സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ എന്തുകൊണ്ടാണ് സിപിഎം മുഖ്യശത്രുവായി കാണുന്നത്?മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയോ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്കെതിരെയോ നിരന്തരമായ ആക്രമണങ്ങൾ സിപിഎം നടത്താറില്ല. എന്നാൽ രമേശ് ചെന്നിത്തലക്കെതിരെ ആരോപണങ്ങളുടെ വെടിക്കെട്ടാണ് സിപിഎം കുറേക്കാലമായി നടത്തുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ പടപ്പുറപ്പാടാണ് ബാർ കോഴ ഇടപാട് ചെന്നിത്തലയുടെ ഗൂഢാലോചനയായിരുന്നു എന്ന പുതിയ വിവാദം. പരേതനായ മുൻ മന്ത്രി കെ.എം മാണിയെ പിന്നിൽ നിന്ന് കുത്തിയത് ചെന്നിത്തലയാണെന്ന കേരളാ കോൺഗ്രസിന്റെ റിപ്പോർട്ടാണ് ഇപ്പോൾ ആയുധമാക്കിയിരിക്കുന്നത്.
കോഴ വാങ്ങിയെന്ന് ആരോപിക്കപ്പെട്ട കെ.എം മാണി ഇന്ന് ജീവിച്ചിരിപ്പില്ല. കേരളാ കോൺഗ്രസ് ഇതേക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ ചെയർമാൻ സി.എഫ് തോമസ് ആഴ്ചകൾക്കു മുൻപാണ് മരണമടഞ്ഞത്. അതിനു പിന്നാലെയാണ് മാണിക്കെതിരെ ചെന്നിത്തലയും ജോസഫ് വാഴയ്ക്കനും അടൂർ പ്രകാശും മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും ബിജു രമേശും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്ന് ഒരു സ്വകാര്യ അന്വേഷണ ഏജൻസി നൽകിയ റിപ്പോർട്ട് ജോസ് കെ മാണിയും കൂട്ടരും പുറത്തുവിട്ടത്. ഈ റിപ്പോർട്ട് ഏറ്റുപിടിച്ചുകൊണ്ടാണ് കെ.എം മാണിയെ പിന്നിൽ നിന്ന് കുത്തിയത് ചെന്നിത്തലയാണെന്ന രാഷ്ട്രീയ ആരോപണം സിപിഎം സജീവമാക്കുന്നത്.
പിണറായി സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെല്ലാം പുറത്തുകൊണ്ടുവന്നത് പ്രതിപക്ഷ നേതാവ് ചെന്നിത്തലയാണ്. അതുകൊണ്ടുതന്നെയാവണം ചെന്നിത്തലയെ ലക്ഷ്യം വെച്ചുകൊണ്ട് സിപിഎം നേതാക്കൾ ആരോപണങ്ങൾ തൊടുത്തുവിടുന്നത്.
പകൽ കോൺഗ്രസും രാത്രിയിൽ ആർഎസ്എസുമാണ് ചെന്നിത്തല എന്നുമായിരുന്നു തുടക്കത്തിലെ ആരോപണം. ഇതേ ആരോപണം പോളിറ്റ്ബ്യൂറോ അംഗം എസ്ആർപിക്കെതിരെ ജന്മഭൂമി പുറത്തുവിട്ടതോടെ ആ ആരോപണത്തിന്റെ മുനയൊടിഞ്ഞു. മറ്റൊരു ആരോപണം ചെന്നിത്തലയുടെ മകന് സിവിൽ സർവ്വീസിൽ റാങ്ക് ലഭിച്ചതിനെക്കുറിച്ചായിരുന്നു. യുപിഎസ്‌സി പരീക്ഷയും അഭിമുഖവും കടന്ന് റാങ്ക് നേടിയത് സ്വാധീനിച്ചിട്ടാണെന്ന ആരോപണം ക്ലച്ച് പിടിച്ചില്ല. അതിനുശേഷം കൊറോണയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തുന്ന വിമർശനങ്ങൾ രോഗവ്യാപനത്തിന് ഇടയാക്കുന്നു എന്നതായി ആരോപണം. അതിനു കാരണമായി അവർ ഉയർത്തിക്കാണിച്ചത് പ്രതിരോധ പ്രവർത്തനത്തിനായി സ്പ്രിംഗ്ലർ കമ്പനിയുമായി സർക്കാർ ഒപ്പിട്ട കരാറിനെ പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്ത നടപടിയാണ്. ഇപ്പോൾ അറസ്റ്റിന്റെ നിഴലിൽ കഴിയുന്ന ശിവശങ്കർ സ്പ്രിംഗ്ലറിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ സ്പ്രിംഗ്ലർ കരാറിന്റെ കരചരണങ്ങൾ കോടതി വരിഞ്ഞുകെട്ടി. അതോടെ കരാർ തന്നെ അപ്രസക്തമായി. ഇതിനു പിന്നാലെയാണ് ബെവ്ക്യൂ ആപും കെഫോണും ഇമൊബിലിറ്റി കരാറും പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തത്. ഇമൊബിലിറ്റി കരാറും പിന്നീട് റദ്ദാക്കി. ഓരോ ആരോപണം ചെന്നിത്തല ഉന്നയിച്ചപ്പോഴും പരിഹസിച്ചവർ പിന്നീട് അവ ഓരോന്നും പിൻവലിക്കുകയാണുണ്ടായത്.
ഏറ്റവും ഒടുവിൽ ലൈഫ് മിഷൻ കോഴ നൽകിയ യുണിടാകിന്റെ എംഡി സന്തോഷ് ഈപ്പൻ നൽകിയ മൊഴിയിൽ സ്വപ്‌ന വഴി ചെന്നിത്തലയ്ക്ക് ഐഫോൺ സമ്മാനമായി നൽകിയതായി വിവാദം. അതിനെതിരെ ചെന്നിത്തല നിയമ നടപടി ആരംഭിച്ചതോടെ ആരോപണം ഉന്നയിച്ച സന്തോഷ് ഈപ്പൻ തന്നെ പിൻവലിഞ്ഞു.
സർക്കാരും സിപിഎമ്മും പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മുന്നിൽ പ്രതിരോധത്തിലാകുമ്പോഴാണ് പ്രത്യാക്രമണത്തിനായി പുതിയ ആയുധങ്ങൾ പൊടിതട്ടിയെടുക്കുന്നത്.
പിണറായി വിജയന്റെ സർക്കാർ തുടർ ഭരണത്തിൽ എത്തുമെന്ന് ഉറപ്പാണെങ്കിൽ എന്തിനാണ് പ്രതിപക്ഷ നേതാവിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത്? ഭരണം മാറിയാൽ മുഖ്യമന്ത്രിയാവാൻ സാധ്യതയുള്ള ആളാണ് പ്രതിപക്ഷ നേതാവ്. തുടർഭരണത്തിന് സാ്ദ്ധ്യത മങ്ങിയെന്ന ബോദ്ധ്യംകൊണ്ടുതന്നെയാവണം ചെന്നിത്തലയെ വർഗ്ഗശത്രുവായി കണ്ട് ആരോപണങ്ങളിൽ തളച്ചിടാൻ നോക്കുന്നത്.
പി.ജെ ജോസഫുമായി തെറ്റിപ്പിരിഞ്ഞ് ഇടതുപാളയത്തിലേക്ക് എത്തിയിരിക്കുന്ന ജോസ് കെ മാണിയെ മുൻനിർത്തിയാണ് ഇപ്പോഴത്തെ ആരോപണം. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് എത്താനിടയാക്കിയത് കോൺഗ്രസ് നേതാക്കൾ മാണിയെ പിന്നിൽ നിന്ന് കുത്തിയതുകൊണ്ടാണ് എന്ന് വരുത്തിത്തീർക്കാനാണ് നീക്കം. മരിക്കുംവരെയും കെ.എം മാണി ഇതേക്കുറിച്ച് ഒന്നും പറഞ്ഞുകേട്ടിട്ടില്ല. ചിലർ പിന്നിൽ നിന്ന് കുത്തി എന്ന് ഒരുഘട്ടത്തിൽ പറയുകയും കുറച്ചുകാലം യുഡിഎഫിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ചർച്ചകൾ നടത്തിയപ്പോൾ കെ.എം മാണി മടങ്ങിയെത്തുകയും ചെയ്തു. അതിന്റെ പേരിലാണ് കോൺഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് ചെന്നിത്തല മുൻകൈയെടുത്ത് ജോസ് കെ മാണിക്ക് കൈവെള്ളയിൽ വെച്ചുകൊടുത്തത്.
ഹൈക്കമാന്റ് പരിഗണിച്ചിരുന്നത് പി.സി ചാക്കോയുടെയും പി.ജെ കുര്യന്റെയും പേരുകളാണ്. കെപിസിസി കെ.എം മാണിക്കുവേണ്ടി നിർബന്ധം പിടിച്ചപ്പോഴാണ് ലോകസഭാംഗമായിരുന്ന ജോസിന് രാജി വെച്ച് രാജ്യസഭയിലേക്ക് പോകാൻ വഴിയൊരുക്കിയത്. കെ.എം മാണിയോടുള്ള വിധേയത്വത്തിന്റെ പേരിലായിരുന്നു കോൺഗ്രസിന്റെ ത്യാഗം. ഇപ്പോൾ അങ്ങനെ പിടിച്ചുവാങ്ങിയ രാജ്യസഭാ സീറ്റ് രാജിവെച്ചുകൊണ്ടാണ് ജോസും കൂട്ടരും ഇടതുപാളയത്തിന്റെ വാതിൽക്കൽ നിൽക്കുന്നത്. ഒരുകൊല്ലം അവശേഷിക്കേ അന്ന് ലോക്‌സഭാംഗത്വം രാജിവെച്ച് രാജ്യസഭയിലേക്ക് ചേക്കേറി. നാലുകൊല്ലം ശേഷിക്കേ ഇപ്പോൾ രാജ്യസഭാംഗത്വം രാജി വെച്ച് ഇടതുപക്ഷ പിന്തുണയോടെ നിയമസഭയിൽ മത്സരിച്ച് മന്ത്രിയാകാനാണ് ജോസിന്റെ പതിനെട്ടാമത്തെ അടവ്. ഇതെല്ലാം രാഷ്ട്രീയ കേരളം കാണുകയും കേൾക്കുകയുമാണ്.
സോളാർ കേസിൽ സരിത എഴുതിയ കത്തിൽ ജോസ് കെ മാണിയും ഉണ്ട്. സോളാറിനെതിരെയും മാണിയുടെ ബാർ കോഴയ്‌ക്കെതിരെയും എൽഡിഎഫ് നടത്തിയ ഐതിഹാസിക സമരങ്ങൾ മറക്കാൻ കാലമായിട്ടില്ല. വിവാദം ഉയർത്തിയ സോളാർ കേസും ബാർ കോഴക്കേസും ഇപ്പോഴും ക്രൈംബ്രാഞ്ചിന്റെയും വിജിലൻസിന്റെയും അന്വേഷണത്തിലാണ്. പ്രമാദമായ ഈ രണ്ട് കേസുകളും ഉയർത്തിക്കാണിച്ചാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി യുഡിഎഫിനെ നിലംപരിശാക്കിയത്. അങ്ങനെ ലഭിച്ച നിലപാട് തറയിലാണ് പിണറായി സർക്കാർ നാലരക്കൊല്ലം പിന്നിടാൻ പോകുന്നത്. ഈ ഘട്ടത്തിലാണ് രണ്ട് ആരോപണങ്ങളിലും പ്രതിസ്ഥാനത്ത് നിൽക്കുന്ന ജോസ് കെ മാണിയുടെ പാർട്ടിയെ കോടിയേരിയും കൺവീനർ എ.വിജയരാഘവനും സിപിഐ സെക്രട്ടറി കാനവും ചുവപ്പു പരവതാനി വിരിച്ച് കഴിഞ്ഞ ദിവസം എകെജി സെന്ററിലേക്കും എംഎൻ സ്മാരകത്തിലേക്കും സ്വീകരിച്ചത്.
സിബിഐ അടക്കം അഞ്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്റെ നിഴലിലാണ് സർക്കാരും സിപിഎം നേതൃത്വവും. മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെയും പാർട്ടി സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയെയും പലവട്ടം ചോദ്യം ചെയ്തു കഴിഞ്ഞു. ഇപ്പോൾ അറസ്റ്റിനെ പേടിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ശിവശങ്കർ. മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ ശിവശങ്കർ കസ്റ്റംസിന്റെ പിടിയിലാകും.
അസാധാരണമായ രാഷ്ട്രീയ പ്രതിസന്ധിയെ നേരിടണമെങ്കിൽ ശകുനിയെ മുൻനിർത്തി വേണം യുദ്ധം നയിക്കാൻ. അതിന് കണ്ടെത്തിയ യോഗ്യനായ നേതാവാണ് ജോസ് കെ മാണി. അവരുടെ കയ്യിലെ ആയുധമാണ് ചെന്നിത്തലക്കെതിരെയുള്ള സ്വകാര്യ കുറ്റാന്വേഷണ ഏജൻസിയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്. വില്ലനാകട്ടെ, പ്രതിപക്ഷ നേതാവ് ചെന്നിത്തലയും. ഇടതുപക്ഷത്തിന് സന്തോഷിക്കാൻ ഇതിൽ കൂടുതൽ എന്തുവേണം?

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഊരാളുങ്കല്‍ സൊസൈറ്റി കോഴിക്കോട് ഓഫീസില്‍ ഇ.ഡി പരിശോധന

    കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, മിനാമി ഇടപാടുകള്‍ അന്വ…