിസാരമായി കാണാവുന്ന കാര്യങ്ങളല്ല. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസുകാരെയും യുവമോർച്ചക്കാരെയും ഗ്രനേഡ് കൊണ്ടും ലാത്തി കൊണ്ടും നേരിടുന്നത് ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിന് ഭൂഷണമല്ല.
ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നതിനെതിരെ ഏതുകാലത്തും ശബ്ദിച്ചിട്ടുള്ളവരാണ് ഇടതുപക്ഷം. അതേ ഇടതുപക്ഷം ഭരിക്കുന്ന കേരളം കഴിഞ്ഞ ഒരാഴ്ചയായി സമരഭൂമിയാണ്. സ്ത്രീകളെ പോലും പോലീസ് മർദ്ദിക്കുന്ന രംഗങ്ങൾ. സമരക്കാരെ പോലീസ് തലക്കടിച്ച് വീഴ്ത്തുന്നു. ഓട്ടത്തിനിടയിൽ വീണുകിടക്കുന്ന സമരക്കാരെ പോലീസ് കൂട്ടമായി വളഞ്ഞിട്ട് തല്ലുന്നു. തല പൊട്ടി ചോരയൊലിക്കുന്ന പ്രവർത്തകരെ പോലും മർദ്ദിക്കുന്ന പോലീസിന്റെ കിരാത വാഴ്ച.
അടിയന്തരാവസ്ഥയുടെ നാളുകളിൽ കൊടിയ പോലീസ് പീഡനങ്ങൾ ഏറ്റുവാങ്ങിയ നേതാക്കളാണ് പിണറായിയും കോടിയേരിയും കാനവും. അവർ മുഖ്യമന്ത്രിയും മന്ത്രിമാരുമായി ഭരിക്കുമ്പോൾ അതേ പോലീസിനെ പ്രതിപക്ഷത്തെ അടിച്ചൊതുക്കാനുള്ള മർദ്ദനോപകരണമായി മാറ്റുന്നത് ന്യായീകരിക്കാനാവില്ല.
മതം രാഷ്ട്രീയത്തിൽ ഇടപെടരുത്. പള്ളിക്കുള്ളത് പള്ളിക്കും പാതിരിക്കുള്ളത് പാതിരിക്കും എന്ന ഇഎംഎസിന്റെ വാക്കുകൾക്ക് സഖാക്കൾ ഇന്ന് ഒരു വിലയും കൽപ്പിക്കുന്നില്ല. വർഗ്ഗീയ കാർഡുകൾ ഇറക്കി അഴിമതിയാരോപണങ്ങളെ നേരിടുകയാണ്.
ഖുറാന്റെ മറവിൽ സ്വർണ്ണം കടത്തിയെന്ന് പ്രതിപക്ഷവും ബിജെപിയും ആരോപിക്കുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ അതുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിനെയും പാർട്ടി സെക്രട്ടറിയുടെ മകനെയും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെയും ചോദ്യം ചെയ്യുന്നു. ഈ സന്ദർഭത്തിൽ പ്രതിപക്ഷം വിശുദ്ധ ഗ്രന്ഥമായ ഖുറാനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നു എന്നാണ് കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായിയും ആരോപിച്ചത്. ഖുറാനെ മറയാക്കി കള്ളക്കടത്ത് എന്നുപറയുമ്പോൾ ഖുറാന്റെ പരിശുദ്ധിയെക്കുറിച്ചും അത് ന്യൂനപക്ഷങ്ങളെ മുറിവേൽപ്പിക്കുമെന്നും പറയുകയാണോ ഇടതുപക്ഷ ബുദ്ധിജീവികൾ ചെയ്യേണ്ടത്?
17000 കിലോ ഈന്തപ്പഴം കൊണ്ടുവന്നത് കള്ളക്കടത്തിന് മറയായിട്ടാണെന്ന് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഇതേക്കുറിച്ചും കേസെടുത്ത് കസ്റ്റംസ് അന്വേഷിച്ചുവരികയാണ്. അപ്പോൾ സിപിഎം സെക്രട്ടറിയേറ്റ് ആരോപിക്കുന്നത് കുഞ്ഞാലിക്കുട്ടിയുടെ നിലപാട് യുഎഇ സർക്കാരിനോടുള്ള വെല്ലുവിളിയാണെന്നാണ്. ഇത് ലക്ഷക്കണക്കിന് വരുന്ന പ്രവാസികളെ ബാധിക്കുമെന്ന് സിപിഎം പറയുന്നു. കള്ളക്കടത്തിനെക്കുറിച്ച് പറയുമ്പോൾ എങ്ങനെയാണ് സൗഹൃദരാജ്യമായ യുഎഇയെ പ്രതിപക്ഷം അധിക്ഷേപിക്കുന്നു എന്നുപറയാൻ കഴിയുക? സത്യം എന്തെന്ന് അന്വേഷിച്ച് കണ്ടെത്തി കുറ്റവാളികളെ പുറത്തുകൊണ്ടുവരാനാണ് കസ്റ്റംസും എൻഐഎയും അന്വേഷണം നടത്തുന്നത്. അന്വേഷണം ശരിയായ ദിശയിലാണെന്ന് മുഖ്യമന്ത്രി തന്നെ പറയുകയും ചെയ്യുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് കേന്ദ്ര സർക്കാർ കള്ളക്കടത്ത് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയെ നിയോഗിച്ചത്. അന്വേഷണവുമായി സഹകരിക്കേണ്ട സർക്കാരും സർക്കാരിന് നേതൃത്വം നൽകുന്ന സിപിഎമ്മും ഇപ്പോൾ ഉയർത്തുന്ന വിമർശനങ്ങൾ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കില്ലേ?
വിശുദ്ധ ഗ്രന്ഥത്തെയും പ്രവാസികളെയും സർക്കാരും പാർട്ടിയും രക്ഷാകവചമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തിന് ശരിയായ മറുപടി പറയാൻ ഇടതുപക്ഷ നേതാക്കൾക്ക് എന്തുകൊണ്ടാണ് കഴിയാതെ പോകുന്നത്? അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് മറുപടി നൽകി എത്ര നാൾ മുന്നോട്ടുപോകാൻ കഴിയും?

Leave a Reply

Your email address will not be published. Required fields are marked *

Check Also

26/04/2024