യഥാർത്ഥ മാധ്യമങ്ങൾ സ്വീകരിക്കുന്ന നിലപാട് പലപ്പോഴും പ്രതിപക്ഷത്തെക്കാൾ ശക്തമാകും. പ്രതിപക്ഷം പരാജയപ്പെടുമ്പോഴാണ് മാധ്യമങ്ങൾ ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ റോൾ ഏറ്റെടുക്കുന്നത്. അത് ജനങ്ങളോളുള്ള പ്രതിബദ്ധതയുടെ തെളിവാണ്.

എസ്. ജഗദീഷ് ബാബു

തിരുവനന്തപുരം: കശുവണ്ടി കോർപ്പറേഷനിലെ 500 കോടിയുടെ അഴിമതിയായാലും ലൈഫ് മിഷനിലെ നാലരക്കോടിയുടെ കോഴ ഇടപാടായാലും അഴിമതിയോ, അധികാര ദുർവിനിയോഗമോ നടന്നിട്ടുണ്ടെന്ന് തീരുമാനിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാണ്. ഈ പരമാധികാരം ജനങ്ങൾ സർക്കാരിന് നൽകിയതാണ്. ഈ അധികാരം ഉപയോഗിച്ചുകൊണ്ടാണ് ലൈഫ് മിഷനെതിരെയുള്ള സിബിഐ അന്വേഷണവും കശുവണ്ടി കോർപ്പറേഷനിലെ അഴിമതിക്കാരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സിബിഐയുടെ തീരുമാനവും സർക്കാർ തള്ളിക്കളഞ്ഞത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലൂടെ പിണറായി സർക്കാരിന് ജനങ്ങൾ നൽകിയ അധികാരം ചോദ്യം ചെയ്യാൻ കഴിയുന്ന ഏക ശക്തി സർക്കാരിനെ തിരഞ്ഞെടുത്ത ജനങ്ങളാണ്. അവർക്ക് ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കാൻ അവസരം നൽകുന്നതാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ്. അപ്പോഴാകും സർക്കാർ എടുത്ത തീരുമാനങ്ങളിൽ ജനകീയ കോടതി അന്തിമവിധി പ്രസ്താവിക്കുക.
ഐഎൻടിയുസിയുടെ സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ചെയർമാനും രതീഷ് കുമാർ മാനേജിംഗ് ഡയറക്ടറുമായ കശുവണ്ടി കോർപ്പറേഷൻ 500 കോടി അഴിമതി നടത്തിയെന്ന കേസിലാണ് സിബിഐ പ്രോസിക്യൂഷൻ നടപടിക്കായി ആവശ്യപ്പെട്ടത്. സിബിഐയുടെ അപേക്ഷ സർക്കാർ തള്ളിക്കളഞ്ഞു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇന്നലെ മുഖ്യമന്ത്രി പിണറായി പ്രതികരിച്ചത് സർക്കാരിന് ലഭിച്ച നിയമോപദേശം പ്രോസിക്യൂഷന് അനുമതി നൽകേണ്ടതില്ല എന്നാണ്. സിബിഐയുടെ എല്ലാ കണ്ടെത്തലുകളും തെറ്റാണ്. കശുവണ്ടി കോർപ്പറേഷന് ഒരു സമ്പ്രദായമുണ്ട്. ചെയർമാനെയും ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്താൻ ഒരു ന്യായവും കാണുന്നില്ല. സിബിഐയുടെ ഒരു കണ്ടെത്തലും സാധൂകരിക്കാവുന്നതല്ല. അതുകൊണ്ടാണ് അനുമതി നിഷേധിച്ചത്.
ഇതേ നിലപാടാണ് ലൈഫ് മിഷൻ പദ്ധതിയിൽ അരങ്ങേറിയ നാലരക്കോടിയുടെ ഇടപാടിൽ സിബിഐ അന്വേഷണം പാടില്ലെന്ന സർക്കാർ തീരുമാനം.
അഴിമതിക്കേസുകളിൽ പ്രതികളോടുള്ള സർക്കാരിന്റെ സമീപനം അനുസരിച്ചാണ് അന്വേഷണങ്ങളിൽ നിലപാട് സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥർ അധികാര ദുർവിനിയോഗം നടത്തിയോ, ഖജനാവ് കൊള്ളയടിച്ചോ എന്ന കാര്യങ്ങളിൽ സർക്കാരിന് ഉത്തമ ബോധ്യം വരണം. അപ്പോൾ മാത്രമേ മന്ത്രിസഭ ഇത്തരം അഴിമതിക്കേസുകളിൽ അന്വേഷണ ഏജൻസികൾക്ക് മുന്നോട്ടുപോകാൻ അനുമതി നൽകൂ. പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും ലൈഫ് മിഷനിലും കശുവണ്ടി കോർപ്പറേഷനിലും അഴിമതി നടന്നു എന്നുതോന്നാം. സിബിഐക്കും അങ്ങനെ ഒരു നിഗമനത്തിലെത്താം. എന്നാൽ ഇക്കാര്യങ്ങളിലെല്ലാം സർക്കാരിന് ഉത്തമ ബോധ്യം വന്നാലേ അന്വേഷണവും നടപടിയും ഉണ്ടാവൂ. ഇതിനെല്ലാം സർക്കാരിന് അധികാരം നൽകുന്നത് ജനങ്ങളാണ്. അതുകൊണ്ടുതന്നെ സർക്കാർ നടപടികൾ വിലയിരുത്താനും വിധി പ്രസ്താവിക്കാനുമുള്ള അവസാനത്തെ അധികാരം ജനങ്ങൾക്ക് തന്നെയാണ്. പക്ഷേ അഞ്ചുവർഷത്തിൽ ഒരിക്കലേ നിലവിലുള്ള സർക്കാരിന്റെ നടപടികൾ ശരിയാണോ, തെറ്റാണോ എന്ന് വിലയിരുത്താനുള്ള അവസരം ജനങ്ങൾക്ക് ലഭിക്കൂ. അത്തരം ഒരു അവസരത്തിലേക്കാണ് പിണറായി സർക്കാർ നടന്നടുക്കുന്നത്.
മോദി സർക്കാർ പ്രതിപക്ഷ സർക്കാരുകളെ ദുർബലമാക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു എന്നാണ് ദേശീയതലത്തിൽ കോൺഗ്രസിന്റെയും സംസ്ഥാനത്ത് എൽഡിഎഫിന്റെയും പരാതി. ഈ പരാതിയിൽ കഴമ്പുണ്ടെന്നുതന്നെ കാണാം. എന്നാൽ പെരിയ ഇരട്ടക്കൊലപാതകക്കേസിലും ലൈഫ് മിഷൻ ഇടപാടിലും ഏറ്റവും ഒടുവിൽ കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിലും സിബിഐ വരുമ്പോൾ എന്തിനാണ് സർക്കാർ തടയിടുന്നത്? സംസ്ഥാന സർക്കാരുകളിൽ നിക്ഷിപ്തമായ അധികാരം പിണറായി സർക്കാർ ഉപയോഗിക്കുമ്പോൾ മോദി സർക്കാർ അവരുടെ കീഴിലുള്ള ഏജൻസികളിൽ സമ്മർദ്ദം ചെലുത്തുന്നത് സ്വാഭാവികമല്ലേ? അപ്പോൾ പ്രമാദമായ കേസുകളിൽ, അത് എത്ര വലിയ അഴിമതിക്കേസായാലും വേണ്ടപ്പെട്ട നേതാക്കളും ഉദ്യോഗസ്ഥരും പ്രതികളാകുമ്പോൾ സർക്കാരുകൾ സ്വീകരിക്കുന്ന നിലപാട് സത്യം പുറത്തുകൊണ്ടുവരാനുള്ള നടപടികളല്ല. മറിച്ച്, സർക്കാർ തീരുമാനങ്ങളെ നയിക്കുന്നത് രാഷ്ട്രീയ താൽപര്യങ്ങളാണ്.
പെരിയ കേസിലായാലും ലൈഫ് മിഷനിലായാലും കശുവണ്ടി ഇടപാടിലായാലും സ്പ്രിംഗ്ലറിലായാലും സ്വർണ്ണക്കള്ളക്കടത്ത് കേസിലായാലും പ്രതിഫലിക്കുന്നത് ഈ രാഷ്ട്രീയം തന്നെയാണ്. അതുകൊണ്ടാണ് ഉമ്മൻചാണ്ടിക്കെതിരെയും രമേശ് ചെന്നിത്തലക്കെതിരെയും പരാമർശമുള്ള ടൈറ്റാനിയം കേസ് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല എന്ന് പിണറായി സർക്കാർ സിബിഐയോട് ആവർത്തിച്ച് ചോദിക്കുന്നത്. ടൈറ്റാനിയം കേസിൽ സർക്കാരിനുള്ള താൽപര്യം രാഷ്ട്രീയമാകുമ്പോൾ കേന്ദ്ര ഏജൻസി ടൈറ്റാനിയം അന്വേഷണം ഏറ്റെടുക്കാതെ ഒളിച്ചുകളിക്കുകയാണ്.
ജനങ്ങളെ സംബന്ധിച്ചിടത്തോളം സർക്കാർ ഖജനാവ് കൊള്ളയടിച്ച എല്ലാ കേസുകളും അന്വേഷിക്കുകയും കുറ്റവാളികൾ ആരായാലും അവർ ശിക്ഷിക്കപ്പെടുകയും വേണമെന്നതാണ് പൊതുവികാരം. ഈ പൊതുവികാരമാണ് മാധ്യമങ്ങളിൽ പ്രതിഫലിക്കുന്നത്. പ്രതിപക്ഷത്തിനോട് പ്രതിപത്തിയില്ലെങ്കിൽ പോലും യഥാർത്ഥ മാധ്യമങ്ങൾ സ്വീകരിക്കുന്ന നിലപാട് പലപ്പോഴും പ്രതിപക്ഷത്തെക്കാൾ ശക്തമാകും. പ്രതിപക്ഷം പരാജയപ്പെടുമ്പോഴാണ് മാധ്യമങ്ങൾ ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ റോൾ ഏറ്റെടുക്കുന്നത്. അത് ജനങ്ങളോളുള്ള പ്രതിബദ്ധതയുടെ തെളിവാണ്. ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കുമ്പോൾ മാധ്യമങ്ങൾ ശരിയാണെന്ന് അവർ പറയും. ഭരണത്തിലെത്തുമ്പോൾ മാധ്യമങ്ങളുടെ വിമർശനം അസഹിഷ്ണുതയോടെ കാണും. ഭരിക്കുന്നത് യുഡിഎഫാണെങ്കിൽ അവരും മാധ്യമങ്ങളോട് ഇതേ അസഹിഷ്ണുതയാണ് കാണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഊരാളുങ്കല്‍ സൊസൈറ്റി കോഴിക്കോട് ഓഫീസില്‍ ഇ.ഡി പരിശോധന

    കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, മിനാമി ഇടപാടുകള്‍ അന്വ…