കൊച്ചി: അശ്ലീല യൂട്യൂബർ വിജയ് നായരെ കയ്യേറ്റം ചെയ്ത വിഷയത്തിൽ ആക്ടിവിസ്റ്റുകൾക്കെതിരെ ആഞ്ഞടിച്ച പിസി ജോർജിനെതിരെ ചോദ്യശരങ്ങളുമായി ശ്രീലക്ഷ്മി അറക്കൽ.
തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീലക്ഷ്മി ചോദ്യങ്ങളുന്നയിക്കുന്നത്.
കുറിപ്പ് വായിക്കാം:
പ്രിയപ്പെട്ട ജനപ്രതിനിധി പി സി ജോർജ് അറിയുന്നതിന് താങ്കളുടെ തെറിവിളിയുടെ കടുത്ത ആരാധകയായ ശ്രീലക്ഷ്മി അറക്കൽ എഴുതുന്നത്.
താങ്കൾക്ക് സുഖമെന്ന് വിശ്വസിക്കുന്നു. ഇവിടെ എനിക്ക് തീരേ സുഖമില്ല. രണ്ട് ദിവസമായി മര്യാദക്ക് ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടും.
കാരണം ജാമ്യമില്ലാ വകുപ്പ് പ്രകാരം ഉള്ള കേസ് തന്നെയാണ്.
അതിന്റെ ടെൻഷനിലാണ്. ഈ അവസരത്തിൽ എഴുതാൻ ഒട്ടും വയ്യെങ്കിലും ഒരു സമൂഹിക ഉത്തരവാദമായി ചിലകാര്യങ്ങൾ ചോദിക്കട്ടേ?
1. സ്ത്രീകൾ അവരുടെ ഭർത്താക്കൻമാരെ കൂട്ടുപിടിച്ച് അടിക്കാൻ പോകണം എന്ന് സർ പറഞ്ഞു. സർ, താങ്കൾ വർഷങ്ങളായി ഒരു ജനപ്രതിനിധി ആയിരുന്നിട്ടും ഇതുവരേ സ്ത്രീകൾ മാത്രമുള്ള ആണുങ്ങൾ ഇല്ലാത്ത വീടുകൾ കണ്ടിട്ടില്ലേ എന്ന് ഞാൻ അത്ഭുതപ്പെടുന്നു.
സ്ത്രീകളെ സംരക്ഷിക്കാൻ ഒരു ആണിന്റെ കൈ വേണം എന്ന് ആരാണ് പറഞ്ഞത് സർ?
ഭർത്താവും അച്ഛനും ചേട്ടനും ഒന്നുമില്ലാത്ത ഞാൻ ഇനി ഈ കാര്യം ചോദിക്കാൻ വേണ്ടി ഒരു കല്യാണം കഴിക്കണോ? എന്തുകൊണ്ട് ഒരു പെണ്ണിന് പ്രതിരോധിച്ച് കൂടാ? എസ്‌കോർട്ടിന് എപ്പോഴും ഒരു ആങ്ങളയേ പ്രതിഷ്ഠിക്കാൻ ഇവിടെയുളള സ്ത്രീകൾക്ക് സൗകര്യമില്ല സർ.
2. സ്ത്രീകൾ തെറിപറഞ്ഞത് ശരിയായില്ല എന്ന് പറഞ്ഞല്ലോ? സർ സാറും ഞാനും ഒക്കേ ഇന്ത്യയിലെ പൗരൻമാരാണ്.
ഇവിടുത്തെ ഭരണഘടനയനുസരിച്ച് എല്ലാ പൗരൻമാർക്കും തുല്യനീതിയാണ് സർ. അതുകൊണ്ടുതന്നെ സാറ് വിളിക്കുമ്പോൾ ഹീറോയിസവും ഞാൻ വിളിക്കുമ്പോൾ അത് മോശവും ആകുന്നത് എങ്ങനെ സർ? ഒരു സ്ത്രീ പ്രതിരോധത്തിന്റെ ഭാഗമായി തെറിവിളിക്കുന്നത് സാറിനേപോലെയുളള സകലപ്രിവിലേജും അനുഭവിക്കുന്ന പുരുഷമേധാവിത്തത്തിന് മനസ്സിലാവില്ല.
കാരണം താങ്കൾ ബസിലൂടെയോ വഴിയിലൂടേയോ യാത്ര ചെയ്യുമ്പോൾ ആരും ചൂഴ്ന്ന് നോക്കിയിട്ടില്ല. സാറിന്റെ പേഴ്‌സണൽ ലൈഫിലേക്ക് ആരും ഇൻഡൾജ് ചെയ്ത് നോക്കുകില്ല.അതിനുളള ആൺപ്രിവിലേജ് സൊസൈറ്റി സാറിന് തരുന്നുണ്ട്.
3. എന്റെ കുട്ടികളൊക്കെ തെറി പഠിക്കും, വഴിതെറ്റി പോകും എന്ന് സർ പറഞ്ഞല്ലോ. സർ എന്റെ ക്ലാസ്സിൽ വന്നിരുന്നിട്ടുണ്ടോ? ഞാൻ അവിടെ തെറി ഉപയോഗിച്ചാണോ അല്ലയോ ഫിസിക്‌സ് പഠിപ്പിക്കുന്നതെന്ന് കാണാൻ?
4. എന്തൊക്കെയായാലും ഈ പൊതുജീവിതത്തിലെ തിരക്കിനിടയിലും എന്റെ വീഡിയോകൾ കാണാൻ സാറിന് സമയം ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.
താങ്കളിൽ നിന്ന് സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഇനിയെങ്കിലും ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു. സൈബർ നിയമങ്ങൾ ശക്തമാക്കാൻ ഒരു ജനപ്രതിനിധി എന്ന നിലക്ക് ഞങ്ങളേക്കാൾ കൂടുതൽ എഫോർട്ട് എടുത്ത് സ്ത്രീകൾക്കും പാർശ്വ വൽക്കരിക്കപ്പെട്ടവരുടേയും കൂടെ സർ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാറിന്റെ സ്ലാങ്ങിന് ആണുങ്ങൾ മാത്രമല്ല സ്ത്രീകളും ഫാൻസ് ഉണ്ടെന്ന് മനസ്സിലാക്കുക. അതിനൊരു ഉദാഹരണമാണ് ഈ ഞാനും. ജനാധിപത്യ രാജ്യത്ത് സ്ത്രീകൾ മാത്രം തെറിവിളിക്കാൻ പാടില്ലെങ്കിൽ പുരുഷൻമാരുടെ വോട്ടുമാത്രം മേടിച്ച് സർ ജയിക്കുമോ എന്ന് ചോദിച്ച് നിർത്തുന്നു.

വാൽ :
1.വിമർശനങ്ങൾ ഒരുപാട് വരുന്നത്‌കൊണ്ട് ഞാൻ പൊതുവിടത്ത് തെറിപറയുന്ന പരിപാടി നിർത്താൻ തീരുമാനിച്ചിട്ടുണ്ട്. സാറും ആ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2. എന്റെ ലൈവ് വീഡിയോകളിൽ ഞാൻ അല്ല തെറിപറയുന്നതെന്നും എന്നേ തെറിപറയുന്നത് ഞാൻ വായിക്കുന്നതാണെന്നും മനസ്സിലാക്കാൻ അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

18/05/2023