നൂറാം പിറന്നാൾ ആഘോഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സമരോജ്വലമായ ചരിത്രത്തിന്റെ പ്രതീകങ്ങളാണ് കെ.ആർ ഗൗരിയമ്മയും വി.എസ് അച്യുതാനന്ദനും. പാർട്ടിയെക്കാൾ ഒരു വയസ് കൂടുതലുള്ള കെ.ആർ ഗൗരിയമ്മയെ പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉയർത്തിക്കാണിക്കാവുന്ന ഒരു വനിതാ നേതാവ് രാജ്യത്തുതന്നെ ഇല്ലെന്നുപറയാം. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിലേക്ക് ഇറങ്ങവിന്ന 32 പേരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവാണ് 94 പിന്നിട്ട മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ.
മുദ്രാവാക്യങ്ങൾ മറക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകാർ. ‘കേരം തിങ്ങും കേരള നാട് ഗൗരിയമ്മ ഭരിക്കും’ എന്ന ചുവരെഴുത്തുകൾ കാലത്തിനുപോലും മായ്ച്ചുകളയാനായിട്ടില്ല. ബ്രിട്ടീഷ് പോലീസിന്റെ കൊടിയ പീഡനങ്ങൾ അതിജീവിച്ച ഗൗരിയമ്മ നേതാവ് മാത്രമായിരുന്നില്ല. കേരളം കണ്ട സമർത്ഥരായ മന്ത്രിമാരിൽ ഒരാൾ കൂടിയാണ്. കപ്പിനും ചുണ്ടിനും ഇടയിൽ മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടുപോയ രണ്ട് നേതാക്കളാണ് ഗൗരിയമ്മയുംഗൗരിയമ്മയുടെ ഭർത്താവായിരുന്ന ടി.വി തോമസും .
പിന്നോക്ക സമുദായങ്ങളിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി വളർത്തിക്കൊണ്ടുവന്ന ടി.വി തോമസിനും ഗൗരിയമ്മക്കും കേരളത്തിന്റെ മുഖ്യമന്ത്രിമാരാവാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കേരളത്തിന്റെയും ചരിത്രം മറ്റൊന്നാകുമായിരുന്നു. ടി.വി തോമസിനെ മുഖ്യമന്ത്രിയാക്കാൻ അന്നത്തെ സംസ്ഥാന പാർട്ടി തീരുമാനമെടുത്തെങ്കിലും പോളിറ്റ്ബ്യൂറോ അത് അംഗീകരിച്ചില്ല. പകരം ഇഎംഎസാണ് ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ മുഖ്യമന്ത്രിയായി മാറിയത്. ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന് എല്ലാവരും കരുതിയ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിയായി മാറിയത് ഇ.കെ നായനാർ ആയിരുന്നു.
മറ്റൊരു ചരിത്രം എകെജി മുഖ്യമന്ത്രിയായി കേരളത്തെ നയിക്കണമെന്നും ഇഎംഎസ് പാർലമെന്റിലേക്ക് പോകണമെന്നും ഒരുഘട്ടത്തിൽ പാർട്ടി തീരുമാനം എടുത്തു. അന്നും പോളിറ്റ്ബ്യൂറോ എടുത്ത തീരുമാനം മറിച്ചായിരുന്നു. ഇംഗ്ലീഷിൽ പിടിപാടുള്ള ഇ.എം.എസിനെ പാർലമെന്റിലേക്ക് അയക്കുന്നതിനുപകരം പാവങ്ങളുടെ പടനായകനെ പാർലമെന്റിലേക്ക് അയച്ചു. എകെജിക്ക് ഡൽഹി അപരിചിതമായിരുന്നെങ്കിലും അദ്ദേഹം പാർലമെന്റ് കണ്ട ശ്രദ്ധേയനായ പ്രതിപക്ഷ നേതാവായി മാറി എന്നത് മറ്റൊരു ചരിത്രം.
ഒരുപക്ഷേ ഇഎംഎസ് ദേശീയതലത്തിൽ പാർലമെന്റ് നേതാവായി പ്രവർത്തിച്ചിരുന്നുവെങ്കിൽ സൈദ്ധാന്തികമായ പല പ്രതിസന്ധികൾക്കും പരിഹാരം കാണാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. ഒരു ജനകീയ ഭരണം കേരളത്തിൽ കാഴ്ചവെയ്ക്കാൻ എകെജിക്കും കഴിയുമായിരുന്നു. ടി.വി തോമസിന്റെയും ഗൗരിയമ്മയുടെയും എകെജിയുടെയും ഇഎംഎസിന്റെയും കാര്യത്തിൽ സംസ്ഥാന നേതൃത്വം കൈക്കൊണ്ട ശരിയായ തീരുമാനങ്ങളാണ് അന്ന് ചോദ്യം ചെയ്യപ്പെടാത്ത പോളിറ്റ്ബ്യൂറോ തള്ളിക്കളഞ്ഞത്.
കേരളത്തിലായാലും ബംഗാളിലായാലും ത്രിപുരയിലായാലും മുൻകാലങ്ങളിലെല്ലാം അന്തിമ തീരുമാനം എടുത്തിരുന്നത് പോളിറ്റ്ബ്യൂറോയാണ്. മൂന്ന് പതിറ്റാണ്ടോളം ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിനെ കോൺഗ്രസ് അടക്കം പ്രധാനമന്ത്രി പദത്തിലേക്ക് ക്ഷണിച്ചപ്പോൾ ജനറൽ സെക്രട്ടറിയായിരുന്ന സുർജിത് സിംഗ് അതിനെ സ്വാഗതം ചെയ്തു. മുൻ സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും ഇപ്പോഴത്തെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് ജ്യോതിബസു പ്രധാനമന്ത്രിയാകാൻ പാടില്ല എന്ന കർക്കശമായ നിലപാട് സ്വീകരിച്ചത്. ‘ചരിത്രപരമായ വിഡ്ഢിത്തം’ എന്നാണ് ഈ തീരുമാനത്തെ പിന്നീട് ജ്യോതിബസു തന്നെ വിശേഷിപ്പിച്ചത്. ജ്യോതിബസു അന്ന് പ്രധാനമന്ത്രി പദം ഏറ്റെടുത്തിരുന്നുവെങ്കിൽ ഇന്ത്യാ ചരിത്രത്തിൽ മാത്രമല്ല, ലോക കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി ഭരിക്കുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുമായിരുന്നു. ലോക കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കു പോലും ഗുണം ചെയ്യുമായിരുന്ന നിർദ്ദേശത്തെയാണ് അക്കാദമിക് ബുദ്ധിജീവികളായ കാരാട്ടും യെച്ചൂരിയും അന്ന് തള്ളിക്കളഞ്ഞത്.
ത്രിപുരയിൽ ആദ്യ മുഖ്യമന്ത്രിയായിരുന്ന നൃപൻ ചക്രബർത്തി പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ് മുഖ്യമന്ത്രി പദം ഒഴിഞ്ഞപ്പോൾ അദ്ദേഹത്തിന് പോകാൻ ഒരു വീടു പോലും ഉണ്ടായിരുന്നില്ല. ആകെയുള്ള സമ്പാദ്യങ്ങൾ ഒരു സ്യൂട്ട്‌കേസിലാക്കി മുഖ്യമന്ത്രി പദത്തിൽ നിന്നും പാർട്ടിയിൽ നിന്നും ഇറങ്ങിപ്പോയ നൃപൻ ചക്രബർത്തിയെ പിന്നീട് പാർട്ടി തിരിച്ചെടുത്തു. അപ്പോഴേക്കും അദ്ദേഹത്തിന് അനാരോഗ്യം ബാധിച്ചിരുന്നു.
വയലാർ സമര നായകനായ വി.എസിന് പോളിറ്റ്ബ്യൂറോ സീറ്റ് നിഷേധിച്ചതും മറ്റൊരു ചരിത്ര സംഭവമാണ്. അന്ന് കേരളത്തിൽ ഉയർന്ന പ്രതിഷേധങ്ങൾക്കു മുന്നിൽ പിബിക്ക് തീരുമാനം മാറ്റേണ്ടിവന്നു. ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ അടക്കമുള്ള പ്രഗത്ഭർ വിഎസിന്റെ സ്ഥാനാർത്ഥിത്വത്തിനു വേണ്ടി പരസ്യമായി രംഗത്തുവന്നതും കേരളത്തിലുടനീളം സാധാരണ ജനങ്ങൾ പ്രതിഷേധിച്ചതുമാണ് തീരുമാനം തിരുത്താൻ ജനറൽ സെക്രട്ടറിയായിരുന്ന കാരാട്ട് അടക്കമുള്ളവരെ നിർബന്ധിതരാക്കിയത്. അല്ലായിരുന്നെങ്കിൽ വിഎസ് എന്ന സമര നായകൻ അഞ്ചുകൊല്ലം കേരളത്തിന്റെ മുഖ്യമന്ത്രിയാകുമായിരുന്നില്ല.
നൂറ് വയസ് പിന്നിടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രം ത്യാഗത്തിന്റെയും പോരാട്ടങ്ങളുടെയും ചരിത്രമാണ്. നൂറുകണക്കിന് രക്തസാക്ഷികളാണ് കേരളത്തിലും ബംഗാളിലും ആന്ധ്രയിലും ത്രിപുരയിലും പാർട്ടിക്കു വേണ്ടി ജീവൻ ബലി കൊടുത്തത്. വയലാറും കരിവള്ളൂരും കയ്യൂരും മൊറാഴയും തെലുങ്കാനയും ഉൾപ്പെടെയുള്ള സമര ചരിത്രങ്ങൾ ഇന്നും സഖാക്കളെ ആവേശം കൊള്ളിക്കുന്ന ഓർമ്മകളാണ്. ത്യാഗപൂർണ്ണമായ ചരിത്രത്തിലൂടെയാണ് ചോരച്ചാലുകൾ നീന്തിക്കയറിയ കമ്മ്യൂണിസ്റ്റ് പാർട്ടികൾ രാജ്യത്ത് പടർന്നു പന്തലിച്ചത്. നാലു പതിറ്റാണ്ടോളം ബംഗാളും മൂന്ന് പതിറ്റാണ്ടിലേറെ ത്രിപുരയും ഇടവിട്ടാണെങ്കിലും കാൽനൂറ്റാണ്ടോളം കേരളവും ഭരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിഞ്ഞു.
ബംഗാളിലായാലും കേരളത്തിലായാലും സമ്പന്നരായിരുന്ന നേതാക്കൾ പോലും എല്ലാം ഉപേക്ഷിച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങളിൽ ആകൃഷ്ടരായി നേതൃത്വത്തിലേക്ക് എത്തിയത്. ജാതിക്കും മതത്തിനും അനാചാരങ്ങൾക്കുമെതിരെ അവർ സന്ധിയില്ലാതെ പോരാടി. എന്നാൽ ജനകീയ ജനാധിപത്യ വിപ്ലവം വിട്ട് പാർലമെന്ററി ജനാധിപത്യത്തിലേക്ക് കടന്നപ്പോഴാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ പ്രതിലോമ ശക്തികൾ കയറിക്കൂടിയത്.
സ്വാതന്ത്ര്യാനന്തര തലമുറ പാർട്ടിയുടെ നേതൃത്വത്തിൽ എത്തിയതോടെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വളർച്ച നിലച്ചു. 64 അംഗങ്ങളുണ്ടായിരുന്ന പാർലമെന്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അംഗസംഖ്യ ഇന്ന് വിരലിൽ എണ്ണാവുന്നത് മാത്രമാണ്. സാധാരണക്കാരോടും കർഷകരോടും ബന്ധമില്ലാത്ത അക്കാദമിക് ബുദ്ധിജീവികൾ നേതൃത്വത്തിൽ എത്തിയതോടെയാണ് സംഘടന ദുർബലമായത്. ജനങ്ങളിൽ നിന്ന് പാർട്ടി അകന്നുപോയി എന്ന് ബംഗാളിലും ത്രിപുരയിലും പാർട്ടി തന്നെ വിലയിരുത്തി. കേരളത്തിലും പാർട്ടിയെ ബാധിച്ചിരിക്കുന്നത് ഇതേ ദൗർബല്യങ്ങളാണ്. ജനകീയ ജനാധിപത്യ വിപ്ലവം ഉപേക്ഷിച്ചെങ്കിലും ജനകീയ ജനാധിപത്യം അവശേഷിക്കുന്നു എന്ന കാര്യം പോലും പാർലമെന്ററി വ്യാമോഹികളായ നേതാക്കൾ വിസ്മരിക്കുകയാണ്. ‘മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണ്’ എന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തം നൂറാം പിറന്നാളിന്റെ പ്രതിജ്ഞയായി ഏറ്റെടുത്ത് തെറ്റുകൾ തിരുത്തി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിയട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഊരാളുങ്കല്‍ സൊസൈറ്റി കോഴിക്കോട് ഓഫീസില്‍ ഇ.ഡി പരിശോധന

    കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, മിനാമി ഇടപാടുകള്‍ അന്വ…