ആധുനികകേരളത്തിന്റെ രൂപപരിണാമങ്ങൾക്കും സർവമതസാഹോദര്യത്തിനും വഴിയും വെളിച്ചവുമരുളിയ ശ്രീനാരായണഗുരുദേവന്റെ വെങ്കലപ്രതിമ തിരുവനന്തപുരത്തു സ്ഥാപിക്കുവാൻ തീരുമാനമെടുത്ത ഈ സർക്കാരിനെ അന്നു തന്നെ ഗുരുദേവന്റെ പ്രതിമ നഗരങ്ങളിൽ പറവകൾക്കിരുന്ന് വിശ്രമിക്കാനും കാഷ്ടിക്കാനും അവസരമേകുന്ന മറ്റു പ്രതിമകൾ കണക്കെ സ്ഥാപിക്കരുതെന്ന് ശിവഗിരി മഠം ചൂണ്ടിക്കാട്ടിയിരുന്നു.
നവോഥാനകവിയായ മഹാകവി കുമാരനാശാൻ ‘ഗുരുവല്ലോ പരദൈവം’ എന്നു പാടിയതുപോലെ ജനകോടികൾ ഹൃദയസമക്ഷം ആരാധിക്കുന്ന ഗുരുദേവന്റെ പ്രതിമ ലോകമെങ്ങുമുള്ള ശ്രീനാരായണീയ സമൂഹത്തിനു എക്കാലവും ജീവസുറ്റ ആത്മചൈതന്യത്തിന്റെ മൂർത്തിയാണ്. അതിനാൽ സർക്കാർ ധൃതികാട്ടി ഒരു രക്തസാക്ഷിയുടേയോ സാമൂഹ്യപരിഷ്‌കർത്താവിന്റേയോ പരിവേഷം ചാർത്തപ്പെടുന്ന ഒരു പ്രതിമപോലെ ഗുരുപ്രതിമ സ്ഥാപിച്ചാൽ അത് ഗുരുദേവഭക്തരെ അങ്ങേയറ്റം വ്രണപ്പെടുത്തുന്നതായി തീരും. ഗുരുദേവനോടുള്ള ഇടതുപക്ഷസർക്കാരിന്റെ സമീപനത്തിനേൽക്കുന്ന വലിയൊരു കളങ്കമായി അത് അടയാളപ്പെടുത്തപ്പെടുകയും ചെയ്യും. അതും വിശേഷിച്ചു മഹാറാണി സേതുപാർവതീഭായിയുടെ പൂർണ്ണകായപ്രതിമ തകർക്കപ്പെട്ട ഒരിടത്താകുമ്പോൾ.
അതിനാൽ ഗുരുദേവന്റെ വെങ്കലപ്രതിമ ഉചിതമായൊരിടം കണ്ടെത്തി, ഒരു ഗുരുമന്ദിരം കണക്കെ മനോഹരമായി രൂപകൽപന ചെയ്യുന്ന നല്ലൊരു സ്മൃതിമണ്ഡപം തീർത്ത്, ജനങ്ങളുടെ ആരാധ്യഭാവത്തിന് ഒട്ടും കോട്ടംതട്ടാത്തവിധം സ്ഥാപിക്കുവാൻ സർക്കാർ അടിയന്തിരശ്രദ്ധ പുലർത്തണം. അതിനോടൊപ്പം ‘നാലുപുറവും ഒരു പൂന്തോട്ടം ഉണ്ടാക്കണം. നല്ല വൃക്ഷങ്ങൾ വച്ചു പിടിപ്പിച്ച് തറകൾ കെട്ടണം. എല്ലാ മതഗ്രന്ഥങ്ങളും ശേഖരിച്ച് വായനശാലകൾ സ്ഥാപിക്കണം. ഭംഗിയും വൃത്തിയുമുള്ള സ്ഥലമായാൽ ജനങ്ങൾ വരും. ആരോഗ്യം വർദ്ധിക്കും. നല്ല വിചാരങ്ങൾ ഉണ്ടാകും’ എന്ന ഗുരുദേവസങ്കൽപ്പത്തിന് അനുരൂപമായ നിലയിൽ അവിടം പരിപാലിക്കുകയും വേണം.
അങ്ങനെയായാൽ ഈ സർക്കാരിനെ ജനങ്ങൾ ഒരു കാലത്തും വിസ്മരിക്കുകയില്ല. ഈവിധം സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യത്തെ ‘ഗുരുമന്ദിരം’ ആയി ഈ ചരിത്രസംഭവത്തെ കാലം അടയാളപ്പെടുത്താൻ ഇടവരട്ടെ.
Click To Comment