ജിജു മലയിൻകീഴ്

തിരുവനന്തപുരം : കേരളാ പോലീസിലെ മുഴുവൻ ജീവനക്കാർക്കും അംഗമാകാൻ കഴിയുന്ന സഹകരണ സംഘമായ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം സംഘാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കെയർ പ്ലസ് എന്ന പേരിൽ ഒരു ചികിത്സാപദ്ധതി ആരംഭിക്കുന്നു. ഒരു ഇൻഷുറൻസ് കമ്പനിയേയും ആശ്രയിക്കാതെ ഒരു കുടുംബത്തിന് പ്രതിവർഷം 3600/ രൂപ അടച്ചാൽ പ്രതിവർഷം മൂന്ന് ലക്ഷം രൂപ ചികിത്സാച്ചെലവ് ലഭിക്കുന്ന പദ്ധതിയാണിത്.
ചികിത്സയ്ക്ക് ശേഷം അപേക്ഷയോടൊപ്പം ബില്ല് ഹാജരാക്കിയാൽ തുക അംഗത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് നൽകും. ഭാരിച്ച ചെലവ് വരുന്ന ചികിത്സയാണെങ്കിൽ ആശുപത്രി ബില്ല് സംഘത്തിലേക്ക് മെയിൽ ചെയ്താൽ മതി. ബില്ല് അടയ്ക്കാൻ കഴിയുന്ന വേഗതയിൽ തുക അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് നൽകും. മുൻകൂട്ടി തീയതി നിശ്ചയിച്ച ചികിത്സകൾക്ക് ആശുപത്രിയിൽ നിന്നുള്ള എക്സ്റ്റിമേറ്റ് ലഭിച്ചാൽ ആവശ്യമായ പരിശോധനകൾക്ക് ശേഷം തുക മുൻകൂറായും നൽകും.
ഇങ്ങനെ ഏറ്റവും കുറഞ്ഞ ചെലവിൽ ഏറെ മികവുറ്റ പദ്ധതിയാണ് കെയർ പ്ലസിലൂടെ ഭരണസമിതി സഹകാരികൾക്കായി ആരംഭിക്കുന്നത്. പുതുതായി ആരംഭിക്കുന്ന പദ്ധതി എന്ന നിലയിൽ ആദ്യ രണ്ട് വർഷം ഈ പദ്ധതി വിലയിരുത്തിയ ശേഷമേ സഹകരണ നിയമപ്രകാരം മാറ്റങ്ങൾ വരുത്താൻ കഴിയൂ. ഭാവിയിൽ വലിയ മാറ്റങ്ങളാണ് ഈ പദ്ധതിയിൽ സംഘം ഭരണസമിതി നടപ്പിലാക്കാനായി ആലോചിക്കുന്നത്. അംഗങ്ങളിൽ നിന്ന് അധിക തുക ഒന്നും ഈടാക്കാതെ തന്നെ ഈ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യം മൂന്ന് ലക്ഷത്തിൽ നിന്ന് രണ്ട് വർഷം കഴിയുമ്പോൾ അഞ്ച് ലക്ഷമായും തുടർന്നുള്ള വർഷങ്ങളിൽ ആനുപാതികമായതും വർദ്ധനവ് വരുത്താൻ കഴിയുന്ന തരത്തിൽ പദ്ധതിയെ മാറ്റാൻ കഴിയും എന്ന പ്രതീക്ഷ സംഘം ഭരണസമിതിക്കുണ്ട്.
ഈ പദ്ധതിയിൽ അംഗമായ ഒരംഗം സർവീസിൽ നിന്ന് വിരമിച്ചാലും പ്രതിവർഷം നിശ്ചിത തുക അടച്ചാൽ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യം തുടർന്നും നൽകാൻ കഴിയുന്ന തരത്തിൽ പദ്ധതിയെ പരിഷ്‌ക്കരിക്കണമെന്ന ലക്ഷ്യവും സംഘം ഭരണസമിതിക്കുണ്ട്.
വലിയ തുക പ്രതിവർഷം പ്രീമിയം അടയ്‌ക്കേണ്ടതും, ഓരോ വർഷവും പ്രീമിയം തുക വർദ്ധിക്കുകയും ചെയ്യുന്ന മെഡിക്ലെയിം പദ്ധതികൾ ഉള്ള നാട്ടിലാണ് വളരെ കുറഞ്ഞ തുക ഒരിക്കൽ മാത്രം അടച്ചാൽ അവരുടെ കുടുംബത്തെ സുരക്ഷിതമാക്കുന്ന സ്വപ്ന പദ്ധതിയുമായി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം കടന്നു വരുന്നതതെന്ന് പ്രസിഡന്റ് മനോജ് എബ്രഹാം ഐ.പി എസ് , വൈസ് പ്രസിഡന്റ സി.ആർ.ബൈജു എന്നിവർ അറിയിച്ചു.
ഈ പദ്ധതിയിൽ തുക ഒരുമിച്ച് അടച്ച് ചേരുന്നതിന് പ്രത്യേകവായ്പാ സൗകര്യം ഉണ്ടായിരിക്കും. സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥന്മാർക്കും കുടുംബാംഗങ്ങൾക്കും സുരക്ഷിത കവചമായി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘംഭരണ സമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഊരാളുങ്കല്‍ സൊസൈറ്റി കോഴിക്കോട് ഓഫീസില്‍ ഇ.ഡി പരിശോധന

    കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, മിനാമി ഇടപാടുകള്‍ അന്വ…