ഗാന്ധി കരയുന്നുവോ?
ഡോ. വി ജി പ്രദീപ് കുമാർ


ഇന്ത്യതൻ മണ്ണിലുറങ്ങുന്ന ഗാന്ധി തൻ
ആത്മാവിനുള്ളിലെ അന്തരംഗങ്ങളിൽ
മുറിവേറ്റു വേദനിക്കുന്നതിൻ രോദനം

ഉച്ചത്തിലുയരുന്നു ഭാരതഭൂവിതിൻ
ചക്രവാളങ്ങളിൽ മാറ്റൊലി കണക്കവേ
അക്രമം ചൂഷണം ദാരിദ്ര്യമില്ലാത്ത
കൊള്ളരുതായ്മകളൊന്നുമേയില്ലാത്ത
സോദരരായി നാമൊന്നായി മാറുന്ന
ഭാരതമെവിടെന്നു കേഴുന്നു ഗാന്ധിജി…

സ്വാതന്ത്ര്യ ലബ്ധി തന്നേഴു ദശാബ്ദങ്ങൾ
കാലചക്രത്തിൽ തെളിമങ്ങി മായവേ
സ്വാതന്ത്യത്തിൻ പൊരുൾ തേടി വലയുന്ന
ഭാരതമക്കളിന്നന്തിച്ചു നിൽക്കുന്നു
സത്യ,സമത്വ,സ്വയം പ്രഭാ പൂരമാം
രാമരാജ്യത്തിന്നാത്മാവിതെവിടെയോ?

അധികാരമഴിമതിക്കാക്കമായ് മാറ്റുന്നൊ
രധികാരി വർഗ്ഗത്തിൻ വികൃതമാം കർമ്മങ്ങൾ
ഒന്നിതൊന്നറിയാത്ത പട്ടിണിപ്പാവങ്ങൾ
ഒട്ടിയ വയറുമായ് തെരുവിലിന്നലയുന്നു
എന്തു പിഴച്ചു ഞാനെൻ കർമ്മ വീഥിയിൽ
തീവ്ര ദു:ഖത്താൽ വിതുമ്പുന്നു ഗാന്ധിജി

സ്വാതന്ത്ര്യ ദാഹിയായ് പോരാടും നാളതിൽ
ഉപ്പു കുറുക്കിയും പദയാത്ര താണ്ടിയും
ജന്മ നാടൊന്നിതിൻ ആത്മാവു താണ്ടിയ
അന്വേഷണങ്ങളും വ്യർത്ഥമാകുന്നുവോ?

വർണ്ണഭേദങ്ങൾ തൻ കാർമേഘമാലകൾ
ഗഹനമാം ഇന്ത്യ തൻ ഹൃദയത്തിൽ വീഴ്ത്തവേ
വേണ്ടെനിക്കിനിയൊരു പുനർജ്ജന്മമീ മണ്ണിൽ
ആത്മാവു നോവുന്നൊരെൻ ജന്മ ഭൂവിതിൽ
ധർമ്മ സൂര്യനായ് കവി പാടി വാഴ്ത്തിയ
രക്തസാക്ഷിയാം ഗാന്ധി തൻ രോദനം
ഉയരാതെ നോക്കുന്നൊരീ ഭരണകൂടങ്ങളും
ഒഴുകി വീഴുന്നിതു ഗാന്ധി തൻ കണ്ണു നീർ
ചിൽക്കൂട്ടിലാക്കിയ ചിത്രമായ് നിൽക്കിലും

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘അശ്വമേധം’ പരിപാടി ആരംഭിച്ചതിന്റെ കാരണക്കാരന്‍ ഇദ്ദേഹമാണ്… കെ സതീഷിനെ അനുസ്മരിച്ച് ജി എസ് പ്രദീപിന്റെ കുറിപ്പ്

ലോകത്താകെ പ്രേക്ഷകരുള്ള കൈരളി ടിവിയുടെ പരിപാടിയായിരുന്നു ജി എസ് പ്രദീപ് അവതരിപ്പിച്ച ̵…