മുംബൈ: ലൈംഗിക തൊഴിൽ കുറ്റകരമല്ലെന്നും പ്രായപൂർത്തിയായ സ്ത്രീയ്ക്ക് ഏതു ജോലിയും തെരെഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും ബോംബെ ഹൈക്കോടതി. ലൈംഗിക തൊഴിൽ ചെയ്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകളെ വെറുതെ വിട്ടുകൊണ്ടാണ് കോടതിയുടെ സുപ്രധാന വിലയിരുത്തൽ.
ലൈംഗിക വൃത്തിയിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമാക്കുന്നതിനോ ഒരു വ്യക്തി ആ തൊഴിലിൽ ഏർപ്പെടുന്നതുകൊണ്ട് ശിക്ഷിക്കാനോ നിയമപ്രകാരം വ്യവസ്ഥയില്ല. ഒരാളെ അയാളുടെ അനുവാദമില്ലാതെ ചൂഷണം ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ പൊതുസ്ഥലങ്ങളിൽ അത്തരം പ്രവർത്തികളിൽ ഏർപ്പെടാൻ നിർബന്ധിക്കുകയോ ചെയ്യുന്നതാണ് കുറ്റകരമെന്നും ജസ്റ്റിസ് പൃഥ്വിരാജ് ചവാൻ ചൂണ്ടിക്കാണിച്ചു. കൂടാതെ ഇമ്മോറൽ ട്രാഫിക്ക്(പ്രിവൻഷൻ) ആക്ട് 1956 ലൈംഗികവൃത്തി തടയുന്നതിനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി.
മലാഡ് ചിൻചോളി ബിന്ദറിൽ ഒരു വനിതാ ഹോസ്റ്റൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയെന്ന് കാണിച്ചാണ് 2019 സെപ്തംബറിൽ യുവതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇടപാടുകാരെന്ന വ്യാജേനയാണ് പോലീസ് ഇവരെ പിടികൂടിയത്. പിന്നീട് ഉത്തർപ്രദേശിലെ ഒരു വനിതാ ഹോസ്റ്റലിലേക്ക് ഇവരെ മാറ്റാനും നിർദേശിച്ചു. യുവതികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ അമ്മമാർ കോടതിയെ സമീപിച്ചുവെങ്കിലും അപേക്ഷ അംഗീകരിച്ചിരുന്നില്ല.
കോടതി നിയോഗിച്ച ഉദ്യോഗസ്ഥൻ നൽകിയ അന്വേഷണ റിപ്പോർട്ടിൽ, യുവതികൾ ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു പ്രത്യേക സമുദായത്തിലെ അംഗങ്ങളാണെന്നും വേശ്യവൃത്തി അവരുടെ സമൂഹത്തിൽ കാലങ്ങളായി നിലനിൽക്കുന്ന ചടങ്ങാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നവംബറിൽ യുവതികൾ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലൂം മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് ഹൈക്കോടതിയിൽ ഹർജിയെത്തിയത്.
യുവതികൾ പ്രായപൂർത്തിയായവരാണെന്നും ഭരണഘടന അനുവദിക്കുന്നത് പ്രകാരം രാജ്യത്ത് അവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് താമസിക്കാനും സ്വതന്ത്ര്യമായി സഞ്ചരിക്കാനും ഇഷ്ടമുള്ള തൊഴിൽ തെരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘അശ്വമേധം’ പരിപാടി ആരംഭിച്ചതിന്റെ കാരണക്കാരന്‍ ഇദ്ദേഹമാണ്… കെ സതീഷിനെ അനുസ്മരിച്ച് ജി എസ് പ്രദീപിന്റെ കുറിപ്പ്

ലോകത്താകെ പ്രേക്ഷകരുള്ള കൈരളി ടിവിയുടെ പരിപാടിയായിരുന്നു ജി എസ് പ്രദീപ് അവതരിപ്പിച്ച ̵…