കൊച്ചി: മുപ്പത്തിയഞ്ച് വർഷം പിന്നിട്ടിട്ടും മലയാളി ഓർത്തോത്ത് ചിരിക്കുന്ന സിനിമയാണ് പഞ്ചവടിപ്പാലം. ഒരു പഞ്ചായത്തും അവിടുത്തെ ഭരണസമിതിയും പ്രതിപക്ഷവും ഒത്തു ചേർന്നുള്ള അവരുടെ ഭരണവും അഴിമതിയുമെല്ലാം വരച്ചുകാട്ടിയിരിക്കുന്ന പഞ്ചവടിപ്പാലം പുറത്തിറങ്ങിയിട്ട് 35 വർഷം പിന്നിടുന്നു. 1984 സെപ്റ്റംബർ 28 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. യാദൃച്ഛികമെന്നോണം മുപ്പിത്തിയാറാം വർഷത്തിലെ അതേ ദിവസം തന്നെയാണ് പുതിയ കാലത്തെ പഞ്ചവടിപ്പാമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങുന്നതും.
അങ്ങേയറ്റം ഹാസ്യരസപ്രധാനമായ പഞ്ചവടിപ്പാലത്തിന്റെ സംവിധായകൻ സീരിയസ് ചിത്രങ്ങളുടെ സംവിധായകൻ കെ ജി ജോർജ് ആയിരുന്നു. അക്കാലത്തെ പ്രശസ്ത നിർമാതാവ് ഗാന്ധിമതി ബാലനുമൊത്ത് ഒരു ചിത്രത്തിനായി ഒരുങ്ങിയപ്പോൾ തന്റെ മുൻകാലചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ഹാസ്യ ചിത്രമാവണം എന്നായിരുന്നു ജോർജിന്റെ ആഗ്രഹം. അതിനുമുമ്പ് എടുത്ത 12 സിനിമകളിലൂടെ മലയാള സിനിമയിലെ ഗൗരവമുള്ള മികച്ച സിനിമകളുടെ സൃഷ്ടാവ് എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.
മുഴുനീള രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രത്തിനായുള്ള ജോർജിന്റെ അന്വേഷണം ചെന്നെത്തിയത് ജനകീയ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയുടെ ‘പാലം അപകടത്തിൽ’ എന്ന നോവലിലായിരുന്നു. തിരക്കഥയും സംവിധായകൻ തന്നെ എഴുതി. സംഭാഷണം എഴുതുന്നത് പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസനും. കോട്ടയമായിരുന്നു ലൊക്കേഷൻ. ഷാജി എൻ. കരുൺ ഛായാഗ്രഹണവും എം.ബി. ശ്രീനിവാസൻ സംഗീതവും നിർവഹിച്ചു.
ഇതിനു ശേഷം പൊതു ഖജനാവ് മുടിക്കുന്ന പാലങ്ങൾക്കെല്ലാം നാട്ടുകാർ പഞ്ചവടിപ്പാലം എന്ന് ഓമനപ്പേരിട്ടുവിളിച്ചു. ഒടുവിൽ പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ ഹൈക്കോടതിയും ഇതാവർത്തിച്ചു. അങ്ങനെ കാലമെത്ര കഴിഞ്ഞാലും അഴിമതിവീരന്മാരായ രാഷ്ട്രീയക്കാർ ഉള്ള കാലത്തോളം പഞ്ചവടിപ്പാങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. പക്ഷേ, സിനിമ ഒന്ന് മാത്രം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പൗരാവകാശം തുലാസിൽ

എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരി…