തിരുവനന്തപുരം: പത്ത് ദിവസംകൊണ്ട് പത്ത് പാട്ടുകൾ കാണാതെ പഠിച്ച് രണ്ടാംക്ലാസ്സുകാരൻ തേജസ് സംഗീത് പാട്ടിന്റെ നോൺസ്‌റ്റോപ്പ് എക്‌സ്പ്രസ്സായി കുതിച്ചുപാഞ്ഞത് ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്‌സിലേക്ക്. അതൊരു ചാലഞ്ചായിരുന്നു. വീട്ടിൽ പാട്ടുംപാടി ചുമ്മാ കറങ്ങി നടന്ന അനുജനോട് സി.എയ്ക്ക് പഠിക്കുന്ന പ്രണവ് തമാശയ്ക്ക് ചോദിച്ചതായിരുന്നു. ‘ നിനക്ക് നോൺ സ്‌റ്റോപ്പായി പത്ത് പാട്ടുകൾ കാണാതെ പാടാമോ? ‘ ‘എന്താ സംശയം… ഞാൻ റെഡി…’ തേജസ് ചേട്ടന് വാക്കും കൊടുത്തു… അതൊരു ഒന്നൊന്നര വാക്കായിരുന്നു. അന്നുമുതൽ തകർപ്പൻ പരിശീലനം തുടങ്ങി. ഫലം ഞെട്ടിക്കുന്നതായിരുന്നു. അങ്ങനെയാണ് തേജസ് ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്‌സിലേക്ക് പാടിക്കയറയിത്. വ്യത്യസ്ത ഈണത്തിൽ ചിട്ടപ്പെടുത്തിയ പത്തു പാട്ടുകളാണ് ഒന്നിന് പിറകെ ഒന്നായി കാണാതെ പാടി. 33 മിനുട്ടിൽ പത്ത് പാട്ട്!
എം.ജി. കോളേജിലെ അദ്ധ്യാപകൻ ഡോ. എ.എസ്. വിനോദാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്‌സിനെക്കുറിച്ച് പ്രണവിനോട് പറഞ്ഞത്. സ്വന്തമായി ശ്രമിച്ചാൽ അതിലേക്കെത്താനാവില്ലെന്ന് മനസ്സിലായ പ്രണവ് അനിയനിലൂടെ അത് സാധിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
മെഡലും സർട്ടിഫിക്കറ്റും ഉൾപ്പെടെ ബുക്ക് ഓഫ് റെക്കാർഡ്‌സ് അധികൃതർ വെമ്പായം ‘ശിവാലികി’ലേക്ക് പുരസ്‌കാരപ്പൊതി അയച്ചുകൊടുത്തു. കോവിഡ് കാലമല്ലായിരുന്നെങ്കിൽ ഫരീദാബാദിലെ പ്രൗഢഗംഭീരമായ ചടങ്ങിലെത്തി അംഗീകാരം സ്വീകരിക്കാമായിരുന്നു.
കോസ്റ്റ് അക്കൗണ്ടന്റും കേരളകൗമുദി ജനറൽ മാനേജരുമായ ( ഫിനാൻസ് ) ടി.പി. സംഗീതിന്റെയും ധന്യയുടേയും രണ്ടാമത്തെ മകനാണ് തേജസ്. വട്ടപ്പാറ ലൂർദ് മൗണ്ട് സ്‌കൂളിൽ എൽ.കെ.ജിക്ക് പഠിക്കുമ്പോൾ തന്നെ സംഗീതമത്സരങ്ങളിൽ തേജസ് സമ്മാനങ്ങൾ വാരിക്കൂട്ടാൻ തുടങ്ങിയിരുന്നു. യു.കെ.ജിയിലെ ക്ലാസ് ടീച്ചറായിരുന്ന സാറാമ്മ ഉൾപ്പടേയുള്ള അദ്ധ്യാപകരാണ് മകനെ ശാസ്ത്രീയമായിത്തന്നെ പാട്ടു പഠിപ്പിക്കണമെന്ന് ധന്യയോട് പറഞ്ഞത്.
തേജസിനെ ലൈവ് ക്യാമറയ്ക്ക് മുന്നിൽ ഉഷാറാക്കി നിറുത്തിയത് അമ്മ ധന്യ തന്നെയായിരുന്നു. പൂമുത്തോളെ, കാമിനി രൂപിണീ, ഞാനൊരു മലയാളി, കുടുക്കുപൊട്ടിയ കുപ്പായം എന്നിങ്ങനെ പത്തു പാട്ടുകളാണ് തേജസ് ഒന്നിന് പിന്നാലെ മറ്റൊന്നായി പാടിത്തകർത്തത്. ഇന്ത്യാ ബുക്ക് ഓഫ് റെക്കാർഡ്‌സിലേക്ക് അപേക്ഷയയച്ചതുൾപ്പടെ മത്സരത്തിന് അരങ്ങൊരുക്കിയത് പ്രണവ്. വാഹനപ്രേമിയായ പ്രണവ് സംഗീതിന് ‘ മല്ലു ഓട്ടോ വ്‌ളോഗ്‌സ്’ എന്നൊരു യൂ ട്യൂബ് ചാനലുമുണ്ട്.
ഇനി ഏഷ്യൻ ബുക്ക് ഓഫ് റെക്കാർഡ്‌സിൽ കയറാനുള്ള ശ്രമത്തിലാണ് തേജസ്. അത് കഴിഞ്ഞാൽ ഗിന്നസ് ബുക്കിലും കയറണം. പുത്തൻ വണ്ടികളെക്കുറിച്ചുള്ള ചേട്ടന്റെ ഓട്ടോ വ്‌ളോഗിൽ കയറി രസികൻ ഷാർജാ ഷേക്കും ബദാം ഷേയ്ക്കുമൊക്കെയുണ്ടാക്കി മധരും വിതറി വ്‌ളോഗറാകാനുള്ള ശ്രമവും ഈ കൊച്ചുമിടുക്കൻ തുടങ്ങിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഊരാളുങ്കല്‍ സൊസൈറ്റി കോഴിക്കോട് ഓഫീസില്‍ ഇ.ഡി പരിശോധന

    കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, മിനാമി ഇടപാടുകള്‍ അന്വ…