രാജൻ തടായിൽ

മലയാള സിനിമയെ നെഞ്ചോട് ചേർത്ത് പിടിക്കുകയും ചെറുപ്പം മുതലേ സിനിമകൾ ധാരാളം കാണുകയും നിരവധി സിനിമാ പ്രസിദ്ധീകരണണങ്ങൾ വായിക്കുവാൻ അവസരം കിട്ടുകയും ചെയ്തിട്ടുള്ള ഒരാൾ എന്ന നിലയ്ക്കാണ് ഇതെഴുതുന്നത്. സത്യത്തിൽ മലയാള സിനമയുടെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ മലയാളികൾ ഏതു നാട്ടിലായാലും തല കുനിക്കേണ്ടിവരുന്നു. ഏതാനും പേരുടെ ഇംഗീതത്തിനനുസരിച്ചാണ് ചലച്ചിത്ര മേഖല ചലിച്ചു കൊണ്ടിരിക്കുന്നതെന്ന് മാദ്ധ്യമങ്ങളിലൂടെയും മറ്റും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് നമ്മൾക്ക് അനുമാനിക്കാൻ കഴിയും. ഇതിന്റെ തുടക്കം എവിടെ നിന്നാണ് ? ഒരു കാലത്ത് ഒരു കുടുംബത്തിലെ അംഗങ്ങളെന്ന പോലെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഇടകലർന്നും പരസ്പരം സ്‌നേഹിച്ചും വളർത്തിയെടുത്ത സംസ്‌കാരത്തിന് ഇന്ന് ഉലച്ചിൽ തട്ടിയിരിക്കുന്നു. ഇതിന്നുത്തരവാദികൾ ചലച്ചിത്ര മേഖലയിൽ നിന്നുള്ളവർ തന്നെയാവുമ്പോൾ വേലി തന്നെ വിള തിന്നുന്ന അവസ്ഥയിലേക്കെത്തുന്നു കാര്യങ്ങൾ. തെറ്റു ചെയ്തവരെ തെറ്റുകാരെന്നും അതിന് ഇരയായവരെ ഇരയെന്നുമാണ് നാം വിശേഷിപ്പിക്കുന്നത്. അക്കാര്യം ഉറക്കെ വിളിച്ചു പറയാൻ മീശയില്ലാത്ത പുരുഷ കേസരികളും മീശ വരാത്ത വനിതാ ശിങ്കിടികളും എന്തുകൊണ്ട് തയ്യാറാവുന്നില്ല? നമ്മുടെ മകൾക്കോ സഹോദരിക്കോ ഇത്തരമൊരനുഭവമുണ്ടായാൽ നമ്മളെങ്ങിനെയാണ് പ്രതികരിക്കുക, അതുതന്നെയാവണം ഇവിടേയും ചെയ്യേണ്ടിയിരുന്നത്.
ചലച്ചിത്ര മേഖലയിലുള്ളവരും നമ്മളെപ്പോലെയാണെന്ന് കരുതുന്നു. സിനിമയിൽ നായികക്കു നേരെ വില്ലന്റേയോ മറ്റാരുടെയെങ്കിലുമോ കടന്നുകയറ്റമുണ്ടാകുമ്പോൾ നായകൻ ചാടി വിഴുകയും അവരെ അടിച്ചും തൊഴിച്ചും നിഷ്‌കാസനം ചെയ്യുകയുമാണ് പതിവ്. എങ്ങിനെയെങ്കിലും നായികയെ രക്ഷിക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രം. മിക്ക ചിത്രങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. എന്നാൽ ഇത്തരത്തിൽ അഭിനയിച്ചു ഫലിപ്പിക്കുമ്പോഴും അതിന്റെ ഒരംശം പോലും സ്വന്തം ജീവിതത്തിലേക്ക് പകർത്താൻ എന്തുകൊണ്ടാണ് ഇവർക്ക് സാധിക്കാത്തത്. അവിടെയാണ് അഭിനയം തൊഴിലും ജീവിതം ജീവിതമായിത്തന്നെ വേറിട്ടു നിൽക്കുന്നത്. നേരെ മറിച്ച് സിനിമ കണ്ടുവളർന്ന ഞങ്ങളെപ്പോലുള്ളവർക്കതിനാവുന്നില്ല എന്നതാണ് സത്യം. അതാണ് സിനിമ ഞങ്ങളിൽ ചെലുത്തിയ സ്വാധീനം.
നമുക്ക് വീണ്ടും അറുപതുകളിലേക്കു കടക്കാം. അന്നത്തെ പ്രധാന താരങ്ങളായ സത്യൻ, പ്രേംനസീർ തുടങ്ങിയവർ. അവരെയാരും സൂപ്പർ സ്റ്റാറുകളെന്നു വിളിച്ചിരുന്നില്ല. കാരണം അവർ നമ്മളിലൊരാൾ എന്ന നിർവ്വചനത്തിൽപ്പെടുന്നു. ഒരിക്കൽ ശാരദയും സത്യനും അഭിനയിക്കുന്ന പടത്തിന്റെ ലൊക്കേഷനിൽ ഷൂട്ടിംഗ് സമയത്ത് അവിടെയെത്തിയ നാട്ടുകാരിലൊരാൾ ശാരദയെ നിരന്തരം കമന്റടിച്ചു കൊണ്ടിരുന്നു. ശാരദ സത്യനോട് കാര്യങ്ങൾ പറഞ്ഞു. സത്യൻ അയാളെ പ്രത്യേകം ശ്രദ്ധിച്ചു തുടങ്ങി. വീണ്ടും ഇതേ സ്ഥിതി തുടർന്നപ്പോൾ സത്യൻ നേരെ ചെന്ന് അയാളെ രണ്ട് പൊട്ടിച്ചുവിടുകയായിരുന്നു. ഇന്നാണ് സംഭവമെങ്കിൽ നമ്മുടെ ഇമേജിന് കോട്ടംതട്ടുമെന്നും അതുകൊണ്ട് നമ്മളതിൽ ഇടപെടേണ്ടെന്ന് മറ്റുള്ളവരോടു കൂടി പറയും
പ്രേംനസീറും ഷീലയും സിനിമയിൽ കത്തി നിൽക്കുന്ന കാലം. ഒരു സെറ്റിൽ നിന്ന് മറ്റൊരു സെറ്റിലേക്ക്… തീരെ വിശ്രമമില്ലാത്ത അഭിനയം. ആ തിരക്കിനിടയിലും ഒരു പ്രധാന സംഭവം നടന്നു. ഒരു പ്രൊഡക്ഷൻ മാനേജർ അഡ്വാൻസ് കൊടുത്ത് സസീറിനേയും ഷീലയേയും ബുക്ക് ചെയ്യുന്നു. സംവിധായകനെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. സെറ്റിലെത്തിയപ്പോഴാണ് ഷീല ഞെട്ടുന്നത്. സംവിധായകൻ എന്നു പറയുന്നത് ഷൂട്ടിംഗ് സ്ഥലത്ത് സ്ഥിരമായി അല്ലറ ചില്ലറ സാധനങ്ങളൊക്കെ എത്തിക്കുകയും മറ്റു സൗകര്യങ്ങളൊക്കെ ചെയ്തുകൊടുക്കുകയും ചെയ്തിരുന്ന ഒരുവനായിരുന്നു. ഷീല ഉടനെത്തന്നെ നസീറിനോട് പറഞ്ഞു ഇയാൾ നമ്മുടെ മറ്റേ പടത്തിൽ ചായ കൊണ്ടുവന്നയാളല്ലേയെന്ന്. നസീർ അതെയെന്ന് മറുപടിയും പറഞ്ഞു. അവർ നമ്മൾക്ക് അഡ്വാൻസ് തന്ന് ബുക്ക് ചെയ്തു, ഡേറ്റും കൊടുത്തു അത്രയല്ലേ ഉള്ളു. അതുകൊണ്ട് തന്നെ നമ്മൾ ഈ പടത്തിൽ അഭിനയിക്കുന്നു. സംവിധായകന്റെ ജീവചരിത്രം നമ്മൾക്ക് നോക്കേണ്ട കാര്യമില്ല. നമ്മൾ നമ്മളുടെ ജോലി ചെയ്യുന്നു അത്രമാത്രം. ഒടുവിൽ ഷീലയും സമ്മതിച്ചു. ഷീല ഒരഭിമുഖത്തിൽ പറഞ്ഞതാണ് ഇക്കാര്യം. ആ പടം ഹിറ്റായി ഓടുകയും ചെയ്തു. അദ്ദേഹം ഇപ്പോഴും സിനിമാരംഗത്തുണ്ടെന്നും കൂട്ടിച്ചേർത്തു. പേര് പറഞ്ഞില്ല. അത് അവരുടെ മഹത്വം. ഇന്നാണ് ഈ ഒരവസ്ഥയെങ്കിൽ എന്തായിരിക്കും സ്ഥിതിയെന്ന് നമ്മൾക്ക് ഊഹിക്കാമല്ലോ. അതുകൊണ്ടു തന്നെയാണ് മൺമറഞ്ഞ് 31 വർഷത്തോളമായിട്ടും ഇന്നും ജനഹൃദയങ്ങളിൽ നിലനിൽക്കാൻ പ്രേംനസീറെന്ന മഹാനടന് കഴിഞ്ഞത്. സിനിമയിലും ജീവിതത്തിലും പാവങ്ങളുടെ പടത്തലവനായിരുന്നു അദ്ദേഹം.
വീണ്ടും കാര്യത്തിലേക്ക് തിരിച്ചു വരാം. കാട്ടിലെ രാജാവെന്നറിയപ്പെടുന്ന സിംഹത്തിനു പോലും പല്ലു കൊഴിയുന്ന ഒരു ദിവസം വരും. അത് മനുഷ്യനും ബാധകമാണ്. WCC എന്ന സംഘടനയുടെ ഉദയം തന്നെ അമ്മയുടെ തണലിൽ മക്കളായ ഞങ്ങൾ സുരക്ഷിതരല്ലെന്ന ചിന്തയിൽ നിന്നാണ്. വൈകിയെങ്കിലും ഇരയുടെ ഭാഗത്തായി ഏതാനും മീശയുള്ള ആൺകുട്ടികളും തുണയായത് വളരെ പ്രശംസനീയമാണ്. നമ്മൾ ജനിക്കുമ്പോൾ തന്നെ അത്യുന്നതങ്ങളിൽ എത്തിച്ചേരുമെന്ന് ആരും നിശ്ചയിക്കുന്നില്ല. ജീവിത സാഹചര്യങ്ങളാണ് നമ്മളെ വലിയവനും ചെറിയവനുമാക്കുന്നത്. നമ്മൾക്ക് എത്ര കഴിവുണ്ടായിട്ടും കാര്യമില്ല ജനങ്ങൾ അത് അംഗീകരിക്കാൻ തയ്യാറല്ലെങ്കിൽ. എല്ലാത്തിന്റേയും വിധികർത്താക്കൾ ജനങ്ങളാണ്. ജനം സ്വീകരിച്ചില്ലെങ്കിൽ വെറും വട്ടപ്പൂജ്യം മാത്രം. അത് സിനിമയായാലും ശരി. അതുകൊണ്ട് തന്നെ ജനം തിരിഞ്ഞു കുത്താതെ നോക്കേണ്ടതാണ്. മലയാള സിനിമയിലേക്ക് കാലെടുത്തു വെക്കുന്നവരും ഇപ്പോൾ കൊടുമുടിയുടെ മുകളിലെത്തി നിൽക്കുന്നവരും നിത്യ ഹരിത നായകൻ പ്രേംനസീറിന്റെ ജീവചരിത്രം ഏറ്റവും കുറഞ്ഞത് ഒരു തവണയെങ്കിലും വായിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. അപ്പോൾ മനസ്സിലാകും നിർമ്മാതാവിന്റെ സ്ഥാനം, സംവിധായകന്റെ സ്ഥാനം, ക്യാമറാമാന്റേയും മറ്റു സാങ്കേതിക വിദഗ്ദരുടെയും സ്ഥാനം എവിടെയാണെന്ന്. നടീ നടന്മാർ ഇവരുടെയെല്ലാം കീഴിൽ ജോലി ചെയ്യുന്ന ഒരു പറ്റം തൊഴിലാളികൾ മാത്രമാണെന്ന്. ഒരു തൊഴിലാളിയെ മുതലാളി വിളിച്ചില്ലെങ്കിൽ അയാൾക്ക് ജോലിയില്ല. ആരും വിളിച്ചില്ലെങ്കിൽ തീരെയില്ല. ജോലിക്ക് വിളിക്കുന്നവരുടെ തലയിൽ കയറി നിരങ്ങരുത്. ഞങ്ങൾ എല്ലാവരുടേയും മുകളിലാണെന്ന ധാരണ മാറ്റണം. ആനയുടെ പുറത്ത് നമ്മൾ കയറാറുണ്ട്. അതേസമയം ആന നമ്മളുടെ പുറത്ത് കയറിയാലോ? ഇത്രയും മനസ്സിലാക്കാൻ ഒരിക്കൽ മാമുക്കോയ പറഞ്ഞ പോലെ പോളിടെക്‌നിക്കിൽ പോവേണ്ട ആവശ്യമില്ല. സ്വന്തം കാലിന്നടിയിലെ മണ്ണൊലിച്ചു പോവുന്നത് ഇവരറിയുന്നില്ലല്ലോ എന്നൊരു സങ്കടം മാത്രം ബാക്കി നിൽക്കുന്നു. മൗനം വിദ്വാൻമാർക്ക് ഭൂഷണമായിരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഊരാളുങ്കല്‍ സൊസൈറ്റി കോഴിക്കോട് ഓഫീസില്‍ ഇ.ഡി പരിശോധന

    കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, മിനാമി ഇടപാടുകള്‍ അന്വ…