സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴയിടപാടിൽ സിബിഐ കേസെടുത്തതോടെ സർക്കാരും സിപിഎമ്മും അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലായി. കോൺഗ്രസ് എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിലാണ് സിബിഐ വടക്കാഞ്ചേരിയിൽ ഫഌറ്റ് നിർമ്മിക്കുന്ന യൂണിടാക് കമ്പനി ഉടമകളെ പ്രതികളാക്കി കൊച്ചി സിജെഎം കോടതിയിൽ എഫ്‌ഐആർ നൽകിയത്. ലൈഫ് മിഷനിലെ ഉന്നത ഉദ്യോഗസ്ഥരും പ്രതികളാകുമെന്നാണ് സിബിഐ കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിൽ പറയുന്നത്.
സിബിഐ കേസെടുത്ത നടപടി രാഷ്ട്രീയപ്രേരിതമാണെന്നാണ് സി.പി.എം. സെക്രട്ടറിയേറ്റ് ആരോപിച്ചിരിക്കുന്നത്. ബിജെപി പ്രസിഡന്റ് രാവിലെ തന്നെ സിബിഐ വരുമെന്ന് പറയുകയും അതിന് പിന്നാലെ കോൺഗ്രസ് എംഎൽഎയുടെ പരാതിയിൽ കേസെടുക്കുകയും ചെയ്തത് സർക്കാരിനെതിരെയുള്ള നീക്കമാണെന്നും സിപിഎം ആരോപിക്കുന്നു. ഇന്ന് സിപിഎമ്മിന്റെ സംസ്ഥാന സമിതി കൂടാനിരിക്കെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിളിച്ചുവരുത്തി സിപിഎം സെക്രട്ടറി കോടിയേരി ഒരുമണിക്കൂറോളം ചർച്ച നടത്തി. അതിനുപിന്നാലെ മന്ത്രി കെ.ടി ജലീലും എകെജി സെന്ററിലെത്തി കോടിയേരിയുമായി ചർച്ച നടത്തി. തിരക്കിട്ട് നടന്ന ഈ രണ്ട് ചർച്ചകളും രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
സിബിഐ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. യുണിടാകിന്റെ ഓഫീസിലും ഉടമയുടെ വീട്ടിലും സിബിഐ പരിശോധന നടത്തുന്നതിനിടയിൽ ലൈഫ് മിഷനിൽ കേസെടുത്ത സംസ്ഥാന വിജിലൻസ് സെക്രട്ടറിയേറ്റിലെത്തി ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം പിടിച്ചെടുത്തു. ഈ സംഭവങ്ങളെല്ലാം കൂട്ടിവായിക്കുമ്പോൾ മനസ്സിലാകുന്നത് അതീവ രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് സർക്കാരും സർക്കാരിന് നേതൃത്വം നൽകുന്ന സിപിഎമ്മും എത്തിയിരിക്കുന്നതെന്നാണ്. ഈ സാഹചര്യത്തിൽ മൂന്നുവട്ടം എൻഫോഴ്‌സ്‌മെന്റിന്റെയും എൻഐഎയുടെയും ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി ജലീലിനെ പാർട്ടി കൈവിടുമോ എന്ന സംശയമാണ് ഉയരുന്നത്. എൻഐഎയുടെ മുന്നിൽ മന്ത്രി രഹസ്യമായി എത്തിയത് ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞിരുന്നു.
അതേസമയം ഇടതുപക്ഷ നയങ്ങളിൽ നിന്ന് സർക്കാർ വ്യതിചലിക്കാതിരിക്കാനുള്ള ജാഗ്രതയാണ് സിപിഐ ഉയർത്തുന്നത് എന്നാണ് അദ്ദേഹം വിശദീകരിച്ചത്. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെയും മന്ത്രി ജലീലിന്റെയും സമീപനങ്ങളിൽ വൻ വിമർശനം ഉയർന്നിരുന്നു. ഈ വാർത്തകൾ കാനം നിഷേധിച്ചെങ്കിലും വിമർശന വാർത്തകൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇന്നലെ കോടിയേരിയുമായി കാനം നടത്തിയ ഒരുമണിക്കൂർ നീണ്ട ചർച്ച. ഇന്ന് സംസ്ഥാന കമ്മിറ്റി കൂടുമ്പോൾ സിപിഎമ്മിനകത്തും വിമർശനങ്ങൾ ഉയരാനാണ് സാധ്യത. കേന്ദ്രത്തിന്റെ മൂന്ന് ഏജൻസികൾക്ക് പുറമെ സിബിഐ കൂടി രംഗത്തുവരുമ്പോൾ സംസ്ഥാന സർക്കാരിന് പിടിച്ചുനിൽക്കുക എളുപ്പമാവില്ല. കേന്ദ്ര സർക്കാർ പ്രതിപക്ഷ സർക്കാരുകളെ സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത് എന്ന ആരോപണം സിപിഎം ശക്തിപ്പെടുത്തും.
ആരോപണവിധേയരായ യുഎഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷെയെയും ചോദ്യം ചെയ്തില്ലെന്ന ആരോപണമാണ് നേരത്തെ സിപിഎം ഉയർത്തിയിരുന്നത്. സിബിഐ രംഗത്തുവരുന്നതോടെ യുഎഇ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ഇതിനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്.
ലൈഫ് മിഷന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. തദ്ദേശവകുപ്പ് മന്ത്രി എ.സി മൊയ്തീനാണ് വൈസ് ചെയർമാൻ. എംഒയു ഒപ്പിട്ടിരിക്കുന്നത് ലൈഫ് മിഷന്റെ സിഇഒ ആയിരുന്ന യു.വി ജോസാണ്. കരാറിനുവേണ്ടി മുൻകൈ എടുത്തതും തിടുക്കപ്പെട്ട് റെഡ് ക്രസന്റുമായി ധാരണയിലെത്തിയതും സസ്‌പെൻഷനിൽ കഴിയുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറാണ്. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചുകൊണ്ടാണ് യുഎഇയിലെ റെഡ് ക്രസന്റുമായി ലൈഫ് മിഷൻ കരാറിൽ ഏർപ്പെട്ടത് എന്നാണ് പ്രധാന ആരോപണം. അനിൽ അക്കര എംഎൽഎ നൽകിയ പരാതിയോടൊപ്പം എംഒയുവും വടക്കാഞ്ചേരിയിലെ ഫഌറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐക്ക് കൈമാറിയിട്ടുണ്ട്.
റെഡ് ക്രസന്റും യുണിടാക്കുമായിട്ടാണ് കരാർ എന്നാണ് തുടക്കം മുതൽ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ യുണിടാക് നൽകിയ പ്ലാനും സ്‌കെച്ചും മറ്റും അംഗീകരിച്ചുകൊണ്ട് ലൈഫ് മിഷൻ സിഇഒ നടത്തിയ കത്തിടപാടുകൾ പരാതിക്കാരൻ സിബിഐക്ക് നൽകിയിട്ടുണ്ട്. സർക്കാർ നേരിട്ട് വടക്കാഞ്ചേരിയിലെ ഫഌറ്റ് നിർമ്മാണത്തിൽ ഇടപെട്ടിട്ടില്ല എന്ന നിലപാടിലാണ് സർക്കാരും സിപിഎമ്മും ഉറച്ചുനിൽക്കുന്നത്. ഈ വാദങ്ങളെ ദുർബലപ്പെടുത്തുന്ന മറ്റൊരു കാര്യം നാലരക്കോടിയുടെ കമ്മിഷൻ ഇടപാട് നടന്നതായുള്ള കൈരളി ചാനൽ മേധാവി ജോൺ ബ്രിട്ടാസിന്റെ വെളിപ്പെടുത്തലാണ്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ ജോൺ ബ്രിട്ടാസിന്റെ വെളിപ്പെടുത്തലിന് സാക്ഷിയായത് ധനമന്ത്രി തോമസ് ഐസക്കാണ്. ഈ ഇടപാട് തനിക്കും അറിയാമായിരുന്നുവെന്ന് മന്ത്രി ചാനൽ ചർച്ചയിൽ പറയുകയും ചെയ്തു.
യുഎഇ അധികൃതരെ പ്രതിയാക്കുന്നതിനോടൊപ്പം സിബിഐക്ക് മുഖ്യമന്ത്രിയെയും തദ്ദേശവകുപ്പ് മന്ത്രിയെയും ഈ കേസിൽ ചോദ്യം ചെയ്യേണ്ടിവരും. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന് ശിവശങ്കർ ഏർപ്പെടുത്തിക്കൊടുത്ത ബാങ്ക് ലോക്കറിൽ നിന്ന് ഒരുകോടി രൂപ കണ്ടെടുത്തതാണ് ആരോപണങ്ങളുടെ തുടക്കം. ഈ പണം സ്വർണ്ണക്കടത്തിൽ നിന്ന് കിട്ടിയതല്ലെന്നും ലൈഫ് മിഷൻ കരാറിന്റെ പേരിൽ യുഎഇ കോൺസുലേറ്റ് നൽകിയ കമ്മിഷനാണെന്നുമാണ് സ്വപ്‌ന അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴി. ഫലത്തിൽ വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിന് പുറമെ ഒരുകോടിയോളം വരുന്ന അഴിമതിക്കേസുകളിൽ സിബിഐക്ക് നേരിട്ട് കേസെടുത്ത് അന്വേഷിക്കാം.
സംസ്ഥാന സർക്കാർ ആവശ്യപ്പെടുകയോ, ഹൈക്കോടതി ഉത്തരവിടുകയോ, കേന്ദ്ര സർക്കാർ തീരുമാനിക്കുകയോ ചെയ്യാതെ സിബിഐ നേരിട്ട് കേസെടുക്കാറില്ല എന്നാണ് സിപിഎം ഇപ്പോൾ ഉയർത്തുന്ന വാദം. എന്നാൽ നേരത്തെ പറഞ്ഞ വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചാലും കോടിക്കണക്കിന് രൂപയുടെ അഴിമതിയാരോപണം ഉയർന്നാലും സിബിഐക്ക് കേസെടുക്കാൻ സർക്കാരിന്റെയോ, കോടതിയുടെയോ അനുമതി വേണ്ടെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഒരേസമയം സ്വർണ്ണക്കള്ളക്കടത്ത് കേസിലും പ്രോട്ടോക്കോൾ ലംഘനത്തിലും മന്ത്രി ജലീലിനെയും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പാർട്ടി സെക്രട്ടറിയുടെ മകനെയും ചോദ്യം ചെയ്ത അവസ്ഥയിൽ തന്നെ പാർട്ടിയും സർക്കാരും പ്രതിരോധത്തിലാണ്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെ അന്വേഷണ ഏജൻസി നടപടിയെടുക്കാനാണ് സാധ്യത. അത്തരം ഒരു നടപടിയുണ്ടായാൽ സ്വർണ്ണക്കള്ളക്കടത്ത് കേസിലും മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലാകും. ചുരുക്കത്തിൽ പിണറായി സർക്കാർ അന്വേഷണ ഏജൻസികൾ തീർത്ത പത്മവ്യൂഹത്തിന്റെ നടുവിലാണ് അകപ്പെട്ടിരിക്കുന്നത്. പത്മവ്യൂഹം ഭേദിച്ച് പുറത്തുവരാനുള്ള വഴികൾ തേടുകയാണ് സർക്കാരും പാർട്ടിയും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പൗരാവകാശം തുലാസിൽ

എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരി…